ആഫ്രിക്കയിൽ ജോലിക്ക് പോയപ്പോൾ അവിടുള്ള ആളുകളുമായി അകലം പാലിക്കണം എന്ന് നിർദേശം പക്ഷെ ഒരു പെൺകുട്ടിയുമായി അടുത്തു ശേഷം സംഭവിച്ചത്

EDITOR

ഏഴു മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിച്ചേരുന്നത്.ഒരു ഗുജറാത്തി കമ്പനി മഡഗാസ്കർ എന്ന ദ്വീപ് രാഷ്ട്രത്തിൽ അഡ്മിൻ കം അക്കൗണ്ടന്റിനെ തേടുന്നു വെന്ന പത്ര പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിക്കുന്നത്. പ്രായം അൽപം കൂടുതലായത് ഉപകരമായത് ഈ ജോലിക്കായിരുന്നു.ആഫ്രിക്ക യെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ടപ്പോഴേ ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികൾ പിൻവലിയാൻ തുടങ്ങി.
..സെലക്ഷൻ ആയ മൂന്നുപേരിൽ മറ്റു രണ്ടുപേരും ഗുജറാത്തികൾ ആയിരുന്നു.
മഡഗാസ്കർ എന്ന ഈ രാജ്യത്തിന്റെ പേരു തന്നെ കേൾക്കാത്തവർ ആയിരുന്നു ഗ്രാമത്തിലെ മിക്കവരും. ആഫ്രിക്ക എന്നു കേട്ടതും പലരും നെറ്റി ചുളിക്കാൻ തുടങ്ങി.സാമ്പത്തിക പ്രയാസം അതിന്റെ അത്യുന്നതിയിൽ എത്തിയതിനാലാകണം
വീട്ടുകാർ ഒന്നും പറഞ്ഞില്ല.ദ്വീപിൽ വന്നിറങ്ങിയപ്പോൾ മുതൽ കർശനമായ വ്യവസ്ഥകളുമായി കമ്പനി മാനേജർ കൂടെയുണ്ടായിരുന്നു.വെളുത്തു കുറിയതായ ഒരു ഗുജറാത്തിയാണ് മാനേജർ. കമ്പനിയും താമസിക്കുന്ന വീടുമല്ലാതെ മറ്റൊരിടവുമായും ഒരു ബന്ധവും പാടില്ല എന്നതായിരുന്നു ആദ്യ നിബന്ധന.

അപകടകാരികളായ ആഫ്രിക്കൻ ജനങ്ങളെക്കുറിച്ചു നാട്ടിൽ നിന്ന് തന്നെ പല കഥകളും കേട്ടിരുന്നതിനാൽ ആ നിബന്ധന പൂർണമായും പാലിക്കുവാൻ നിർബന്ധിതനായി. അങ്ങനെ ആദ്യ നാളുകളിൽ എക്കറുകൾ നീണ്ടു കിടക്കുന്ന കമ്പനി വളപ്പിനുള്ളിലായി പകലുകൾ.ജോലി സമയത്തിനു ശേഷം കമ്പനിയുടെ വാഹനത്തിൽ രണ്ടു കിലോമീറ്റർ അപ്പുറമുള്ള താമസ സ്ഥലത്തേക്ക്.
അതായി ജീവിതചര്യ.കമ്പനി ജോലിക്കാരായി ഇരുനൂറോളം ഗാസികളാണ് ഉള്ളത്. എല്ലാവരിൽ നിന്നും അകലം പാലിക്കണം എന്നത് രണ്ടാമത്തെ നിബന്ധനയായതിനാലും, ഭാഷ ആദ്യ നാളുകളിൽ ഒരു പിടിയും തരാതെ നിന്നതിനാലും അവരിൽ നിന്നും അകലെയായിരുന്നു എപ്പോഴും.
മൂന്നു നിലകളുള്ള ഒരു കെട്ടിടത്തിലെ മുകളിലുള്ള നിലയിലായിരുന്നു താമസം.
രണ്ടുമുറികൾ, ടോയ്‌ലറ്റ്, കിച്ചൺ എന്നിവയടങ്ങുന്ന സാമ്രാജ്യം. ഗോവണിക്കു താഴെയായുള്ള ഇരുമ്പു വാതിൽ ആണ് പ്രധാന സുരക്ഷ.കൂടെ റോക്കി എന്ന വളർത്തു നായയുമുണ്ട്.ചുറ്റുമുള്ള വരാന്തയിൽ ഇരുന്നാൽ നാലു ദിക്കിൽ നിന്നുമുള്ള കാഴ്ചകൾ കാണാം.

ആദ്യ നാളുകളിലെ പുലരികളും രാത്രികളും സജീവമാക്കിയിരുന്നതും ഈ കാഴ്ചകളായിരുന്നു. ഒരു പഴയ മരക്കസേരയും റോക്കിയുമായിരുന്നു സഹചാരികൾ. കാഴ്ചകളുടെ പൂർണ്ണതയെ തടസ്സപ്പെടുത്തിയത് ഇരുമ്പുഗ്രില്ലുകളാൽ തീർത്ത ജാലകങ്ങൾ ആയിരുന്നു. എങ്കിലും അവയ്ക്കിടയിലൂടെ ആ തെരുവിലെ ചലനങ്ങളിലേക്ക് മിഴി നട്ടിരിക്കുമ്പോൾ എന്തുകൊണ്ടോ ജന്മനാട്ടിൽ നിന്നും ഒരുപാട് അകലെയാണെന്ന തോന്നൽ ഉണ്ടാവാറില്ല. കിഴക്കുവശത്തെ വരാന്ത കാഴ്ചകളിൽ വലിയ വീടുകളും കെട്ടിടങ്ങളും നിറഞ്ഞു നിന്നു.അകലെയായി മല നിരകൾ പുലർകാല കാഴ്ചകളിൽ സൂര്യപ്രഭയിൽ നിൽക്കുന്നത് അതിമനോഹരമായ കാഴ്ചയായിരുന്നു. തെക്കുവശത്തെ കാഴ്ചയിൽ റോഡും അതിനപ്പുറം വലിയൊരു മാവിൻ തണലിൽ ശയിക്കുന്ന മരക്കുടിലുമായിരുന്നു.കുടിലിന് മുൻവശത്തെ കട്ടിലിൽ വിശ്രമിക്കുന്ന വൃദ്ധനും അയാളുടെ കാൽച്ചുവട്ടിൽ കിടക്കുന്ന നായയും ആ ഭാഗത്തെ സ്ഥിരം കാഴ്ചയായിരുന്നു. നീണ്ടു കിടക്കുന്ന മണൽ പാതയും അതിനിരുവശങ്ങളിലും ചിതറിക്കിടക്കുന്ന കുടിലുകളുമുള്ള പടിഞ്ഞാറൻ വരാന്തയിലെ കാഴ്ചകളായിരുന്നു ഏറെയിഷ്ടം. രാവേറെ ചെല്ലുവോളം റോഡിലൂടെ സൈക്കിൾ റിക്ഷകൾ ഓടിക്കൊണ്ടിരിക്കും.

മെഴുകുതിരി വെട്ടത്തിൽ ചീട്ടു കളി സംഘങ്ങൾ. പല വർണ്ണങ്ങളിലുള്ള കുപ്പികളിൽ പാനീയങ്ങളുമായി മാടക്കട . തകരം മറച്ച ഒറ്റ ഷെഡിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന സി ഡി കടയും ബാർബർ ഷോപ്പും. അവിടെനിന്നും ഒഴുകുന്ന മലഗാസി സംഗീതം. ആ താളത്തിൽ ചലിക്കുന്ന തെരുവിലെ ജീവിതങ്ങൾ.ആയിടെ ഏതോ ഒരു രാത്രിയിലാണ് അഥീന യെ കാണുന്നത്.കയ്യിൽ ഒരു സഞ്ചിയുമായി അവളും കൂട്ടുകാരികളും നടന്നുപോകുമ്പോഴാണ് അവൾ പിന്തിരിഞ്ഞു നോക്കി കൈവീശി കാണിക്കുന്നത്. ജോലിക്കാരിൽ ആരോ ആണെന്ന് മനസ്സിലായി. ഇടവഴികളിലെങ്ങോ അവൾ അപ്രത്യക്ഷമാവുകയും ചെയ്തു.പിന്നീട് രണ്ടുനാൾ കഴിഞ്ഞാണ് അതേയിടത്തിൽ അവളെ കാണുന്നത്.അവൾക്ക് തിരിച്ചും കൈവീശി കാണിച്ചു. അവൾ മുകളിലേക്ക് ചൂണ്ടിക്കാട്ടി എന്തോ പറഞ്ഞുകൊണ്ട് നടന്നകന്നു.
അതായിരുന്നു തുടക്കം. പിന്നീട് ജോലിസ്ഥലത്ത് അഥീനയെ കണ്ടുപിടിക്കാനായി ശ്രമം.ഇരുനൂറോളം സ്ത്രീകൾ ക്കിടയിൽ അവളെ കണ്ടുപിടിക്കുക,ശ്രമകരമായ ജോലിയായിരുന്നു. അതും എല്ലാവരെയും ഒരുപോലെ തോന്നിക്കുന്ന ആ നാളുകളിൽ. ഒടുവിൽ കണ്ടെത്തി. കോക്കോ വിരിച്ചിട്ട പായക്കരികിൽ അവളുണ്ടായിരുന്നു.
അവൾ പുഞ്ചിരിച്ചു.

മുകളിലേക്ക് വിരൽ ചൂണ്ടിക്കാട്ടി തലേ നാളിലെ വാക്കുകൾ ആവർത്തിച്ചു.
ഒന്നും മനസ്സിലായില്ല എന്ന് അവളോട് ആംഗ്യം കാണിച്ചു.അവൾ ചിരിച്ചു കൊണ്ട് അവളുടെ ജോലിയിലേക്ക് കടന്നു.പിറ്റേ ദിവസം അവൾ ഒരു ചെറിയ പുസ്തകവുമായി ഓഫിസിൽ വന്നു.മലഗാസി,ഫ്രഞ്ച് ഭാഷാ പദങ്ങളുടെ ഇംഗ്ലീഷ് തർജ്ജമ യായിരുന്നു ആ പുസ്തകത്തിൽ. അതിന്റെ വില കൊടുക്കാൻ നോക്കിയെങ്കിലും അവൾ വാങ്ങിയില്ല.മാനേജർ തന്റെ നിയമാവലികൾ വീണ്ടും ആവർത്തിക്കുകയും ,ബ്ലാക്ക് മാജിക് മുതലായ ചില പുതിയ പദങ്ങൾ കൊണ്ടുവരികയും ചെയ്തു.വശീകരണം അറിയുന്ന കറുപ്പൻ വംശജരുടെ കഥകൾ ഉൾക്കൊള്ളുന്ന തായിരുന്നു അന്നത്തെ ക്ലാസ്സുമുറി.ഗൂഗിളിന്റെ യും പുസ്തകത്തിന്റെയും സഹായത്തോടെ യാണ് അവളുടെ അന്നത്തെ വാക്കുകൾ കണ്ടുപിടിച്ചത്.ആ തടവറയിൽ ഇരുന്നുകൊണ്ട് ഞങ്ങളുടെ ആകാശം കാണാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക്..?ഇതായിരുന്നു വാക്കുകൾ.
ആ രാത്രി മുതലാണ് ഇരുമ്പു ഗ്രില്ലിനാൽ ബന്ധിക്കപ്പെട്ട തടവറയായി ആ വീടിനെ കാണാൻ തുടങ്ങിയത്.തടവുകാരായ അവനും റോക്കിയും അഴികളിൽ പിടിച്ചുനിന്നുകൊണ്ട് മുകളിലേക്കു നോക്കി.

അവൾ പറഞ്ഞതുപോലെ മുകളിലുള്ള പാരപ്പെറ്റ്ആകാശത്തെ പാതിയിലേറെ മറച്ചതായി കാണപ്പെട്ടു. ശരിക്കും ഇവരുടെ ആകാശം ഇനിയുമൊരുപാട് അകലെയാണ്.പിന്നീട് അവളോട് സംസാരിക്കാൻ അവസരം കിട്ടുന്നത് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്.ഉച്ചഭക്ഷണത്തിനു ശേഷം ഗേറ്റിനരികിൽ ഒരു സിഗരറ്റിന് തീകൊളുത്തുമ്പോഴാണ് അവളും മറ്റു ചില ജോലിക്കാരും ഗൈറ്റ് കടന്നു വരുന്നത്.പാൻസും ടീ ഷർട്ടുമാണ് അവളുടെ സ്ഥിരം വേഷം.കറുത്തു മെലിഞ്ഞൊരു ആഫ്രിക്കൻ പെണ്കുട്ടി.തലയിൽ ഒരു ഷാൾ കെട്ടിയതിനാൽ പിരിയൻ മുടിയിഴകൾ കാണുന്നുണ്ടായിരുന്നില്ല.അവൾ അടുത്തേക്ക് വന്നു.ഉപചാര വാക്കുകൾ മലഗാസിയി ലും ഫ്രഞ്ചിലുമായി ഒരുപാടുണ്ട് ഇവിടെ.അവയിൽ ചിലത് പറഞ്ഞുകൊണ്ട് കുറച്ചു സമയം അവളോടൊപ്പം നിന്നു. മനോഹരമായ പുഞ്ചിരിയാണ് അഥീനയുടേത്. എന്റെ തടവറയിൽ നിന്നും ആകാശം കാണാൻ കഴിയുന്നില്ല എന്ന എന്റെ വാക്കുകൾക്ക് അവളുടെ മറുപടി ആ പുഞ്ചിരിയായിരുന്നു. പോകാൻ നേരം അവൾ പറഞ്ഞുഞങ്ങളുടെ ആകാശത്തും നക്ഷത്രങ്ങൾ പൂത്തുലഞ്ഞു നിൽക്കാറുണ്ട് ചിലപ്പോഴൊക്കെ.

അഥീന എന്ന ഗാസി പെണ്കുട്ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് അങ്ങനെയാണ്. ഇരുപതു കാരിയായ അവൾ മലമുകളിലെ ബെഫോതക്ക എന്ന ഗ്രാമത്തിൽ നിന്നുള്ളവളാണ്.അമ്പംജെ യിൽ ജോലിക്കുവേണ്ടി വന്നതാണ്.ക്രിസ്തുമത വിശ്വാസികളായി അവിടെയുള്ള ചുരുക്കം ചില കുടുംബങ്ങളിൽ ഒന്നായിരുന്നു അവളുടേത്.നന്നായി സംസാരിക്കുന്ന അഥീന യുടെ വാക്കുകൾ പലതും മനസ്സിലാക്കിയെടുക്കാൻ ആദ്യ നാളുകളിൽ നന്നായി ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ അവൾ സംസാരിക്കുന്നതും വിരളമായിരുന്നു.
ആയിടെ അവൾ തന്നെയാണ് ഒരു സിം കാർഡ് വാങ്ങിത്തരുന്നത്.മാനേജർ വിലക്കിയിരുന്ന കാര്യങ്ങളിൽ ഒന്നായിരുന്നതിനാൽ രഹസ്യമായി അവളുടെ ഐ ഡി ഉപയോഗിച്ചാണ് നമ്പർ ശരിയാക്കിയത്.പിന്നീട് അതിലൂടെ സംസാരിക്കാൻ തുടങ്ങി…
ഒരു ദിവസം രാത്രിയിൽ പടിഞ്ഞാറൻ വരാന്തയിൽ കാഴ്ചകളിൽ റോക്കിയുമൊത്ത് ഇരിക്കുമ്പോഴാണ് അവൾ വിളിക്കുന്നത്.ഞങ്ങളുടെ ആകാശം കാണണ്ടേ…?”
“വേണം.. പക്ഷേ.

വീടിനുള്ളിൽ നിന്നുകൊണ്ട് കഴിയില്ല.പുറത്തേക്ക് ഇറങ്ങൂ.ഒമ്പതുമണി കഴിഞ്ഞിരുന്നു അപ്പോൾ. സഹമുറിയന്മാർ രണ്ടുപേരും ഫോണിന്റെ ലോകത്താണ്. അവളുടെ വാക്കുകൾ പുറത്തേക്ക് ഇറങ്ങാൻ മനസ്സിനെ വല്ലാതെ പ്രേരിപ്പിക്കുന്നതാണെങ്കിലും ഇരുണ്ട ഭൂഖണ്ഡത്തിലെ ഒരു തെരുവിലേക്ക് ഒറ്റയ്ക്ക് ഇറങ്ങാൻ ഒട്ടും ധൈര്യമുണ്ടായിരുന്നില്ല. കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.എന്തുപറ്റി..?ഏയ്…ഒന്നുമില്ലപേടിയുണ്ടോ..?സത്യം പറഞ്ഞാൽ പേടിയുണ്ട് അഥീന.തോക്കിലെ ഉണ്ടകളുടെ വില പോലും മനുഷ്യജീവന് ഇല്ലാത്ത ഇടമാണെന്ന് കേട്ടിട്ടുണ്ട്.പിന്നെയും കുറേ കഥകൾഇതിനെ പേടിയെന്ന് മാത്രം പറഞ്ഞുകൂടാ.ഞങ്ങൾ ഗാസികളെ ഇതുവരെയും വിശ്വാസത്തിലെടുക്കാൻ ആയില്ലെന്ന് പറയൂ.അങ്ങനെയല്ല..ഞാൻ നിന്നെ വിശ്വസിക്കുന്നുണ്ടല്ലോ അഥീന.
“എന്നെ വിശ്വസിക്കുന്നത് പോലെ നിനക്കെന്റെ ജനതയെയും വിശ്വസിക്കാം.
പിടിച്ചുപറിയും മോഷണവും ഇവിടെ മാത്രമല്ല ഉള്ളതെന്നാണ് ഞാൻ കരുതുന്നത്.വലിയ വലിയ രാജ്യങ്ങളിലും അതൊക്കെ ഇല്ലേ..നിന്റെ രാജ്യത്തോ..?

അവളുടെ മലഗാസി ഭാഷ ഈ രണ്ടുമാസങ്ങൾ കൊണ്ടാണ് ഞാൻ ഏറെക്കുറെ പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ,ഒരു കമ്പനിയിലെ ജോലിക്കാരിയായ സ്ത്രീ, എത്ര ശക്തമായിട്ടാണ് അവളുടെ ജനതയെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുന്നത്.ഞാൻ വരാം.എങ്കിൽ ഇറങ്ങിയതിനു ശേഷം വിളിക്കൂ
ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ വിയർക്കുന്നുണ്ടായിരുന്നു.അപകടകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ ഒരു വശത്തുണ്ടെങ്കിലും അതിനെ മറികടക്കാൻ പ്രാപ്തമായിരുന്നു അവളുടെ വാക്കുകൾ.ഇരുമ്പുഗൈറ്റ് തുറന്നു തരുമ്പോൾ കാവൽക്കാരൻ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.രാവിലെയും വൈകിട്ടും കൃത്യസമയങ്ങളിൽ അകത്തേക്കും പുറത്തേക്കും ചലിക്കുന്നവരിൽ ഒരാളുടെ മാറ്റം ഒരുപക്ഷേ അയാളെ അമ്പരപ്പിച്ചിരിക്കാം.ഭീമാകാരമായ ആ മതിലിനു വെളിയിൽ നീളത്തിലും കുറുകെയും വഴികളുണ്ട്.ഇടത്തോട്ടുള്ള വഴി ടൗണിന്റെ പ്രധാന ഭാഗത്തേക്കും വലത്തോട്ടുള്ളത് കമ്പനി വരെയെത്തുന്നതുമാണ്.ഇതുവരെ സഞ്ചരിക്കാത്ത വഴിയാണ് തൊട്ടുമുന്നിൽ മുന്നോട്ടു കാണുന്നത്. അതിലൂടെയായിരുന്നു അഥീനയുടെ യാത്രകൾ. ആ വഴിയേറെയും പൊട്ടിപ്പൊളിഞ്ഞതാണ്.

കുറച്ചകലെ തെരുവ് വിളക്കുകളുടെ നേരിയ വെളിച്ചം കാണാം. സൈക്കിൾ റിക്ഷകൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു. ചിലർ നിർത്തിക്കൊണ്ടു കയറുന്നോ എന്നു ചോദിക്കുന്നുണ്ട്. സ്ത്രീകളുടെ ഒരു കൂട്ടം  കടന്നുപോയി, അഭിവാദ്യം ചെയ്തുകൊണ്ടാണ് പോയത്.മുകളിൽ നിന്നും റോക്കി ഒന്നു കുരച്ചു. അവനെ കൂട്ടാതെ പുറത്തു ചാടിയതിന്റെ പ്രതിഷേധമാകണം.അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് ആ വഴിയിലേക്ക് നടന്നു.
ആദ്യ ബെല്ലടിക്കു തന്നെ അവൾ ഫോണെടുത്തു.ഞാൻ ഇപ്പോ എത്തും..ഏതു വഴിയാണ് നീ തെരഞ്ഞെടുത്തത്..?നീ നടന്നുപോകാറുള്ള വഴികൾ തന്നെ..”
വെളിച്ചം കൂടുതലുള്ള വഴികൾ ഒഴിവാക്കി ഈ വഴിയിലൂടെ വരാൻ കാരണമെന്താണ് “ഇത് നിന്റെ വഴികൾ ആയതിനാൽ വെളിച്ചം കുറവുള്ള വഴിയാണ്.നിറയെ മണലുകൾ നിറഞ്ഞയിടം.പണ്ടു പണ്ട് ഈ നഗരം പിറക്കുന്നതിനും മുമ്പേ ഇതിലെ ഒരു വലിയ പുഴ ഒഴുകിയിരിക്കണം. മൊസാംബിക് നെ ലക്ഷ്യമാക്കി ഒഴുകിയിരുന്ന പുഴ പിന്നീടെപ്പോഴോ മണ്ണിൽ ആഴ്ന്നിറങ്ങി പോയിട്ടുണ്ടാകണം.ഇപ്പോഴും ഈ മണലുകൾ പുഴയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ്, നഗരമാകെ പൊടിപറത്തിക്കൊണ്ട്.
ഇപ്പോൾ ഇരിക്കുന്ന ഈ ജംക്ഷനിൽ തന്നെയാണ് ആ രാത്രിയിൽ എത്തിച്ചേർന്നത്. കടയുടെ പുറത്ത് എന്തോ ജോലിയിൽ ആയിരുന്ന ഇസ്മായിൽ കണ്ടപ്പോൾ കയ്യുയർത്തി അഭിവാദ്യം ചെയ്തു

കരക്കൂർ പത്രൂനമസ്കാരം മുതലാളി)വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു കടമുറികളെല്ലാം പ്രവർത്തിച്ചിരുന്നത്.
കൂട്ടം കൂടിയിരിക്കുന്ന ഒരുപറ്റം യുവാക്കൾ തൊട്ടടുത്ത കടമുറിക്കു മുന്നിൽ ഉണ്ടായിരുന്നു. വലിയ ശബ്ദത്തിൽ മലഗാസി സംഗീതം ഒഴുകുന്നു.അവരെല്ലാം നോക്കുന്നത് കണ്ടപ്പോൾ ഈ ധൈര്യം കാണിച്ചത് അബദ്ധമായോ എന്നു തോന്നിപ്പോയി.സിഗരറ്റ് വേണ്ടേ.സ്ഥിരം കസ്റ്റമറോടെന്ന പോലെയാണ് ഇസ്മയിലിന്റെ ചോദ്യം. അവന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിക്കുമ്പോൾ അവളെ വിളിച്ചുഞാൻ എത്താം.വിനു നീ എല്ലാവരെയും ഒന്നു പരിചയപ്പെടുമ്പോഴേക്കും ഞാൻ എത്താം.പിന്നെയും രണ്ടുമണിക്കൂറുകൾ കഴിഞ്ഞ് അവളെത്തുമ്പോൾ ഒരു കൈയിൽ ബിയർ ബോട്ടിലും മറുകൈയിൽ എരിയുന്ന സിഗരറ്റുമായി സ്റ്റുഡിയോ വരാന്തയിൽ അവർക്കൊപ്പം ഇരിക്കുകയായിരുന്നു . മുന്നിലെ പ്ലേറ്റിൽ അയക്കൂറ മീൻ വറുത്തതും സോസും ഒപ്പം വേവിച്ച ഏതൊക്കെയോ കിഴങ്ങുകളും ഉണ്ടായിരുന്നു. സ്റ്റുഡിയോ യുടെ പിന്നിലായി നിരയായി ചില കുടിലുകളാണ്.
ഉച്ചത്തിൽ മുഴങ്ങുന്ന ഒരു മലഗാസിഗാനത്തിനൊപ്പം നൃത്തം വെക്കുകയായിരുന്നു എഡിയും കമിലയും.

മണിക്കൂറുകൾ നൃത്തം ചെയ്താലും തളരാത്തവരാണ് ഗാസികൾ എന്നത് പിന്നീടുള്ള ദിവസങ്ങളിലാണ് മനസ്സിലായത്.അഥീന അരികിലായി വന്നിരുന്നു.മഞ്ഞനിറമുള്ള ടീ ഷർട്ടും നീല ജീൻസും ആയിരുന്നു അവളുടെ വേഷം.എവിടെയായിരുന്നു ഇതുവരെ?നീ എല്ലാവരെയും പരിചയപ്പെട്ടതിനു ശേഷം വരാമെന്നു കരുതി..”
പിന്നീട് രണ്ടുപേരും ഒന്നും സംസാരിച്ചില്ല.ചുറ്റുമുള്ള കുടിലുകളിലുള്ളവരെല്ലാം നൃത്തത്തിന്റെ ലോകത്തിൽ മുഴുകിയിരിക്കുന്നു. ചിലരുടെ മടിയിൽ ഉറങ്ങുന്ന കുട്ടികൾ. ആണുങ്ങളിൽ പലരുടെയും ചുണ്ടിൽ എരിയുന്ന ജമാൽ.
കഞ്ചാവിന്റെ ഇലയും പുകയിലയും ചെറുതായി അരിഞ്ഞെടുത്ത് ഒരു പേപ്പറിൽ ചുരുട്ടിയെടുക്കുന്നതാണ് ജമാൽ. ഗാനവും നൃത്തവും മദ്യവും ജമാലും അടങ്ങുന്ന ഗാസി രാത്രികൾ.പുലരും വരെ ചിലപ്പോൾ നീളുന്നവ.ചീർത്ത കണ്പോളകളുമായി തുടങ്ങുന്ന പിറ്റേ ദിവസത്തെ പുലരി.. അങ്ങനെ പോകുന്നു ഇവരുടെ ജീവിത ചര്യ..
ബിയറിന്റെ ചെറുലഹരിയിൽ അവളോടൊപ്പം തിരിച്ചു നടക്കുമ്പോൾ വഴിയേറെയും വിജനമായിരുന്നു. നക്ഷത്രങ്ങളില്ലാത്ത രാത്രിയായിരുന്നു അത്.മുകളിലേക്ക് നോക്കുന്നത് കണ്ടിട്ടാവണം അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ആകാശം ഇവിടെ നിന്നാൽ കാണാനാവില്ല വിനു.. അതിനിനിയും തെരുവുകൾക്കുള്ളിലേക്ക് നടക്കണം.അതിന് മറുപടി പറയാതെ അവളുടെ തോളിൽ കൈവച്ചുകൊണ്ടു നടന്നു

എഴുതിയത് : നിഷാന്ത് കെ