പച്ച, മഞ്ഞ, ചുകപ്പ് (റെയിൽവേ സിഗ്നലുകൾക്ക് ഒരാമുഖം)തീവണ്ടികൾ എവിടെയെങ്കിലും അല്പ സമയം നിന്നുപോയാൽ യാത്രക്കാര്‍ ആദ്യം പറയുക, സിഗ്നൽ ഇല്ലെന്ന് തോന്നുന്നു എന്നാണ്. സിഗ്നൽ ഇല്ലാതെ തീവണ്ടികൾക്ക് മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന് അറിയാമെങ്കിലും ഇന്ത്യൻ റെയിൽവേയിലെ സിഗ്നൽ സംവിധാനങ്ങളെക്കുറിച്ച് എല്ലാവർക്കും നല്ല ധാരണ ഉണ്ടായിക്കൊള്ളണെമെന്നില്ല. തീവണ്ടികളുടെ സുരക്ഷ കാക്കുന്ന റെയിൽവേ സിഗ്നലുകളെക്കുറിച്ച് അല്പം അറിവ് നല്കുവാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. ബൃഹത്തും സങ്കീർണ്ണവും അനന്യവുമാണ് റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ.അതുകൊണ്ട് തന്നെ അതിന്റെ ഒരു ഏകദേശ ചിത്രം വരക്കുവാൻ മാത്രമാണ് ശ്രമിക്കുന്നത്.
വിവിധ നിറങ്ങൾ.റെയിൽവേ സിഗ്നൽ നിറങ്ങൾ മൂന്ന് തരത്തിലാണ്. പച്ച, മഞ്ഞ, ചുകപ്പ്. പച്ചയാണെങ്കിൽ അനുവദിച്ച പരമാവധി വേഗതയിൽ തീവണ്ടിക്ക് മുന്നോട്ട് പോകാം മഞ്ഞ മുന്നറിയിപ്പാണ്, പതുക്കെ മുന്നോട്ട് പോകാം.
ചുകപ്പാണെങ്കിൽ മുന്നോട്ട് പോകുവാൻ പറ്റില്ല. ഒരു റയിൽവേ സ്റ്റേഷനിൽ എങ്ങെനയാണ് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് നോക്കാം. അടുത്തടുത്തായി A, B, C എന്നിങ്ങനെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഉണ്ടെന്ന് കരുതുക. A യിൽ നിന്നും പുറപ്പെട്ട ഒരു തീവണ്ടി B യിലേക്ക് പ്രവേശിക്കണം. B സ്റ്റേഷൻ എത്തുന്നതിന് മുമ്പ് അവിടെ ഒരു സിഗ്നൽ പോസ്റ്റ് ഉണ്ടാകും. ഇതിനെ ഔട്ടര്‍ സിഗ്നൽ എന്നാണ് പറയുക. ഇത് മഞ്ഞയോ പച്ചയോ ആണെങ്കിൽ വണ്ടി B സ്റ്റേഷനിലേക്ക് പ്രവേശിക്കും. ചിലപ്പോൾ ഒരു തീവണ്ടിക്ക് B യിൽ സ്റ്റോപ്പ് ഇല്ലെന്ന് കരുതുക. അപ്പോൾ ആ തീവണ്ടിക്ക് ഔട്ടര്‍ സിഗ്നൽ പച്ചയാണെങ്കിൽ B സ്റ്റേഷനിലൂടെ അനുവദിച്ച പരമാവധി വേഗത്തിൽ പോകാം. B യിൽ സ്റ്റോപ്പില്ലാത്ത വണ്ടിക്ക് ചിലപ്പോൾ B സ്റ്റേഷനിലേക്ക് പ്രവേശനം നൽകുവാൻ പറ്റില്ല. കാരണം, അവിടെ പ്ലാറ്റ്ഫോമോ ട്രാക്കോ ഒഴിവുണ്ടാകില്ല, അല്ലെങ്കിൽ B യിൽ നിന്നും C യിലേക്ക് മുമ്പേ പോയ ട്രെയിൻ C യിൽ എത്തിയിട്ടുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ B സ്റ്റേഷന്റെ ഔട്ടറിൽ ആ തീവണ്ടി നിർത്തിയിടേണ്ടിവരും. എന്നാൽ ആ വണ്ടി വേഗതയിൽ വരുമ്പോൾ B സ്റ്റേഷന്റെ ഔട്ടർ സിഗ്നലിലെ ചുകപ്പ് കണ്ട് പെട്ടെന്ന് നിർത്തുവാൻ പറ്റില്ലല്ലോ.
അതിനായി ഔട്ടർ സിഗ്നലിന് ഏകദേശം ഒരു കിലോമീറ്റർ മുമ്പേ മറ്റൊരു സിഗ്നൽ പോസ്റ്റ് ഉണ്ടാകും. അതിനെ ഡിസ്റ്റൻഡ് സിഗ്നൽ എന്നാണ് പറയുക. ഇത് ഔട്ടർ സിഗ്നലിന്റെ സ്ഥിതി എന്താണെന്ന് സൂചന നൽകും. ഔട്ടർ പച്ചയാണെങ്കിൽ ഡിസ്റ്റന്റും പച്ച. ഇത് കണ്ടാൽ ലോക്കോ പൈലറ്റിന് പരമാവധി വേഗതയിൽ പോകാം. ഔട്ടർ ചുവപ്പാണെങ്കിൽ ഡിസ്റ്റൻഡ് മഞ്ഞയായിരിക്കും. അപ്പോൾ B യിലേക്ക് പ്രവേശനമില്ല, തീവണ്ടി ഡിസ്റ്റൻഡ് സിഗ്നലിൽ നിന്നും ഔട്ടർ സിഗ്നൽ വരെ പതുക്കെ പോകണം. ഡിസ്റ്റൻഡ് സിഗ്നൽ ഒരിക്കലും ചുകപ്പ് ആയിരിക്കുകയില്ല, മറിച്ച് മഞ്ഞയോ പച്ചയോ ആയിരിക്കും. അതായത് തീവണ്ടികൾ ഒരിക്കലും ഡിസ്റ്റൻഡ് സിഗ്നലിനെ മുമ്പിൽ നിൽക്കേണ്ടി വരില്ല.അപ്പോൾ ഒരു റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ആദ്യം കാണുക ഡിസ്റ്റൻഡ് സിഗ്നലാണ്. പിന്നീട് ഔട്ടർ സിഗ്നൽ. കൂടുതൽ പ്ലാറ്റ്ഫോമുകളും ട്രാക്കുകളും ഉള്ള സ്റ്റേഷനുകളിൽ ഔട്ടർ സിഗ്നൽ കഴിഞ്ഞ് സ്റ്റേഷന് മുമ്പേ വീണ്ടും സിഗ്നലുകൽ ഉണ്ടാകും. ഇതിനെ ഹോം (Home) സിഗ്നല്‍, റൂട്ടിങ് (routing) സിഗ്നല്‍ എന്നൊക്കെ പറയും.
ഇതേ രീതിയിലുള്ള സിഗ്നലുകൾ C സ്റ്റേഷനിൽ നിന്നും B യിലേക്ക് വരുമ്പോഴും ഉണ്ടാകും.ഇനി ഒരു തീവണ്ടി സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ കാണുന്ന സിഗ്നലുകളെപ്പറ്റി പറയാം. വണ്ടി പുറപ്പെടുവാൻ വേണ്ടിയുള്ള സിഗ്നലിന്റെ പേര് സ്റ്റാർട്ടർ (starter) സിഗ്നൽ എന്നാണ്. ഇത് കഴിഞ്ഞ് സ്റ്റേഷനിലെ എല്ലാ ട്രാക്കുകളും പ്രധാന പാതയിൽ കൂടിയതിന് ശേഷം വീണ്ടുമൊരു സിഗ്നൽ ഉണ്ടാകും. അതിനെ അഡ്വാൻസ് സ്റ്റാർട്ടർ (advance starter) എന്നു പറയും. ചില വലിയ സ്റ്റേഷനുകളിൽ ഇവക്കിടയിൽ മറ്റൊരു സ്റ്റാർട്ടർ സിഗ്നൽ ഉണ്ടാകും. അപ്പോൾ അവസാനം കാണുന്ന സ്റ്റാർട്ടർ സിഗ്നലിനെ ആ സ്റ്റേഷനിലെ ലാസ്റ് സ്റ്റോപ്പ് സിഗ്നൽ (last stop signal) എന്നാണ് പറയുക. ചുകപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലല്ലാതെ വെള്ള നിറത്തിലുള്ള സിഗ്നലുകൾ ചെറിയ പോസ്റ്റുകളിൽ റയിൽവേ സ്റ്റേഷനകത്ത് കാണാം. ഇതിനെ ഷണ്ട് സിഗ്നൽ എന്നാണ് വിളിക്കുക. റെയിൽവേ സ്റ്റേഷനകത്തുള്ള നീക്കങ്ങൾക്ക് മാത്രമായുള്ളതാണിത്.
വിവിധയിനം സിഗ്നലുകൾ ഇന്ന് കേരളത്തിൽ കാണുന്നത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എൽ ഇ ഡി (light emitting diode) സിഗ്നലുകൾ ആണ്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവർത്തിക്കുന്ന കളർ ലൈറ്റ് സിഗ്നലുകൾ (colour light signal) ആയിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിൽ എൽ ഇ ഡിക്ക് പകരമായി ജ്വലിക്കുന്ന (incandescent) ബൾബുകൾ ആയിരുന്നു. എല്‍ ഇ ഡി സിഗ്നലുകള്‍ക്ക് കളര്‍ ലൈറ്റ് സിഗ്നലുകളെ അപേക്ഷിച്ച് മികച്ച ദൃശ്യതയും കൂടുതല്‍ ഈടും ഉണ്ട്. അതിനും മുമ്പേ വൈദ്യുതി ഇല്ലാതെ പ്രവർത്തിപ്പിക്കുന്ന സിഗ്നലുകൾ (mechanical signals) ആയിരുന്നു ഉപയോഗത്തിൽ. സിഗ്നല്‍ പോസ്റ്റില്‍ ചൂണ്ടുപലകപോലുള്ള ഇരുമ്പു തകിട് (signal arm) കൊണ്ടുള്ള അത്തരം സിഗ്നലുകളെ സെമഫോർ സിഗ്നലുകൾ (semaphore signals) എന്നാണ് പറഞ്ഞിരുന്നത്. സ്റേഷൻ മാസ്റ്ററുടെ നിർദേശ പ്രകാരം സ്റ്റേഷനിലടുത്തുള്ള കാബിനിലുള്ളവരാണ് ഇത്തരം സിഗ്നലുകള്‍ പ്രവർത്തിപ്പിക്കുക.
സിഗ്നൽ പോസ്റ്റിലുള്ള ഇരുമ്പു പലക (signal arm) തിരശ്ചീന (horizontal) നിലയിലാണെങ്കിൽ അത് ഇപ്പോഴത്തെ ചുകപ്പ് നിറത്തിനും, ലംബ (vertical) നിലയിലാണെകിൽ പച്ച നിറത്തിനും, രണ്ടിനും ഇടയിൽ നാൽപ്പത്തിയഞ്ച് ഡിഗ്രി നിലയിയിലാണെങ്കിൽ മഞ്ഞക്കും സമാനമാണ്. രാത്രി സമയത്ത് ലിവറിന്റെ ആഗ്രഭാഗങ്ങളിൽ മണ്ണെണ്ണ വിളക്കും കളർ ഗ്ളാസ്സും വെച്ച് അത്തരം നിറങ്ങളും പ്രകാശിപ്പിക്കും. ഇത്തരം സിഗ്നലുകൾ ഇപ്പോൾ കേരളത്തില്‍ ഉപയോഗത്തിലില്ല. .
പ്രവര്‍ത്തന രീതി.തീവണ്ടികള്‍ ഒരു നിശ്ചിത പാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്നലുകള്‍ നല്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സിഗ്നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഒരു റെയില്‍വേ ട്രാക്കിനെ മറ്റൊരു ട്രാക്കുമായി യോജിപ്പിക്കുന്നത് പോയിന്റ് എന്നറിയപ്പെടുന്ന ചലിപ്പിക്കുവാന്‍ പറ്റുന്ന റെയില്‍ കഷ്ണങ്ങളിലൂടെയാണ് (tongue rail).
ഇത്തരം റെയിലുകളുടെ ചലനം, പോയന്റ് മെഷിന് (Point Machine) എന്നറിയപ്പെടുന്ന ഒരു പെട്ടിയിലൂടെയാണ് നിയന്ത്രിക്കുന്നത്. റെയില്‍ ട്രാക്കുകള്‍ പിരിയുന്ന സ്ഥലങ്ങളില്‍ റയിലില്‍ നിന്നും ഏകദേശം ഒരു മീറ്റര്‍ മാറി റയിലിന്റെ അതേ ഉയരത്തില്‍ ഇത്തരം പെട്ടികള്‍ കാണാം. ഇതിനകത്തുള്ള വൈദ്യുത മോട്ടോറുപയോഗിച്ചാണ് ടങ് റയിലുകള്‍ ചലിപ്പിക്കുന്നതും റയില്‍ പാത മാറ്റുന്നതും. സ്റ്റേഷന് മാസ്റ്റര്‍ അദ്ദേഹത്തിന്റെ മുറിയിലുള്ള പാനല്‍ ബോഡില്‍ നിന്ന് ഒരു നിശ്ചിത റെയില്‍ റൂട്ട് സജ്ജമാക്കുമ്പോള്‍ പോയിന്റുകള്‍ മാറുകയും സിഗ്നലുകള്‍ തെളിയുകയും ചെയ്യും. റൂട്ടുകള്‍ സെറ്റ് ചെയ്യുവാന്‍ പാനല്‍ ഇന്റെര്‍ലോക്കിങ് (Panel Interlocking), റൂട്ട് റിലേ ഇന്റെര്‍ലോക്കിങ് (Route Relay Interlocking), ഇലെക്ട്രോണിക് ഇന്റെര്‍ലോക്കിങ് (Electronic Interlocking) എന്നിങ്ങനെ പലവിധ സാങ്കേതിക വിദ്യകള്‍ ഉണ്ട്.
പഴയ കാലത്ത് റെയില്‍വേ സ്റ്റേഷന്റെ ഇരുഭാഗത്തുമുള്ള കാബിനില്‍ നിന്നും സ്റ്റേഷന് മാസ്റ്ററുടെ നിര്ദേശ്ശപ്രകാരം കാബിന്മാന് കൈകള്‍ കൊണ്ട് ലിവര്‍ പ്രവര്‍ത്തിപ്പിച്ചാണ് സിഗ്നലുല് സജ്ജ്മാക്കിയിരുന്നത്.റിലേകളും ബാറ്ററികളും. വിവിധ സിഗ്നൽ ഉപകരണങ്ങളിലേക്ക് ആവശ്യമുള്ള തോതിൽ വൈദ്യുതി നൽകുന്ന ഒരുതരം സ്വിച്ച് ആണ് റിലേ (Relay). റൂട്ട് റിലേ ഇന്റര്‍ലോക്കിങ് (RRI) അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ജംഗ്ഷൻ സ്റ്റേഷനിൽ നാലായിരത്തിലധികം റിലേകൾ ഉണ്ടായിരിക്കും. എന്നാൽ നൂതന സാങ്കേതിക വിദ്യയായ ഇലക്ട്രോണിക് ഇന്റര്‍ലോക്കിൽ (EI) ഇത് അഞ്ഞൂറിൽ താഴെയായിരിക്കും. സിഗ്നൽ ഉപകരണങ്ങൾക്കുള്ള വൈദ്യുതി നല്‍കുന്നത് ബാറ്ററികളിൽ നിന്നാണ്. ഇതിനായി നൂറുകണക്കിന് ബാറ്ററികൾ ആവശ്യമാണ്. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇതിനായി പ്രത്യേകം നിർമിച്ച റിലേ റൂം, ബാറ്ററി റൂം എന്നിവ പലരും കണ്ടിട്ടുണ്ടാകും.ചില പ്രധാന സ്റ്റേഷനുകളിൽ RRI കാബിനും കാണുവാൻ കഴിയും.
മറ്റ് സിഗ്നലുകള്‍ സിഗ്നല്‍ പോസ്റ്റില്‍ കാണുന്ന സിഗ്നലുകള്‍ അല്ലാതെ മറ്റ് വിധത്തിലുള്ള സിഗ്നലുകളും തീവണ്ടി ഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്റ്റേഷന് മാസ്റ്ററും മറ്റ് ബന്ധപ്പെട്ട റെയില്‍വേ ജീവനക്കാരും ഉപയോഗിയ്ക്കുന്ന ചുകപ്പ്, പച്ച നിറങ്ങളിലുള്ള കൊടികള്‍. പ്രധാന സിഗ്നലുകള്‍ പച്ചയാണെങ്കിലും, ഏതെങ്കിലും ഒരു ചുകന്ന കൊടി ഉയര്‍ന്നു കണ്ടാല്‍ തീവണ്ടി മുന്നോട്ട് പോകില്ല. നേരെമറിച്ച് പച്ചക്കൊടിയാണ് വീശുന്നതെങ്കില്‍ മറ്റ് സിഗ്നലുകളനുസ്സരിച്ച് വണ്ടിക്ക് മുന്നോട്ട് പോകാം. രാത്രികളില്‍ കൊടികള്‍ക്ക് പകരം എല്‍ ഇ ഡി ടോര്‍ച്ചുകളാണ് ഉപയോഗിക്കുന്നത്. ട്രാക്ക് മാന്‍, ലോക്കോ പയലറ്റ്, ഗാര്‍ഡ് തുടങ്ങിയര്‍ ഉപയോഗിയ്ക്കുന്ന ഡിറ്റനേട്ടര് (detonator) ആണ് മറ്റൊരു സിഗ്നല്‍. ഇത് ഒരു സ്ഫോടക വസ്തുവാണ്. റെയില്‍ പാളം പരിശോധിക്കുന്ന ഒരു ട്രാക്ക് മാന്‍ പാളം അപായത്തിലാണ് എന്ന് കണ്ടെന്നിരിക്കട്ടെ. ആ സ്ഥലത്തേക്ക് ഒരു തീവണ്ടി അപ്പോള്‍ കടന്നു വരേണ്ട സമയമാണെങ്കില്‍, ട്രാക്ക് മാന്‍ തീവണ്ടി വരുന്ന ഭാഗത്തേക്ക് ഓടിപ്പോയി പാളം തകരാറിലായ ഭാഗത്തുനിന്നും ഒരു നിശ്ചിത ദൂരത്തില്‍ റയില്‍ പാളത്തില്‍ ഡിറ്റനേട്ടര് വെക്കും.
തീവണ്ടി ചക്രം അതില്‍ കയറുമ്പോള്‍ വലിയൊരു ശബ്ദത്തോടെ സ്ഫോടനം നടക്കും. അപായം മനസ്സിലാക്കിയ ലോക്കോ പയലറ്റ് തീവണ്ടി നിര്‍ത്തൂം. തീവണ്ടി അപകടസമയങ്ങളില്‍ ഗാര്ഡിനൂം ലോക്കോ പയലറ്റിനും ചിലപ്പോള്‍ ഡിറ്റനേട്ടറുകള് ഉപയോഗിക്കണ്ടി വരാറുണ്ട്.സിഗ്നല്‍ നിര്‍മ്മാണ ശാലകള്‍.ഇന്ത്യന്‍ റെയില്‍വേ, അവര്‍ക്ക് വേണ്ട സിഗ്നല്‍ ഉപകരണങ്ങളുടെ ഒരു പങ്ക് സ്വയം നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി ഇന്ത്യയില്‍ പത്ത് സിഗ്നല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും വലുത് തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ ആണ്. മുപ്പത്തില്പ്പരം സിഗ്നല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പോത്തന്നൂര്‍ വര്‍ക്ക്ഷോപ്പിലെ പ്രധാന ഉല്പന്നങ്ങള് റിലേകളും പോയിന്റ് മെഷ്യനും ആണ്.
പി പി ജനാർദനൻ
8281197191