മകളെ സ്‌കൂളിൽ വിട്ടില്ല എന്ന കാരണം പറഞ്ഞു എന്റെ പേരിൽ ഒരു ക്രിമിനൽ കുറ്റവും എൺപതിനായിരം രൂപ ഫൈനും കിട്ടി ഇവിടെ ഇങ്ങനെ ആണ് കുറിപ്പ്

EDITOR

ജർമ്മനിയിൽ കാലുകുത്തി ഒന്നര മാസം തികഞ്ഞില്ല, അതിന് മുമ്പ് വന്നിരിക്കുന്നു 1000 യൂറോയുടെ (80000 രൂപ) ഫൈൻ ഇണ്ടാസ്! പ്രതിയായ എന്നിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ക്രിമിനൽ കുറ്റം “മകളെ സ്‌കൂളിൽ വിട്ടില്ല” എന്നതാണ്.ജർമ്മനിയിൽ Bavaria സ്റ്റേറ്റിലെ നിയമം അനുസരിച്ച് 6 മുതൽ 16 വയസ് വരെയുള്ള കുട്ടികളെ നിർബന്ധമായും സ്‌കൂളിൽ അയച്ചിരിക്കണം.(മെഡിക്കൽ/ഹെൽത്ത് റീസൺസ് ഒഴികെ).ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വിദേശികളായ പലരും ചെയ്യുന്ന ഒരു പരിപാടിയാണ് early vacation. സാധാരണ സ്‌കൂൾ അടക്കുന്ന സമയത്തും സ്‌കൂൾ തുറക്കുന്ന സമയത്തും അവരവരുടെ നാട്ടിലേക്ക് ഫ്ലൈറ്റ് ടിക്കറ്റിന് റേറ്റ് വളരെ ഉയർന്നതായിരിക്കും. ആ high rate സ്കിപ് ചെയ്യാൻ വേണ്ടി സ്‌കൂൾ അടക്കുന്നതിന് ഒന്നോ ഒന്നരയോ, ചിലപ്പോൾ രണ്ടോ ആഴ്ച്ച മുൻപ് സ്‌കൂളിൽ നിന്നും സ്കിപ് ചെയ്യുന്നു. സ്‌കൂൾ തുറന്നിട്ട് ഒരാഴ്ചക്ക് ശേഷം തിരികെ വരുന്നു, അപ്പോൾ താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.യൂറോപ്പിൽ നിന്ന് നാലോ അഞ്ചോ പേരുള്ള ഒരു കുടുംബം നാട്ടിലേക്ക് ഒക്കെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുമ്പോൾ നാലും അഞ്ചും ലക്ഷങ്ങൾ ഒക്കെ കടക്കുമെന്നത് കൊണ്ട് അവരെ കുറ്റം പറയാനും പറ്റില്ല, അതുകൊണ്ട് തന്നെ നല്ലവരായ മിക്ക ടീച്ചേഴ്സും അനുഭാവപൂർവ്വം ഈ early vacation നു സപ്പോർട്ട് ആണ്.(ഞാനും ഈ പരിപാടി ചെയ്യാറുണ്ട്).

ജർമ്മൻകാരി ചേച്ചി അയച്ച ഈ ഇണ്ടാസ് കണ്ടപ്പോൾ ഒരു രസമൊക്കെ തോന്നി ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്തപ്പോൾ അതിനേക്കാൾ രസം. നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ജർമ്മൻ പോലീസ് മ്യൂണിക് എയർപോർട്ടിൽ വെക്കേഷൻ തുടങ്ങുന്നതിനു മുൻപുള്ള ആഴ്ച്ചകളിൽ കുട്ടികളുമായി വരുന്ന ഫാമിലികളെ ചെക് ചെയ്തു, പഠിക്കുന്ന സ്‌കൂളിൽ ഫോൺ ചെയ്‌തു തിരക്കി സ്‌കൂൾ ഫങ്ഷനിങ് ആണെന്ന് തീർച്ചപ്പെടുത്തി മാതാപിതാക്കൾക്ക് 1000 യൂറോ വീതം ഫൈൻ ചുമത്തി. (ഒരു കുട്ടിയുടെ id കാർഡ് വച്ച് ആ കുട്ടി ഏതു സ്‌കൂളിലാണ് പഠിക്കുന്നതെന്നു കണ്ടുപിടിക്കാൻ അവർക്ക് സാധിക്കും) നിയമം അനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാലോ, അടുത്ത ബന്ധുക്കൾ മരിച്ച കാരണത്താലോ അല്ലാതെ 5 ദിവസം അടുപ്പിച്ചു കുട്ടി സ്‌കൂളിൽ പോയില്ല എങ്കിൽ മാതാപിതാക്കൾക്ക് 1000 യൂറോ പിഴ ചുമത്തും, ചില ജർമ്മൻ സ്റ്റേറ്റുകളിൽ ഇത് 1250 യൂറോയും ആണ്.
എന്റെ കടലാസിന് അപ്പീൽ തീയതി നിശ്ചയിച്ചിട്ടുണ്ട്.

അതിനുള്ളിൽ തൃപ്തികരമായ വിശദീകരണം കൊടുത്തില്ല എങ്കിൽ എനിക്കെതിരെ അവർ തുടർനടപടികൾ സ്വീകരിക്കും. ഫാമിലി ഇപ്പോഴും ഇറ്റലിയിൽ തന്നെ ആണെന്നും, കുട്ടി ഇറ്റലിയിലെ സ്‌കൂളിൽ റെഗുലർ ആയി പോകുന്നുണ്ട് എന്നും, ക്രിസ്മസ് വെക്കേഷന് ശേഷം അവർ ഇങ്ങോട്ടേക്ക് വരുമ്പോൾ കുട്ടിയെ ഇവിടുത്തെ സ്‌കൂളിൽ ചേർത്തു പഠിപ്പിക്കും എന്നും, ജർമ്മനിയിൽ നിന്ന് കുട്ടിക്ക് വേണ്ടി സാമ്പത്തിക / സാമൂഹിക സഹായങ്ങൾ ഒന്നും തന്നെ നിലവിൽ സ്വീകരിക്കുന്നില്ല എന്നുമാണ് ഞാൻ മറുപടി കൊടുക്കാൻ പോകുന്നത്.NB: അപ്പോൾ തോന്നും ഈ ഫൈൻ അടിച്ചെടുക്കാൻ വേണ്ടിയായിരിക്കും അവർ അങ്ങനെ ചെയ്യുന്നതെന്ന്. ഒരിക്കലും അങ്ങനെ തോന്നുന്നില്ല, ജർമ്മൻ പോലീസ് ജോലി കാര്യത്തിൽ പെർഫെക്റ്റും ഒരിഞ്ചു വിട്ടുവീഴ്‌ച ഇല്ലാത്തവരുമാണ്. കുറച്ച് ആളുകളിൽ നിന്നും പിരിച്ചെടുക്കുന്ന 1000 യൂറോ എന്നത് ജർമ്മൻ പോലീസിനെ സംബന്ധിച്ചിടത്തോളം വെറും ചായക്കാശ് പോലുമല്ല.
PS: അപ്പീലിൽ എന്റെ വിശദീകരണം അംഗീകരിച്ചുകൊണ്ട്, എനിക്കെതിരായ നടപടികൾ അവർ താൽക്കാലികമായി വേണ്ടെന്ന് വച്ചു.
എഴുതിയത് : ടിനു എൻ സിമി