എൻ്റെ മുൻഭാഗത്ത് ആഞ്ഞ് സ്പർശിച്ചു അയാളുടെ വഷളൻ ചിരി ശേഷം സ്റ്റാഫ് റൂമിലെ സഹപ്രവർത്തകയുടെ ചോദ്യം ആണ് ഞെട്ടിച്ചത് കുട്ടി രണ്ടു സൈഡിലും ഷാൾ ഇട്ടില്ലേ എന്ന്

EDITOR

അതൊരു സബ് ജില്ലാ കലോത്സവ ദിനമായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയേയും കൊണ്ട് ഒരു ചായ കുടിക്കാൻ ചെന്നതായിരുന്നു ഞാൻ. പണ്ടൊരു സ്കൂളിൽ ഒരുമിച്ച് വർക്ക് ചെയ്ത പ്രിയപ്പെട്ട ടീച്ചറുണ്ടായിരുന്നു അവിടെ. ചായ ഓർഡർ ചെയ്ത് നിൽക്കുമ്പോൾ അടുത്തു നിന്ന ഒരുവൻ ചായ എടുത്തതും കൈമുട്ടു കൊണ്ട് എൻ്റെ മുൻഭാഗത്ത് ആഞ്ഞ് സ്പർശിച്ചതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം ഞാൻ പകച്ചു പോയി. അയാളുടെ മുഖത്തെ വഷളൻ ചിരിയിൽ എൻ്റെ നിയന്ത്രണം വിട്ടു. കരണം നോക്കിയാണ് ഞാനടിച്ചത്. പക്ഷേ, കൊണ്ടത് അയാളുടെ തോളത്തും. വീണ്ടും ഞാൻ അടിക്കാനാഞ്ഞു. കൂടെയുണ്ടായിരുന്ന ടീച്ചർ എന്നെ പൂണ്ടടക്കം പിടിച്ചു. ഞാൻ കുതറുകയായിരുന്നു എന്നാണോർമ്മ. അപ്പോഴേക്കും ഒരു സ്ത്രീ എൻ്റെ മുന്നിൽ നിന്ന് കൈകൂപ്പി . “ഞങ്ങളുടെ സ്കൂളിലെ മാഷാണ് … പ്രശ്നമുണ്ടാക്കല്ലേ മോളേ…. ” അവരുടെ മുൻപിൽ ഞാൻ നിസ്സഹായയായി. എട്ടൊൻപത് വർഷം മുൻപായിരുന്നു. ഇന്നത്തെ അത്ര ധൈര്യമൊന്നും എനിക്കില്ല… ഏട്ടനെ വിളിക്കുമ്പോൾ ഞാൻ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. പകുതി യൂണിഫോമിൽ ഏട്ടൻ പാഞ്ഞെത്തി. പരാതി കൊടുക്കാൻ എനിക്കായിരുന്നു മടി.

ഏട്ടൻ ഒരു പാട് പറഞ്ഞിട്ടും ഏതോ ഒരു ഭയം എന്നെ വരിഞ്ഞുമുറുക്കി. പിന്നേയും ഒരു നാലഞ്ച് വർഷം പാലക്കാട് ഉണ്ടായിരുന്നിട്ടും ആ വിഷജന്തുവിനെ ഞാൻ പിന്നെ കണ്ടതേയില്ല. ഓർക്കാൻ പാകത്തിന് അയാളുടെ മുഖം എൻ്റെ തലച്ചോർ രേഖപ്പെടുത്തി വച്ചതുമില്ല.എനിക്കുണ്ടായ അനുഭവം സ്റ്റാഫ് റൂമിലിരുന്ന് വിവരിക്കുകയായിരുന്നു ഞാൻ. “നീ ഷാേൾ രണ്ട്സൈഡും ഇട്ടിരുന്നില്ലേ കുട്ടീ…” സഹപ്രവർത്തകയുടെ ചോദ്യം …അതായത് രണ്ട് സൈഡും ഷോൾ ഇട്ടില്ലെങ്കിൽ ഇത്തരം അതിക്രമങ്ങൾ സ്വാഭാവികമാണെന്നും അത് അനുഭവിക്കേണ്ടതു തന്നെ യുമാണ് എന്നതായിരുന്നു ആ ചോദ്യത്തിലെ വ്യംഗ്യം.കഷ്ടിച്ച് ഒരു നാലുമാസം മുൻപ് കോട്ടയത്തേക്ക് പോവുകയായിരുന്നു ഞാൻ. KSRTC ബസിലാണ് യാത്ര .ഫുട് ബോർഡിനടുത്ത സീറ്റായിരുന്നു. കൊട്ടാരക്കര എത്തിയപ്പോൾ ഒരു മനുഷ്യൻ കയറി. എന്നോട് അരികിലിരുന്ന ബാഗ് ഒന്നെടുക്കാമോ.. എനിക്കിരിക്കാനായിരുന്നു എന്ന് പറഞ്ഞു. ബാഗെടുക്കുമ്പോൾ മറ്റ് പല സീറ്റുകളും ഒഴിവാണെന്നും അയാൾ ഇവിടിരിക്കുന്നത് ദുരുദ്ദേശ്യത്തോടു കൂടിയാണെന്നും എനിക്ക് മനസിലാകാതെയല്ല. വേറൊരു സീറ്റിലേക്ക് മാറണോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ, അതല്ല വേണ്ടതെന്നുംആ സീറ്റ് എനിക്കും കൂടി അവകാശപ്പെട്ടതാണെന്നും ഈ ഒരു ഫ്രോഡിനെപ്പേടിച്ച് മാറേണ്ടതില്ല എന്നും തീരുമാനമെടുക്കാൻ ഒരു പാട് സമയമൊന്നും എനിക്ക് വേണ്ടി വന്നില്ല.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അയാൾ ഒന്ന് വിടർന്നു. എൻ്റെ ഒരു നോട്ടത്തിൽ അയാൾ വീണ്ടും ചുരുങ്ങി.. എന്നെ സ്പർശിക്കാൻ അയാളുടെ കൈകൾ തരിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.ഞാനെൻ്റെ മുഷ്ടി ചുരുട്ടി. തൊട്ടാൽ ആ നിമിഷം അയാളുടെ മുഖത്തിടിക്കണം എന്ന് ഞാനുറപ്പിച്ചു. എൻ്റെ ശരീരഭാഷ തിരിച്ചറിഞ്ഞായിരിക്കണം അയാൾ ഭയക്കുന്നതായി ഞാൻ മനസിലാക്കി. പക്ഷേ, ഒരു പെണ്ണാണ് തൻ്റെയടുത്തിരിക്കുന്നതെന്ന തിരിച്ചറിവ്, അങ്ങനങ്ങ് ഞാൻ വെറുതേ പോകാൻ പാടുണ്ടോ എന്ന ഈഗാേ ഇതൊക്കെ അയാളെ ഭരിക്കുന്നതായി എനിക്ക് മനസിലാക്കാനായി. തൊട്ടാൽ ഞാൻ തിരിച്ചടിക്കും എന്ന ഉറപ്പ് കൊണ്ടു മാത്രമാണ് അയാൾ അടങ്ങിയിരിക്കുന്നത് എന്ന് എനിക്ക് തീർച്ചയായിരുന്നു.അപ്പോഴാണ് ഏട്ടൻ്റെ കോൾ വന്നത്. എവിടെ എത്തി എന്ന ചോദ്യത്തിനുത്തരമായി ഞാൻ ചോദിച്ചത്; എട്ടൻ യൂണിഫോമിലാണോ. ചെക്കിങ്ങിൽ ആണോ എന്നാണ്. ആ ഒരൊറ്റ ചോദ്യത്തിൽ തീക്കൊള്ളികൊണ്ട അട്ടയെപ്പോലെ അയാൾ ചുരുളുന്നത് കണ്ടു.

എന്താ ഡേ പ്രശ്നം വല്ലതുമുണ്ടോ? എന്നായിരുന്നു ഏട്ടൻ്റെ ചോദ്യം. നിലവിൽ പ്രശ്നമില്ല എന്നും പക്ഷേ, പ്രശ്നമുണ്ടാകാൻ ചെറിയൊരു സാധ്യത കാണുന്നുണ്ട് എന്നുമായിരുന്നു എൻ്റെ മറുപടി.എന്ത് പ്രശ്നമാണെങ്കിലും ആദ്യം പ്രതികരിക്കുക. എന്നിട്ട് കണ്ടക്ടറോട് പറഞ്ഞ് വണ്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിക്കുക .. പിന്നീടുള്ളതെല്ലാം നമ്മൾ ഒന്നിച്ച് നേരിടുമെന്നും ഏട്ടൻ ധൈര്യപ്പെടുത്തി.ഈ കാര്യം പറഞ്ഞപ്പോൾ എൻ്റെ അച്ഛനടക്കം ഒരുപാട് പേർ ചോദിച്ചത് സീറ്റൊന്ന് മാറിയിരുന്നാൽ പോരായിരുന്നോ എന്നാണ്. പൊതുവേ അതാണല്ലോ പതിവ്.അയാൾ പത്തനം തിട്ട ബസ്റ്റാൻ്റിൽ ഇറങ്ങുമ്പോൾ വല്ലാതെ അലോസരനായിരുന്നു. ബസ് സ്റ്റാൻ്റിൽ നിർത്തിയിട്ട ബസിൽ നിന്നും പലവട്ടം ഇറങ്ങിയും കയറിയും ഫുട് ബോർഡിൽ നിന്നയാൾ എന്നെ തുറിച്ചു നോക്കി. ബസ് എടുക്കുമ്പോൾ അയാൾ തൊടുകയാണെങ്കിൽ ചവിട്ടണം എന്നുറപ്പിച്ച് കാലുകളെ തയ്യാറാക്കി ഞാനിരുന്നു. അതും മനസിലാക്കിയിട്ടാകണം എന്നെ രൂക്ഷമായി നോക്കി അയാൾ പിൻവാങ്ങി. മുഖത്ത് ആകുന്നത്ര പുച്ഛം നിറച്ച് ഞാനയാളെ നോക്കി.

പ്രീഡിഗ്രി കാലത്ത് “വീട്ടിൽ അനിയത്തിമാരില്ലേ ചേട്ടാ… ഉപദ്രവിക്കല്ലേ ” എന്ന് ബസിൽ നിന്ന് കരഞ്ഞ ആ കൗമാരക്കാരിയെ ഞാനോർത്തു. നിസ്സഹായതയല്ല പ്രതിരോധവും പ്രതികരണവുമാണ് സമൂഹത്തിലെ ഇത്തരം ഞരമ്പുരോഗികളെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധം എന്ന തിരിച്ചറിവ് അവിടെ നിന്നും ഉണ്ടായതാണ്.ഈ കമൻ്റിട്ട പൊന്നാങ്ങളയും ഇതേ രീതിയിൽ ചിന്തിക്കുന്ന കുലപുരുഷുക്കളും വീട്ടിലെ പെണ്ണുങ്ങളോട് ഒന്ന് ചോദിച്ചു നോക്കണം. ചന്ദനക്കുറിയിട്ട് അമ്പലത്തിൽ പോകുമ്പോഴും കുർബാന ചൊല്ലാൻ പളളിയിൽ പോകുമ്പോഴും പർദ്ദ ഇട്ട് നടക്കുമ്പോഴും നിങ്ങളെപ്പോലുള്ളവരിൽ നിന്നും ഒരു നോട്ടം കൊണ്ടെങ്കിലും അവർ മുറിപ്പെടാതിരുന്നിട്ടുണ്ടോ എന്ന് …
അവർ തരും നിങ്ങൾക്കുള്ള മറുപടി.വരും കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എന്തു നടപടികളാണ് നമ്മുടെ ഗവൺമെൻ്റുകൾ എടുത്തിരിക്കുന്നത്? പൗരബോധമുള്ള ഒരു തലമുറയെ നിർമ്മിച്ചെടുക്കാൻ സിലബസുകളിൽ എന്തു പരിഷ്ക്കരണമാണ് വരുത്തിയത്…?
KSRTC ബസിൽ പതറിപ്പോകാതെ പ്രതികരിച്ച മസ്താനി എന്ന പെൺകുട്ടിയ്ക്കും കട്ടയ്ക്ക് കൂടെ നിന്ന കണ്ടക്ടർKK പ്രദീപിനും Kkpradeep Kkpradeep ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

എഴുതിയത് : അനീഷ ഐക്കുളത്ത്