ഒരിക്കൽ ഒരു കുട്ടിക്ക് ദൈവത്തെ കാണണമെന്ന് വലിയ ആഗ്രഹം ദൈവം വസിക്കുന്നത് വളരെ ദൂരെ ആയതിനാൽ വസ്ത്രങ്ങളും ഭക്ഷണവും പായ്ക്ക് ചെയ്ത അവൻ ദൈവം വസിക്കുന്നിടത്തേക്ക് യാത്രയായി

EDITOR

ഒരിക്കൽ ഒരു കുട്ടിക്ക് ദൈവത്തെ കാണണമെന്ന് വലിയ ആഗ്രഹം. ദൈവം വസിക്കുന്നത് വളരെ ദൂരെ ആയതിനാൽ ഏതാനും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും കുറച്ച് ജ്യൂസും പായ്ക്ക് ചെയ്ത് ഒരു ദിവസം അവൻ ദൈവം വസിക്കുന്നിടത്തേക്ക് യാത്രയായി. അവൻ ഒരു പാർക്കിന് സമീപേ കൂടെ നടക്കുമ്പോൾ ആ പാർക്കിൽ ഒരു വൃദ്ധ ഇരിക്കുന്നത് കണ്ടു. ആ വൃദ്ധ അവനെ ആകർഷിച്ചു, അവൻ അവരുടെ അടുത്തേക്ക് ചെന്നു. ആ വൃദ്ധ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവനും പുഞ്ചിരിച്ചു. അവൻ തന്റെ ഭക്ഷണപ്പൊതിയിൽ നിന്ന് ഒരു ബ്രെഡും ഒരു ജ്യൂസും വൃദ്ധയ്ക്ക് നൽകി. അവർ വീണ്ടും പുഞ്ചിരിച്ചു. വളരെ ഹൃദ്യമായ ആ പുഞ്ചിരി. അത് അവന് വളരെ സന്തോഷമായി. അന്ന് മുഴുവൻ വൃദ്ധയുടെ സമീപം അവൻ ചിലവഴിച്ചു. തന്റെ ഭക്ഷണവും ജ്യൂസും വൃദ്ധയുമായി പങ്കുവെച്ചു. അവരൊന്നും സംസാരിച്ചില്ല. എന്നാൽ ഹൃദയത്തിൽ അറിയാത്ത ഒരാഹ്ലാദം.

സന്ധ്യയായപ്പോൾ അവൻ ഭവനത്തിലേക്ക് മടങ്ങി. അവന്റെ അമ്മ അവൻ എവിടെയായിരുന്നു എന്നൊക്കെയും അന്വേഷിച്ചു. അവൻ പറഞ്ഞു: “ഞാൻ ദൈവത്തെ കണ്ടു, ആ ദൈവത്തിന്റെ പുഞ്ചിരി എനിക്ക് മറക്കുവാൻ കഴിയുന്നില്ല”. വൃദ്ധയ്ക്കും അതേ അനുഭവം ആയിരുന്നു. അവർ ഭവനത്തിൽ ചെന്ന് മകനോട് പറഞ്ഞു, “ഇന്ന് ദൈവം എന്റെ അരികിൽ പ്രത്യക്ഷനായി, പക്ഷേ ഞാൻ പ്രതീക്ഷിച്ചതിൽ ചെറുപ്പമാണ് ദൈവം”. പരസ്പരം ദൈവത്തെ കണ്ടെത്തിയ രണ്ടു മനുഷ്യർ. ആരാണ് ദൈവം? എവിടെയാണ് ദൈവം? ദൈവം ഇല്ല എന്ന് പലരും പറയുന്നത് അവർ ദൈവത്തെ കണ്ടിട്ടില്ലാത്തതിനാലാണ്. ആരും അവർക്ക് ദൈവത്തെ കാട്ടിക്കൊടുത്തില്ല, അത്രതന്നെ . ആർക്കാണ് ദൈവത്തെ കാട്ടിക്കൊടുക്കുവാൻ കഴിയുക? ആരുടെ ജീവിതത്തിലാണോ സ്നേഹം, ദയ, കരുണ, ആർദ്രത, ദീർഘക്ഷമ തുടങ്ങിയ മഹത്ഗുണങ്ങൾ വസിക്കുന്നത്, അവരുടെ ജീവിതത്തിലൂടെ ദൈവം വെളിപ്പെടുകയാണ്.

നിസ്വാർത്ഥമായ സ്നേഹം, അതാണ് ദൈവത്തിന്റെ രൂപം. സ്നേഹിക്കുന്നത് സ്നേഹിക്കപ്പെടുന്നതിനു വേണ്ടിയല്ല, സ്നേഹം ജീവിതത്തിന്റെ ഭാവമായതു കൊണ്ടാണ്. അങ്ങനെയുള്ളവർക്ക് സ്നേഹിക്കുവാൻ അല്ലാതെ മറ്റൊന്നും കഴിയില്ല. സ്നേഹത്തിന്റെ ബഹുസ്പുരണങ്ങളാണ് ദയയും ആർദ്രതയും സേവനവും ക്ഷമയും ത്യാഗങ്ങളും എല്ലാം. സ്നേഹം ഒരിക്കലും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയെത്രെ അന്വേഷിക്കുന്നത്. ‘എനിക്ക് എന്തു ഗുണം ഉണ്ടാകും’ എന്നു ചിന്തിക്കുന്നവർക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല. അവർ സ്വാർത്ഥതയുടെ മൂർത്തിമത് ഭാവമാണ്. സ്നേഹമാണ് ഓരോ ജീവിതത്തെയും പരിപൂർണ്ണമാക്കുന്നത്. ആ പരിപൂർണ്ണതയിലാണ് ലോകം ദൈവത്തെ ദർശിക്കുന്നത്. ആ സ്നേഹത്തിന്റെ പൂർണ്ണതയാണ് കാൽവറി ക്രൂശിൽ വെളിപ്പെട്ടത്. ആ സ്നേഹമാണ് തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിപ്പാൻ പ്രേരിപ്പിച്ചത്. സ്നേഹത്തിന്റെ രൂപം ഉൾക്കൊള്ളുവാൻ നമുക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം. നമുക്കും സ്നേഹിക്കാം.

മറ്റൊരു ഗുണ പാഠ കഥ ഇങ്ങനെ ഒരിക്കൽ ഒരു സ്ത്രീ ഭക്ഷണം പാകം ചെയ്യുവാൻ അടുപ്പിൽ വച്ച വെള്ളത്തിൽ ഒരു തവള ഉണ്ടായിരുന്നു. വെള്ളം ചെറുതായി ചൂടായപ്പോൾ തവളക്ക് അതിന്റെ ശരീര ഊഷ്മാവ് നിയന്ത്രിക്കുവാൻ കഴിഞ്ഞു. ആ ചെറു ചൂട് അതിന് സുഖമായി തോന്നിയതിനാൽ ആയിരിക്കാം അത് ആ വെള്ളത്തിൽ തന്നെ കിടന്നു. എന്നാൽ കുറച്ചു കഴിഞ്ഞ് ചൂട് അസഹനീയം ആയപ്പോൾ തവള അതിൽ നിന്ന് പുറത്തേക്ക് ചാടുവാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ പോയി. അതിന്റെ ജീവൻ അവസാനിച്ചു. പ്രാരംഭത്തിൽ ചൂടു തോന്നിയപ്പോൾ തന്നെ അതിൽ നിന്ന് പുറത്തു കടക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നു. കഴിവുകൾ അസ്തമിക്കുന്നത് വരെയും ആ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുവാൻ അത് ശ്രമിച്ചില്ല. അനേകം മനുഷ്യ ജീവിതങ്ങളും ഇങ്ങനെയാണ്. താത്കാലിക സുഖത്തിൽ രസിച്ച്, രക്ഷപ്പെടുവാൻ സാഹചര്യം ഉള്ളപ്പോൾ അത് ഉപയോഗിക്കാതെ, അവസാന നിമിഷത്തിനായി കാത്തിരിക്കുന്നവർ അപകടത്തിൽ പെടുക തന്നെ ചെയ്യും.

ചില വിദ്യാർത്ഥികളും ഇങ്ങനെയാണ്, പഠിക്കുവാൻ ധാരാളം സമയമുള്ളപ്പോൾ പഠിക്കുവാൻ ശ്രമിക്കാതെ കളി വിനോദങ്ങളിൽ രസിച്ച്, ആറാടി നടക്കും. പരീക്ഷയുടെ ടൈംടേബിൾ കിട്ടുമ്പോഴാണ് പഠിക്കുവാൻ തുടങ്ങുന്നത്. ഫലമോ, പരാജയം. സുവർണ്ണാവസരങ്ങളെ നഷ്ടപ്പെടുത്തി അവസാന നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് മിക്കപ്പോഴും പരാജയമായിരിക്കും ഫലം. പലരുടെയും ചിന്ത, തങ്ങൾ പ്ലാൻ ചെയ്യുന്നതുപോലെ ജീവിതം ക്രമീകരിക്കുവാൻ കഴിയുമെന്നാണ്. എന്നാൽ അനേകർക്കും സ്വന്തം പ്ലാൻ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയുണ്ട് എന്നത് ആരും വിസ്മരിക്കരുത്. സ്വന്തം പ്ലാൻ പോലെ ജീവിതത്തെ ക്രമീകരിക്കുവാൻ കഴിഞ്ഞിട്ടുള്ള ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ? ഇതുവരെ ആർക്കും അത് കഴിഞ്ഞിട്ടില്ല. ആകയാൽ നമുക്ക് സാധിക്കും എന്ന് ചിന്തിച്ച് വിഡ്ഢികളാകാതിരിക്കാൻ സൂക്ഷിക്കുക.

അവസരങ്ങളെ നഷ്ടപ്പെടുത്തുന്നവർ നിശ്ചയമായും പിന്നീട് ദുഃഖിക്കേണ്ടി വരും. മുഖാന്തരങ്ങൾ വ്യത്യസ്തമാണെങ്കിലും അവസരങ്ങൾ എല്ലാം ദൈവത്തിന്റെ ദാനമാണ്. പ്രവർത്തന നിരതരാകുവാൻ ദൈവം നൽകുന്ന അവസരം. ഈ അവസരങ്ങൾ ഉദാസീനമായി നഷ്ടപ്പെടുത്താതിരിക്കുവാൻ സാധിക്കേണ്ടതാണ്. ജീവിതത്തെപ്പറ്റി ഉള്ള ഉന്നതമായ ദർശനമാണ് അതിന് നമ്മെ ശക്തികരിക്കുന്നത്. ഉന്നതമായ ദർശനം, ഉന്നതമായ സ്വപ്നം, ജീവിതത്തിൽ ഏവർക്കും ആവശ്യമാണ്. പരിമിതികൾ ഉള്ള മനുഷ്യർക്ക് അവരുടെ ചിന്തകളും പരിമിതികളുള്ളതാകയാൽ ഉന്നത ദർശനം കൈവരിക്കുവാൻ കഴിഞ്ഞു എന്ന് വരില്ല. അത്യുന്നതനായ ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധത്തിലാണ് ഉന്നതമായ ദർശനം ഉൾക്കൊള്ളുവാൻ കഴിയുന്നത്. ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം ആരാഞ്ഞ് അറിയുമ്പോഴാണ് ഉന്നതമായ ദർശനം സാധ്യമാകുന്നത്. ആകയാൽ ദൈവത്തോട് ചേർന്ന് ദൈവഹിതപ്രകാരം ജീവിപ്പാൻ നമുക്ക് നമ്മെ പ്രതിഷ്ഠിക്കാം.