ഒരു ആൺസുഹൃത്തിനെ വീട്ടിൽ കയറ്റിയ കാരണം എല്ലാവരും അവളെ തള്ളി പക്ഷെ അമ്മയായ എനിക്ക് തള്ളിക്കളയാൻ പറ്റിയില്ല ശേഷം ഇന്ന് അവളുടെ പദവി അവളുടെ അച്ഛൻ പോലും പ്രതീക്ഷിക്കാത്തത്

EDITOR

ഏപ്രിൽ 24 ന് ആണ് നവ്യയുടെ പാസിങ്ങ് ഔട്ട്. എനിക്ക് പോകണം. ഞാനവിടെയുണ്ടാകണം ആ സമയത്ത്. എന്താണ് നിങ്ങൾ രണ്ടാളുടേയും തീരുമാനം. പത്രം വായിച്ചു കൊണ്ടിരുന്ന മോഹനനോടും മൊബൈലിൽ തോണ്ടി കൊണ്ടിരുന്ന മകൻ നവീനോടുമായി അനിത പറഞ്ഞു.അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ. അമ്മയാണ് അവളെ ഇങ്ങനെ തലയിൽ കയറ്റി നടക്കുന്നത്. പഴയതൊന്നും ഞാൻ മറന്നിട്ടില്ല അവൾ കാട്ടിക്കൂട്ടിയത്. ഈ ജന്മം ഞാൻ അതൊന്നും മറക്കാനും പോകുന്നില്ല. നീ മറക്കണ്ട. പതിനേഴാം വയസ്സിൽ അവൾക്കു പറ്റിയൊരു തെറ്റ്, അതിന്റെ പേരിൽ അവളെ ഈ ജീവിതകാലം മുഴുവനും ദ്രോഹിക്കണമെന്നാണോ നീ പറയുന്നത്. എന്ത്? ചെറിയ തെറ്റോ, കൂടെ പഠിച്ചവനെ മുറിയിൽ വിളിച്ചു കയറ്റിയതാണോ അവൾ ചെയ്ത ചെറിയ തെറ്റ്, അതും വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ. ഞാൻ ട്രാൻസ്ഫറായി പോകുന്നതിനു മുൻപ് തന്നെ നിന്റെ അച്ഛന് മുന്നറിയിപ്പ് കൊടുത്തതാണ്. ഇളയ മകളാണ്, എല്ലാവരും അവളെ കൊഞ്ചിച്ചു വഷളാക്കിയിരിക്കുകയാണ്. അവൾക്ക് ആണെന്നോ പെണ്ണെന്നോ ഒരു വേർതിരിവുമില്ല സൗഹൃദങ്ങളിൽ. ആ സമയത്ത് അവൾ കൗമാര പ്രായത്തിലുമാണ്, ശ്രദ്ധിച്ചില്ലെങ്കിൽ കൈ വിട്ടു പോകും, അതുകൊണ്ടു ഞാൻ അവളെ എൻ്റെ കൂടെ കൊണ്ട് പോകാമെന്നു പറഞ്ഞതാണ്.

മോഹനേട്ടൻ സമ്മതിച്ചില്ല, അച്ഛനും മൂത്ത സഹോദരനും കൂടെ ഉണ്ടായിട്ടും അവളുടെ കൂട്ടു കെട്ടുകളോ ചുറ്റിക്കളികളോ ആരും ശ്രദ്ധിച്ചതുമില്ല. അവസാനം അവൾ കൂടെ പഠിക്കുന്ന ഒരുത്തനെ കിടപ്പു മുറി വരെ കൊണ്ട് വന്നു. മറ്റൊന്നിനുമല്ല എന്നിട്ടും.അതിന്റെ പേരിൽ ഇപ്പോൾ അച്ഛന്റെയും സഹോദരന്റെയും ആജീവനാന്ത ശത്രുവായി അവൾ മാറി. പക്ഷെ ഞാനവളുടെ പെറ്റമ്മയാണ്, എനിക്കവളെ കളയാൻ കഴിയില്ല. ”
അമ്മ അവളെ എത്രയൊക്കെ ന്യായീകരിച്ചാലും അവളുടെ തെറ്റുകൾ ശരികളാകില്ല. ”
ശരികളാക്കാനല്ല, തെറ്റുകൾ തിരുത്താനുള്ളതാണ്, അതിനുള്ള അവസരമാണ് ഞാനവൾക്കു ഒരുക്കി കൊടുത്തത്. അന്ന് ഞാനവൾക്കു താങ്ങായി നിന്നില്ലായിരുനെങ്കിൽ അവൾ ജീവിതത്തിൽ ഒന്നും ആകില്ലായിരുന്നു. ഞാനും കൂടെ കുറ്റപെടുത്തിയിരുന്നെങ്കിൽ അവളെന്തെങ്കിലും കടും കൈ ചെയ്തേനെ. അതോടെ എനിക്കെന്റെ മകളെ എന്നത്തേക്കുമായി നഷ്ടമായേനെ. പിന്നെ ഞാൻ, ജീവച്ഛവമായി ഈ ജന്മം ജീവിച്ച് തീർക്കേണ്ടി വന്നേനെ. ഇതിലും ഭേദം അതായിരുന്നു. അവൾ മരിക്കുന്നത്. നിർത്തെടാ, നീയും ഇതേ തെറ്റല്ലേ ചെയ്തത്‌. നിന്നെയും നിന്റെ സുഹൃത്ത് സൽമയുടെ വീട്ടുകാർ അവളുടെ വീട്ടിൽ വച്ച് പിടിച്ചല്ലോ, കംമ്പയിൻഡ് സ്റ്റഡിയ്ക്ക് പോയപ്പോൾ. നീ അങ്ങനെയാണ് പറഞ്ഞിരുന്നത്. അവർ അവരുടെ അഭിമാനത്തെ കരുതി, നിന്നെ രണ്ടു പൊട്ടിച്ചു, നിന്റെ അച്ഛനെ വിളിച്ചു വരുത്തി നിന്നെ പറഞ്ഞു വിട്ടു. ആരുമറിഞ്ഞില്ല. പറയുമ്പോൾ നിങ്ങളുടെ ന്യൂ ജനറേഷൻ ഫ്രണ്ട്ഷിപ് അങ്ങനെയൊക്കെയാണെന്നാണല്ലോ നിങ്ങൾ പറയുന്നത്.

എന്നിട്ട് നവ്യയുടെ കൂടെ അവളുടെ ബോയ് ഫ്രണ്ട് മിലനെ കണ്ടപ്പോൾ അവരെ എങ്ങനെ ഡീൽ ചെയ്യാണമെന്നറിയാത്ത അവളുടെ സഹോദരൻ അടുത്ത വീട്ടിൽ പോയി ആളുകളെയൊക്കെ കൂട്ടി കൊണ്ട് വന്നു, അവളെ പരസ്യ വിചാരണ ചെയ്യിച്ചു. പതിനേഴുകാരനായ ഒരു പയ്യന്റെ മനസ്സ് നീ കണ്ടില്ലായിരുന്നോ. നിന്റെ സഹോദരിയെ നീയല്ലേ സംരക്ഷിക്കേണ്ടിയിരുന്നത്,വിശ്വസിക്കേണ്ടിയിരുന്നത്. എന്നിട്ടു? നിന്റെ കാര്യം വന്നപ്പോൾ.ഞാനൊരു ആണല്ലേ അത് പോലെയാണോ ഒരു പെണ്ണ്. അമ്മയൊരു അമ്മയാണോ. ”
“അതെന്താടാ പെണ്ണിനില്ലാത്ത എന്താണ് ആണിന് അധികമായി ഉള്ളത്. അവൾക്കു മാത്രമെന്താണ് പ്രത്യേക ശിക്ഷ. കാലം മാറിയത് നിങ്ങൾ ആണുങ്ങൾ അറിഞ്ഞില്ലേ. അവൾ തെറ്റ് ചെയ്തു, തെറ്റ് തിരുത്താനായി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അവളുടെ അച്ഛൻ അവളോട് മിണ്ടില്ലെങ്കിലും, അച്ഛന്റെ ആഗ്രഹം പോലെ അവളൊരു ഐ പി എസുകാരിയായി പുറത്തിറങ്ങും. അതും കേരള കേഡറിൽ തന്നെ ജോലി ചെയ്യും. അന്ന് പരസ്യ വിചാരണ ചെയ്തവരൊക്കെ അവളെ കാണുമ്പോൾ സല്യൂട്ടടിക്കും, പുകഴ്ത്തി പാടും. തെറ്റുകളൊന്നും എല്ലാവരും എല്ലാകാലവും ഓർത്തു വയ്ക്കില്ല. പിന്നെ അവൾക്കു പഴയ ഇഷ്ടം ഇപ്പോഴും നിലനില്ക്കുന്നുവെങ്കിൽ മിലൻ തന്നെ അവൾ വിവാഹം കഴിക്കട്ടെ. തെറ്റുകൾ അതോടെ തിരുത്തപ്പെടും. ഈ ലോകത്തു തെറ്റ് ചെയ്യാത്തവരായി ആരുണ്ട്.

മോഹനൻ പത്രത്തിൽ നിന്നും തലയുയർത്തി. ദേഷ്യത്തോടെ രണ്ടു പേരോടുമായി പറഞ്ഞു.
രണ്ടു പേരും ഒന്ന് നിർത്തുമോ!!!. ഞാൻ അവളെ സ്വീകരിക്കാൻ എന്തായാലും കൂടെ വരുന്നില്ല. ആർക്കും പോകുകയോ വരികയോ ചെയ്യാം. ഞാനാരെയും തടയുകയുമില്ല. ആര് വന്നില്ലെങ്കിലും ഞാൻ പോകും. തടഞ്ഞാലും പോകും. ഒരു അമ്മയുടെ തീരുമാനമാണ്.ഒറ്റയ്ക്കാണ്, അനിത മകളുടെ പാസിംഗ് ഔട്ട് പരേഡിന് പോയത്. അറിയാത്ത നാട്, അറിയാത്ത ഭാഷ. സ്വയം വണ്ടിയോടിക്കാൻ കഴിയാത്ത അനിതയെ എല്ലായിടത്തും കൊണ്ട് പോകുന്നത് ഭർത്താവും മകനുമാണ്. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് സ്വന്തം ടൗൺ വിട്ടു പോകുന്നത്. ഈ യാത്രയിൽ ഒരു പ്രത്യേക ധൈര്യം എവിടെ നിന്നോ പകർന്നു കിട്ടിയപോലെ. ഇത്ര അഭിമാനത്തോടെ, സന്തോഷത്തോടെ ഉള്ള യാത്ര മുൻപ് ഉണ്ടായിട്ടില്ല. പുരുഷന്മാർ കൂടെയില്ലാത്ത ഒരു അനുഗ്രഹമായി. അവരുടെ ഇഷ്ടത്തിനൊത്തു ജീവിച്ചു മടുത്തു.നവ്യ തൻ്റെ പൊന്ന് മകളാണ്, നാളെ മുതൽ അവൾ നവ്യ ഐ പി എസാണ്. അവളെ നഴ്സ് കൈവെള്ളയിൽ കൊണ്ട് വച്ച് തന്നത് ഇന്നലത്തെ പോലെ ഓർക്കുന്നു. തലേ ദിവസം തന്നെ മകളെ പോയി കണ്ടു. സന്തോഷത്തിനിടയിലും അവളുടെ നിറഞ്ഞ കണ്ണുകൾ അനിതയെ വിഷമിപ്പിച്ചു.

അച്ഛൻ വന്നില്ല അല്ലേ അമ്മേ, ഈ ജന്മം എന്നോട് പൊറുക്കാൻ അച്ഛന്റെ മനസിന് കഴിയില്ലായിരിക്കും. ഇനി എന്റെ വിവാഹത്തിനും അമ്മ തന്നെ കൈ പിടിച്ചു തരേണ്ടി വരുമായിരിക്കും അല്ലേ. നിനക്ക് സങ്കടമുണ്ടോ, എന്തിനാ സങ്കടം ചിലരങ്ങനെയാ. മരിക്കുന്നതു വരെ അവർക്കു അവരുടെ ശരികളാ വലുത്. അമ്മയില്ലേ മോൾക്ക് എന്തിനും. അവൾ അമ്മയെ മുറുക്കെ കെട്ടിപ്പിടിച്ചു.അമ്മയില്ലയിരുന്നെങ്കിൽ ഞാനീ ഭൂമിയിൽ ഇപ്പോൾ ഉണ്ടാകുമായിരുന്നോ? എല്ലാ അമ്മമാരും ഒരു തവണ മാത്രമേ മക്കളെ പ്രസവിച്ചു വളർത്തൂ. എന്റെ അമ്മ ആദ്യമെന്നെ പ്രസവിച്ചു. പിന്നെ ഞാനില്ലാതായപ്പോൾ അമ്മ എന്നെ ഒരിക്കൽ കൂടി പുനർജീവിപ്പിച്ചു, പുനർജന്മം ആണിത്. പിറ്റേ ദിവസത്തെ ചടങ്ങുകൾക്കൊടുവിൽ എല്ലാ പുതിയ ഉദ്യോഗസ്ഥരെയും സ്വീകരിക്കാനായി അവരുടെ കുടുംബത്തിലെ എല്ലാവരും കാത്ത് നിന്നപ്പോൾ നവ്യയോടൊപ്പം അവളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ അവളും അമ്മയും ഒരു കോർണറിൽ ഒതുങ്ങി നിന്നു. ആളുകളുടെ ഇടയിലൂടെ അച്ഛൻ നടന്നു വരുന്നത് കണ്ട നവ്യ അമ്മയെ ചൂണ്ടി കാണിച്ചു. അനിതയും ഭർത്താവിനെ കണ്ടൊന്നു അന്ധാളിച്ചു. കൂടെ ചമ്മിയ മുഖവുമായി സഹോദരൻ നവീനും. നവീൻ ഇഷ്ടക്കേട് തുറന്ന് പറഞ്ഞു.

അവസാനം അച്ഛനും കാലുമാറി. ഇന്നലത്തെ ഫ്ലൈറ്റിന് വന്നതാണ്. എനിക്കിഷ്ടമുണ്ടായിട്ടല്ല, അച്ഛൻ പറഞ്ഞപോലെ നാട്ടുകാർ എന്ത് കരുതും എന്നാലോചിച്ചപ്പോൾ…നാട്ടുകാർ എന്ത് വിചാരിച്ചാലും നിങ്ങൾ അച്ഛനും മകനും എന്താണ്. നിങ്ങളെന്തിന് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കണം. അവരുടെ സംസാരമൊന്നും ശ്രദ്ധിക്കാതെ നിന്ന് അച്ഛൻ തന്നെ ഉറ്റുനോക്കി കൊണ്ട് നിൽക്കുന്ന മകളെ കൺകുളിരെ കണ്ടു. അയാൾ അഭിമാനം കൊണ്ടു വീർപ്പുമുട്ടി. അയാൾ കൈകൾ അവൾക്ക് നേരെ നീട്ടി. അവളോടി ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. വളരെ നാളുകൾക്കു ശേഷം അച്ഛൻ്റെ സ്നേഹത്തണലിൽ, കരവലയത്തിൽ മകളെ കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷവും സങ്കടവും അതേ സമയം അമർഷവും തോന്നി. ആ കാഴ്ച മകന് ഒട്ടും രസിച്ചില്ലായെന്ന് അവൻ്റെ മുഖഭാവം വ്യക്തമാക്കി.ഒടുവിൽ നീ അത് നേടി അല്ലേ. അതിന് കാരണക്കാരി നിൻ്റമ്മയാണ്. അവൾക്ക് ഞാൻ എട്ടു വർഷം സ്വസ്ഥത കൊടുത്തിട്ടില്ല. അവളാണ് നിന്റെ വിജയത്തിന് പിന്നിൽ. അവളെയും നിന്നേയും അകറ്റി നിർത്തിയെങ്കിലും നിങ്ങളുടെ മുറിയുടെ വാതിൽക്കൽ ഞാൻ ഉറങ്ങാതെ കാവലിരുന്നു. നിൻ്റെ അമ്മ പലപ്രാവശ്യവും നിന്നേയും കൊണ്ട് മരിയ്ക്കാൻ തയാറെടുത്തിരുന്നു. അതിനും ഞാനവളെ അനുവദിച്ചില്ല. അവൾക്ക് താങ്ങാകണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ അവളുടെ ആത്മബലം നഷ്ടപ്പെടുമെന്ന് എനിയ്ക്കറിയാമായിരുന്നു. നിങ്ങളെ ഞാൻ വഴക്ക് പറഞ്ഞതും ദേഷ്യപ്പെടുത്തിയതും വൈരാഗ്യ ബുദ്ധി വളർത്തിയെടുത്തതും ഈ ലക്ഷ്യം സാധിച്ചെടുക്കാനാണ്. മോൾക്ക് അച്ഛനോട് ദേഷ്യം തോന്നിയിട്ടില്ലേ.

ഞാനല്ലല്ലോ അച്ഛാ അമ്മയല്ലേ ഒറ്റയാൻ പോരാട്ടം നടത്തിയത്. എനിക്ക് വേണ്ടി എന്തൊക്കെ സഹിച്ചു, ക്ഷമിച്ചു ഈ പാവം. അവളമ്മയെ ചേർത്ത് പിടിച്ചു.ഊണും ഉറക്കവും പോലും ഉപേക്ഷിച്ച് സ്വന്തം മക്കൾക്ക് വേണ്ടി ആത്മത്യാഗം ചെയ്യുന്ന അമ്മമാർ വളരെ കുറവാണ്. നിനക്കഭിമാനിയ്ക്കാം മോളെ എന്നും അവളെയോർത്ത്. സ്ത്രീ ശക്തി എന്നൊക്കെ പറഞ്ഞാണ് ഇതാണ്. ഇവളായിരിക്കണം എല്ലാത്തിനും നിന്റെ മാതൃക. ”
“എന്ത് ആത്മത്യാഗം? എന്ത് മക്കൾ. മകൾക്ക് വേണ്ടി മാത്രം ആത്മത്യാഗം ചെയ്തു. ഞാനെന്ന വ്യക്തിയെ അമ്മ ശ്രദ്ധിച്ചിട്ടുണ്ടോ. “ഇല്ല, നീ എന്നും സ്വാർത്ഥനായിരുന്നു. നിൻ്റെ സ്വാർത്ഥത ഞാൻ വെറുത്തിരുന്നു. സ്വന്തം സഹോദരിയോട് പോലും നീ അകൽച്ച കാണിച്ചിരുന്നു. അച്ഛനും അമ്മയും എപ്പോഴും നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിച്ചു. അതിന് ഞങ്ങളിൽ നിന്നും അവളെ അകറ്റി മാറ്റി. അതൊന്നും ഒരു കാലത്തും എനിക്ക് പൊറുക്കാൻ കഴിയില്ല. അതൊക്കെ വിട്, ഒരു സന്തോഷ വർത്തമാനം കൂടി പറയാം. മിലനും കുടുംബവും അടുത്ത മാസം അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നുണ്ട്. അവർക്ക് ഇപ്പോഴും ഈ ബന്ധത്തോട് താൽപര്യമുണ്ട്. നവ്യ മോളുടെ പാസിംഗ് ഔട്ട് കഴിയട്ടെ, അവളുടെ അഭിപ്രായം ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞിട്ടുണ്ട്.

എല്ലാവരും ഒരു ഉത്തരത്തിനായി നവ്യയെ നോക്കി. “അമ്മ പറയട്ടെ, അത് ഞാൻ ചെയ്യും. മിലൻ ഇപ്പോൾ അറിയപ്പെടുന്ന ഡോക്ടർ ആണ്. പിന്നെ അമ്മയെന്തിന് എതിർക്കണം മോളെ. അമ്മയ്ക്ക് സമ്മതം. ”
അച്ഛനും അമ്മയ്ക്കും ഇടയിൽ നടന്ന് നീങ്ങുമ്പോൾ അവൾ തല ഒന്നും കൂടെ ഉയർത്തി പിടിച്ചു. അസൂയയോടെ പിറകെ നടക്കുന്ന സഹോദരനെ അവൾ ആശങ്കയോടെ നോക്കി. ചേട്ടൻ പണ്ടും ഇങ്ങനെയായിരുന്നു, തെറ്റുകളൊക്കെ ചെയ്തിട്ട്, അനിയത്തിയെ കുറ്റവാളിയാക്കി രക്ഷപ്പെടും.ചേട്ടൻ ചെയ്ത തെറ്റുകൾക്ക് അവൾ കുറെ അടി വാങ്ങി കൂട്ടിയിട്ടുണ്ട്.പതിനേഴാം വയസ്സിൽ ചേട്ടൻ്റെ സ്റ്റാംപ് കളക്ഷൻ കാണാനാണ് ട്യൂഷൻ കഴിഞ്ഞു മിലൻ കൂടെ വന്നത്,ചേട്ടനറിയാതെ രഹസ്യമായി കൂട്ടി കൊണ്ട് വന്നതാണ്. അവൻ സ്റ്റാംപ് നോക്കിയിരുന്നപ്പോൾ താൻ പോയി ഒരു ചായ ഇട്ട് കൊടുത്തു. ഒരു ചെറുപ്പക്കാരൻ വീടിനുള്ളിൽ ഇരിക്കുന്നത് കണ്ടിട്ടാണ് ചേട്ടൻ, നാട്ടുകാരെ മുഴുവൻ വിളിച്ചു കൊണ്ട് വന്ന് നാണം കെടുത്തിയത്. മിലൻ ക്ലാസ്സിലെ പഠിപ്പിസ്റ്റും മിടുക്കനുമായിരുന്നു. തന്നെ തൻ്റെ അമ്മ വിശ്വസിച്ചത് പോലെ അവൻ്റെ മാതാപിതാക്കൾ അവനെയും വിശ്വസിച്ചു. അവരവനെ അമേരിക്കയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.അതോടെ അവൻ രക്ഷപ്പെട്ടു,താനോ?.കുത്തു വാക്കുകൾ കേട്ട് ആത്മഹത്യ ചെയ്യണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

മിലൻ.വർഷങ്ങൾക്കു ശേഷമാണ് അവളാ പേര് കേൾക്കുന്നത്. ഒരിക്കലും ഓർക്കാൻ ശ്രമിച്ചില്ല, മനസ്സിൽ പേടിയായിരുന്നു. അവൻ ഡോക്ടറായി എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഒരു പക്ഷേ അച്ഛനെ അവർ ബന്ധപ്പെട്ടിരിക്കാം. ഒരു ഐ പി എസ് കാരിയാക്കാൻ സ്വന്തം സ്നേഹം പോലും മറച്ചുവച്ച് ആളല്ലേ അച്ഛൻ, ഇതും മറച്ചതാകും. അച്ഛൻ ഒരു ക്യാമറ അമ്മയുടെ കയ്യിൽ കൊടുത്തു.മോൾക്ക് ബുള്ളറ്റ് ഓടിയ്ക്കാമല്ലോ, എന്നെ ബാക്കിലിരുത്തി ഒരു റൗണ്ട് ചുറ്റിക്ക്. യൂണിഫോമിട്ട മകളുടെ പിന്നിൽ ഇരുന്നുള്ള യാത്ര അന്തസ്സാണ്. നീ ഒരു വീഡിയോ എടുക്ക്, എനിക്ക് എൻ്റെ സോഷ്യൽ മീഡിയയിൽ ഇട്ടൊന്ന് ഷൈൻ ചെയ്യണം. ലവനെ എനിയ്ക്കത്ര വിശ്വാസം പോരാ. അസൂയ മൂത്ത ഇനമാണ്. അച്ഛനെ പിന്നിലിരുത്തി ബുള്ളറ്റിൻ കറങ്ങുമ്പോൾ ദൂരെ ഒരു മരബെഞ്ചിൽ ഒറ്റയ്ക്ക് ചാരിയിരിക്കുന്ന അമ്മയെ അവൾ ശ്രദ്ധിച്ചു. അമ്മ ക്ഷീണിതയാണ്, ഇനി അമ്മയെ പൊന്നു പോലെ നോക്കണം. അമ്മയുടെ കണ്ണുകൾ ഇനി നിറയാൻ പാടില്ല. ഒരു മകൾക്കും ലഭിയ്ക്കാത്ത ഭാഗ്യമാണ് തൻ്റെയമ്മ. അവൾ അമ്മയെ കൈ ഉയർത്തി വീശി കാണിച്ചു.

എഴുതിയത് : നിഷ പിള്ള