വിദേശത്തു നല്ല ജോലി ഉള്ള മനുഷ്യൻ, 3000 SQFT വീട് എല്ലാം ഉണ്ട് ഒരിക്കൽ ആ വീട്ടിൽ പോയപ്പോ വീടാകെ നശിച്ചു കറ പിടിച്ചു കിടക്കുന്നു അതിന്റെ കാരണം കണ്ണ് നിറച്ചു

EDITOR

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾക്കായി ഒരു അനുഭവക്കുറിപ്പ്.കഴിഞ്ഞ പ്രാവശ്യം ഞാൻ നാട്ടിൽ പോയപ്പോൾ പഴയകാല പ്രവാസിയായ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു.
വീടിനുള്ളിൽ കയറിയപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി. വീടിന്റെ മുൻഭാഗത്തെ ഗാർഡൻ ആകെ വൃത്തികേടായി കിടക്കുന്നു. ചെടികൾ ഒന്നുമില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ ചെടിച്ചട്ടികൾ. കാർ പോർച്ചിലാണെങ്കിൽ വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങളും,ഒരു പഴയ സൈക്കിളും ഒരു ട്രെഡ്മില്ലും പൊടിപിടിച്ച് കിടക്കുന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ വളരെ മോശമായ, അന്തരീക്ഷം. വീടിന്റെ പെയിന്റ് മൊത്തം നിറം മങ്ങി, ചുവരിൽ മൊത്തം കുട്ടികൾ പല നിറത്തിലുള്ള പെൻസിലുകൾ ഉപയോഗിച്ച് ചിത്രപ്രദർശനം നടത്തിയിരിക്കുന്നു.മൊത്തത്തിൽ ഒരു മടുപ്പിക്കുന്ന അന്തരീക്ഷം.
എന്റെ മുന്നിൽ തെളിഞ്ഞ് വന്നത് 16 വർഷം മുന്നേ ഞാൻ കണ്ടിട്ടുള്ള ഈ വീടിന്റെ രൂപമായിരുന്നു. ഈ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ആദ്യമായി ആ വീട്ടിൽ ഞാൻ പോയത്. എട്ട് സെന്റിൽ,3000 സ്‌ക്വയർ ഫീറ്റിൽ ആറ് മുറികളോട് കൂടിയ, നാല് മുറികളിൽ ഏസി ഒക്കെ വെച്ച,അന്നത്തെ ഏറ്റവും പുതിയ ആർക്കിട്ടെക്ക്ച്ചറൽ ഡിസൈനിൽ, ആരും കണ്ടാൽ സ്വന്തമാക്കാൻ കൊതിക്കുന്ന ഒരു വീടായിരുന്നു അത്.ആ വീടിന്റെ ഇന്നത്തെ അവസ്ഥ എന്നിൽ കടുത്ത വേദന ഉണ്ടാക്കി. അത്ര മോശമായിരിന്നു ആ വീടിന്റെ ഇപ്പഴത്തെ കാഴ്ച്ച.

വീടിനുള്ളിൽ പ്രവേശിച്ചയുടനെ വീടിന്റെ ഗൃഹനാഥൻ വന്നു. ഞങ്ങൾ പഴയ സൗഹൃദം ഒക്കെ പുതുക്കി. വിഷയം പതിയെ ആ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തി.ഗൾഫിൽ അത്യാവശ്യം ശമ്പളമുള്ള ജോലിയായിരുന്നു എന്റെ സുഹൃത്തിന്. അദ്ദേഹത്തിന് ഒരു വീട് വേണം എന്ന ആഗ്രഹം വന്നപ്പോൾ,വാങ്ങാൻ വേണ്ടി പല വീടുകളും പോയി നോക്കി. അദ്ദേഹത്തിന്റെ സങ്കല്പത്തിലെ വീടുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം കുറച്ച് സ്ഥലം വാങ്ങി വീട് വെക്കാമെന്ന് അദ്ദേഹവും, ഭാര്യയും, മക്കളും കൂടി തീരുമാനിച്ചു.പിന്നീട് സ്ഥലത്തിനായുള്ള അന്വേഷണമായി. തിരുവനന്തപുരം നഗരത്തിൽ സ്ഥലം വാങ്ങുക എന്നത് ഇച്ചിരി ബുദ്ധിമുട്ടാണ്. അമിത വിലയാണ് കാരണം. അവസാനം തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്ത് എട്ട് സെന്റുള്ള ഒരു സ്ഥലം കണ്ടെത്തി. പക്ഷെ മൊത്തം സ്ഥലവും വാങ്ങിയാൽ, പിന്നെ വീട് വെക്കാൻ പൈസ അധികം ബാക്കിയുണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് അഞ്ച് സെന്റ് സ്ഥലം വാങ്ങി, ബാക്കി പൈസക്ക് വീട് വെക്കാമെന്ന്.പക്ഷെ ഭാര്യയുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ അദ്ദേഹം മൊത്തം സ്ഥലവും വാങ്ങി. സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലെ സങ്കല്പത്തിലെ വീടിന് പണം തികയില്ല.അടുത്ത സ്റ്റെപ്പ് ലോൺ എടുക്കലാണ്. അവസാനം ലോൺ ഒക്കെ ശെരിയാക്കി വീട് പണി തുടങ്ങി.

വീട് പണി പുരോഗമിക്കുംതോറും, അദ്ദേഹത്തിന്റെ സങ്കല്പത്തിലെ വീടിന്റ വലിപ്പവും പുരോഗമിച്ച്കൊണ്ടിരുന്നു. ബാങ്കിൽ നിന്നും കിട്ടിയ വായ്പ ഒക്കെ തീർന്നപ്പോൾ, ഭാര്യയുടെയും, മകളുടെയും സ്വർണ്ണം മൊത്തം വിറ്റ് ഒരു വിധത്തിൽ അദ്ദേഹത്തിന്റെ സ്വപ്ന ഭവനം പണിതീർത്തു. കൂട്ടത്തിൽ അത്യാവശ്യം നല്ലൊരു കാറും വാങ്ങി. നാട്ടുകാരെ മൊത്തം വിളിച്ച് കൂട്ടി ആഡംബരമായി ഗൃഹപ്രവേശം നടത്തി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് പൂട്ടിയിട്ട് കുടുംബത്തോടൊപ്പം അദ്ദേഹം തിരികെ ഗൾഫിലേക്ക് പോയി. ഏകദേശം പത്ത് വർഷത്തോളം കുഴപ്പങ്ങൾ ഒന്നുമില്ലാതെ കടന്ന് പോയി. വീടിന് വേണ്ടി എടുത്ത ലോൺ 15 വർഷം അടക്കണമായിരുന്നു. ഇതിനിടയിൽ തന്നെ മകളുടെ വിവാഹം ആഡംബരമായി നടത്തി. ഇളയ മകന്റെ പഠനവും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
അപ്രതീക്ഷിതമായി ഒരു ദിവസം അദ്ദേഹത്തിന്റെ ഗൾഫിലെ ജോലി നഷ്ടപ്പെട്ടു.പുതിയൊരു ജോലിക്കായി അദ്ദേഹം വളരെ അധികം ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ പ്രായം പുതിയൊരു ജോലിക്ക് തടസ്സമായി. വേറെ വഴിയൊന്നുമില്ലാതെ കമ്പനിയിൽ നിന്നും കീട്ടിയ ആനുകൂല്യങ്ങളുമായി നാട്ടിലെത്തി. ബാങ്കിലെ ലോണും, കുറെ കടങ്ങൾ ഉണ്ടായിരുന്നതും കൊടുത്ത് തീർത്തപ്പോൾ, കൊണ്ട് വന്ന പണം ഏകദേശം തീർന്നു. മുന്നോട്ടുള്ള ജീവിതം ആർഭാടം ഒന്നുമില്ലാതെ ജീവിക്കുന്നു. പട്ടിണിയില്ലാതെ ജീവിക്കാം എന്നല്ലാതെ മറ്റൊരു കാര്യത്തിനും ചിലവാക്കാൻ ക്യാഷ് ഇല്ല.

അദ്ദേഹത്തിന് വീട് ഒക്കെ പെയിന്റ് ചെയ്ത് ഒന്ന് വൃത്തിയാക്കി എടുക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആ 3000 സ്‌ക്വയർ ഫീറ്റ് ഉള്ള വീട് ഒന്ന് വൃത്തിയാക്കി എടുക്കാൻ ലക്ഷങ്ങൾ വേണം. ഇപ്പോൾ ഇത്രേം വലിയ വീട് വെച്ചതിൽ അദ്ദേഹം പരിതപിക്കുന്നു. സ്വയം പഴിക്കുന്നു.സുഹൃത്തുക്കളെ, ഈ അവസ്ഥയിലുള്ള കുറെ ആൾക്കാരെ എനിക്ക് നേരിട്ടറിയാം. ഗൾഫിലൊക്കെ പോയി കുറെ ക്യാഷ് കിട്ടുമ്പോൾ, ദുനിയാവിലെ സകല ആഡംബരങ്ങളും കാണിച്ചു ഒരു മണിമാളിക പണിയും. ഒരു അണുകുടുമ്പത്തിന് താമസിക്കാൻ അഞ്ചും, ആറും മുറികളും, ഹോം തിയേറ്റർ ഉൾപ്പെടെ സകല സൗകര്യങ്ങളും ഉള്ള വീട്. അവസാനം എണ്ണപ്പണത്തിന്റെ കൊഴുപ്പ് തീരുമ്പോൾ, ഭീമമായ ഇലെക്ട്രിക് ബില്ല് അടക്കാൻ വഴിയില്ലാതെ, വെള്ളത്തിന് അടക്കാൻ പൈസ ഇല്ലാതെ,വർഷങ്ങൾ കഴിഞ്ഞാലും, സ്വന്തം വീട് ഒന്ന് പെയിന്റ് ചെയ്യാനോ, മറ്റ് അറ്റകുറ്റപ്പണികൾ നടത്താനോ പൈസ ഇല്ലാതെ വിലപിക്കുന്ന എത്രയോ ഗൾഫുകാരെ ഞാൻ കണ്ടിട്ടുണ്ട്.
നമുക്ക് എന്തിനാണ് ഇത്രയും വലിയ വീടുകൾ എന്ന പേരിൽ അറിയപ്പെടുന്ന മണിമാളികകൾ. നമുക്ക് വെയിലും, മഴയും കൊള്ളാതെ, സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് വേണം. മാതാപിതാക്കളും, രണ്ട് കുട്ടികളും ഉള്ള നമുക്ക് എന്തിനാണ് അഞ്ചും, ആറും മുറികൾ ഉള്ള വീടുകൾ. ഒരു അൻപതു വർഷം കഴിഞ്ഞാൽ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകളിൽ ആരാണ് താമസിക്കുക എന്ന് മണിമാളികകൾ പണിയുന്ന നമുക്ക് അറിയാമോ. അൻപതു വർഷം കഴിഞ്ഞ് നമ്മൾ ഉണ്ടാക്കിയ വീട്ടിൽ താമസിക്കുന്നവർക്ക്, ആ വീട് ആരാണ് ഉണ്ടാക്കിയത് എന്ന് അറിവുണ്ടാകുമോ.

അത് പോട്ടെ. ഈ എഴുതുന്ന എനിക്കോ, ഇത് വായിക്കുന്ന നിങ്ങൾക്കോ അപ്പൂപ്പന്റെ അച്ഛന്റെ പേര് അറിയാമോ. ഇല്ല ഉറപ്പ്. അത് പോലെ തന്നെ നമ്മുടെ അടുത്ത തലമുറയും. അത് കൊണ്ട്, നമ്മളെ അറിയാത്ത നമ്മുടെ അടുത്ത തലമുറകൾക്ക് എന്തിനാണ് നമ്മൾ കഷ്ടപ്പെട്ട് മണിമാളികൾ ഉണ്ടാക്കി കൊടുക്കുന്നത്. അവരും ഇത്രേം വലിയ വീടുകൾക്ക് മെയിന്റെനൻസ് ചെയ്യാൻ ക്യാഷ് ഇല്ലാതെ,ആ വീടുണ്ടാക്കിയവന്റെ തന്തക്ക് വിളിക്കും.ഒരു സംശയവും വേണ്ട.തിരുവനന്തപുരം നഗരത്തിൽ തന്നെ ഞാൻ ഉണ്ടാക്കിയത് ഒരു ഇടത്തരം വീടാണ്.3.5 സെന്റിൽ എനിക്കും, എന്റെ മൂന്ന് മക്കൾക്കും താമസിക്കാൻ വേണ്ടി നാല് മുറികൾ ഉള്ള ഒരു ചെറിയ വീട്. എനിക്ക് വേണമെങ്കിൽ കുറേക്കൂടി വലിയ ഒരെണ്ണം, ലേശം ബുദ്ധിമുട്ടിയിട്ടാണേലും വേണമെങ്കിൽ ഉണ്ടാക്കാമായിരുന്നു . ഒരു പക്ഷെ ഭാവിയിൽ വീടിന്റെ മെയിന്റ്നൻസ് ചെയ്യാൻ പറ്റുന്ന സാമ്പത്തിക സാഹചര്യം ഉണ്ടായില്ലെങ്കിലോ എന്ന തോന്നൽ എന്നെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. 2013 ൽ വെച്ച വീട് 2016 ൽ മകന്റെ വിവാഹ സമയത്ത് ഒന്ന് പെയിന്റ് ഓക്കേ ചെയ്തു. ഞങ്ങൾ ഒക്കെ വിദേശത്ത് ആയത് കൊണ്ട്, ആൾ താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീട്ടിൽ കബോർഡുകൾ മുഴുവൻ ചിതൽ കൊണ്ട് പോയി.ഇനി അവിടെ പോയി താമസിക്കണമെങ്കിൽ ലക്ഷങ്ങൾ ചിലവാക്കണം.ഇന്നത്തെ കാലത്ത് ഒരു നല്ല വീട് വെക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ ആ വീട് കേട്പാടുകൾ കൂടാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവൻ ഒരു കോൺക്രീറ്റ് സൗദത്തിൽ കുഴിച്ച് മൂടണോ പ്രിയ സുഹൃത്തുക്കളെ

എഴുതിയത് : നിസാർ