ഞാനാദ്യമായി അപരിചിതനായ ഒരു പുരുഷനെ അടിച്ചത് എനിക്ക് 22 വയസ്സുള്ളപ്പോഴാണ് അതിനു കാരണം അറിഞ്ഞാൽ ചിലപ്പോ എന്നെ ചിലർ വിമർശിക്കും കുറിപ്പ്

EDITOR

ഞാനാദ്യമായി അപരിചിതനായ ഒരു പുരുഷനെ അടിച്ചത് എനിക്ക് 22 വയസ്സുള്ളപ്പോഴാണ്. ഞാനെന്നും കയറുന്ന ബസിൽ, അത്രയേറെ സുരക്ഷിതം എന്നോർത്ത ഒരു ഇടത്തിൽ മദ്യപാനിയായ ഒരു യുവാവ് എന്റെ തൊട്ടുപുറകിലെ സീറ്റിൽ വന്നിരുന്നു അയാളുടെ കാലു കൊണ്ട് എന്റെ ഷാള് വലിച്ചെടുക്കുമ്പോൾ. തൊണ്ടയിൽ ഷാള് ഇഴയുന്നത് പോലെ തോന്നിയപ്പോൾ പേടിച്ച് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് അയാൾ മുഖം കൊണ്ട് വൃത്തിക്കെട്ട ചേഷ്ടകൾ കാണിക്കുന്നതാണ്. ഭയന്ന് വിറച്ച് എന്റെ ഷാള് തിരിച്ചെടുക്കാൻ നോക്കുമ്പോൾ അയാൾ കൈ കൊണ്ട് കൂടുതൽ ബലത്തിൽ അതിൽ വലിക്കാൻ തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് എടുക്കുന്ന വണ്ടിയായതിനാൽ ആളുകൾ വളരെ കുറവ്. എന്നും ചിരിച്ച് കൊണ്ട് ടിക്കറ്റ് തരുന്ന, കുശലം ചോദിക്കുന്ന, വർഷങ്ങളായി അതേ ബസിൽ എന്നെ കാണുന്ന കണ്ടക്ടറോട് ഞാൻ ചാടി എഴുന്നേറ്റ് വിളിച്ചു കൂവി. വിദ്യാർത്ഥിനിയായ ഞാൻ, ആദ്യമായി അത്തരമൊരു ദുരനുഭവം അഭിമുഖീകരിക്കുന്ന ഞാൻ, ഭ്രാന്തമായ ശരീര ഭാഷയുമായി അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് പ്രഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത വിധം തൊട്ടപ്പുറം നിൽക്കുന്ന ഒരു മദ്യപാനി.

എനിക്കത്ര ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ കണ്ടക്ടറിലും സഹയാത്രക്കാരിലും പ്രതീക്ഷയുണ്ടായിരുന്നു. “വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടു” എന്ന് എത്ര വട്ടം അലറി വിളിച്ചു എന്നെനിക്കോർമ്മയില്ല. കണ്ടക്ടർ സ്തംബ്ദനായി നോക്കി നിൽക്കുന്നു എന്നല്ലാതെ അയാളെ പിടിച്ചു മാറ്റാനോ ഇടപെടാനോ തുനിഞ്ഞില്ല. വണ്ടി നിർത്തിയില്ല. ‘മോള് മുൻപോട്ട് കയറി ഇരിക്കു’ എന്നൊരു സ്ത്രീ ഭയത്തോടെ പറഞ്ഞത് ഓർക്കുന്നുണ്ട്. ആരും കൂടെയില്ലാത്തപ്പോൾ കൂടുതൽ ശക്തമാകുന്ന ആത്മാഭിമാനത്തിന്റെ പേര് കൂടിയാണ് ധൈര്യം എന്ന് എനിക്കന്ന് തോന്നി. എന്റെടുത്തേക്ക് നീങ്ങി നീങ്ങി വന്നിരുന്ന അയാളെ ഞാൻ ബലമായി പിടിച്ച് തള്ളി. ചിരിച്ചു കൊണ്ട് പിന്നെയും മുന്നോട്ടാഞ്ഞ അയാളെ കൈ കൊണ്ട് തല്ലി. സിനിമയിൽ കാണുന്ന പോലെ നെഞ്ചു വിരിച്ചു നിന്ന് കരണകുറ്റിക്ക് സധൈര്യം കൊടുക്കുന്ന മാസ്സ് അടിയൊന്നും ആയിരുന്നില്ല അത്. നിസ്സഹായയായി നിരായുധയായി നിന്ന് ആത്മരക്ഷാർത്ഥം അടിമുടി വിയർത്ത് ലക്ഷ്യമില്ലാതെ പാഞ്ഞുപോയ അടി. ഉടനെ ബസ് നിർത്തി. അയാൾക്ക് അടി കൊണ്ടപ്പോൾ ബസ് നിർത്തി. അയാൾ വേഗം ഇറങ്ങിയോടി. എനിക്ക് കാണാനോ തിരയാനോ പറ്റാത്ത വേഗത്തിൽ അയാൾ അപ്രത്യക്ഷനായി.

നിങ്ങൾക്ക് പരാതിയുണ്ടോ” എന്ന് ചോദിക്കാൻ ഒരു കണ്ടക്ടറോ അയാളെ പിടിച്ച് നിർത്താൻ ഒരു മനുഷ്യൻ പോലുമോ അന്ന് ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞപ്പോൾ എന്റെ വീട്ടുകാര് കൂടെ നിന്നതുകൊണ്ട് പിന്നീട് എനിക്കത് ഫോളോ അപ്പ് ചെയ്യാൻ സാധിച്ചു – ആ ട്രോമയെ അതിജീവിക്കാൻ സാധിച്ചു എന്നു മാത്രം.
നീ പ്രതികരിക്കണ്ട. അവൻ കൂട്ടുകാരെയും കൂട്ടി വന്ന് പ്രതികാരം വീട്ടും.അവർ കള്ളും കഞ്ചാവുമൊക്കെയാ. വല്ല ആസിഡ് ഒഴിച്ചാലോ നാട്ടുകാർ അറിഞ്ഞാൽ നിന്നെയേ പറയൂ നീ ആയിട്ട് പ്രശ്നത്തിന് പോകണ്ട. ഒടുക്കം പോലീസ് സ്റ്റേഷൻ കേറിയിറങ്ങി നടക്കേണ്ടി വരും മിണ്ടാതിരി. അവന് ആണുങ്ങടെ കയ്യീന്ന് കിട്ടിക്കോളുംഇങ്ങനെ പ്രതികരിക്കാൻ നിന്നാൽ പിന്നെ ഇതിനേ സമയം ഉണ്ടാകുനീയാരാ ലോകം നന്നാക്കാൻനീ നിന്റെ കാര്യം നോക്ക്”പെണ്ണായാൽ കുറെ ഒക്കെ സഹിക്കണംനിനക്ക് പറ്റുവോ ഇവരോടൊക്കെ എതിരിട്ട് നിക്കാൻനമ്മൾ സാധാരണക്കാര്. ഒടുക്കം നമ്മൾ തൂങ്ങുംആരുണ്ട് നിന്റെ കൂടെ കോടതി കയറിയിറങ്ങാൻഅമ്മേ തല്ലിയാലും രണ്ടുണ്ട് പക്ഷം. ഇപ്പോൾ ഉള്ളത് നോക്കണ്ട . ഒരു പ്രശ്നം വന്നാൽ ആരും ഉണ്ടാകില്ല

വാദിയെ പ്രതിയാക്കുന്ന കാലാ. മിണ്ടാതിരിക്ക് നമുക്ക് നമ്മുടെ സമാധാനമല്ലേ വലുത്. വിട്ടുകളയ്”
വേറെയാർക്കും ഇങ്ങനെ പ്രശ്നം ഇല്ലല്ലോ. നിനക്ക് മാത്രം എന്താ ഇത്ര പ്രത്യേകത”അല്ലേലും നീയൊരു പ്രശ്നക്കാരിയാ പഠിക്കാൻ പോയാൽ പഠിച്ചിട്ട് വാ. ലോകം നന്നാക്കണ്ട അവർക്കൊക്കെ ഭയങ്കര പിടിപാട് കാണും ഇതുപോലെ തങ്ങൾക്ക് നേരിടുന്ന ഓരോ അതിക്രമങ്ങളിലും നിശബ്ദരാവാൻ സ്ത്രീകളെ കണ്ടീഷൻ ചെയ്യിക്കുന്ന എത്ര വാമൊഴികളാണ് നാട്ടിലും കുടുംബത്തിലും കൂട്ടുകാർക്കിടയിൽ പോലും കാലങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്നത്. അവരുടെ പേടിയും വ്യാകുലതയും ഓവർ തിങ്കിങ്ങും ഒക്കെ വാലിഡ് ആണ് പലപ്പോഴും. അവരെ അങ്ങനെ ചിന്തിപ്പിക്കാൻ പോന്ന ഒരുപാട് ഘടകങ്ങൾ കണ്ടാണ് അവർ വളർന്നത്. നിരന്തരം ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമിക്കപ്പെടുന്ന സ്ത്രീ, പ്രതികരിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ അവർ നേരിടുന്ന ക്രൂരമായ ഹരാസ്സ്മെന്റുകൾ, കൂടെ നിന്നവർ കയ്യൂക്കുള്ള ഭാഗത്തേക്ക് ചേർന്നു നിൽക്കുന്ന ചേരിതിരിയലുകൾ, പവർ പൊളിറ്റിക്സുകൾ, ഒറ്റപ്പെടൽ, പഴി കേൾക്കൽ, ഒടുവിൽ ഇരക്ക് മാത്രം നഷ്ടപ്പെടുന്ന നീതി.സന്തോഷങ്ങൾ. അവർക്ക് മാത്രം ഇല്ലാതാകുന്ന ഭാവി.

ഇത്രയേറെ കണ്ടീഷനിങ്ങുകളെ അതിജീവിച്ച് , അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതു കൊണ്ട് മാത്രം നേരിടാൻ തയ്യാറാവേണ്ട സൈബർ ബുള്ളിയിങ്, വെർബൽ റെയിപ്പ് , മീഡിയ വിചാരണകൾ എല്ലാത്തിനെയും അതിജീവിക്കാൻ തയ്യാറായി, താൻ അനുഭവിച്ച സെക്ഷ്വൽ അസോൾട്ടിനെ സമൂഹത്തിന് മുന്നിൽ തുറന്നു പറയാൻ ധൈര്യപ്പെടുന്ന ഓരോ പെൺകുട്ടിയും ഈ ലോകത്തിലെ മുഴുവൻ പെൺകുട്ടികൾക്കും വേണ്ടിയാണ് നിവർന്നു നിൽക്കുന്നത്. അവരോടുള്ളത്രയും നന്ദിയും ബഹുമാനവും എനിക്ക് മറ്റാരോടുമില്ല. ഒരു സ്ത്രീ അവൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാവുമ്പോൾ അവളോടൊപ്പം നിരുപാധികം നിൽക്കുന്ന ഓരോ മനുഷ്യരും ചരിത്രത്തെക്കൂടി നവീകരിക്കുന്നുണ്ട്.ഈ തലമുറയിൽ എനിക്ക് വിശ്വാസമുണ്ട്. അഭിമാനവും.

ദേവിക