തുടർച്ചയായി നാലാമത്തെ തവണയും ഭർത്താവ് ഭാര്യയെ വിളിച്ചപ്പോൾ ഫോൺ ബിസ്സി.വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണമോ എന്നറിയാൻ വിളിച്ചതാണ് അയാൾ.
ഒന്നുകൂടി വിളിച്ചപ്പോൾ ഭാര്യ ഫോൺ എടുത്തു.നീ നിന്റെ കാമുകനോടാണോ ഫോൺ ചെയ്യുന്നത്?കുറേ നേരമായല്ലോ സംസാരം.ചിരിച്ചു കൊണ്ടു അയാൾ ചോദിച്ചപ്പോൾ ഞെട്ടി പോയത് ഞാൻ ആണ്.കാരണം അയാൾ അത്യാവശ്യം നല്ലത് പോലെ മദ്യപിച്ചിട്ടുമുണ്ടായിരുന്നു.സ്വാഭാവികമായും ദേഷ്യപ്പെടാൻ ഉള്ള സാധ്യത ആണ് ഞാൻ മനസ്സിൽ കണ്ടത്.അപ്പുറത്ത് നിന്നു കേട്ട മറുപടി കേട്ട് അയാൾ കുടുകുടെ ചിരിച്ചു.അവൾ ആണോ എന്നാ ഞാൻ തിരിച്ചു വിളിച്ചോളാം.എന്നു പറഞ്ഞു വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്താണ് വേണ്ടത് എന്നു ചോദിച്ചു അറിയുന്നുണ്ടായിരുന്നു.എനിക്ക് ലേശം അസൂയ തോന്നാതിരുന്നില്ല.ജീവിതം എന്തിനാണ് ഇത്ര ഗൗരവത്തോടെ കാണുന്നത്?ഇതുപോലെ അൽപ്പം ലാ ഘവത്തോടെ ജീവിതത്തെ കാണുകയാണെങ്കിൽ ജീവിതം എത്ര മനോഹരം ആയിരിക്കും.
ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരുമ്പോൾ അസഭ്യവർഷം ചൊരിയുന്ന ഒട്ടേറെ ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്.അതിന്റെ പേരിൽ കുടുംബകലഹം ഉണ്ടാകാറുമുണ്ട്.ഒരാളെ ഫോണിൽ വിളിക്കുമ്പോൾ എൻഗേജ് ആണെങ്കിൽ കുറച്ചു സമയം കാത്തു നിന്നതിനു ശേഷം വേണം വീണ്ടും വിളിക്കാൻ.അതു ഭാര്യ ആയാലും ഭർത്താവ് ആയാലും.തന്റെ ഭർത്താവ് തന്നെ മനസ്സിലാക്കുന്ന ഒരാൾ ആണെന്ന് പൂർണ്ണ ബോധ്യം ഉള്ളത് കൊണ്ടാണ് അയാളുടെ ഭാര്യ സംസാരം മുഴുപ്പിച്ചതിനു ശേഷം മാത്രം ഫോൺ കട്ടു ചെയ്തത്.അയാളുടെ സ്ഥാനത്തു വേറെ ഏതെങ്കിലും പുരുഷൻ ആണ് ഭാര്യയെ വിളിക്കുന്നതെങ്കിൽ അവൾ അത് കട്ടു ചെയ്തു ഭർത്താവിനെ തിരിച്ചു വിളിക്കും അതു സ്നേഹം കൊണ്ടല്ല ഭയം കൊണ്ട്.കുടുംബ ജീവിതത്തിൽ ഭയത്തിന് സ്ഥാനം ഉണ്ടാകരുത്?പുരുഷന്റേത് പോലെ സ്ത്രീകൾക്കും ബന്ധു മിത്രാധികളും സുഹൃത്തുക്കളും ഉണ്ട് മനസ്സിലാക്കണം.അവൾക്കും അവളുടെ തൊഴിലുമായി ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങൾ പങ്കു വെക്കാനുണ്ടാകും.
ഭർത്താവിന്റെ ഫോൺ വരുമ്പോളേക്കും സംസാരം മുഴുവൻ പൂർത്തിയാക്കാതെ ഫോൺ വെക്കേണ്ട അവസ്ഥ ഉണ്ടാകരുത്?ഭർത്താവ് അൽപ്പം ക്ഷമ കാണിച്ചാൽ തന്നെ കുടുംബം സ്വർഗമാണ്.പക്ഷേ പല പുരുഷന്മാരും അക്ഷമരാണ്.രാവിലെ ഉണരുമ്പോൾ കട്ടൻചായ കൈകളിൽ ലഭിക്കാതെ വരുമ്പോൾ മുതൽ അവൻ തന്റെ കോപം പ്രകടിപ്പിച്ചു തുടങ്ങുന്നു.ഉടുക്കാൻ ഉള്ള വസ്ത്രം തദാസ്ഥാനത്തു കണ്ടില്ലെങ്കിൽ,ഭക്ഷണം ഊണുമേശയിൽ എത്തിയിട്ടില്ലെങ്കിൽ,കറിക്ക് രുചി പോരെങ്കിൽ എല്ലാം അവൻ കോപം കൊണ്ടു തിളക്കുന്നു.അവനെ പോലെ അവളും ജോലി ചെയ്തു കുടുംബത്തിന്റെ സന്തുലനാവസ്ഥ നില നിറുത്തുന്നവൾ ആണ് എന്നു അവൻ മറന്നു പോകുന്നു.സ്ത്രീ പുരുഷന്റെ ആവശ്യങ്ങൾ മുഴുവൻ നടത്തി ക്കൊടുക്കുവാൻ ബാധ്യത ഉള്ളവൾ ആണെന്ന് പുരുഷൻ വിചാരിക്കുമ്പോൾ ആണ് അവനിൽ ഈ ആശ്രയ ബോധം ഉടലെടുക്കുന്നത്.ജീവിതം മുമ്പോട്ട് കൊണ്ടു പോകുവാൻ രണ്ടു പേർക്കും തുല്യ പങ്കുണ്ടെന്ന് മനസ്സിലാക്കുന്ന കുടുംബങ്ങൾ മാത്രമേ വിജയം കൈവരിക്കാറുള്ളൂ.
അതു മനസ്സിലാക്കാതെ ജോലി ചെയ്തു കുടുംബത്തിലേക്ക് വീട്ടുസാധനങ്ങൾ എത്തിച്ചാൽ തന്റെ കടമകൾ പൂർത്തിയായി എന്നു മിക്കവാറും പുരുഷന്മാരും കരുതുന്നു.കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഇഷ്ടത്തിന് അനുസരിച്ചു വ്യത്യസ്ത കറികൾ ഉണ്ടാക്കി കുഞ്ഞുങ്ങളെ പരിപാലിച്ചു അവന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടത് എല്ലാം അവളുടെ ഉത്തരവാദിത്തം ആണ് എന്ന് പുരുഷൻ വിശ്വസിക്കുന്നു.താൻ വിവാഹം കഴിച്ചത് തന്നെ അതിനാണ് എന്നു അവൻ ചിന്തിക്കുന്നു.ഇന്നു വിവാഹമോചനത്തിന്റെ എണ്ണം കൂടുന്നതും സ്ത്രീകൾ പലരും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കുന്നതിന്റെയും പ്രധാന കാരണം പുരുഷന്റെ ഇത്തരം കാഴ്ചപ്പാടുകൾ മാറാത്തത് കൊണ്ടാണ്.സ്ത്രീയെ ഏതു പുരുഷൻ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടോ ആ കുടുംബങ്ങൾ എല്ലാം സ്വർഗമാണ്.
എഴുതിയത് : കൃഷ്ണദാസ്