ഒരു മാസത്തെ ലീവ് കഴിഞ് നാളെ ഗൾഫിലേക്ക് തിരിച്ചു പോകുകയാണ് പതിവില്ലാതെ ഭാര്യയുടെ മാറ്റം കണ്ണ് നിറച്ചു കൂടുതൽ ചിന്തിച്ചപ്പോ മനസിലായത്

EDITOR

ഒരു മാസത്തെ ലീവ് കഴിഞ് നാളെ ഗൾഫിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്ന ദിവസമാണ്.
കുടുംബത്തെ പിരിഞ്ഞു പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടും കടത്തിന്റെ രൂപത്തിൽ വിധി വീണ്ടും പോകാൻ നിർബന്ധിക്കുന്നു. അതി രാവിലെ അഞ്ചുമണിക്കാണ് ഫ്ലൈറ്റ്. തലേ ദിവസം പോകാനുള്ള സാധനങ്ങളെല്ലാം പെട്ടിയിലാക്കി കൂട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു. എന്നും ഉപ്പ പറയുന്ന കഥകൾ കേട്ട് കെട്ടിപ്പിടിച്ചുറങ്ങാറുള്ള മൂന്ന് വയസ്സുകാരൻ പൊന്നു മോൻ ഇന്നും ഉപ്പയെ കാത്ത് ഉറങ്ങാതെ കിടക്കുകയാണ്. എല്ലാം ഉള്ളിലൊതുക്കി ഭാര്യയും പുറമെ ചിരിച്ചു കൊണ്ട് റൂമിലുണ്ട് ബാത്ത് റൂമിൽ പോയി കുറേ സമയം കഴിഞ്ഞിട്ടും പുറത്തു വരുന്നത് കാണാതിരുന്നപ്പോൾ ഭാര്യ വന്ന് കതകിൽ തട്ടി.കണ്ണുകൾ തുടച്ച് ഒന്നുമറിയാത്ത മട്ടിൽ പുറത്തിറങ്ങി ഞാൻ നടന്നു. പൊന്നുമോൻ താൻ പറയുന്ന കഥകൾ കേൾക്കാൻ കാത്തിരിക്കുന്നത് കണ്ട് പിടിച്ചു വെച്ച സങ്കടം കണ്ണീരായി ഒഴുകി.രാവിലെയുള്ള ഇളം തണുപ്പിൽ തന്റെ കുഞ്ഞുമോൻ തന്നെ കെട്ടിപ്പിടിക്കാറുള്ളതോർത്ത് കുറച്ചു നിമിഷം അവിടത്തന്നെ നിന്നു.നാളെ തനിക്കാ ഭാഗ്യം നഷ്ടമാവുകയാണ് ഓർത്തപ്പോൾ ഹൃദയം പൊട്ടി തകരുന്നത് പോലെ രാവിലെ മോൻ ഉണരുമ്പോഴേക്കും എയർപോർട്ടിൽ എത്തണം.

നാളെ മുതൽ അവന്റെ വാപ്പച്ചിയെ ഓർത്ത്‌ സങ്കടപ്പെടാതെ എന്റെ പൊന്നു മോനെ സമാധാനത്തോടെ ഉറക്കണേ സൃഷ്ടാവേ. മനസ്സിൽ പ്രാർത്ഥിച്ചു.അപ്പോഴാണ് ഭാര്യ റൂമിലേക്ക് വന്നത്.മുഖത്തേക്ക് നോക്കിയാൽ സങ്കടം പിടിച്ചു നിർത്താൻ കഴിയാത്തത് കൊണ്ടാകാം ഉടനെ ലൈറ്റ് ഓഫ്‌ ചെയ്തവൾ കട്ടിലിൽ കയറി കിടന്നു. താമസിയാതെ ഞാനും മകന്റെ അരികിലായി കിടന്നു. എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നെങ്കിലും സങ്കടത്താൽ ശബ്ദം തൊണ്ടയുടെ ആഴങ്ങളിൽ മറഞ്ഞിരുന്നു. കുന്നുകൂടിയ സങ്കടം പുറത്തു കാണിക്കാതെ രണ്ടു പേരും മകനെയും തഴുകി കിടന്നു. ആ മൗനത്തിൽ ചിന്തകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാസലോകത്തേക്ക് തിരിച്ചു പോകാതിരിക്കാൻ എന്തെങ്കിലും ഒരു വഴി നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു പോയി. ജീവിതപ്രാരാബ്ധത്തെ ഓർത്ത് ദേഷ്യവും സങ്കടവും ഒരു പോലെ വന്ന നിമിഷം.

നേരം വെളുക്കരുതേ എന്ന പ്രാർത്ഥന മനസ്സിലുണ്ടെങ്കിലും സമയം അതിന്റെ ജോലി സത്യസന്ധമായി ചെയ്തു കൊണ്ടിരുന്നു.അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് ലൈറ്റ് ഓണാക്കി ഭാര്യയെ നോക്കി അവൾ അപ്പോൾ അരികിൽ ഇല്ലായിരുന്നു. എണീറ്റ് ബാത്ത് റൂമിലേക്ക് നടന്നു. വാതിലിൽ തട്ടി വിളിച്ചു. കുറച്ചു സമയത്തിനു ശേഷം വാതിൽ തുറന്നവൾ മുഖത്തേക്ക് നോക്കാതെ നടന്നകന്നു.. ഇനി ചിന്തിച്ചു നിന്നാൽ സമയം വൈകും അതിവേഗം കുളിച് പോകാനൊരുങ്ങി. അല്പ സമയത്തിന് ശേഷം പോകാനുള്ള കാർ പുറത്ത് വന്നു നിന്ന ശബ്ദം കേട്ടു മകനെ ഉണർത്താതെ ചുടുചുംബനങ്ങൾ നൽകി റൂമിൽ നിന്നും പുറത്തേക്കിറങ്ങി.ഉമ്മയും വാപ്പയും സങ്കടത്തോടെ റൂമിനു പുറത്ത് നിൽക്കുകയാണ്. ഈ വരവിൽ ഉമ്മയെയും ഉപ്പയെയും അവർക്ക് പോകാൻ ആഗ്രഹമുള്ള ഇടത്തെക്കൊക്കെ കൊണ്ട് പോയ സമാധാനം എനിക്കുണ്ട്. റൂമിനു പുറത്ത് മാതാപിതാക്കളുടെ അരികിൽ എന്റെ സ്നേഹനിധികളായ രണ്ടു പെങ്ങമാരുമുണ്ട് ഉടനെ ഉമ്മ വന്ന് എനിക്ക്‌ ചുടുചുംബനങ്ങൾ നൽകി

മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ കുട്ടികളായിരിക്കും.” എല്ലാം ഉള്ളിലൊതുക്കാൻ പണ്ടു മുതെലെ പഠിച്ച വാപ്പച്ചി കുറച്ചകലെയായി ക്ഷമിച്ചു നിൽക്കുന്നുണ്ട്.പക്ഷെ അദ്ദേഹത്തിന്റെ കണ്ണിൽ കണ്ണു നീർ തളം കെട്ടി നിൽക്കുന്നത് കാണാമായിരുന്നു. അരികിലേക്ക് ചെന്ന് വാപ്പച്ചിയുടെ കയ്യിൽ പിടിച്ച് യാത്ര ചോദിച്ചു.എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും കരയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു
“ഇങ്ങള്… വിഷമിക്കേണ്ട ദിവസങ്ങളൊക്കെ പെട്ടെന്ന് പോകും പ്രയാസങ്ങളൊക്കെ തീർന്നാൽ പ്രവാസം മതിയാക്കി നാട്ടിൽ ഒരുമിച്ചു ജീവിക്കലോ” അത് കേൾക്കുന്ന അവരുടെയെല്ലാം കണ്ണുകളിൽ പ്രകാശം പരക്കുന്നത് തോന്നും.ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് പോലുമറിയാതെയാണ് ഞാനവരെ പറഞ് സമാധാനിപ്പിക്കുന്നത്. അവർക്ക് സമാധാനം നൽകാനുള്ള ജോലി ദൈവം എന്നെയാണ് ഏൽപ്പിച്ചിട്ടുള്ളത് അത് കൊണ്ട് കൂടി ആയിരിക്കും എനിക്ക് ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നത്. കാർ പതുക്കെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.പോകുന്നതിനിടയിൽ ഭാര്യ വാതിലിൽ ചാരി പൊട്ടിക്കരയുന്നത് പോലെ തോന്നി. അത് തോന്നിയതാവില്ല സത്യം തന്നെയായിരിക്കും. ഇണക്ക്‌ തുണയാണ് എപ്പോഴും സഹായം തുണക്ക്‌ വേണ്ടി ഇനി വർഷങ്ങൾ കാത്തിരിക്കണം എന്നുള്ള ചിന്തയാകും കരയിപ്പിച്ചത്. കാറിന്റെ വേഗതയിൽ വീടും കുടുംബവും എന്റെ കണ്ണിൽ നിന്നും മറഞ്ഞു പോകുന്നത് സങ്കടത്തോടെ ഞാൻ നോക്കി നിന്നു. മോന്റെ മുഖം ഇടക്കിടക്ക് മനസ്സിൽ വന്ന് കൊണ്ടിരിക്കുന്നു. തിരിച്ചു പോക്കിൽ ഇതുവരെ അനുഭവപ്പെടാത്ത സങ്കട നിമിഷങ്ങൾ.

എയർപോർട്ടിൽ എത്തിയ ഞാൻ ലീവിന് വരുന്നവരുടെ മുഖത്തെ സന്തോഷം കണ്ട് പതുക്കെ മുന്നോട്ട് നടന്നുനീങ്ങി ഇനിയെന്നാണാവോ എനിക്ക് ഇത് പോലൊരു മടക്കം ബോഡിങ് പാസ് കിട്ടിയെന്ന് വീട്ടിലേക്ക് വിളിച്ചു പറയുമ്പോൾ കുറച്ചു നേരം മൗനം മാത്രം.എന്റെ മോൻ പോയി വാ..പടച്ചവൻ നിന്നെ…….. കാത്ത് രക്ഷി….. ക്കട്ടെസങ്കടം ആ ശബ്ദത്തെ മുറിച്ചു കൊണ്ടിരുന്നു പിന്നീട് ഫ്ലൈയിറ്റിനായുള്ള കാത്തിരിപ്പിൽ ഞാനും മതി വരോളം കരഞ്ഞു ഇനിയെന്നാണ് മടക്കമെന്നാലോചിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ എനിക്കനുഭവപ്പെട്ടു. അവിടെ കൂടിയവരിൽ അധിക പേരും സങ്കടത്തിലാണ് കുറച്ചു പേർ തമാശകൾ പറഞ് ചിരിക്കുന്നത് കാണാം. വിസിറ്റിംഗ് വിസക്ക് പോകുന്നവരോ ആദ്യമായി ഗൾഫിലേക്ക് ജോലിക്ക് പോകുന്നവരോ അതുമല്ലെങ്കിൽ ഗൾഫിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നവരോ അവരൊക്കെ ആയിരിക്കും ഇവർ. എന്തെ എനിക്ക് അങ്ങനെയുള്ള ജീവിത സാഹചര്യമൊന്നും ദൈവം നൽകിയില്ല എന്നോട് ദൈവത്തിന് വെറുപ്പാണോ? ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവില്ല ഞാനും ഒരിക്കൽ രക്ഷപ്പെടുമായിരിക്കും.കുടുംബത്തോടൊപ്പം ഒരുമിച്ചു ജീവിക്കുമായിരിക്കും. സ്വയം സമാധാനിച്ചു. താമസിയാതെ ഫ്ലൈറ്റിലേക്ക് കയറാൻ അറിയിപ്പ് വന്നു. ഞാനടക്കമുള്ള പ്രവാസികളെ പിറകിൽ നിന്ന് വിധി ഫ്ലൈറ്റിലേക്ക് തള്ളി കൊണ്ടു പോകുകയാണ്.

അല്പ സമയത്തിന് ശേഷം വിമാനം റൺവേയിൽ നിന്ന് കുതിച്ചുയരുമ്പോൾ വിൻഡോയിലൂടെ താഴേക്ക് നോക്കി തന്റെപച്ച പുതച്ച നാടും ഇടയിലുള്ള കുഞ്ഞു വീടുകളും മേഘങ്ങളാൽ മറയെപ്പെടുന്നത് ഞാൻ സങ്കടത്തോടെ നോക്കി നിന്നു. ആ വീടുകളുടെ ഇടയിൽ എന്റെ വീടും വീട്ടുകാരും കാണും മണിക്കൂറുകൾക്ക് ശേഷം ഞാൻ ഗൾഫിൽ എന്റെ റൂമിലെത്തി റൂമിലുള്ളവരെല്ലാം ആ സമയം ജോലിക്കു പോയിരുന്നു. ഒറ്റപ്പെട്ട ആ നിമിഷത്തിൽ മോനും ഭാര്യയും റൂമിലെ ബെഡിൽ ഇരിക്കുന്നത് പോലെ എനിക്ക്‌ തോന്നി. നിമിഷങ്ങൾ കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി നിയന്ത്രണം നഷ്ടമായ ഞാൻ ഉടനെ റൂമിൽ നിന്ന് പുറത്തേക്കോടി റൂമിൽ തിരിച്ചു പോകാനുള്ള മനഃശക്തിയില്ലാത്തത് കാരണം ഗൾഫിലെ കൊടും ചൂടിൽ അലഞ്ഞു നടന്നു.ജോലി കഴിഞ് എല്ലാവരും തിരിച്ചു വന്നതിനു ശേഷമാണ് ഞാനന്ന് റൂമിലെത്തിയത്.അന്ന് രാത്രി ആർക്കും കഥ പറഞ്ഞു കൊടുക്കാനില്ലാത്തത് കൊണ്ടും രാവിലെ ചൂടിൽ അലഞ്ഞു തിരിഞ്ഞ ക്ഷീണം കൊണ്ടും പെട്ടെന്നുറങ്ങി. ഉറക്കത്തിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന താൻ റൂമിലെ കൂരിരുട്ടിൽ താൻ നാട്ടിലാണോ ഗള്ഫിലാണോ എന്നറിയാതെ മകനെ അരികിൽ തിരഞ്ഞുക്കൊണ്ടിരുന്നു.

എഴുതിയത് : ഷമീർ വള്ളാഞ്ചിറ