നഗരത്തിലെ ഒരു ഫർണീച്ചർ വിൽപ്പനശാലയിൽ കയറ്റിറക്കു തൊഴിലാളിയായിരുന്നു ആ ചെറുപ്പക്കാരൻ. 25 വയസ്സുമാത്രം പ്രായം.അന്ന് നല്ല മഴയുണ്ടായിരുന്നു.രാത്രി 10 മണിയായിക്കാണും. ഒല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് ആരോ വിളിച്ചു പറഞ്ഞതാണ്.
സർ, അടിയന്തിരമായി എത്തണം. ദേശീയ പാതയിൽ നടത്തറ ഭാഗത്ത് ഒരാൾ വണ്ടിയിടിച്ചു കിടക്കുന്നു.അൽപ്പം പോലും സമയം കളയാതെ, ഒല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ അവിടേക്കു കുതിച്ചു.നാലഞ്ചുപേർ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു.പോലീസ് വാഹനം എത്തിയപ്പോൾ ആളുകൾ നീങ്ങി നിന്നു.നടുക്കമുണ്ടാക്കുന്നതായിരുന്നു ആ കാഴ്ച.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അയാളുടെ തലക്കു മുകളിലൂടെ ഏതോ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി, തല-ച്ചോറ് തകർന്നു, തത്സമയം തന്നെ മരണം സംഭവിച്ചിരിക്കുന്നു. അയാൾ ധരിച്ചിരുന്ന ഹെൽമറ്റ് അങ്ങ് ദൂരെ കിടക്കുന്നുണ്ട്. അയാളുടെ ബൈക്ക്, മൃതദേഹത്തിന് സമീപത്തായി വീണു കിടക്കുന്നുണ്ടായിരുന്നു.പോലീസുദ്യോഗസ്ഥർ ഉടൻ തന്നെ, ആംബുലൻസ് വിളിച്ചുവരുത്തി, മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ര- ക്തം തളം കെട്ടിക്കിടന്നിരുന്ന റോഡും പരിസരവും വെള്ളമൊഴിച്ച് വൃത്തിയാക്കി.
അവിടെകൂടി നിന്നിരുന്ന ആരും തന്നെ അപകടത്തിന് ദൃക്സാക്ഷികളായിരുന്നില്ല. റോഡിലൂടെ യാത്രചെയ്യുമ്പോൾ വാഹനമിടിച്ച് അയാൾ മരിച്ചു കിടക്കുന്നതുമാത്രമാണ് അവർ കണ്ടിട്ടുള്ളത്.ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.ആരാണ് അപകടത്തിന് ഉത്തരവാദികൾ ?ഏതു വാഹനമാണ് ഇയാളുടെ മരണത്തിന് കാരണമായത് ?അപകടത്തിന് ദൃക്സാക്ഷികളില്ലാത്തതും, അപകടം വരുത്തിയ വാഹനം കണ്ടെത്താതിരുന്നതും അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. അപകടമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താത്തതിനാൽ അപകടമരണ ഇൻഷുറൻസ് പോലും ലഭിക്കുകയില്ല.ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നിജേക്കബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപം കൊണ്ടു. സബ് ഇൻസ്പെക്ടർ ബി. ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഭീഷ് ആന്റണി, കെ. അരുൺ എന്നിവരായിരുന്നു അംഗങ്ങൾ.അപകടമുണ്ടാക്കിയ വിവരം ആദ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചയാളെ കണ്ടെത്തുകയായിരുന്നു ആദ്യ നടപടി. അയാളെ കണ്ടെത്തി, വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതല്ലാതെ, അയാൾക്ക് അപകടത്തെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല.
അന്വേഷണോദ്യോഗസ്ഥർ പിൻമാറിയില്ല.പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ച സമയവും, അവിടേക്ക് പോലീസ് ഉദ്യോഗസ്ഥർ എത്തിയ സമയവും, മൃതദേഹം പോസ്റ്റ്മാർട്ടം നടത്തി ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ച്, അയാൾ മരണപ്പെട്ട ഏകദേശ സമയം കണക്കാക്കി. അതായത്, പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് രാത്രി 10.30 ആയതിനാൽ രാത്രി, 9.30 നും, 11നും ഇടയിൽ പ്രസ്തുത ഭാഗത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. അതിനായി അവർ, റോഡരികിലെ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനാരംഭിച്ചു.കേരളത്തിലെ ഏറ്റവും കൂടുതൽ തിരക്കുള്ളതും വാഹനങ്ങൾ സഞ്ചരിക്കുന്നതുമായ ദേശീയപാതയാണിത്. ഒരു മണിക്കൂറിനുള്ളിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഇതിൽ നിന്നും എങ്ങിനെയാണ് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുക ?ക്യാമറദൃശ്യങ്ങളിൽ പതിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ ഒരോന്നായി ശേഖരിച്ചു. ആർടിഓ ഓഫീസിൽ നിന്നും അതിന്റെ ഉടമസ്ഥരുടെ വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ചു. ആയിരത്തിലേറെ വാഹന ഉടമകളെ ഫോൺ വിളിച്ച് വിവരങ്ങൾ തിരക്കി. പലർക്കും അപകടത്തെക്കുറിച്ച് അറിയുമായിരുന്നില്ല, ചിലർ അവിടെ ആളുകൾ കൂടി നിൽക്കുന്നത് കണ്ടതായി പറഞ്ഞു, മറ്റു ചിലർ യാതൊന്നും പ്രതികരിച്ചില്ല.
പക്ഷേ, അങ്ങിനെയൊന്നും വിട്ടുകൊടുക്കാൻ പോലീസുദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. കുറ്റക്കാരനെ കണ്ടെത്തുക തന്നെ വേണം. മരിച്ചവനുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായെന്നുവരില്ല. കുറ്റകൃത്യത്തിനു ഇരയായവന്റെ പക്ഷത്തുനിന്ന് കുറ്റക്കാരെ കണ്ടെത്തുകയാണ് ഒരോ പോലീസുദ്യോഗസ്ഥന്റേയും മുഖ്യ ചുമതല.ഒരു വാഹനഉടമയെ ടെലഫോണിൽ വിളിച്ചപ്പോഴാണ് അന്വേഷണത്തിൽ ഴിത്തിരിവുണ്ടായത്. അയാൾ ഓടിച്ചിരുന്ന കാർ, ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ, മുന്നിൽ ഇടതുവശം ചേർന്ന് പോയിരുന്ന ഒരു ലോറി, പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിക്കുകയുണ്ടായി എന്നാണ് അയാൾ പറഞ്ഞത്. ആ ലോറിയുടെ ഏകദേശ രൂപവും അയാൾ പറഞ്ഞു നൽകുകയുണ്ടായി.അയാൾ അതുവഴി സഞ്ചരിച്ച സമയവും, ദിശയും പോലീസുദ്യോഗസ്ഥർ മനസ്സിലാക്കി. തുടർന്ന് ടോൾ പ്ലാസയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. ശ്രമകരമായ അന്വേഷണങ്ങൾക്കും, നിരീക്ഷണത്തിനുമൊടുവിൽ സംശയാസ്പദമായ ആ ലോറിയുടെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചു. രേഖകളിൽ നിന്നും ഉടമയുടെ ഫോൺ നമ്പർ ശേഖരിച്ച് അയാളെ വിളിച്ചു.
അയാളുടെ ഉടമസ്ഥതയിലുള്ള ലോറി, ബാംഗ്ലൂരിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ കയറ്റി, എറണാകുളം ഭാഗത്തേക്ക് പോയിരുന്നതായി പറയുകയുണ്ടായി. അയാളിൽ നിന്നും ലോറി ഡ്രൈവറുടെ മൊബൈൽ നമ്പർ ശേഖരിച്ചു. എന്നിട്ട്, പോലീസ് സ്റ്റേഷനിൽ നിന്നും ഡ്രൈവറെ വിളിച്ചു. അയാൾ വാഹനമോടിച്ച് എറണാകുളത്ത് എത്തിയിരുന്നു. അപകടത്തെക്കുറിച്ച് യാതൊന്നുമറിയില്ലെന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. എറണാകുളത്തുനിന്നും മറ്റൊരു ലോഡ് കയറ്റി, അയാൾ ഇതുവഴി വരുന്നുണ്ടെന്നും പറയുകയുണ്ടായി.പോലീസുദ്യോഗസ്ഥർ റോഡരികിൽ കാത്തു നിന്നു. ലോറി തടഞ്ഞു നിർത്തി,ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തു. ആദ്യമൊക്കെ അയാൾ കുറ്റം നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ അയാൾ ഉണ്ടായതെല്ലാം പറഞ്ഞു. രാത്രിയായതിനാൽ ശരിയായി കാണാൻ കഴിഞ്ഞില്ലെന്നും, ബൈക്ക് യാത്രികനെ ഇടിച്ചുവെന്നും, തൽക്ഷണം അയാൾ മരിച്ചതിനാൽ ലോറി നിർത്താതെ ഓടിച്ചുപോയി എന്നും അയാൾ തുറന്നു പറഞ്ഞു. അയാളെ അറസ്റ്റുചെയ്ത്, ലോറി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പക്ഷേ, ഇതുകൊണ്ടും അന്വേഷണം അവസാനിച്ചിരുന്നില്ല. ദൃക്സാക്ഷികളില്ലാത്ത ഈ കേസിൽ എങ്ങിനെ തെളിവുകൾ കൊണ്ടുവരും ? ക്യാമറ ദൃശ്യങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കോടതിയിൽ വിചാരണ നേരിടുമ്പോൾ ഇത്തരം ചോദ്യങ്ങളൊക്കെ ഉയർന്നേക്കാം. അവിടെയാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രസക്തി.അന്വേഷണോദ്യോഗസ്ഥർ പോലീസ് ഡിപ്പാർട്ട്മെന്റ് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സഹായം തേടി. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ലോറി, അവർ വിശദമായി പരിശോധിച്ചു. ലോറിയുടെ അടിവശത്ത് സൂക്ഷിച്ചിരുന്ന സ്റ്റെപ്പിനി ടയറിൽ നിന്നും ലോറിയുടെ മറ്റ് ഭാഗങ്ങളിലും പറ്റിപ്പിടിച്ചിരുന്ന നിലയിൽ ലോറിയിടിച്ച് മരണപ്പെട്ടയാളുടെ രക്തവും, ശരീര ഭാഗങ്ങളും ലഭിക്കുകയുണ്ടായി. അങ്ങിനെ, മരണപ്പെട്ടയാളെ ഇതേ ലോറി തന്നെയാണ് ഇടിച്ചത് എന്ന് ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിഞ്ഞിരിക്കുകയാണ്.തമിഴ്നാട് സേലം സ്വദേശി ശേഖർ (45) ആണ് പ്രതി.കേസന്വേഷണ സംഘാംഗങ്ങളായ ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബ്, സബ് ഇൻസ്പെക്ടർമാരായ ബിബിൻ ബി. നായർ, ഫിയാസ്, അനിൽകുമാർ, അക്ബർ എന്നിവർക്കും കേസന്വേഷണത്തിനും പ്രതിയെ കണ്ടെത്തുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ സിവിൽ പോലീസ് ഓഫീസർമാരായ എം. അഭീഷ് ആന്റണി, കെ. അരുൺ എന്നിവർക്കും തൃശൂർ സിറ്റി പോലീസിന്റെ പ്രത്യേക അഭിനന്ദനങ്ങൾ.പോലീസ് സ്റ്റേഷനിലേക്ക് അപകടവിവരം വിളിച്ചറിയിച്ച് പൌരധർമ്മം നിർവ്വഹിച്ച വ്യക്തിക്കും തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനമറിയിക്കുന്നു.