ആരാധന കാരണം ലോക കമ്മ്യൂണിസ്റ്റ് നേതാക്കളുടേ ഒക്കെ ഫോട്ടോ നമ്മൾ വീട്ടിലെ ചുമരിൽ തൂക്കും എന്നാൽ നമ്മുടെ ഇ എം എസ് പോലൊരു നേതാവിന്റെ ഫോട്ടോ പുറം രാജ്യത്തു കാണാൻ കഴിയുമോ

EDITOR

ഈ അടുത്തകാലത്താണ് പാലസ്തീനും ഹമാസിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷം കേരളമാകെ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചത്.സംഗതി തീരും മുൻപേ കോൺഗ്രസും രംഗത്തെത്തി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണകൂടാതെ വെടിവച്ചുകൊല്ലണം എന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനും ആവശ്യപ്പെട്ടു, നെതന്യാഹു തലനാരിഴക്കാണ് രക്ഷപ്പെട്ടത് എന്നാണു കേൾക്കുന്നത്.തീർന്നില്ല. കാശുള്ളവൻ തേങ്ങാ ഉടയ്ക്കുമ്പോൾ, കാശില്ലാത്തവൻ ചിരട്ട എങ്കിലും ഉടയ്ക്കണം എന്നാണു പ്രമാണം.ഇപ്പോൾ ബിജെപിയും ഒരു ഇസ്രായേൽ അനുകൂല റാലി നടത്താൻ പോവുകയാണ് എന്ന് കേൾക്കുന്നു, അതിലേക്കു ക്രൈസ്തവ നേതാക്കളെയും ക്ഷണിക്കും എന്നാണു കേൾവി.
സംഭവിച്ചതെല്ലാം നല്ലതിന്.ഇനി നമുക്ക് മറിച്ചൊന്നു ചിന്തിക്കാം.നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തെങ്കിലും ഒരു അത്യാഹിതം ഉണ്ടായാൽ ഈ പറയുന്ന ഇസ്രയേലിലോ, പാലസ്തീനിലോ ആരെങ്കിലും ഒരു പ്രകടനമോ, പൊതുയോഗമോ നടത്തും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.ഉണ്ടയാണ്‌, ഉണ്ട.
അവന്മാർക്ക് വേറെ പണിയുണ്ട്.

ഇത് ഇവിടംകൊണ്ട് തീരുന്ന ഒന്നല്ല.ലോക കമ്യൂണിസ്റ്റു നേതാക്കൾ എന്നപേരിൽ മാവോയെയും, ലെനിനെയും സ്റ്റാലിനെയും ഒക്കെ നെഞ്ചേറ്റുന്നവരാണ് നമ്മൾ മലയാളികൾ.ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പലതിന്റെയും ഓഫീസുകളിലും, കടുത്ത അനുഭാവികൾ പലരുടെയും വീടുകളിലും ഇപ്പറയുന്ന നേതാക്കളുടെ ഫോട്ടോ ചില്ലിട്ടു തൂക്കിവെച്ചിട്ടുള്ളത് ഞാനും കണ്ടിട്ടുണ്ട്.ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ, ക്ഷമയോടെ കേൾക്കണം.ലോക കമ്യൂണിസ്റ്റു ചരിത്രത്തിൽ നമ്മുടെ കേരളത്തിന് അതിപ്രധാനമായ ഒരു പങ്കുണ്ട്.അതായത് ലോകത്തു ആദ്യമായി ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് നമ്മുടെ കേരളത്തിലാണ്, സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ.ഇന്ത്യക്കു വെളിയിൽ ലോകത്തെ ഏതെങ്കിലും ഒരു കമ്യൂണിസ്റ്റു പാർട്ടിയുടെ ഓഫീസിൽ സഖാവ് ഇ എം എസ്സിന്റെ ചിത്രം തൂക്കിയിട്ടിരിക്കുന്നതായി നിങ്ങൾക്കറിയാമോ ..?ഇന്ത്യക്കു വെളിയിൽ എന്നല്ല, കേരളത്തിന് വെളിയിൽ പോലും അങ്ങനെ ഉണ്ടെന്നു തോന്നുന്നില്ല.ഞാൻ പറയുന്നത് രാഷ്ട്രീയമല്ല, മലയാളികളെക്കുറിച്ചാണ്.

നമ്മൾ ലോകത്തോട് കാണിക്കുന്ന ഈ താല്പര്യമൊന്നും അവർ നമ്മോടു കാണിക്കുന്നില്ല.ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന് എന്ത് പിണ്ണാക്കിനാണ് നിങ്ങൾ ഹർത്താൽ നടത്തിയത് എന്ന് എന്നോട് ചോദിച്ചത് ഇറാക്കിയായ എൻജിനീയർ അഷ്‌റഫ് മർവാൻ ആണ്.
പിണ്ണാക്ക് ” എന്ന പദം അഷ്‌റഫ് പറഞ്ഞിട്ടില്ല, ഞാൻ കയ്യിൽ നിന്നും എടുത്തതാണ്.
മാത്രമല്ല ഹർത്താൽ എന്നൊരു സംവിധാനം തന്നെ ഈ ലോകത്തുണ്ട് എന്ന് ആ സാധു ആദ്യമായി കേൾക്കുകയായിരുന്നു.ഏതാണ്ട് നാൽപ്പതോളം രാജ്യങ്ങളിൽനിന്നുള്ള സഹപ്രവർത്തകർ എനിക്കുണ്ട്, പതിനാറോളം രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്.എന്നാൽ ഇതര രാജ്യങ്ങളുടെ, ജനതകളുടെ കാര്യത്തിനായി സ്വന്തം നാട്ടിൽ കിടന്നു തലകുത്തിമറിയുന്ന ഒരു ജനവിഭാഗത്തെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാൻ കഴിയുമെന്നും തോന്നുന്നില്ല.എടുത്താൽ പൊങ്ങാത്ത ഒരുപാട് വിഷയങ്ങൾ, പ്രശ്നങ്ങൾ നമുക്ക് മുന്നിലുണ്ട്.തെക്കൻ ജില്ലകളെ മൊത്തത്തിൽ വിഴുങ്ങാൻ കെൽപ്പുള്ള മുല്ലപ്പെരിയാർ എന്ന ജല ബോംബ് നമ്മുടെ തലയ്ക്കു മുകളിൽ ഉണ്ട്.

ജീവിതത്തിലെ അവസരങ്ങൾക്കായി നമ്മുടെ കുട്ടികൾ നാടുവിടുകയാണ് നല്ലൊരു പൊതു ഗതാഗത സംവിധാനം നമുക്കില്ല.മാലിന്യ സംസ്കരണ സംവിധാനം നമുക്കില്ല.ഭക്ഷ്യ സുരക്ഷയോ, വർഷാവർഷം വിരുന്നിനെത്തുന്ന ഡെങ്കി, നിപ്പ പനികളിൽനിന്നുള്ള മുക്തിയോ നമുക്കില്ല.വാരാന്ത്യങ്ങളിൽ പോയിരിക്കാൻ വൃത്തിയുള്ള ഒരു നഗര ചതുരമോ, ബീച്ചോ, പാർക്കോ നമുക്കില്ല.എന്നാൽ ഇതൊന്നും നമുക്ക് പ്രശ്നമല്ല.
നമ്മുടെ വിഷയം ലക്ഷദ്വീപിലെ തെങ്ങിന്റെ മൂട്ടിൽ ഏതു നിറത്തിലുള്ള ചായം അടിച്ചു, ആമസോൺ കാടിന് തീ പിടിച്ചപ്പോൾ അതിൽനിന്നും എത്ര പേര് ബീഡി കത്തിച്ചു എന്നൊക്കെയാണ്.
പറഞ്ഞിട്ട് കാര്യമില്ലവല്യ തറവാട്ടുകാർ അങ്ങനെയാണ് മലയാളി ഡാ.

സുരേഷ് മഠത്തിൽ വളപ്പിൽ