ഹോളണ്ട് നിന്ന് തൃശൂർ സ്വദേശി യുവതിക്ക് സായിപ്പിന്റെ ആലോചന നല്ല ജീവിതം മോഹിച്ച യുവതിക്ക് നഷ്ടം 85000 രൂപ ഇത് കേട്ട് കേൾവി ഇല്ലാത്ത തട്ടിപ്പ്

EDITOR

തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ.
തൃശൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്.

സംഭവം ഇങ്ങനെ:തൃശൂരിലെ യുവതിയുടെ വിവാഹാലോചനകൾക്കായി മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയിരുന്നു. വിവാഹാലോചനകൾ തകൃതിയായി നടന്നുവരവേ, നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ ഡോക്ടറായി ജോലിചെയ്യുന്ന യുവാവ് എന്ന പരിചയപ്പെടുത്തി, ഒരാൾ യുവതിയുടെ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചിരുന്നു. ഇയാൾക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമാണെന്നും, വിവാഹശേഷം ആംസ്റ്റർഡാമിലേക്ക് പോകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ വാട്സ്ആപ്പിലൂടെ ചാറ്റിങ്ങ് നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.ഇതിനിടയിൽ ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി, ഒരു സ്ത്രീ വിളിക്കുകയും, അവരുടെ മകന് യുവതിയെ നല്ല ഇഷ്ടമായിയെന്നും, വിവാഹത്തിന് പൂർണ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. യുവാവും യുവതിയും തമ്മിൽ ഇഷ്ടത്തിലാകുകയും, വാട്സ്ആപ്പ് വഴിയുള്ള ചാറ്റിങ്ങ് തുടരുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 2 ന് യുവാവ് ആംസ്റ്റർഡാമിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, അപ്പോൾ തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറയുകയുണ്ടായി.

ഇതു പ്രകാരം യുവതി വിവാഹം കഴിക്കാൻ പോകുന്നയാളെ കാത്തിരിക്കവേ, ഒക്ടോബർ 3ന് രാവിലെ 10.30 ന് ഡൽഹി കസ്റ്റംസ് ഓഫീസിൽ നിന്നുമാണെന്ന് പറഞ്ഞ് ഒരു ടെലിഫോൺ കോൾ വരികയുണ്ടായി.
ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറൻസി കണ്ടെടുത്തു എന്നും, അതിനാൽ അയാളെ തടഞ്ഞു വെച്ചിരിക്കയാണെന്നും, അതിന്റെ പിഴയായി 85,000 രൂപ അടക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. യുവാവിന് ഇന്ത്യയിൽ മറ്റാരുമില്ലാത്തതിനാലാണ് യുവതിയെ വിളിക്കുന്നതെന്നും, പിഴയടക്കുകയാണെങ്കിൽ യുവാവിനേയും പിടിച്ചെടുത്ത യൂറോയും വിട്ടു നൽകുമെന്നും, യൂറോ കറൻസി പിന്നീട് ഇന്ത്യയിലെ ഏതു ബാങ്കിൽ നിന്നും രൂപയാക്കി മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, യുവതിയുടെ എക്കൌണ്ടിൽ നിന്നും 85,000 രൂപ അയാളുടെ എക്കൌണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചുകൊടുക്കുകയുണ്ടായി.
ഈ പണം കിട്ടിക്കഴിഞ്ഞ് ഏതാനും സമയം കഴിഞ്ഞപ്പോൾ വീണ്ടും വിളിക്കുകയും, യുവാവിന്റെ കൈവശമുള്ള യൂറോ കറൻസി ഏതെങ്കിലും ബാങ്കിൽ നിന്നും രൂപയായി മാറ്റിയെടുക്കാൻ 3 ലക്ഷം രൂപ കൂടി പ്രൊസസിങ്ങ് ഫീസ് ഇനത്തിൽ ഉടനെത്തന്നെ അടക്കണം എന്നു പറയുകയുണ്ടായി. ആ സമയം 3 ലക്ഷം രൂപ തന്റെ എക്കൌണ്ടിൽ ഇല്ലാത്തതിനാൽ യുവതി ഇത് നൽകുകയുണ്ടായില്ല. ഇതേ ആവശ്യം പറഞ്ഞ് തുടരെത്തുടരെ യുവതിയെ വിളിച്ചപ്പോൾ സൈബർ തട്ടിപ്പാണെന്ന് സംശയം തോന്നി, പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ വിളിച്ച യുവാവിന്റേയും, അമ്മയുടേയും ഫോൺ നമ്പറുകൾ പിന്നീട് നിശബ്ദമാകുകയാണുണ്ടായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.പോലീസ് സൈബർ സെൽ വിഭാഗം നൽകുന്ന മുന്നറിയിപ്പ്:
1. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആൾമാറാട്ടം. ഇവർ യഥാർത്ഥ വ്യക്തികളുടെ ഫോട്ടോ മോഷ്ടിച്ച് അതേ പേരിലോ സാമ്യമായ മറ്റ് പേരുകളിലോ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും, വ്യക്തികളുമായി ആശയവിനിമയം നടത്തി അവരുമായി വികാരപരമായ ബന്ധം സൃഷ്ടിച്ചെടുക്കുന്നു.2. നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ എക്കൌണ്ടുകളിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തട്ടിപ്പുകാർക്ക് ശേഖരിക്കാൻ കഴിഞ്ഞേക്കാം. മാട്രിമോണിയൽ സൈറ്റുകളിൽ നൽകുന്ന ഫോൺ നമ്പറുകളും വിവരങ്ങളും, ജോലി ആവശ്യാർത്ഥം വെബ്പോർട്ടലുകളിൽ നൽകുന്ന ബയോഡാറ്റകൾ എന്നിവയിൽ നിന്നെല്ലാം നിങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ തട്ടിപ്പുകാർ ശേഖരിച്ചേക്കാം.
3. പണം ആവശ്യപ്പെട്ടുവരുന്ന ടെലിഫോൺ വിളികൾ, ഇ-മെയിൽ സന്ദേശങ്ങൾ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയോട് സൂക്ഷ്മതയോടെ പ്രതികരിക്കുക. എപ്പോഴും വിശ്വസ്തരുടെ സഹായം തേടുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 ടോൾഫ്രീ സൈബർ ഹെൽപ്പ്ലൈൻ സഹായം തേടുക. സൈബർ തട്ടിപ്പു സംബന്ധമായ പരാതികൾ നൽകുന്നതിന് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ സന്ദർശിക്കുക. https://cybercrime.gov.in/

കടപ്പാട് : തൃശൂർ സിറ്റി പോലീസ്