ഞാനടക്കം അമ്മമാർ എന്റെ മോൻ വഴി തെറ്റില്ല അവൻ അങ്ങനെ ഒന്നും ചെയ്യുന്ന കുട്ടിയല്ല എന്നേ പറയൂ പക്ഷെ ഞാൻ സ്വപ്നത്തിൽ വിചാരിക്കാത്തത് അവൻ ചെയ്തു

EDITOR

ഇത് വായിക്കുമ്പോൾ നിങ്ങളിൽ പലരും എന്നെ കുറ്റപ്പെടുത്തിയേക്കാം എനിക്കുണ്ടായ ഈ ദുരനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ.ഓരോ മാതാപിതാക്കളും നമ്മുടെ മക്കളെ ശ്രദ്ധിക്കുക.കഴിഞ്ഞ വെക്കേഷന് ഇളയ മകന് കൈയിൽ ഒരു സർജറി കഴിഞ്ഞ് സ്റ്റീൽ ഇട്ടിരുന്നു. അത് ഈ ക്രിസ്മസ് വെക്കേഷന് എടുത്തു കളയാൻ വേണ്ടി ഹോസ്പിറ്റൽ ചിലവിനായി കുറച്ചു കാശ് കരുതി വച്ചിരുന്നു.9 ൽ പഠിക്കുന്ന എന്റെ മകൻ സാധാരണ എന്റെ ഫോൺ എടുത്ത് ഗെയിം കളിക്കാറുണ്ട്.ഇതിനെ ചൊല്ലി ഞാനവനെ ചീത്ത പറയാറുമുണ്ട്.പക്ഷേ ഗെയിം കളിച്ച് കാശ് പോകുന്നു എന്നുള്ളത് ഞാനും അറിഞ്ഞിരുന്നില്ല.പല തവണകളായി 200,400,800 ഈ ഒരു ലെവലിൽ പൈസ പോയ്ക്കൊണ്ടിരുന്നു.ഒരു സംശയം തോന്നി ബാലൻസ് ചെക്ക് ചെയ്ത ഞാൻ ആകെ ഷോക്ക് ആയിപ്പോയി. അക്കൗണ്ടിൽ 23000 ഉണ്ടായിരുന്നത് വെറും 3000 ആയിരിക്കുന്നു.ഹോസ്പിറ്റൽ ചിലവിനായി നീക്കി വച്ച തുകയാണ് ഇങ്ങനെ തീർന്നത്.വെറുമൊരു സാധാരണക്കാരിയായ എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം അതെങ്ങനെ അക്കൗണ്ടിൽ ഉള്ള കാശ് ഞാൻ അറിയാതെ പോകും..?

ബാങ്കിന്റെ ഡീറ്റയിൽസ് ഒക്കെ ചോദിയ്ക്കില്ലേ..? ലോക്കൊന്നും ഇട്ടില്ലേ..? മെസ്സേജ് വരത്തില്ലേ.? എന്നൊക്കെ.എല്ലാ ആപ്പും ലോക്ക് ചെയ്ത് ഇട്ടിരുന്ന ഞാൻ വിഡ്ഢി.തന്ത്രപൂർവ്വം ലോക്കും കോഡും ഒക്കെ അവൻ കണ്ടു പിടിച്ചു. ഇപ്പോഴത്തെ പിള്ളേരുടെ തല നമ്മൾ വിചാരിക്കുന്നതിനെക്കാളും അപ്പുറം ഉള്ള ഡിജിറ്റൽ തലയാണ്.ഫോൺ അവന്റെ കൈയിലല്ലേ..ഫ്രീ ഫയർ കളിയുടെ ഇന്ററെസ്റ്റിൽ അവനൊന്നും അറിഞ്ഞില്ല.ബാങ്കിൽ നിന്ന് വരുന്ന മെസ്സേജ് ഒക്കെ അവൻ ഡിലീറ്റ് ആക്കിയാണ് എന്റെ കൈയിൽ തരിക.നമുക്ക് ആരെക്കാളും നമ്മുടെ മക്കളെ നല്ല വിശ്വാസം ആണ്. എന്റെ മോനോ എന്റെ മോൻ വഴി തെറ്റില്ല. അവൻ അങ്ങനെ ഒന്നും ചെയ്യുന്ന കുട്ടി അല്ല.. എന്നേ ഞാനടക്കം ഓരോരുത്തരും പറയൂ.ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഇത്രയും കാശ് പോയതറിഞ്ഞു അവനും ഞെട്ടിപ്പോയി.എന്റെ അപ്പോഴത്തെ ദേഷ്യത്തിൽ ഒരുപാട് ചീത്ത പറഞ്ഞു. ഉള്ളിൽ ചെറിയ പേടിയും ഉണ്ടായിരുന്നു.പലയിടങ്ങളിലും ഇത് പോലത്തെ സംഭവം നടന്ന് വീട്ടിൽ അറിയുമ്പോൾ കുട്ടി ഒന്നും

ആലോചിക്കാതെ ആത്മ— ഹത്യാ ചെയ്ത കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്.ഒരു വശത്ത് സർജറിക്ക് തയ്യാറെടുക്കുന്ന കുട്ടി.മറു വശത്ത് പൈസ പോയതിൽ മനം നൊന്ത് നിൽക്കുന്ന കുട്ടി ഇന്നത്തെ മക്കൾ ഒരുപാട് മാറിപ്പോയി.ചെറിയൊരു വീഴ്ച പോലും അവരെക്കൊണ്ട് താങ്ങാൻ കഴിയുന്നില്ല.ഇതിനിടയിൽ ആരോടും പറയാൻ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന ഞാൻ ബന്ധുക്കളൊക്കെ അറിഞ്ഞാലും എല്ലാരുംഎന്നെയേ കുറ്റപ്പെടുത്തൂ ആരും ഒരാശ്വാസ വാക്ക്പോലും തരില്ല ഇക്ക അടുത്ത് ഇല്ലാത്തതിന്റെ വേദന ഞാൻ നല്ലോണം അനുഭവിച്ചു.എങ്കിലും കുറച്ചു പൈസയൊക്കെ റെഡിയാക്കി മോന്സർജറിക്കുള്ള അഡ്മിഷൻ എടുത്തു.രണ്ടു മക്കളെ ആങ്ങളയുടെ വീട്ടിൽ ആക്കിഞാനും മോനും ഹോസ്പിറ്റലിൽ പോയി.അന്ന് തന്നെ ഓപ്പറേഷൻ കഴിഞ്ഞു.മോനെ ഐ സി യു വിൽ മാറ്റി..ഞാൻ വെളിയിലും.റൂമൊന്നും ഒഴിവില്ലായിരുന്നു.. രാത്രി ഒരുഒൻപതു മണി ആയപ്പോൾ സെക്യൂരിറ്റി എന്നോട് വന്നു പറഞ്ഞു ഇനി ഇവിടെ ഇരിക്കാൻ പറ്റില്ല.

കൂട്ടിരിപ്പുകാർക്ക് റസ്റ്റ്‌ ചെയ്യേണ്ട സ്ഥലം അതാ അവിടെയാണ് അവിടെ പോയി ഇരുന്നോളൂ.ഇത് കേട്ടതും ഞാൻ സെക്യൂരിറ്റിയോട് വിനയത്തിൽ പറഞ്ഞുനോക്കി ഞാൻ ഇവിടെ ഒരു ചെയറിൽ ഇരുന്നോളാം.ഇല്ല കുഞ്ഞേ ഇവിടെ ഇരിക്കാൻ പറ്റില്ല എന്നായിരുന്നു അയാളുടെ മറുപടി.ഞാൻ പറഞ്ഞ സ്ഥലത്തു പോയി ഇരുന്നോളൂ..കുറേ കഴിഞ്ഞാൽ ചിലപ്പോൾ അവിടെയും സീറ്റ് കിട്ടില്ല.ഞാൻ അവിടെ പോയി നോക്കുമ്പോൾ എന്നെ പോലുള്ള കൂട്ടിരിപ്പുകാർ നേരത്തെ സീറ്റ് പിടിച്ചിരുന്നു അതിൽ ഏറെയും പുരുഷൻമാർ ആയിരുന്നു. കുറെ നേരം വെയിറ്റ് ചെയ്തപ്പോൾ ഒരു സീറ്റ് ഒഴിഞ്ഞു കിട്ടി പിന്നെ അതിൽ ഇരുന്നു എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.പിറ്റേന്ന് തന്നെ ഡിസ്ചാർജ് പറഞ്ഞിരുന്നു വൈകിട്ടായപ്പോ ബില്ല് വന്നു ബില്ല് ഞാൻപ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു.ഏതാണ്ട് 27000 അടുപ്പിച്ചു വന്നു എന്റെ കൈയിലാണെൽ അത്രയും കാശ് ഇല്ലായിരുന്നു.ചുറ്റിനും എല്ലാവരും ഉണ്ട്.. എന്നാൽ ആരും ഇല്ലാത്ത അവസ്ഥ കൊറോണ വന്ന ശേഷം സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കര കയറാത്തവർ ആണ് പല പ്രവാസികളും.പുറമെ ഗൾഫുകാരനാണ് കാശു കാരനാണെന്നൊക്കെ പറയും പക്ഷേ ആ കാശുകാരന്റെ വീട്ടിൽ ചെന്ന് നോക്കുമ്പോൾ അറിയാം അവിടത്തെ അവസ്ഥ എന്താണെന്ന്.

പ്രതീക്ഷിക്കാതെ ഇതു പോലെ വരുന്ന ചിലവുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല.ബില്ലുകൊണ്ട് ഞാൻ P R O യെ കാണാൻ പോയി.പരിചയത്തിൽ ഉള്ള ഒരാൾ മുഖേന സംസാരിച്ച് നോക്കി അങ്ങനെ ഒരു 2000 രൂപ ഇളവ് തന്നു.എന്നിട്ടും എന്റെ കൈയിൽ ഉള്ള കാശ് തികയുമായിരുന്നില്ല.4000 ഇനിയും വേണം.ഇടക്ക് ഞാൻ ഹോസ്പിറ്റലിൽ പോയതറിഞ്ഞു ഒന്ന്‌ രണ്ടു സുഹൃത്തുക്കൾ എന്നെ വിളിച്ചു
പൈസയുടെ കാര്യം ഒക്കെ തിരക്കിയിരുന്നു.ഞാൻ അവരോട് ചോദിച്ചിരുന്നേൽ കിട്ടുമായിരുന്നു. പക്ഷേ ഞാൻ ചോദിച്ചില്ല.കാരണം ഞാൻ ആ കാശ് തിരിച്ചുകൊടുത്താൽ അവരത് വാങ്ങില്ല എന്ന് എനിക്ക് നല്ലഉറപ്പുണ്ടായിരുന്നു. കുഴപ്പം ഒന്നൂല്ല പൈസ റെഡി ആയെന്ന് ഞാൻ കളവ് പറഞ്ഞു.വീണ്ടും ഞാൻ പി ആർ ഓ യോട് എന്റെ അവസ്ഥ പറഞ്ഞു. ഒടുവിൽ മാനേജർ എന്നെ വിളിക്കാൻ
വിട്ടു.. ഞാൻ വിറച്ചു വിറച്ച് അവിടെ ചെന്നു.എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് ” മാനേജരുടെ ചോദ്യം.ഞാൻ ഒന്നും പറഞ്ഞില്ല.എന്റെ കണ്ണുകൾ നിറഞ്ഞു.ചുണ്ടുകൾ വിറച്ചു.എന്റെ നിയന്ത്രണം വിട്ട് ഞാൻ വിതുമ്പി.ഒരക്ഷരം എന്റെ നാവിൽ നിന്ന് വന്നില്ല.എന്റെ നിസ്സഹായാവസ്ഥ കണ്ട് ബില്ല് ഇളവ് ചെയ്തുതന്നു.18000 അടച്ചാൽ മതി ഇനി ഇതിൽ കൂടുതൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് അവർ എന്നെ മടക്കി.അവിടെ നിന്ന് ഞാൻ എന്റെ റബ്ബിനെ സ്തുതിച്ചു.ഞാൻ ഇടക്ക് ഒന്ന്‌ മക്കൾ ഫോൺ യൂസ് ചെയ്യുന്നത്ഒന്ന്‌ ശ്രെദ്ധിച്ചിരുന്നെങ്കിൽ ഈ ഒരവസ്ഥ വരില്ലായിരുന്നു. എല്ലാ മാതാ പിതാക്കളും നമ്മുടെ മക്കളെ ശ്രെദ്ധിക്കുക.
ആയിഷ ഫാത്തിമ