എന്തിനാണ് ഇങ്ങനെ പുകവലിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞത് ഇതൊക്കെ എന്റെ അച്ഛൻ അറിയണം അയാൾ ആണ് എന്റെ ജീവിതം നശിപ്പിച്ചത് കുറിപ്പ്

EDITOR

പണ്ട് ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്നപ്പോൾ റൂം ഷെയർ ചെയ്തിരുന്നത് മറ്റു രണ്ട് പേരോടൊപ്പമായിരുന്നു.ഒരു ബോംബെക്കാരനും പിന്നെയൊരു ഗഡ് വാളിയും ഹിമാചൽ പ്രദേശ് ഒരൊറ്റ മിനുട്ട് മിണ്ടാതിരിക്കാത്ത ബോംബെക്കാരനും അന്തർമുഖനായ ഞാനും. റൂമിലെത്തിയാൽ ഒരു അര മണിക്കൂറെങ്കിലും സംസാരിക്കും. എന്നാൽ മൂന്നാമൻ ചിരിച്ചു കൊണ്ട് അവിടെവിടേലും കാണും. ഒരക്ഷരം മിണ്ടില്ല, ജോലി കഴിഞ്ഞാൽ നേരെ റൂം. ഒരാളോടും പേരിനു പോലും സൗഹൃദമില്ല.എന്നോടൊപ്പം ബാറിലായിരുന്നു ജോലിയെങ്കിലും കസ്റ്റമേഴ്‌സിന്റെ പുകവലി കാരണം കാൻസർ വരും എന്ന് പറഞ്ഞ് റെസ്റ്റോറന്റ് ലേക്ക് മാറ്റം വാങ്ങിച്ചു.പുകവലിയില്ല, കള്ളു കുടിയില്ല, ആരോടും സംസാരിക്കില്ല. കൂടാതെ നല്ല ദൈവ വിശ്വാസിയും. രാവിലെ എണീച്ചു കുളിച്ചു പ്രാത്ഥിച്ചു സൂര്യ നമസ്കാരം കൂടി ചെയ്തേ ജോലിക്ക് പോകുള്ളൂ.ഒരു ദിവസം ഇവനെ കാണാൻ നാട്ടിൽ നിന്നാരോ വന്നു.പുറത്ത് പോയി അയാളോട് സംസാരിച്ച ഇവൻ തിരിച്ചു വന്ന ഉടനെ ചെയ്തത് അവന്റെ തന്നെ തല കണ്ണാടിക്കടിച്ചു പൊട്ടിക്കുകയാണ്.പിന്നേ ആ റൂമിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ എറിഞ്ഞുടച്ചു.

സമാധാനിപ്പിക്കാൻ വന്ന ബോംബെക്കാരനെ കഴുത്തിനു പിടിച്ചു കൊല്ലാൻ നോക്കി. അടി കണ്ടാൽ ആ ഭാഗത്തു തിരിഞ്ഞു നോക്കാത്ത ഒരാളാണ് ഞാൻ. എന്നാലും എന്റെ സാധനങ്ങൾ കൂടി എടുത്തെറിയാൻ തുടങ്ങിയതോടെ അടുത്ത റൂമിൽ നിന്നും ആളെ കൂട്ടി വന്ന് ഇവനെ കെട്ടിയിട്ടു. പിന്നീട് താഴെ പോയി അവന്റെ നാട്ടുകാരനോട് കാര്യം തിരക്കി.പ്രശ്നം ഈ സഹ മുറിയൻ പ്രേമിച്ചിരുന്ന പെൺകുട്ടി വേറെ കല്യാണം കഴിച്ചു പോയി. നാട്ടുകാര്യം പറയുന്നതിനിടയിൽ നാട്ടുകാരൻ അക്കാര്യം കൂടെ പറഞ്ഞതാണ് അവനെ ഇങ്ങനെ വയലന്റ് ആക്കിയത്.അന്നേവരെ അയ്യോ പാവം എന്ന് കരുതിയവന്റെ യഥാർത്ഥ മുഖമാണ് അപ്പൊ കണ്ടത്.ഇന്നതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട്, ആ പെണ്ണിന്റെ കല്യാണ സമയത്ത് ഇവൻ നാട്ടിലുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി ക്രൂരമായി കൊ- ല്ലപ്പെട്ടേനെ.അന്നവനെ ജോലിയിൽ നിന്ന് പുറത്താക്കി, റൂമും കാലിയാക്കി. എങ്ങോട്ട് പോയി എന്ത് സംഭവിച്ചു എന്ന് യാതൊരു വിവരവുമില്ല.പിന്നീടൊരിക്കൽ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു.മുപ്പത് വയസ്സിനു താഴെയാണ് പ്രായമെങ്കിലും അതിലേറെ തോന്നിക്കും. ഒരു ചെയിൻ സ്മോക്കർ ആണ് പുള്ളിക്കാരി.സ്ഥിരമായി ഞങ്ങളുടെ റെസ്റ്റോറന്റ്ന്റെ ബാക്ക് ഏരിയയിൽ വന്ന് പുകച്ചു തള്ളുന്നത് കാണാറുണ്ട്. അങ്ങനെ കുറച്ചു പ്രാവശ്യം കണ്ടപ്പോൾ തമാശക്കൊന്നു ചോദിച്ചു.

എന്തിനാണിങ്ങനെ പുകവലിക്കുന്നതെന്ന്? ഉത്തരം, പെട്ടെന്നു മരിക്കാൻ “എന്നായിരുന്നു!ഞാനൊരു വിളറിയ ചിരി ചിരിച്ചു പിന്മാറിയെങ്കിലും ആ ഉത്തരത്തിൽ എന്തൊക്കെയോ ഉള്ളത് പോലെ തോന്നിയത് കൊണ്ട് കൂടുതൽ അടുത്ത് സംസാരിക്കാൻ ശ്രമിച്ചു.അങ്ങനെ ഒരു ദിവസം അവർ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കെ മുഖമൊക്കെ തടിച്ചു വീങ്ങിയിരിക്കുന്നു. അത് നോക്കി നിന്ന എന്നോട് ഞാനൊന്നും ചോദിക്കാതെ തന്നെ പറഞ്ഞു ‘ഭർത്താവ് തല്ലിയതാ “. എന്തിന് എന്ന മറുചോദ്യത്തിന്,”അതിനങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട, അയാൾക്ക് തോന്നിയാൽ തല്ലും എന്ന മറുപടി. തരിച്ചു നിന്ന എന്നോട് അവളാദ്യമായി മനസ്സ് തുറന്നു. മംഗലാപുരമാണ് സ്വദേശം. ബാംഗ്ലൂരിൽ ഭർത്താവുമായി ജീവിക്കുന്നു. അയാൾ ഒരു കമ്പനിയിൽ അക്കൗണ്ടന്റ്.കല്യാണം കഴിഞ്ഞു 6 വർഷമായി. കുട്ടികളില്ല. ഇവൾക്ക് സ്കൂളിൽ പഠിക്കുമ്പോഴേ ഒരു പ്രേമബന്ധമുണ്ടായിരുന്നു. ഒരേ ജാതിയിൽ പെട്ട അയല്പക്കത്തുള്ള പയ്യൻ. എന്നാൽ കല്യാണ പ്രായമായപ്പോൾ കർക്കശ്ശക്കാരനായ അച്ഛൻ കല്യാണത്തിന് സമ്മതിച്ചില്ല. കാരണം ആ പയ്യൻ സിഗരറ്റ് വലിക്കും. അത്യാവശ്യം കള്ളു കുടിക്കും തീരെ ദൈവ വിശ്വാസവുമില്ല.അവനെ കെട്ടിയാൽ ഞാൻ വീട്ടിൽ കെട്ടിത്തൂങ്ങി ച്ചാകും എന്ന അച്ഛന്റെ വാശിയിൽ ഇവൾക്ക് വേറൊരാളെ കെട്ടേണ്ടി വന്നു. അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരാൾ. കുടിക്കില്ല, വലിയില്ല, അധികം സുഹൃത്തുക്കളില്ല, കൂടാതെ ഒറ്റ മോനും.

അങ്ങനെ കല്യാണം കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പഴയ കാമുകനെ കുറിച്ച് ചോദ്യമായി, തെറി വിളിയായി.കുറച്ചു കഴിഞ്ഞു ദേഹോപദ്രവമായി. അതിനിടെ അയാൾ ബാംഗ്ലൂരിലേക്ക് ജോലി മാറി. അതിനു ശേഷം എന്നും തല്ലാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ല. രാത്രി ആയാൽ തല്ലണം.ചിലപ്പോൾ കെട്ടിയിട്ടൊക്കെ തല്ലും. മദ്യപിക്കില്ല,പച്ചക്കാണ്.രാവിലെ വരെ ബാത്‌റൂമിൽ പൂട്ടിയിടും.ഉറക്കത്തു മുടി മുറിക്കും. അങ്ങനെ പല രീതിയിലുള്ള പീഡനങ്ങൾ. ഇതൊക്കെ കേട്ട് തരിച്ചു പോയ ഞാൻ സ്വാഭാവികമായും ചോദിച്ചു നിങ്ങൾക്കിതൊന്നു വേണ്ടാന്ന് വെച്ചൂടെ? ജോലിയുണ്ടല്ലോ “?പുകയൂതി വിടുന്നതിടയിൽ ഒരു ചിരി ചിരിച്ചവള് പറഞ്ഞു.”ഇല്ല, ഇതൊക്കെ എന്റെ അച്ഛൻ അറിയണം, സംഭവിക്കുന്നതൊക്കെ അതേ പോലെ അച്ഛനോട് പറയാറുണ്ട് എന്തിനാന്നറിയോ? അച്ഛൻ “എന്ന അയാളുടെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കിയത് എന്റെ ജീവിതമാണ്. ഞാൻ കാരണമാണല്ലോ എന്റെ മകൾക്കീ ഗതി വന്നത് “എന്ന കൊടും കുറ്റബോധത്തോടെ അയാൾ മരിക്കണം.”അതിനു ശേഷം ഒരു പക്ഷെ ഞാനാ- ത്മഹത്യ ചെയ്യും. അല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഓടിപ്പോകും.പണ്ടൊരു തബ്ലീഗ്കാരനെ കെട്ടിയ പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് ഇവിടെത്തന്നെ വായിച്ചായിരുന്നു.

ഒരേ വീട്ടിൽ താമസിക്കുന്ന ഭർത്താവിന്റെ അനിയനെ കാണാൻ പാടില്ല. അളിയന്റെ മുന്നിൽ നിൽക്കുമ്പോൾ പോലും മുഖം മറക്കണം ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ “അന്യ പുരുഷന്മാർ “ഉള്ളത് കൊണ്ട് വീട്ടിൽ പോലും പർദ്ദ മാത്രമല്ല, നിക്കാബും ധരിക്കണം. ടീവി യില്ല, നെറ്റില്ല, സഹൃത്തുക്കളോട് മിണ്ടരുത്. ഒറ്റക്ക് പുറത്തിറങ്ങരുത്.ഒന്നാലോചിച്ചു നോക്കിയേ. സ്വന്തം(ഭർത്താവിന്റെ )വീട്ടിൽ ദേഹമാസകാലം മൂടിക്കെട്ടി നടക്കേണ്ട അവസ്ഥ! രസകരം ആ ഭർത്താവും അയാളുടെ ബാപ്പയും ഉന്നത വിദ്യാഭ്യാസമുള്ളവരാമായിരുന്നു സമൂഹം തങ്കപ്പെട്ട പയ്യൻ എന്നും ഒരു ദുശീലവുമില്ലാത്ത ഭയ ഭക്തിയുള്ള,അധികം കൂട്ടുകെട്ടില്ലാത്ത അവനവന്റെ കാര്യം നോക്കി ജീവിക്കുന്ന നല്ല ചെറുപ്പക്കാരൻ എന്നൊക്കെ സമൂഹം കാണുന്ന മൂന്നു വ്യക്തികളാണ് മുകളിൽ പറഞ്ഞ പുരുഷന്മാർ . സെക്കന്റ്‌ ഷോ കഴിഞ്‌ അല്ലെങ്കിൽ അമ്പലത്തിലെ പൂരം കണ്ട് സുഹൃത്തുക്കളോടൊപ്പം കൂടി കറങ്ങിത്തിരിഞ്ഞു പാതി രാത്രി വീട്ടിലെത്തുന്ന ഓരോ ചെറുപ്പക്കാരും കേട്ട് കാണും അച്ഛനമ്മമാരുടെ ഈ ഡയലോഗ്.”അവനെ കണ്ടു പഠിക്കടാ, അവനും നിന്റെ പ്രായമല്ലേയുള്ളൂ. ആറു മണിയായാൽ അവൻ വീട്ടിലെത്തും.

അനാവശ്യമായ ഒരു കമ്പനിയുമില്ല.ചൂണ്ടിക്കാണിക്കാൻ ഇത് പോലൊരു തെണ്ടി എല്ലാ നാട്ടിലും ഉണ്ടാവുകയും ചെയ്യും കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ അനുഭവത്തിൽ നിന്ന് പറയട്ടെ. ഇത് പോലുള്ള,ക- ള്ളു കുടിക്കാത്ത, പു- കവലിക്കാത്ത, കമ്പനി കൂടാത്ത മനുഷ്യരെ കണ്ടല്ല നമ്മുടെ മക്കൾ പഠിക്കേണ്ടത്. നമ്മുടെ മക്കൾ ഇങ്ങനെ വളരുന്നുണ്ടെങ്കിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നിസ്സാര കാര്യത്തിന് കാമുകിമാരെ കൊ- ല്ലാൻ തോന്നുന്നവർ, അച്ഛനമ്മമാർക്ക് നേരെ വാളോങ്ങുന്നവർ ഇത്തരം മനുഷ്യരായിരിക്കും.നമ്മൾ വെറും സാധു എന്ന് കരുതി സഹതപിക്കുന്ന പലരുടെയും മനസ്സിൽ നമ്മള് കാണാത്ത വേറൊരു മനുഷ്യരുണ്ടാകും. അവസരത്തിനു വേണ്ടി ക-ത്തിക്ക് മൂർച്ച കൂട്ടി കാത്തിരിക്കുന്ന യഥാർത്ഥ സൈക്കോകൾ.പത്രവാർത്തകളിൽ ഒന്ന് കണ്ണോടിച്ചു നോക്കൂ. നല്ല സൗഹൃദമുള്ള, സാമൂഹിക ബന്ധം സൂക്ഷിക്കുന്ന മനുഷ്യരായിരിക്കില്ല അവർ. തുറന്നു സംസാരിക്കാൻ ഒരു സൗഹൃദമെങ്കിലുമുള്ള ഒരു മനുഷ്യനും ഒരു പെൺകുട്ടിക്ക് നേരെ കത്തിയോങ്ങാൻ സാധിക്കില്ല.നമ്മുടെ മക്കൾ ആരോടൊക്കെയാണ് കൂട്ടു കൂടുന്നത് എന്ന് നോക്കുന്നതിനോടൊപ്പം അവൻ ഒരാളോടൊപ്പമെങ്കിലും കൂട്ടു കൂടുന്നുണ്ടോ എന്ന് കൂടി നമ്മൾ നോക്കേണ്ടതുണ്ട്. അവർ നമ്മുടെ മക്കൾ മാത്രമല്ല, ഒരു സാമൂഹ്യ ജീവി കൂടി ആണെന്നുള്ള ബോധം മാതാപിതാക്കൾക്കുണ്ടാകണം. അടച്ചു പൂട്ടി വളർത്തുകയല്ല. തുറന്നു വിടുകയാണ് ചെയ്യേണ്ടത്. സമൂഹത്തെ അറിയാത്ത, മനുഷ്യരുമായി ഇടപഴകാത്ത, എതിർലിംഗത്തിലുള്ള സുഹൃത്തുക്കളില്ലാത്ത മനുഷ്യരിലാണ് സൈക്കോകൾ പിറവിയെടുക്കുന്നത്.

എഴുതിയത് : നൗഷാദ്