പത്തിലെ റിസൾട്ട്‌ വന്നപ്പോ അവനു ഫസ്റ്റ് ക്ലാസ് ഞാൻ ജസ്റ്റ്പാസ് പക്ഷെ അവന്റെ വിജയത്തിൽ ഏറ്റവും സന്തോഷിച്ച എന്നോട് റിസൾട്ട് അറിഞ്ഞ ശേഷം അവൻ പറഞ്ഞത് കണ്ണ് നിറച്ചു

EDITOR

പത്താംക്ലാസ്സ്‌ കഴിഞ്ഞു റിസൾട്ട്‌ വരുന്ന ദിവസം നോക്കാൻ നീ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ.അതൊക്കെ എന്തിനാടാ നോക്കുന്നെ എന്ന് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ. ഞാൻ മറുത്തൊന്നും പറഞ്ഞില്ല.റിസൾട്ട്‌ നോക്കിയപ്പോൾ അവൻ ഫസ്റ്റ് ക്ലാസോടുകൂടി ജയിച്ചിട്ടുണ്ടാർന്നു. ഞാൻ കഷ്ടിച്ചു കടന്നുകൂടിയിട്ടും ഉണ്ടായിരുന്നു.എന്നാലും ജയിച്ചുലോ. എന്ന സന്തോഷത്തിൽ സൈക്കിൾ എടുത്തു അവന്റെ അടുത്ത് ചെന്നു പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു.പക്ഷെ അവന്റെ അമ്മേടെ മുഖം വാടുന്നത് ഞാൻ കണ്ടു.എന്താടാ ഒന്ന് ചോദിച്ചപ്പോൾ.. ഒന്നൂല്യടാ. വൈകുനേരം കുളത്തില് കുളിക്കാൻ വരുമ്പോൾ പറയാന്നു പറഞ്ഞു.വൈകീട്ട് ചെല്ലുമ്പോൾ അവൻ നേരത്തെ എത്തിയിരുന്നു. ചെമ്പരത്തിയുടെ ഇല അലക്കുകലിൽ ഉരച്ചു താളി ഉണ്ടാക്കായിരുന്നു അവൻ.ടാ പഠിക്കാൻ പോവണ്ടേ നമുക്കു. ജയിച്ചിട്ടു നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തപോലെ. നീയല്ലേ പറയാനുള്ളത് ജയിച്ചാൽ ടൗണിൽ ഉള്ള സ്കൂളിൽ പോയി പഠിക്കാന്നു.
അച്ഛൻ പറയാ. ഇനി പഠിക്കാനൊന്നും വിടണ്ട. അച്ചന്റെ കൂട്ടുകാരൻ ഇല്ലേ ദിനേശേട്ടൻ ആൾടെകൂടെ വെൽഡിങ് പണിക്കു ഏർപ്പാടാക്കിയിട്ടുണ്ടെന്നു.

പണിയും പഠിക്കാം കുടുംബത്തിന് ഒരു വരുമാനവും ആകുമെന്ന്. അച്ഛന്റെ കമ്പനി സമരക്കാര് പൂട്ടിക്കാൻ പോവാണെന്നു. അപ്പോ ജോലി പോവില്ലേ.പുതിയൊരു ജോലി കണ്ടുപിടിച്ചു വരുന്നത് വരെയെങ്കിലും ജീവിക്കണ്ടേ.എന്നിട്ട് നീ സമ്മതിച്ചോ?
എപ്പോഴും ചിരിക്കാറുള്ള ആ ചിരി ചിരിച്ചു അവൻ കുളത്തിലേക്ക് മുങ്ങി.
അവൻ കുറെ നേരം കഴിഞ്ഞാണ് പൊന്തിയത്.അവൻ പിന്നെ അതിനെപറ്റിയൊന്നും സംസാരിച്ചില്ല.ഞാൻ ടൗണിലുള്ള സ്കൂളിലേക്ക് പോകുന്ന വഴിയാണ് അവന്റെ വർക്ക്‌ ഷോപ്പ്. ഞാൻ ബസിലിരുന്നു നോക്കുമ്പോൾ ചിലദിവസം. അവൻ പെയിന്റ് അടിക്കുകയാവും ചിലപ്പോൾ ചുറ്റിക വെച്ചു ഏതേലും കമ്പികഷ്ണങ്ങൾ അടിച്ചു നിവർത്തുകയാവും. ഒരു മുഷിഞ്ഞ പാന്റും വെൽഡിങ് ചൂട് കൊണ്ട് ഓട്ടയായ ഒരു ബനിയനും ഇട്ടിട്ടു.ബസ് നീങ്ങുമ്പോൾ അവൻ പതിയെ തല ചെരിച്ചു എന്നെ നോക്കും എന്നിട്ട് ഒന്ന് ചിരിക്കും ഒരിക്കൽ ക്ലാസ്സിലെ അലമ്പൻ സുനിൽ. അവന്റെ ഷർട്ടിൽ പേന വെച്ചു വരഞ്ഞപ്പോൾ നല്ല മുട്ടൻ അടിയായതാണ്. അത്രക്കും ശ്രദ്ദിച്ചു അഴുക്കു ആവാതെയാണ് അവൻ നടക്കാറ്. അതൊക്കെ ഓർക്കുമ്പോൾ എനിക്ക് സങ്കടം വരും എന്റെ കണ്ണു നിറയും.

പിന്നെ ഞാൻ അവന്റെ കടയുള്ള ഭാഗത്തു നില്കാതെയായി. അവനങ്ങിനെ കാണുമ്പോൾ എനിക്കെന്തോപോലെ തോന്നും വൈകീട്ട് കുളിക്കാൻ വരുമ്പോൾ എന്നാലും അവൻ ഹാപ്പിയായിരുന്നു. എല്ലാ വിശേഷങ്ങളും പറയും എന്നോട്. ആശാന് എന്നെ വല്യ കാര്യമാണ്.തെറ്റുപറ്റിയാൽ വഴക്കൊക്കെ പറയും എന്നാലും കുഴപ്പല്യടാ.
വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ ഞാനാ ഇപ്പോ വാങ്ങിക്കണേ എന്നൊക്കെ അഭിമാനത്തോടെ പറയുന്നത് കേൾക്കുമ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നും.ചുറ്റിക പിടിച്ചു തഴമ്പ് പൊട്ടുന്ന കൈ സോപ്പ്പിടുമ്പോൾ നീറ്റലുകൊണ്ട് പുകയുമ്പോഴും അവൻ ചിരിക്കാറേ ഉള്ളൂ.എന്നാലും എപ്പോഴും പറയും നീ നന്നായി പഠിച്ചോളോട്ടാ.ഒരുദിവസം അവൻ നല്ല ഹാപ്പിയായിട്ടു വന്നു പറഞ്ഞു. ടാ എനിക്ക് എനിക്ക് പുറത്തേക്കു പോവാൻ ചാൻസ് ഉണ്ടെന്നു. ടൗണിലെ ഒരു വീട്ടിൽ പണിക്കു പോയപ്പോൾ അവിടുത്തെ സർ. ശരിയാക്കിയതാടാ.പാസ്പോർട്ട്‌ എടുക്കണം നീ വരുവോ എന്റെ കൂടെ?അങ്ങിനെ പാസ്പോർട്ട്‌ വന്നു.എയർപോർട്ടിൽ വെച്ചു നെഞ്ചുപൊട്ടുമ്പോഴും. അവൻ ചിരിച്ചുകൊണ്ടാണ് യാത്ര പറഞ്ഞത്. പോയിട്ട് വേഗം വാരാടാ.

കടങ്ങളൊക്കെ തീർക്കണ്ടേ.എന്നിട്ടു വേണം നമുക്ക് ഒരു ട്രിപ്പ്‌ പോവാൻ.നീ വിളിക്കുമ്പോഴൊന്നും എനിക്കു വരാൻ പറ്റിയിട്ടില്ലടാ ഒരിടത്തേക്കും.ഞാൻ ഇല്ലാണ്ട് നീയും എങ്ങോട്ടും പോയിട്ടില്ലന്ന് അറിയാം. നിന്റെ ആഗ്രഹങ്ങള്കൂടി മാറ്റി വെച്ചിണ്ട് എന്നറിയാം.. എല്ലാം പോയി വന്നിട്ട്.ശ്രീകുട്ടാ അമ്മക്ക് എന്തേലും ആവശ്യമുണ്ടെങ്കിൽ ഒന്ന് നോക്കിക്കേണം ടാ.വാക്കുകൾ മുറിഞ്ഞുപോവുമ്പോഴും. ചിരിച്ചുകൊണ്ടാണ് എല്ലാം പറഞ്ഞത്.ഒറ്റപ്പെടൽ എന്നത് അവൻ പോയതിൽ പിന്നെയാണ് ഞാനും അറിഞ്ഞത്.കുളത്തിലേക്കൊന്നും പിന്നെ പോവാതെയായി. പഠിച്ചു കഴിഞ്ഞു കുറച്ചു ടെസ്റ്റൊക്കെ എഴുതി. ചിലതിലൊക്കെ ലിസ്റ്റിലുണ്ട്. ഒന്നും ശരിയായിട്ടൊന്നൂല്യ. ശരിയാകും എന്ന പ്രതീക്ഷയിൽ ഇരിക്കുന്നു.നാലു വർഷം പോയത് അറിഞ്ഞത്. അവൻ വരുന്നുണ്ടെന്നു പറഞ്ഞു വിളിച്ചപ്പോഴാണ്. മനസു സന്തോഷം കൊണ്ട് നിറഞ്ഞു.ആദ്യം കാർ വന്നു നിന്നതു എന്റെ വീടിന്റെ മുറ്റതാണ്. എന്നെയും കൂട്ടിയാണ് അവന്റെ വീട്ടിലേക്കു പോയത്.വീട്‌ പൊളിച്ചു പണിതതും. ശാന്തേടാതിയുടെ കയ്യിൽ പൊന്നിൻ തിളക്കം വന്നതും. അതിരു മതിലുകെട്ടി തിരിച്ചതും എല്ലാം കണ്ടപ്പോൾ അവന്റെ മനസും നിറഞ്ഞു.

അവനെയും കൂട്ടി പണ്ട് പറഞ്ഞു പറഞ്ഞു പലവട്ടം മുടങ്ങിപ്പോയ ട്രിപ്പിനു. പോവാൻ പുതിയ ബുള്ളറ്റ് ഒരെണ്ണം വാങ്ങിയിരുന്നു.രണ്ടുമാസത്തെ ലീവിന് പോവാൻ പറ്റുന്നിടത്തൊക്കെ ഞങ്ങൾ അതില് കറങ്ങി.കുന്നിൽ മുകളിൽ ഇരുന്നു അസ്തമയ സൂര്യനെനോക്കി ഓരോ തണുത്ത ബീയർ അടിക്കുമ്പോൾ അവൻ എന്നോട് ചോദിച്ചു.
എല്ലാവരും എന്താ എനിക്ക് കൊണ്ടുവന്നേ. എന്ന ദൃതിയിൽ പെട്ടിപ്പൊട്ടിക്കുമ്പോൾ നീ മാത്രം എന്നോടൊന്നും ചോദിച്ചില്ലല്ലോ.. കണ്ണനും സച്ചുവും എല്ലാവരും ചോദിച്ചു.. നീ മാത്രം എന്താടാ അങ്ങിനെ ചോദിക്കാഞ്ഞേ?എനിക്ക് നിന്നെ ഒന്ന് കണ്ടാൽ മതിയാരുന്നുടാ.കൊല്ലം നാലായി.. ഒരാളോട് ഒന്ന് മനസുതുറന്നു സംസാരിച്ചിട്ട്. ഇത്രേം സന്തോഷിച്ചിട്ട്.എന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ചേർത്തുപിടിച്ചു.
വെയിലത്തിരുന്നു നരുന്ത്പോലത്തെ ചെക്കൻ ചുറ്റികവെച്ചു കമ്പി വളവു തീർക്കുന്നത് കാണാതിരിക്കാൻ ബസിന്റെ അപ്പുറത്തെ സൈഡിലേക്ക് ഇരുപ്പു മാറ്റിയവനോളം. എന്നെ ആരും മനസിലാക്കിയിട്ടില്ല. കണ്ടിട്ടില്ല.ഞാൻ നന്നായാൽ നിന്നെപ്പോലെ സന്തോഷിക്കുന്ന ഒരാളും ഈ ലോകത്തു ഉണ്ടാവില്ലാന്നും എനിക്കറിയാം.സത്യത്തിൽ ഞാൻ അതിനു വേണ്ടിയാടാ നന്നായതു.എന്ന് പറഞ്ഞു ചിരിക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും. അടക്കിപിടിച്ചതൊക്കെ പെയ്തുതോരുന്നുണ്ടായിരുന്നു.പറയാതെ അറിയുന്നവരെയല്ലേ സുഹൃത്ത് എന്ന് വിളിക്കുക.? അല്ലേ?
സ്നേഹപൂർവ്വം
ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ