നിങ്ങൾ കൂടുതൽ വെറുക്കുന്ന ആളെ ചോദിച്ചാൽ ഗോവിന്ദച്ചാമി എന്നോ കാമുകന് വിഷം കൊടുത്ത കുട്ടിയുടെ പേരോ മലയാളി പറയില്ല അവർ പറയുക അംബാനി എന്നെ അദാനി എന്നോ ആകും കാരണം

EDITOR

നിങ്ങൾ ഏറ്റവും വെറുക്കുന്ന ആൾ ആരാണ് എന്ന് ചോദിച്ചാൽ ഒരു ശരാശരി മലയാളി പറയുന്ന ഉത്തരം കൊലയാളി ഗോവിന്ദച്ചാമി എന്നോ, റിപ്പർ ചന്ദ്രൻ എന്നോ, വിഷം കൊണ്ട്‌ കഷായം ഉണ്ടാക്കി കാമുകനെ കുടിപ്പിച്ച പെൺകുട്ടി എന്നോ ഒന്നും ആവില്ല.അത് അംബാനി എന്നോ, അദാനി എന്നോ ആയിരിക്കും.
എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ വെറുക്കുന്നത് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം അവർക്കുണ്ടാവില്ല. അത് മിക്കവാറും വർഗ്ഗാധിപത്യം കൊളോണിയലിസ്റ്റു ചിന്താ സരണികളിൽ ഉണ്ടാക്കിയ പരിവർത്തനത്തെ കുറിച്ച് ശങ്കരാടി ചേട്ടൻ സന്ദേശത്തിൽ പറഞ്ഞതുപോലുള്ള എന്തെങ്കിലും ഒക്കെ ആയിരിക്കും.അതിനുള്ള കാലത്തിന്റെ മറുപടിയാണ് വിഴിഞ്ഞം തുറമുഖം.അംബാനിയും, ടാറ്റയും, അദാനിയും, മഹീന്ദ്രയും, ബജാജുമൊക്കെ ഈ രാജ്യത്തിന്റെ പുരോഗതിയിൽ വരുത്തുന്ന മാറ്റങ്ങൾ ചില്ലറയല്ല.മാത്രമല്ല സാങ്കേതിക വിദഗ്ദരായും, സാധാരണക്കാരായും ഉള്ള ദലക്ഷക്കണക്കിന് മനുഷ്യരാണ് ഇവരുടെയൊക്കെ പ്രസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത്.

അത് പോട്ടെ.ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നമ്മുടെ സർക്കാർ ( ഇടതോ, വലതോ, നടുക്കുള്ള ബിജെപിയോ ആവട്ടെ) നേരിട്ടാണ് പണിയിക്കുന്നത് എന്ന് കരുതുക.റയിൽവേ എൻജിനീയറിങ്ങിൽ ശ്രീ ഇ. ശ്രീധരൻ സാറിനെപ്പോലെ വൈദഗ്ധ്യം പുലർത്തുന്ന ഒരു മലയാളി പേര് തുറമുഖ എൻജിനീയറിങ്ങിൽ ഞാൻ കേട്ടിട്ടില്ല.അങ്ങനെ ഉള്ള മലയാളികൾ നിശ്ചയമായും ഉണ്ടാകാം, അവർ ഏതെങ്കിലും വിദേശ രാജ്യത്ത് ജോലിചെയ്യുന്നും ഉണ്ടാകാം.പിന്നെ നമ്മുടെ കയ്യിലുള്ളത് കുറേ സർക്കാർ എൻജിനീയർമാരും, കൈക്കോട്ടും മമ്മട്ടിയും കൈമുതലായി ഉള്ള കുറേ ബംഗാളികളും ആണ്.സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും നമ്മുടെ സർക്കാർ എൻജിനീയർമാരുടെ സാങ്കേതിക നിലവാരം വളരെ മോശമാണ്.അതിന് കാരണം അവരുടെ കഴിവില്ലായ്മ അല്ല. തീർച്ചയായും നല്ല മിടുക്കന്മാരും മിടുക്കികളും ആണ് സർക്കാർ സർവീസിൽ എത്തുന്നത്.എന്നാൽ അങ്ങനെ എത്തുന്നതോടെ അവർക്ക് മുന്നിൽ സാങ്കേതികമായി വളരാനുള്ള അവസരങ്ങൾ അടഞ്ഞു പോകുന്നു.

കേവലം റോഡിലെ കുഴി റീ ടാർ ചെയ്യാനും, കോൺക്രീറ്റ് കുഴയ്ക്കുന്നിടത്തു ചുമ്മാ നോക്കി നിൽക്കാനും, ബിൽ ഒപ്പിടാനും മാത്രമായി അവർ പരിമിതപ്പെടുന്നു.ഇവിടെയാണ് അംബാനിയുടെയും, ടാറ്റയുടെയും, റിലയൻസിന്റെയും ഒക്കെ പ്രസക്തി.ഇവരെല്ലാം അന്താരാഷ്‌ട്ര തലത്തിലുള്ള ഭീമൻ പ്രോജക്ടുകൾ ഹാൻഡിൽ ചെയ്യുന്നവരാണ്.ഇവർ മാത്രമല്ല എൽ ആൻഡ് ടി യും, ശോഭാ എഞ്ചിനീയറിങ്ങും ഒക്കെ അക്കൂട്ടത്തിൽ പെടും.അതിന് വേണ്ടുന്ന സാമഗ്രികളും മുൻപരിചയവും അവർക്കുണ്ട്.വേണ്ടുന്ന പരിശീലനം അവരുടെ എഞ്ചിനീയർമാർക്കും മേനേജുമെന്റു വിദഗ്ധർക്കും നല്കപ്പെടുന്നുണ്ട്.അതുകൊണ്ടാണ് ഇത്തരം ബൃഹത് പദ്ധതികളിൽ ഇവർ രംഗപ്രവേശം ചെയ്യുന്നത്.തീർന്നില്ല.ഇത്തരം പദ്ദതികളിൽ പലതും കയ്യിൽ നിന്ന്‌ ഭാഗികമായോ, പൂർണ്ണമായോ പണം എടുത്താണ് അംബാനിയും അദാനിയും ഒക്കെ പൂർത്തിയാക്കുന്നത്.
ഇത്തരം പ്രവൃത്തികളെയാണ് B O T പ്രോജക്ടുകൾ എന്ന് വിളിക്കുന്നത്.

ബിൽറ്റ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ എന്നതിന്റെ ചുരുക്കെഴുത്താണ് ഈ BOT.എന്നുവച്ചാൽ ബിൽഡർ ചെലവാക്കിയ പണവും അതിന്റെ ലാഭവും തിരിച്ചു കിട്ടുന്ന കാലത്തോളം ആ പദ്ധതി നടത്തിക്കൊണ്ടു പോകുന്നത് നിർമ്മിച്ചവൻ തന്നെ ആയിരിക്കും എന്ന് ചുരുക്കം.അത് കഴിഞ്ഞാൽ ആ പദ്ധതി സർക്കാരിന് കൈമാറി അവർ സ്ഥലം വിടും.ഇതിനൊന്നും അംബാനിയെയോ അദാനിയേയോ തെറിവിളിച്ചിട്ടു കാര്യമില്ല.
റിലയൻസ് ടെലഫോൺ രംഗത്തേക്ക് കടക്കുന്ന കാലത്ത് മുകേഷ് അംബാനിയുടെ അപ്പൻ ധിരുഭായ്അംബാനിയെ സ്മരിക്കാത്ത മലയാളികൾ ഇല്ല.ഇന്ന് അവർക്കാർക്കും ജിയോ യുടെ കണക്ഷൻ ഇല്ലാതെ ഒരു മിനിറ്റ് പോലും ശ്വാസം കിട്ടില്ല .വിഴിഞ്ഞം തുറമുഖവും അങ്ങനെ നമ്മുടെ ജീവിതത്തിന്റെ, വികസനത്തിന്റെ ഭാഗമാവട്ടെ ..തെറിവിളിയും ശാപ വാക്കുകളും കേൾക്കാൻ അംബാനിയുടെയും, അദാനിയുടെയും ജീവിതം അപ്പോളും ബാക്കി

എഴുതിയത് : സുരേഷ്