ഗൾഫിൽ ഉള്ള ഭർത്താവ് പണം അയക്കുന്നത് അമ്മയുടെ പേരിൽ ഭാര്യയുടെ പേരിൽ അയചാൽ ആ പണം കൊണ്ട് ഒളിച്ചോടുമോ എന്ന് പേടി ഒരു മുട്ടായി വാങ്ങാൻ പോലും അമ്മയോട് ചോദിക്കണം

EDITOR

കഴിഞ്ഞ ദിവസം ജയ ജയ സിനിമ കണ്ടിരുന്നു . അതിൽ നായിക ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പറയുന്നുണ്ട്. ഇത്രേം കാലം നീ എല്ലാം നിന്റെ ഇഷ്ടത്തിനു ചെയ്തു. ഇനിയെങ്കിലും നീ ഞങ്ങളുടെ ഇഷ്ടത്തിനു ചെയ്യു.ഈ ഡയലോഗ് കേട്ടപ്പോൾ എനിക്ക് അറിയാവുന്ന ഒരു സുഹൃത്തിന്റെ ഫാമിലിയെ ആണ് ഓർമ്മ വന്നത്.അവളുടെ അച്ഛൻ അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ സ്വന്തം അച്ഛന്റെ ഉത്തരവാദിത്ത കുറവ് കാരണം കുടുംബത്തിലെ ഭാരം മുഴുവൻ തലയിൽ ഏറ്റി വിദേശത്തു പോയത് ആണ്.പെങ്ങന്മാരെ എല്ലാം കെട്ടിച്ചുവിട്ട് അനിയൻമാരുടെ പഠിപ്പ് ഒക്കെ ഒരു വഴിക്ക് ആക്കി പ്രായം മുപ്പത്തഞ്ചിനോട്‌ അടുത്തപ്പോൾ ആണ് അന്ന് 18 വയസ് ഉള്ള ഇവളുടെ അമ്മയെ കല്യാണം കഴിക്കുന്നത്. ഇവളുടെ അമ്മ വളരെ പാവപെട്ട വീട്ടിലെ ആയിരുന്നു. അതോണ്ട് തന്നെ വല്യ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു വന്ന ഈ ആലോചന അവർക്ക് ലോട്ടറി ആയിരുന്നു. അന്ന് ഗൾഫ്കാർക്ക് കുറച്ചു ഡിമാൻഡ് ഒക്കെ ഉള്ള സമയം ആയോണ്ട് പുള്ളിയുടെ അമ്മക്കും മറ്റും കാശ് വാങ്ങാതെ ഉള്ള ഈ കല്യാണത്തിന് അത്ര താല്പര്യമില്ലായിരുന്നു.

കല്യാണം കഴിഞ്ഞു ഇവളുടെ അച്ഛൻ തിരിച്ചു ഗൾഫിനു പോയി. ഇവർ അദ്ദേഹത്തിന്റെ വീട്ടിലും. ഇവർ അവിടെ നിൽക്കുന്ന കൊണ്ടു പുള്ളി എപ്പോഴും അമ്മയുടെ പേരിൽ ആണ് പണം അയക്കുന്നത്. ഇവർക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടേൽ അമ്മയോട് ചോദിക്കണം. അവളുടെ അമ്മ പരാതികൾ ഒന്നും ഇല്ലാത്ത സാധു സ്ത്രീ ആയിരുന്നു.അവർക്ക് അങ്ങനെ ആവിശ്യങ്ങൾ ഒന്നും ഇല്ലാത്ത കൊണ്ട് പരാതികൾ ഒന്നും ഇല്ലാതെ കാലം കഴിഞ്ഞു പോയി.കുറച്ചു കഴിഞ്ഞു ഇവൾ ജനിച്ചപ്പോൾ ആണ് ഇവളുടെ അമ്മ കുറച്ചു പൈസ എന്റെ പേരിൽ കൂടി അയക്കമോ എന്ന് ചോദിച്ചു തുടങ്ങിയത്. കാരണം കൊച്ചിന് നാരങ്ങ മിഠായി വാങ്ങണേൽ പോലും അമ്മയോട് ചോദിക്കണം. പക്ഷെ ഇത്രേം കാലം അമ്മ അല്ലേ എല്ലാം നോക്കിയത്. ഇനി ഭാര്യയുടെ പേരിൽ പണം അയച്ചാൽ അതു തലയിണ മന്ത്രം ആണെന്ന് പറയും അത്രേ. പിന്നെ പുള്ളിയുടെ കൂടെ വർക്ക്‌ ചെയ്തിരുന്ന ആരോ ഭാര്യയുടെ പേരിൽ പണം അയച്ചിട്ട് ആ പണം കൊണ്ട് ഭാര്യ അവസാനം ഒളിച്ചോടി പോയത്രേ.അതോണ്ട് ഇപ്പോൾ പോകുന്ന പോലെ പോയാൽ മതിയത്രേ.

ഇതിനിടയിൽ അനിയൻമ്മാർ പഠിച്ചു ഗവ ജോലി ഒക്കെ വാങ്ങി വേറെ വീട് വെച്ചു. ആ വീട് വാടകക്ക് കൊടുത്തിട്ടു തറവാട് വീട്ടിൽ ഇവളുടെ അച്ഛന്റെ ചിലവിൽ ആണ് കഴിയുന്നത്. അനിയൻമ്മാരുടെ പിള്ളേർ നല്ല ഉടുപ്പ് ഒക്കെ ഇട്ടു വരുമ്പോൾ ഇവളും അനിയത്തിയും നരച്ച ഉടുപ്പ് ഇട്ട് ആണ് വരിക.അഞ്ചോ ആറോ വർഷം കൂടുമ്പോൾ ഇവളുടെ അച്ഛൻ വരുമ്പോൾ ആണ് ഡ്രസ്സ്‌ എടുക്കുക. പാകമാകാത്തതും എത്താതുമായ ഉടുപ്പുകൾ ശരീരത്തിൽ ഇടം പിടിച്ചതോടെ അവൾ ബുധനാഴ്ചകളെയും വളർച്ചയെയും വെറുത്തു.അവൾ പ്ലസ് ടു കഴിഞ്ഞു നിൽകുമ്പോൾ ആണ് അച്ഛൻ പെട്ടെന്ന് പെട്ടെന്ന് മരിക്കുന്നത്. അച്ഛന്റെ പേരിൽ ഇൻഷുറൻസ് ഉണ്ടായിരുന്നുയെങ്കിലും അതിന്റെ നോമിനി ഇവളുടെ അമ്മ ആയിരുന്നില്ല. പുള്ളിയുടെ മാതാവ് ആയിരുന്നു.അച്ഛൻ പെങ്ങളുടെ മകൾക്ക് ഏതോ സ്കൂളിൽ പഠിപ്പിക്കാൻ കിട്ടി അത്രേ. അതിനു കൊടുക്കാൻ ഉള്ള പണം ആണ് അത്രേ. ഇവളുടെ അച്ഛന്റെ കാശ് ഇവർക്ക് അവകാശപെട്ടത് ആണെന്ന് പറഞ്ഞു ഇവൾ ബഹളം വെച്ചു എങ്കിലും ഇവർക്ക് ഉള്ളത് ആണേൽ ഇവളുടെ അമ്മയുടെ പേരിൽ ഇട്ടേനെ എന്ന് പറഞ്ഞു വാ അടപ്പിച്ചു.ഇവൾ പൈസ ചോദിച്ചതോടെ ഇവളും അമ്മയും അനിയത്തിയും അധികപറ്റ് ആവാൻ തുടങ്ങി.മുറുമുറുപ്പ്കൾ ആയി.

ഇവളുടെ അമ്മ അന്ന് വരെ ജോലിക്ക് ഒന്നും പോകാത്ത കൊണ്ടും വിദ്യാഭ്യാസം ഇല്ലാത്ത കൊണ്ടും എന്ത്‌ ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഒടുവിൽ ഇവൾ കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങി. അതോടെ വീട്ടിൽ വല്യ ബഹളം ആയി. അതിന്റെ ഇടയിൽ ഇവർക്ക് വീട്ടിൽ അവകാശം ഒന്നും ഇല്ല എന്ന് പറഞ്ഞു ഇവരെ പുറത്താക്കി.ഒടുവിൽ ഇവർ ഇവൾ ട്യൂഷൻ എടുക്കുന്ന കുട്ടിയുടെ വീടിന്റെ ടെറസിലോട്ട് താമസം മാറാൻ നിർബന്ധിതർ ആയി.വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട കൊണ്ട് ദൂരെ ഉള്ള ഗവ എഞ്ചിനിയർ കോളേജിൽ കിട്ടിയ അഡ്മിഷൻ അവൾ ഉപേക്ഷിച്ചു നാട്ടിലെ ഒരു കോളേജിൽ ചേർന്നു.അവൾ എപ്പോഴും പറയും അമ്മ എപ്പോഴും നല്ല മരുമകളും ഭാര്യയും ആകാൻ നോക്കാതെ കുറച്ചു തന്റേടത്തോടെ കാര്യങ്ങൾ നോക്കിയിരുന്നേൽ ഇന്ന് ഈ വാടക വീട്ടിൽ കഷ്ടപെട്ട് കഴിയേണ്ടി വരില്ലായിരുന്നു എന്ന്. തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്ത്താ അച്ഛനോട് ഉള്ള ദേഷ്യം കാരണം അവളും അനിയത്തിയും പേരിൽ നിന്നും അച്ഛനെ വെട്ടിമാറ്റിയിരുന്നു.

എഴുതിയത് : വെള്ളാരം കുന്നിലെ രാജകുമാരി