തന്റെ മകൻ മാത്രം എന്നും സ്കൂളിൽ വഴക്കാണ് മറ്റു കുട്ടികളെ ഉപദ്രവിക്കുന്നു ആ ‘അമ്മ തന്റെ മുഖത്തെ പാട് കാണിച്ചു 2 കുത്തിക്കെട്ടു അവൻ ചെയ്തത് ആണ് കുറിപ്പ്

EDITOR

വലിയ ഉത്സാഹത്തിലാണ് ദീപ കോളേജിലെ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന നിതയെ കാണാൻ പുറപ്പെട്ടത്. അഞ്ച് – ആറ് വർഷമെങ്കിലും ആയിക്കാണും അവളെ നേരിൽക്കണ്ടിട്ട്.കല്യാണത്തിന് ശേഷവും കൂടെക്കൂടെ കോൺടാക്റ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും കുറെ നാളുകളായി കുഞ്ഞുങ്ങളും കുടുംബവും ഒക്കെയായി താനും അവളും അവരവരുടെ കൂടുകളിൽ കുരുങ്ങിക്കിടക്കുകയാണല്ലോ അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഈ യാത്രയ്ക്ക് ഒരുങ്ങിയത്.തന്നെ കാണുമ്പോഴുള്ള അവളുടെ റിയാക്ഷൻ എന്തായിരിക്കും എന്ന് കാണാനുള്ള ആകാംക്ഷ അടക്കിപ്പിടിച്ച് കോളിംഗ് ബെല്ലിൽ വിരലമർത്തി.അകത്ത് ഇമ്പമുള്ള ഒരു ഈണത്തോടെ കിളിചിലക്കുന്ന ശബ്ദം ആസ്വദിച്ച് നിൽക്കുമ്പോഴാണ് “ആരുടെ കുഞ്ഞമ്മയുടെ മോനാടാ ബെല്ലടിക്കുന്നത് എന്ന ഒരു അശരീരി ഉയർന്നുകേട്ടത്. ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഉടനെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട ആ ശബ്ദത്തിന്റെ ഉടമയെ കണ്ട് ദീപ ചിരിച്ചു പോയി.നിതയുടെ മോൻ ഉണ്ണിക്കുട്ടനാണ്. എട്ടു വയസ്സുകാരൻ. പുറകെ അകത്തുനിന്ന് അല്പം കനത്ത,മുതിർന്ന ഒരു ശബ്ദം:ആരാടാ അത് ? എടീ, നിതേ ദേ പുറത്ത് ആരോ വന്നിരിക്കുന്നു”.

നിമിഷങ്ങൾക്കകം നനഞ്ഞ കൈ തുടച്ചു ചുളിഞ്ഞ ചുരിദാറിന്റെ അരിക് നേരെയാക്കിക്കൊണ്ട് നിത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം സ്തബ്ധയായി നിന്ന അവൾ ഓടിച്ചെന്ന് ദീപയെ സന്തോഷാതിരേകത്താൽ വാരിപ്പുണർന്ന് അകത്തേക്ക് എതിരേറ്റു.ഇതിനിടെ ഉണ്ണിക്കുട്ടൻ മുറിക്കകത്തേക്ക് ഓടിപ്പോയിരുന്നു. പെട്ടെന്ന് മുറിക്കുള്ളിൽ എന്തോ വീണ് ചിതറുന്ന ശബ്ദം. ഒപ്പം കുറേ ശാപവാക്കുകളും ! “ഓ…..എൻ്റെ മരുന്നു പാത്രോം ഇട്ടുടച്ചു. ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല. കുരുത്തം കെട്ടവൻ നൂറ് സൂര്യൻ ഉദിച്ചു നിന്ന നിതയുടെ മുഖത്ത് പെട്ടെന്ന് കരിമേഘങ്ങൾ നിരന്നു. ദീപയോട് അവൾ കണ്ണുകൾ കൊണ്ട് ക്ഷമാപണം നടത്തി ഇരിക്കാൻ പറഞ്ഞിട്ട് മുറിയിലേക്ക് ധൃതിയിൽ നടന്നു. അവിടെ അവളുടെ പതിഞ്ഞ ശബ്ദം കേൾക്കാമായിരുന്നു.അമ്മേ ഒന്ന് പതുക്കെ അപ്പുറത്ത് എൻ്റെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. ഇതൊക്കെ ഞാൻ എടുത്തുവച്ചു തരാം.

അച്ഛമ്മയുടെ കയ്യിൽ നിന്ന് തല്ലു കൊള്ളാതെ രക്ഷപ്പെട്ട ഉണ്ണിക്കുട്ടൻ തിരിച്ച് ഓടി വന്ന് ടിവി ഓണാക്കി. അവന് ഇഷ്ടപ്പെട്ട കാർട്ടൂൺ കാണുന്നതിനൊപ്പം റിമോട്ട് കൊണ്ട് കോഫി ടേബിളിൽ താളം കൊട്ടിക്കൊണ്ടാണ് ഇരിപ്പ്. ദീപ അവൻ്റെ അടുത്ത് ചെന്നിരുന്ന് ചങ്ങാത്തം കൂടാൻ ശ്രമിച്ചെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കുന്നതേയുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഉണ്ണിക്കുട്ടൻ മറുപടി പറയാൻ തുടങ്ങി. അതും നല്ല ഉച്ചത്തിൽ പറയുന്ന വാക്കുകൾ മുഴുമിപ്പിക്കാതെ അതുതന്നെ പലതവണ ആവർത്തിച്ച്, ആകെ ഒരു വെപ്രാളം. ദീപ അവനോട് സ്കൂളിനെക്കുറിച്ചും കൂട്ടുകാരെ ക്കുറിച്ചും പഠനത്തെക്കുറിച്ചും ഒക്കെ ചോദിച്ചുകൊണ്ടിരുന്നു. അവരെങ്ങനെ കൊച്ചു വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു സന്തോഷത്തോടെ “ഇപ്പോ വരാം” എന്ന് പറഞ്ഞു നിത അടുക്കളയിലേക്ക് പോയി. ദീപ ഉണ്ണിക്കുട്ടനെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ശരീരത്ത് അവിടെവിടെയായി കുറേ മുറിവുണങ്ങിയ പാടുകളുണ്ട്. ആളൊരു വില്ലാളി വീരൻ ആണെന്ന് ഒറ്റനോട്ടത്തിൽ തോന്നും.

ഉണ്ണിക്കുട്ടന് സ്കൂളിൽ പോകാൻ വലിയ താല്പര്യമൊന്നുമില്ല. അതിന് അവന്റേതായ കുറെ കാരണങ്ങളുമുണ്ട്. എപ്പോഴും വഴക്ക് പറയുകയും ശിക്ഷിക്കുകയും ചെയ്യുന്ന ടീച്ചർ, മറ്റു കുട്ടികളുടെ കൂടി ശ്രദ്ധ തെറ്റിക്കുന്നു എന്നു പറഞ്ഞു അവനെ എഴുന്നേൽപ്പിച്ച് ഒറ്റയ്ക്ക് ക്ലാസിന്റെ മൂലയിൽ മാറ്റി നിർത്തും. ഉണ്ണിക്കുട്ടനോട് കൂട്ടുകൂടാൻ കുട്ടികൾ ആരും വരില്ല. അവർ ചിലപ്പോഴൊക്കെ അവനെ കളിയാക്കുകയും ചെയ്യും. ദേഷ്യം വരുമ്പോൾ അവൻ കൂട്ടുകാരെ ഉപദ്രവിക്കാറുമുണ്ട്. അവർ തിരിച്ചും ഉപദ്രവിച്ചാൽ പോലും എപ്പോഴും ഉണ്ണിക്കുട്ടനാണ് കുറ്റക്കാരൻ! ഇതൊക്കെ ടീച്ചർ അച്ഛനോടും അമ്മയോടും പറഞ്ഞുകൊടുക്കും. ഇതൊന്നും കൂടാതെ ക്ലാസ്സിൽ ചെയ്യിക്കുന്ന എഴുത്തും വായനയും ഒക്കെ മറ്റു കുട്ടികൾക്കൊപ്പം ചെയ്തുതീർക്കാൻ കഴിയാത്തത് കൂടി വീട്ടിലേക്ക് കൊടുത്തു വിടും.വീട്ടിൽ വന്നാൽ ഇതിലും കഷ്ടമാണ് കാര്യങ്ങൾ. ഓരോ വിഷയത്തിലുമായി ചെയ്താൽ തീരാത്തത്ര ഹോം വർക്ക് ! അച്ഛനും അമ്മയും മാറിമാറി പിടിച്ചിരുത്തി ശ്രമിച്ചാലും അവന് തീരെ പറ്റാത്ത കാര്യമാണ് അത്. മണിക്കൂറുകൾ ഇരുത്തി പഠിപ്പിച്ചാലും ഓർമ്മ നിൽക്കില്ല. ക്ലാസ് ടെസ്റ്റുകളിലും കാര്യമായി ഒന്നും എഴുതാറില്ല.

കുറച്ചുനാൾ ട്യൂഷന് പോയി.ശ്രദ്ധിക്കുന്നില്ല, ഏത് നേരവും കളിയാണ്, മറ്റു കുട്ടികളെയും പഠിക്കാൻ അനുവദിക്കുന്നില്ല” എന്നൊക്കെ പരാതി പറഞ്ഞു ട്യൂഷൻ ടീച്ചറും കൈയൊഴിഞ്ഞു. ഇതൊന്നും പോരാതെ ഓരോ ദിവസവും സ്കൂളിൽ മറന്നു വെക്കുന്ന പെൻസിൽ , റബ്ബർ, ബുക്ക്, വാട്ടർ ബോട്ടിൽ അങ്ങനെ എന്തിന്റെയെങ്കിലും പേരിൽ അച്ഛനും അമ്മയും സഹികെട്ട് നുള്ളും തല്ലുമൊക്കെയായി എന്നും ഉണ്ണിക്കുട്ടനോട് വഴക്കാണ്. അപ്പോൾ അച്ഛമ്മയാണ് ഉണ്ണിക്കുട്ടന്റെ സഹായത്തിന് വരിക.മറ്റു സമയത്തൊക്കെ തോന്നും ഉണ്ണിക്കുട്ടന്റെ ഏറ്റവും വലിയ ശത്രു അച്ഛമ്മയാണെന്ന്. അവൻ എന്തു ചെയ്താലും അച്ഛമ്മയ്ക്ക് ഇഷ്ടമല്ല. ചിലപ്പോൾ അടിക്കും. പക്ഷേ അച്ഛമ്മയെയും വടിയേയും ഉണ്ണിക്കുട്ടന് പേടിയില്ല. കിട്ടിയ അടികളും വേദനയും ഓർമ്മയില്ല. ആര് തല്ലിയാലും ഉടനെ തിരിച്ചും കൊടുക്കും അതാണ് അവൻ്റെ പോളിസി.ഉണ്ണിക്കുട്ടൻ സംസാരത്തിനിടയിലും പലവട്ടം എഴുന്നേൽക്കുകയും, മുഖത്ത് ചെറിയ ചേഷ്ടകൾ വരുത്തുകയും, കാലുകൾ വിറപ്പിച്ചുകൊണ്ടുമൊക്കെ ഇരുന്നു. അപ്പോഴേക്കും നിത ചായയും പലഹാരവുമായി വന്നു.

പോരുമ്പോൾ ഉണ്ണിക്കുട്ടന് വേണ്ടി താൻ കൊണ്ടുവന്നിരിക്കുന്നതും ഇത്തരം ബേക്കറി മധുരങ്ങൾ തന്നെയാണ്. ചായ കുടിക്കാൻ അച്ഛമ്മയും ഉണ്ണിക്കുട്ടനും ദീപയോടൊപ്പം വന്നിരുന്നു. അവൻ എല്ലാ പാത്രത്തിൽ നിന്നും പലഹാരം വാരിയെടുക്കുകയും കടിച്ചും കടിക്കാതെയും ചിലതൊക്കെ പൊടിച്ചും തിരിച്ചുവച്ചു. അച്ഛമ്മയുടെയും അമ്മയുടെയും താക്കീതൊന്നും അവൻ ചെവികൊണ്ടില്ല. ആളൊരു വികൃതിക്കുടുക്ക തന്നെ രംഗം വഷളാകാതിരിക്കാൻ നിത സ്നേഹത്തോടെ അവനോട് പറഞ്ഞു:മോൻ വടക്കേലെ അപ്പുവിന്റെ വീട്ടിൽ പോയി കുറച്ചുനേരം കളിച്ചോ.മറുപടി പറഞ്ഞത് അച്ഛമ്മയാണ്.ഹും, എന്നിട്ട് വേണം അപ്പുവിനെ അടിച്ചൂ, തള്ളിയിട്ടു എന്നും പറഞ്ഞു ജാനകി പരാതിയും കൊണ്ട് ഇങ്ങോട്ട് വരാൻ. അതും അല്ലെങ്കിൽ ദേഹത്ത് എവിടെയെങ്കിലും പരിക്കുമായേ ചെക്കൻ വരൂ. പിന്നെ ദീപയോടായി ദേവകിയമ്മ പറഞ്ഞു എൻ്റെ മോളെ, നല്ല ബുദ്ധിയുള്ള കുഞ്ഞാണ്. ഈ പ്രായത്തിൽ ടിവിയിലും കമ്പ്യൂട്ടറിലും അവനറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല. വാ തുറന്നാൽ വലിയ വലിയ വർത്തമാനങ്ങളെ പറയൂ. പക്ഷേ ആരോടാ എന്താ പറയുന്നേ എന്ന് ഒരു നിശ്ചയവുമില്ല. അതെങ്ങനാ അതൊക്കെ ഈ ടിവിയിൽ കേട്ടു പഠിക്കുന്ന കാര്യങ്ങളാണല്ലോ. എന്റെ മോൻ എന്ത് പാവമായിരുന്നു.

ഈ കൊച്ചിന് ഇത്തരം സ്വഭാവമൊക്കെ എവിടുന്ന് കിട്ടിയോ എന്തോ? അത് പറയുമ്പോൾ അവർ നിതയെ ഒന്ന് പാളി നോക്കി. “എന്തുമാത്രം ഉപദ്രവമാണ് അവൻ എന്നെ ചെയ്യുന്നത് എന്നറിയോ? കളിപ്പാട്ടം എറിഞ്ഞ് പൊട്ടിച്ചതാ ഈ പാട്. മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു”. നെറ്റിയിലെ മുറിപ്പാട് തടവിക്കൊണ്ട് സങ്കടത്തോടെ ആ അമ്മ പറഞ്ഞു.വിഷയത്തിന് ഒരു അയവ് വരുത്താൻ ദീപ നിതയോട് ചോദിച്ചു
നിന്റെ ജോലിക്കാര്യമൊക്കെ എന്തായി?പിഎസ്സി റാങ്ക് ലിസ്റ്റ് വന്നോ? അതിനും മറുപടി ദേവകിയമ്മയുടെതായിരുന്നു:ജോലിക്കൊള്ള കടലാസൊക്കെ വരുന്നുണ്ട്. പക്ഷേ ഇവള് പോയാപ്പിന്നെ ഈ കൊച്ചിനെ നോക്കാൻ ഇവിടെ ആരാ ഉള്ളത്? കാലത്തെ ഒരു യുദ്ധം കഴിഞ്ഞാണ് അതിനെ സ്കൂളിൽ പറഞ്ഞുവിടുന്നത്. വന്നു കഴിഞ്ഞാപ്പിന്നെ പുസ്തകവുമായി പിന്നെയും പടവെട്ട്. അതിനാണെങ്കിൽ കളി, കളി എന്ന ഒറ്റ വിചാരേ ഉള്ളൂ. ജോലി കഴിഞ്ഞു വരുമ്പോൾ എൻ്റെ ചെക്കന് ഒരു സ്വൈര്യോമില്ല ഒഴിഞ്ഞ ചായക്കപ്പുകളുമായി നിത അടുക്കളയിലേക്ക് പോയപ്പോൾ ദീപയും കൂടെ ചെന്നു. ആ വീട്ടിലെ നിതയുടെ അവസ്ഥയും, അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് നിശ്ചലമായതിന്റെയും ഉണ്ണിക്കുട്ടൻ ഒറ്റക്കുട്ടിയായി പോയതിന്റെയും കാരണവും ദീപക്ക് മനസ്സിലായി.

കൂട്ടുകാരിയുടെ മുഖത്തേക്ക് നോക്കിയ ദീപ കണ്ടത് തുളുമ്പാൻ വെമ്പി നിൽക്കുന്ന രണ്ട് നിറ കുംഭങ്ങളാണ്.ഏട്ടനാണ് എന്നെക്കാൾ വിഷമം. നമ്മുടെ മോൻ എന്താ ഇങ്ങനെ ആയിപ്പോയതെന്ന് എന്നോട് എപ്പോഴും ചോദിക്കും . പറഞ്ഞു തീരുമ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി. “ഞാൻ എന്ത് ചെയ്യാനാ ദീപേ, എല്ലാവരും എന്നെയാ കുറ്റപ്പെടുത്തുന്നേദീപ കൂട്ടുകാരിയെ ചേർത്തുപിടിച്ച് പറഞ്ഞു. “എന്റെ മോളെ ഈ കാര്യം ഓർത്ത് നീയിനി സങ്കടപ്പെടുകയേ വേണ്ട . Attention Deficit Hyperactivity Syndrome (ADHD) എന്ന കണ്ടീഷന്റെ ലക്ഷണങ്ങളാണ് ഉണ്ണിക്കുട്ടന്റെത്. ഈ വാശിയും അനുസരണക്കേടൊന്നും അവൻ വേണമെന്ന് വെച്ച് ചെയ്യുന്നതല്ല. അവൻെറ കൺട്രോളിൽ നിൽക്കാത്ത കാര്യങ്ങളാണ്. ഇതിന് ഫലപ്രദമായ ചികിത്സയും ഉണ്ട് .എന്റെ മോന് എന്തോ രോഗമാണെന്നാണോ നീ പറയുന്നത് ? െബ്രയിനിലെ ന്യൂറോ ട്രാൻസ്മിറ്റേഴ്സ് ആയ Dopamine Nor – epinephrine എന്നീ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടുണ്ടാകുന്ന ഒരു അസുഖമാണിത്. ഓർമ്മ, ആവേശം, ശ്രദ്ധ ഏകാഗ്രത, ചലനങ്ങൾ എന്നിങ്ങനെയുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇവയ്ക്ക് നല്ല പ്രാധാന്യമുണ്ട്.അവയുടെ അളവ് വേണ്ട രീതിയിൽ നിലനിർത്താനുള്ള മരുന്നുകൾ ലഭ്യമാണ്.ഈ മരുന്നുകൾക്കും സൈഡ് ഇഫക്ട്സ് ഉള്ളവയാണ്. ഓരോ കുട്ടിയെയും പലരീതിയിലുള്ള ഇന്ററാക്ഷൻസ് വഴി അസസ്സ് ചെയ്തിട്ടാണ് ഡോക്ടേഴ്സ് അവർക്കുള്ള ട്രീറ്റ്മെൻറ് നിശ്ചയിക്കുന്നത്.

മരുന്നു കഴിച്ചാൽ അവൻ്റെ വികൃതിയും പഠനത്തിൽ ഉള്ള അശ്രദ്ധയും ഒക്കെ മാറുമോ? നിതയുടെ ചോദ്യത്തിൽ അത്ഭുതം.മരുന്നുകൾ കൂടാതെ കുട്ടികൾക്ക് ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പിയും ഉണ്ട്. പാരന്റ്സിനും കുട്ടികൾക്കും ടീച്ചേഴ്സിനും കുട്ടികളുടെ സ്വഭാവനിയന്ത്രണത്തെക്കുറിച്ചുള്ള കൗൺസിലിംഗ് തരും. പഠനകാര്യത്തിൽ ടീച്ചേഴ്സും മാതാപിതാക്കളും ക്ഷമയോടെ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. ഇത്തരം കുട്ടികൾക്ക് ഒരുപാട് നേരം ഒരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ (പ്രത്യേകിച്ച് അവർക്ക് താല്പര്യമില്ലാത്ത കാര്യങ്ങളിൽ) സാധിക്കില്ലാത്തതുകൊണ്ട് ചെറിയ സമയദൈർഘ്യത്തിൽ അവർക്ക് ഓരോ ഇടവേള കൊടുക്കണം. ഒരു ദിവസത്തെ ഹോംവർക്ക് ഒരുമിച്ച് ചെയ്തു കഴിഞ്ഞിട്ടേ കളിക്കാൻ വിടൂ എന്ന് വാശി പിടിക്കരുത്.അവരുടെ ശ്രദ്ധയെ തിരിച്ചുപിടിക്കാൻ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ ആവർത്തിക്കേണ്ടി വരും. അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അത് അവരുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും.

അമിതമായ ശകാരവും ശിക്ഷയും ഒറ്റപ്പെടുത്തലും എല്ലാം കുട്ടികളിൽ അപകർഷതാബോധത്തിനും, അമിത ആകാംക്ഷയ്ക്കും സ്വയം വിലകുറച്ചു കാണാനും കാരണമാകും. അങ്ങനെയുള്ളവർ വലുതാകുമ്പോൾ സാമൂഹികവിരുദ്ധരാകാനുള്ള സാധ്യത കൂടുതലുണ്ട്. എളുപ്പത്തിൽ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കുമൊക്കെ വഴുതി വീണേക്കാം.അയ്യോ, വലുതാകുമ്പോഴും ഇങ്ങനെയുണ്ടാകും എന്നാണോ, ഇതൊക്കെ കുറച്ചു കഴിയുമ്പോൾ മാറില്ലേ? നിതക്കിപ്പോൾ ആശങ്കയായി.കൗമാരത്തിൽ ഉണ്ടാകുന്ന ഹോർമോൺസ് ഈ കാര്യങ്ങൾക്കും കുറെയേറെ മാറ്റങ്ങൾ വരുത്തും. എന്നാലും മുതിർന്നവരിലും വലിയൊരു വിഭാഗം എഡിഎച്ച്ഡി യോടെ ജീവിക്കുന്നവരുണ്ട്. അവരിൽ അത് വിഷാദം, ആങ്ങ്സൈറ്റി അടുക്കും ചിട്ടയും ഇല്ലായ്മ, ഒന്നിനും സമയം തികയാതിരിക്കുക, പെട്ടെന്ന് ദേഷ്യപ്പെടുക, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക, പെട്ടെന്നുള്ള മൂഡ് സ്വിങ്ങ്‌സ് ഗുരുതരമായ മറവി എന്നിങ്ങനെ അവരുടെ ബന്ധങ്ങളെയും തൊഴിലിനെയും വരെ ബാധിക്കുന്ന തരത്തിൽ കണ്ടു വരാറുണ്ട്.പക്ഷേ മുളയിലെ നുള്ളിയാൽ കാര്യങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കാൻ ആകും.

നമ്മുടെ ജീവിതരീതിയിലെ ചില ശീലങ്ങൾ; ബേക്കറി, പ്രോസസ്ഡ് ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക, മുതിർന്നവർ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുക, കായികമായ കളികളിൽ ഏർപ്പെടുത്തി അവരിലെ അധികമായ എനർജിയെ ഉപയോഗപ്പെടുത്തുക, ചിട്ടയായ വ്യായാമം, യോഗ, മെഡിറ്റേഷൻ ഇതൊക്കെയും പ്രയോജനകരമായി പറയാറുണ്ട്.ഇതൊക്കെ എങ്ങനെയാണ് ഞാൻ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത്? നിതയ്ക്ക് സംശയം തീരുന്നില്ല.നീ പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങളുടെ സ്കൂളിൽ ടീച്ചേഴ്സിന് വേണ്ടി കുട്ടികളിലെ ഇത്തരം വൈകല്യങ്ങളെക്കുറിച്ച് ഒരു ട്രെയിനിങ് അറ്റൻഡ് ചെയ്യും വരെ ഇത്തരം അവസ്ഥകളെക്കുറിച്ച് വേണ്ട അറിവ് എനിക്കും ഉണ്ടായിരുന്നില്ല.30 ൽ1 എന്ന് തോതിൽ കുട്ടികളിൽ എ ഡി എച്ച് ഡി ഉണ്ടെന്നാണ് കണക്ക്. ക്ലാസിലെ ശല്യക്കാരും തലവേദനയും ആയി മാറ്റി നിർത്തിയിരുന്ന കുട്ടികളിൽ ഇത്തരം തെറാപ്പിയിലൂടെ വളരെ നല്ല മാറ്റങ്ങൾക്ക് ഞാൻ സാക്ഷിയാണ്. ഈ കുട്ടികൾ പൊതുവേ വളരെ സ്മാർട്ട് ആണ്.

ദീപേ, ഞങ്ങൾ എവിടെയാണ് മോനെ കാണിക്കേണ്ടത് ?ആദ്യം കുട്ടികളുടെ ഡോക്ടറിനെ കാണിക്കൂ. മോന്റെ പ്രായത്തിനും സ്വഭാവ വൈകല്യത്തിന്റെ തീവ്രതയ്ക്കും അനുസരിച്ചുള്ള തെറാപ്പിയോ സൈക്കോളജി റഫറലോ അവർ നിർദ്ദേശിക്കും. ഇതൊരു ടീം വർക്ക് ആണ്. എല്ലാവരും കൂടി ഒരുമിച്ചാൽ ഉണ്ണിക്കുട്ടനെ നമുക്ക് മിടുമിടുക്കൻ ആക്കാംഅപ്പോൾ നിതയുടെ മുഖത്ത് പടർന്ന ആശ്വാസത്തിന്റെ പുഞ്ചിരി ദീപയുടെയും മനസ്സ് നിറച്ചു. ദീപ യാത്ര പറഞ്ഞിറങ്ങുമ്പോൾനിത പറഞ്ഞു വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയെ മാത്രമല്ല, എൻ്റെ കുടുംബത്തിലെ സന്തോഷവും സമാധാനവും ആണ് തിരിച്ചു തന്നത് തിരിച്ചുപോരുമ്പോൾ ദീപയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നതും അതുമാത്രമായിരുന്നു.ഈ കുട്ടികളെ ശപിക്കുകയോ ശിക്ഷിക്കുകയോ ഒന്നിനും കൊള്ളാത്തവരെന്ന് മുദ്രകുത്തുകയോ അല്ല പകരം അതൊരു രോഗാവസ്ഥയാണെന്ന് മനസ്സിലാക്കി വേണ്ട ചികിത്സ കൊടുത്ത് സ്നേഹത്തോടെ കൈപിടിച്ച് നടത്തുകയാണ് വേണ്ടത്.

ശുഭം
ബിസി തോപ്പിൽ