വന്ദേ ഭാരത്തിൽ ബാഗ് നഷ്ടപ്പെട്ടു ആകെ നിരാശയായി രാത്രി 12നു നേരെ സ്റ്റേഷനിൽ പോയി അവിടെ ചെന്ന ശേഷം ഉറപ്പായി ബാഗ് കിട്ടില്ലെന്ന്‌ പക്ഷെ ശേഷം സംഭവിച്ചത്

EDITOR

നല്ലത് ചെയ്താൽ നല്ലവാക്ക് പറയണമെന്നല്ലേ?ഇന്നലെ കൊച്ചിയിൽ ക്യു18 ന്റെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും വന്നതുമെല്ലാം വന്ദേഭാരതിൽ.ഷൂട്ട് കഴിഞ്ഞ് കിട്ടിയ സമയം കൊണ്ട് കൊച്ചിയിൽ നിന്ന് കുറച്ചു കാശൊക്കെ ചെലവാക്കി കാര്യമായി ഒരു ഷോപ്പിങ് നടത്തി അതും കയ്യിൽ മറ്റൊരു ബാഗിലായി കരുതി.രാത്രി 10.20ന് തിരിച്ചെത്തുന്ന ടെയിൻ മഴ കാരണമാണെന്ന് തോന്നുന്നു എത്തിയത് ഒരു മണിക്കൂറോളം വൈകി. രാത്രി പതിനൊന്നരക്ക് വണ്ടി തിരുവനന്തപുരം സെൻട്രലിൽ എത്തുമ്പോൾ പുറത്ത് മണിക്കൂറുകളായി പെയ്യുന്ന പൊരിഞ്ഞ മഴ. കാർ കഴക്കൂട്ടത്തെ ഓഫീസിലായിരുന്നു ഇട്ടിരുന്നത്. ഒരു പ്രീ പെയ്ഡ് ഓട്ടോ പിടിച്ച് മഴയത്ത് കഴക്കൂട്ടത്ത് ഓഫീസിൽ എത്തി. കാർ എടുത്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും വഴി മുഴുവൻ പുഴയായിട്ടുണ്ട്, സമയം രാത്രി പന്ത്രണ്ടേ മുക്കാല്.
അപ്പോഴാണ് ഷോപ്പിങ്ങ് ബാഗ് കയ്യിലില്ല എന്ന് മനസ്സിലാകുന്നത്. ഓട്ടോയിൽ വച്ചോ, ഓഫീസിൽ മറന്നോ, കാറിൽ വിട്ടുപോയോ എന്നൊക്കെ ആലോചിച്ച് തല പുകക്കുമ്പോൾ കാര്യം മനസ്സിലായി. സംഭവം മറന്നത് വന്ദേഭാരതിൽ തന്നെ. ബാഗ് മുകളിലത്തെ റാക്കിൽ ഉപേക്ഷിച്ചിട്ടാണ് ചാടിയോടിയിറങ്ങിപ്പോന്നത്!
പോയ കാശ്, മെനക്കെട്ട് നടത്തിയ ഷോപ്പിങ്ങിന്റെ ടൈം.

ആകെ നിരാശയായി. 139ൽ വിളിച്ചിട്ടും ഫലമില്ല. രണ്ടരക്ക് ശേഷം പരാതി രജിസ്റ്റർ ചെയ്യാമെന്നാണ് പറയുന്നത്. അല്ലെങ്കിൽ നേരിട്ട്പോയി നോക്കൂ എന്നും.പാതിരാത്രി, കൊടിയ മഴ ..എന്തുറപ്പിൽ പോകും?
രണ്ട് മിനിറ്റ് ആലോചിച്ചു, പിന്നെ നേരെ വച്ചു പിടിച്ചു സ്റ്റേഷനിലേയ്ക്ക്. മഴ പിന്നെയും കൂടി വരുന്ന സ്ഥിതിയാണ് കഴക്കൂട്ടം തൊട്ടങ്ങോട്ട് അപ്പോഴും.സ്റ്റേഷനിൽ എത്തി ഓടിച്ചെല്ലുമ്പോൾ വന്ദേ ഭാരതിന്റെ പൊടി പോലുമില്ല. പ്ലാറ്റ് ഫോം ഒന്നിൽ വേറൊരു വണ്ടി കിടപ്പുമുണ്ട്. എൻക്വയറിയിൽ രണ്ട് പോലീസുകാർ ഇരിപ്പുണ്ട്.കാര്യം അവരോട് പറഞ്ഞു.വണ്ടി ഇപ്പോൾ കൊച്ചുവേളിയിൽ കാണും.ഒരാളുടെ മറുപടി.
പോയിട്ട് കാര്യമുണ്ടാകില്ല. ട്രെയിനിന്റെ വാതിലുകളെല്ലാം ക്ലോസ്ഡ് ആയിരിക്കുമല്ലോ.അടുത്ത പോലീസുകാരൻ.പ്രതീക്ഷിച്ച നിരാശയിൽ തിരിച്ചുനടക്കാനൊരുങ്ങുമ്പോൾ പിറകിൽനിന്ന് അതേ പോലീസുകാരുടെ വിളി. കയ്യിൽ കവറുമുണ്ട്.ഇതാണോ നിങ്ങളുടെ ബാഗ്?അമ്പരന്ന് നിൽക്കുന്നഞാൻ. കളഞ്ഞുപോയ സാധനങ്ങൾ ദാ.വന്ദേ ഭാരതിലെ ജോലിക്കാരായ രണ്ട് പയ്യന്മാർ പോലീസിനെ ഏല്പിച്ചിട്ട് പോയതാണത്രെരാത്രി ഒന്നരക്ക് പ്രതീക്ഷിക്കാത്ത സന്തോഷത്തിൽ ഞാനും അത് കണ്ട് ചിരിച്ച് ആ പോലീസുകാരും.ആ രണ്ടു പയ്യന്മാരോട് നന്ദി പറയാനാണ് ഈ പോസ്റ്റ്. ഒപ്പം പോലീസുകാരോടും.
റെയിൽവേക്ക് അഭിമാനമാണ് സത്യസന്ധരായ ജോലിക്കാർ. അത് പറയാതിരിക്കാൻ പറ്റില്ല.

എഴുതിയത് : അപർണ്ണ കുറുപ്പ്