തിരുവനന്തപുരത്ത് എയർപോർട്ടിൽ പോകാൻ ഊബർ വിളിച്ചതാണ്.വന്ന ഡ്രൈവർക്ക് ഒരു കോളേജ് വിദ്യാർത്ഥിയുടെ ലുക്ക്. ചോദിച്ചപ്പോൾ 37 കാരൻ. രണ്ട് കുട്ടികൾ ഉണ്ട്.എന്നെ അറിയില്ല. കഴക്കൂട്ടത്തല്ല കേരളത്തിൽ ഒരിടത്തും മത്സരിച്ച ആരെയും അറിയില്ല. സ്വന്തം നാട്ടിലെ എം.എൽ.എ ആരെന്നും അറിയില്ല. ഇത് എന്നിൽ കൗതുകമുണ്ടാക്കി. ഞാനയാളോട് കൂടുതൽ സംസാരിച്ചു.അയാൾ 21- വയസിൽ ഡ്രൈവറായി. ഓട്ടോറിക്ഷ മുതൽ ബസ് വരെ ഓടിച്ചു. പിന്നീട് പ്രമുഖനായ ഒരു വ്യവസായിയുടെ ഡ്രൈവറായി. അഞ്ചു കൊല്ലം മുമ്പ് ആ ജോലി നഷ്ടമായി. അതിനൊരു കഥയുണ്ട്. ഭാര്യയുടെ പ്രസവത്തിന്റെ ചെലവുകൾക്കായി കടം വാങ്ങി വന്ന പണം ആശുപത്രിയിൽ എത്തിക്കാതെ പാതിരാത്രി മറ്റൊരു സ്ഥലത്തേയ്ക്ക് പോകാൻ മുതലാളി ആവശ്യപെട്ടു. ഭാര്യയുടെ അത്യാവശ്യം പറഞ്ഞപ്പോൾ കയ്യുടനേ പിരിച്ചു വിട്ടു. അങ്ങനെ അഞ്ചുകൊല്ലം മുമ്പ് ബാങ്കിൽ നിന്ന് ലോണെടുത്ത് വാങ്ങിയ കാർ ഊബറുമായി ബന്ധിപ്പിച്ചു.ഊബറിൽ നിന്ന് ദിവസേന ശരാശരി ആയിരം രൂപ വരുമാനമുണ്ട്. അതുകൊണ്ടാണ് ജീവിതം നയിക്കുന്നത്. എന്നാൽ ഈ ആയിരം രൂപ സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ത്യാഗമാണ് കേൾക്കേണ്ടത്.
രണ്ടാഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ പോകുന്നത്. അഞ്ച് വർഷമായി അയാൾ ഈ കാറിനുള്ളിൽ ജീവിക്കുന്നു. ഉറക്കം ഉൾപ്പെടെ ഇതിനുള്ളിൽ. രാത്രി വൈകി ട്രിപ്പുകൾ കഴിഞ്ഞ് ഉറക്കം വരുമ്പോൾ റോഡരികിൽ ഒരു സുരക്ഷിത ഭാഗത്ത് വണ്ടിയൊതുക്കി അതിനുള്ളിൽ ഉറങ്ങും. കൊതുക് കയറാതിരിക്കാൻ വണ്ടിയുടെ ജനലുകളിൽ കൊതുകുവല ഉണ്ട്. ഉഷ്ണമകറ്റാൻ ചെറിയൊരു ഫാൻ (രണ്ടും ചിത്രത്തിൽ കാണാം). പ്രഭാത കൃത്യങ്ങൾ പെട്രോൾ സ്റ്റേഷനുകളിൽ. ഇതൊക്കെ സൗജന്യമായി അനുവദിക്കുന്ന പെട്രോൾ സ്റ്റേഷനുകൾ ഉണ്ട്.തിരുവനന്തപുരത്ത് വരുമാനം കുറയുമ്പോൾ കൊച്ചിയിലേയ്ക്ക് പോകും. കൊച്ചിയിൽ വിമാനത്താവളത്തിനടുത്ത് പാർക്കിംഗ് സ്ഥലമുണ്ട്. ഒരു രാത്രി പാർക്കിങ്ങിന് 50 രൂപ. വണ്ടിക്കകത്ത് ഉറക്കം. ഇനി ഒരു മുറിക്കകത്ത് ഉറങ്ങണമെങ്കിൽ നൂറ് രൂപ. ഒരു കട്ടിലിനാണ് നൂറ് രൂപ. ചെറിയൊരു മുറിയിൽ അതുപോലെ അഞ്ചാറുപേർ ഉറങ്ങും. എങ്കിലും നൂറ് രൂപയ്ക്ക് ഒരാൾക്ക് ഉറങ്ങാൻ കഴിയുന്നത് ചെറിയ കാര്യമല്ല.
മാസത്തിൽ രണ്ടു ദിവസമൊഴികെ ബാക്കി മുഴുവനും ഒരു ചെറിയ കാറിൽ കഴിഞ്ഞ്, അതിലുറങ്ങി, കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചു വച്ച്, ഭാര്യയെ പിന്തുണച്ച്, കുട്ടികളെ പോറ്റി ജീവിക്കുന്ന ചെറുപ്പക്കാരൻ. ചിരിക്കുന്ന മുഖം. ആരോടും പരിഭവമില്ല. സ്വന്തം സുഖസൗകര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. രാപകൽ ഇത്രയും അദ്ധ്വാനിച്ച് ജീവിക്കുന്ന അയാളെന്തിന് നാട്ടിലെ എം.എൽ.എ – യെ അറിയണം? മത്സരിച്ച് തോറ്റ എന്നെ അറിയണം? എന്റെ സംശയം മാറി.സ്റ്റാർ ഹോട്ടലിലെ മുറിയിലെ തലയിണയുടെ മാർദവക്കുറവിനെപ്പറ്റിയും റെസ്റ്റോറന്റിലെ സംഗീതത്തെപ്പറ്റിയും കുറ്റം പറയുന്നവർ നമുക്കിടയിലുണ്ട്. അവർക്കിടയിലാണ് അഞ്ചുകൊല്ലമായി ചെറിയ കാറിനുള്ളിൽ ശരീരം നിവർത്താനാകാതെ ഉറങ്ങുന്ന ഈ ഊബർ ഡ്രൈവർ.കേരളത്തിലെ ഊബർ ചാർജ് താരതമ്യേന കുറവാണ്. കമ്പനിയുടെ കമ്മിഷനും ഇന്ധനച്ചെലവും കഴിഞ്ഞ് ദിവസവും ആയിരം രൂപ ഉണ്ടാക്കുന്നത് ചെറിയ കാര്യമല്ല. ചിലപ്പോൾ നാലും അഞ്ചും കിലോമീറ്റർ താണ്ടിയാണ് പുതിയ യാത്രക്കാരെ കിട്ടുന്നത്. മീറ്റർ ചാർജിനേക്കാൾ ഒരു രൂപയെങ്കിലും അധികം നൽകുന്നവർ അപൂർവവും. എങ്കിലും അദ്ധ്വാനിക്കാൻ തയ്യാറുള്ള ചെറുപ്പക്കാർക്ക് ജീവിക്കാനൊരു മാർഗം തന്നെയാണ് ഊബർ.അടുത്ത തവണ ഊബറിൽ കയറുമ്പോൾ അല്പമെങ്കിലും അധികം പണം കൊടുക്കാൻ ശ്രമിക്കുക. മിക്കവരും അത് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അത് തുടരുക.
ഡോ: എസ്.എസ്. ലാൽ