പഴ്സിൽ നിന്ന് ദിവസവും പണം കളവ് പോകുന്നു ആദ്യം ഭാര്യ എന്ന് കരുതി പക്ഷെ മകൻ ആയിരുന്നു ദിവസവും പൈസ എടുത്തു ബേക്കറിയിൽ കയറി എന്തോ വാങ്ങിയ ശേഷം അവൻ ഓടുന്നു ഒടുവിൽ

EDITOR

കുറച്ചു ദിവസങ്ങളായി തുടങ്ങിയ സംശയമാണ്.എന്റെ പഴ്സിൽ നിന്ന് പൈസ കളവു പോകുന്നുണ്ട്.സാധാരണയായി എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ ബാക്കി കിട്ടുന്ന പത്തിന്റെ നോട്ടുകൾ കൃത്യമായി എണ്ണി വയ്ക്കുമെങ്കിലും അത് എത്രയുണ്ട് എന്ന് പിന്നീട് ഓർത്തു വയ്ക്കാറില്ല.അത് കൊണ്ട് ഈ കളവു ഞാൻ ആദ്യമൊന്നും അറിഞ്ഞിരുന്നില്ല.പിന്നീട് മനസിലായി ദിവസവും പൈസ മോഷ്ടിക്കപെടുന്നുണ്ട്. പത്തു രൂപയിൽ കൂടുതലും ഇല്ല കുറവും ഇല്ല.വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യക്ക് ഈ ശീലമുണ്ടായിരുന്നത് കൊണ്ട് അത്ര കാര്യമാക്കിയില്ല.അങ്ങനെ സ്വരുക്കൂട്ടിയ പൈസകൊണ്ടാണ് ആദ്യ വിവാഹ വാർഷികത്തിന് എനിക്ക് ഒരു സമ്മാനം വാങ്ങി തന്നത്.അതുകൊണ്ടു തന്നെ അത് അറിഞ്ഞില്ലാന്നു നടിച്ചു.
പക്ഷെ പിന്നൊരു ദിവസം അത്യാവശ്യകാര്യത്തിന് നോക്കിയപ്പോൾ അന്നും മോഷണം നടന്നിരിക്കുന്നു .എന്റെ കയ്യിലാണെങ്കിൽ വേറെ ചില്ലറ ഒന്നുമില്ലതാനും.അന്ന് ഞാനൊരുപാട് വലഞ്ഞു.ആ ദേഷ്യമെല്ലാം അന്ന് രാത്രി ഭാര്യയോട് തീർത്തു.കാര്യമെന്തെന്നറിയാതെ ആ പാവം ഞാൻ പറഞ്ഞ തെറിയെല്ലാം കേട്ടു.കുറെ കഴിഞ്ഞപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

പിന്നെ അവളുടെ പരിഭവം തീർക്കാനായി സ്നേഹത്തോടെ പറഞ്ഞു “നിനക്ക് പൈസ വല്ലതും വേണമെങ്കിൽ പറഞ്ഞാൽ പോരെ ഞാൻ തരില്ലേ…. ?അത് കേട്ടതും മുഖം വീർപ്പിച്ചിരുന്ന അവൾ ചിരിച്ചു പോയി “പറയാത്തൊരു താമസമല്ലേ ഉള്ളു
പക്ഷെ പിന്നീട് അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ വല്ലാതായി.അവൾ പൈസ എടുത്തിട്ടില്ലത്രെ മാത്രമല്ല ഇപ്പോൾ ചെറുതാണെങ്കിലും ഒരു ജോലി കിട്ടിയത് കൊണ്ട് അതിന്റെ ആവശ്യവും അവൾക്കില്ലെന്ന്.ഞാനവളോട് പറഞ്ഞു കഴിഞ്ഞ കുറെ നാളുകളായി എന്റെ പേഴ്സിൽ നിന്നും പതിവായി പത്തു രൂപ കളവു പോകുന്നു എന്ന്.അവൾ പൈസ എടുക്കാറില്ല എന്ന് തീർത്തു പറഞ്ഞപ്പോഴാണ് എന്റെ സംശയം അച്ചുവിലേക്കു നീണ്ടത്.അച്ചു ഞങ്ങളുടെ മകനാണ്.ഞങ്ങളുടെ വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.പഠനത്തിൽ അല്പം മോശമാണെങ്കിലും യാതൊരു വികൃതിയും കാണിക്കാത്ത ഒരു കുട്ടിയാണ് അവൻ .ഇന്നുവരെ ഒരു കളിപ്പാട്ടം പോലും വേണമെന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ല.എല്ലാം ഞങ്ങളറിഞ്ഞു തന്നെ വാങ്ങികൊടുക്കാറാണ് പതിവ് അങ്ങനെയുള്ള അവനെന്തിനായിരിക്കും പൈസ.

ഞാൻ ചിന്തിച്ചു.ഭാര്യ ഇത് കേട്ടയുടനെ സർക്കാർ സ്കൂളിൽ പോയി കുട്ടി വേണ്ടാത്ത ശീലങ്ങളെല്ലാം പഠിച്ചത്എന്നും പറഞ്ഞു എന്നോട് കലി തുള്ളാൻ തുടങ്ങി.കുട്ടിയെ സർക്കാർ സ്കൂളിൽ ചേർത്തതു അവൾക്കന്നേ ഇഷ്ടപ്പെട്ടിരുന്നില്ല.സി ബി എസ് ഇ സ്കൂളിൽ അവനെ ചേർക്കണമെന്നായിരുന്നു അവൾക്ക്.ഇപ്പോൾ തന്നെ അവനെ വിളിച്ചു ചോദിക്കാമെന്ന്അവൾ പറഞ്ഞു. ഞങ്ങൾ മൂന്നാളല്ലാതെ വേറെയാരും വീട്ടിൽ ഇല്ല എന്നിട്ടും ഞാൻ പറഞ്ഞു വേണ്ട അവൻ തന്നെയാണോ എന്ന് ഉറപ്പുവരുത്തിയിട്ടു മതി എന്ന് .പിറ്റേന്ന് രാവിലെ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.സ്കൂളിൽ പോകുന്നതിനു മുൻപ് അവൻ എന്റെ പേഴ്സിൽ നിന്നും പൈസ എടുത്തു ഭദ്രമായി അവന്റെ ഒരു പുസ്തകത്തിനകത്തു വെയ്ക്കുന്നത് ഞാൻ കണ്ടു.കൈയ്യോടെ പിടിക്കാം എന്നാണു ഞാൻ ആദ്യം കരുതിയത്. പിന്നെ തോന്നി അവൻ സ്ഥിരമായി പൈസ എടുക്കുന്നത് ഞങ്ങൾ കണ്ടറിഞ്ഞു ചെയ്യാത്ത ഏതോ ഒരു ആവശ്യം അവനുണ്ട് അതെന്താണെന്നു കണ്ടു പിടിക്കണം.എന്നിട്ടു മതി അവനെ തല്ലലും ഗുണദോഷിക്കലും ഒക്കെ എന്ന് ഞാൻ കരുതി.സ്കൂളിലേക്ക് പോകുമ്പോൾ അവനറിയാതെ ഞാൻ അവനെ പിന്തുടരാൻ തുടങ്ങി. ഏകദേശം സ്കൂളിന് സമീപമായപ്പോൾ കൂടെയുള്ള കൂട്ടുകാരിൽ നിന്നും അല്പം പുറകോട്ടു വലിഞ്ഞു നടക്കാൻ തുടങ്ങി പിന്നീട് അവർ കാണാതെ ഒരു ബേക്കറി ഷോപ്പിലേക്ക് അവൻ കയറുന്നതു കണ്ടു.അവിടെ നിന്നും എന്തോ വാങ്ങിച്ചിട്ടു ഓടാൻ തുടങ്ങി.സ്കൂൾ കവാടം എത്തിയിട്ടും ഓട്ടം നിർത്തിയില്ല.ഞാനും പുറകെ വെച്ച് പിടിച്ചു.സ്കൂളിനും ഏകദേശം നൂറു മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുൻപിലാണ് അവൻ നിന്നത്.കരുണ എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ആ വലിയ ഗേറ്റിന്റെ അഴികൾക്കുള്ളിൽ “ദൈവത്തിന്റെ സന്തതികൾ” എന്ന് വിളിപ്പേരുള്ള കുറച്ചു കുരുന്നുകൾ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കവുമായി അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു.

എഴുതിയത് : നിബൂൺസാബു കുളമട