ഒരു ചെറിയ സാധനം ഇറക്കാൻ പ്രമുഖ ചുമട്ടു തൊഴിലാളികൾ ചോദിച്ചത് 45000 പോലീസിനെ വിളിച്ചു ശേഷം സംഭവിച്ചത്

EDITOR

കഴിഞ്ഞ മാസം കേരളത്തിലെ ഒരു പ്രമുഖ നഗരത്തിലെ ചുമട്ട് തൊഴിലാളികളിൽ നിന്ന് വളരെ മോശമായ ഒരു അനുഭവം ആണ് ഉണ്ടായത്. ക്രയിൻ ഉപയോഗിച്ച് മാത്രം ഇറക്കാൻ കഴിയുന്ന വലിയ ഒരു മെഷിനറി ട്രക്കിൽ വന്നു. അതേ വർക്ക് സൈറ്റിൽ തന്നെ ഉണ്ടായിരുന്ന ക്രയിൻ ഉടമയുമായി സംസാരിച്ച് 8000 രൂപയ്ക് ഇറക്കാമെന്ന ധാരണയിൽ എത്തി. അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന ചുമട്ട് തൊഴികാളികൾ രംഗത്ത് വരുന്നത്. ലോഡ് ഇറക്കാനുള്ള അവകാശം അവർക്ക് ആണ് അവരേ ഇറക്കൂ എന്ന്.ഇവർ വന്നതോടെ തൊഴിലാളികളെ പിണക്കി ഈ ലോഡ് ഇറക്കാൻ പറ്റില്ല, ഇവർ ഇവിടെ നിന്ന് ക്രയിൻ പോകാൻ സമ്മതിക്കില്ല എനിക്ക് ഈ നാട്ടിൽ ജീവിക്കണ്ടതാണ് എന്നൊക്കെ പറഞ്ഞ് ക്രയിൻ ഉടമ പിൻവാങ്ങി.എന്തായാലും തൊഴിലാളികളെ പിണക്കേണ്ട, ഇനി യൂണിയൻകാർക്ക് വല്ല ക്രയിൻ ഏജൻസികളുമായി ലിങ്ക് ഉണ്ടാകാം.

അവർക്ക് ഇടനിലക്കാരായി നിൽക്കുന്നതിൽ വല്ല കമ്മീഷനും കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്നു കരുതി നേതാക്കന്മാരോട് സംസാരിച്ചു. നിങ്ങൾ തന്നെ ക്രയിൻ അറേഞ്ച് ചെയ്തോളൂ, ചാർജ് തരാം എന്നു പറഞ്ഞു. അവർ ഏതൊക്കെയോ ക്രയിനുകാരുമായി സംസാരിക്കുകയും കൂടിയാലോചിക്കുകയുമൊക്കെ ചെയ്തതിനു ശേഷം പറഞ്ഞ റേറ്റ് കേട്ട് ഞെട്ടിപ്പോയി 45000 രൂപ. ഇത്രയും ഇല്ലാതെ ലോഡ് ഇറക്കാൻ പറ്റില്ല, മറ്റാരെക്കൊണ്ടും ഇറക്കാനും സമ്മതിക്കില്ല എന്ന പിടിവാശി. വളരെ സൗമ്യമായി നിങ്ങൾ ഈ ചെയ്യുന്നത് ശരിയല്ല, ഇത് നോക്ക് കൂലിയുടെ മറ്റൊരു രൂപമാണ്, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഭീഷണി ആയി. “സാറേ ഞങ്ങൾക്ക് വേറേ പണി ഒന്നും അറിയില്ല, ഇപ്പോൾ തന്നെ കുറേ കേസുകൾ ഉണ്ട് അതിന്റെ കൂടെ ഒരു കേസ് കൂടി ആയാലും പ്രത്യേകിച്ച് ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഞങ്ങൾ ജയിലിൽ പോകാനും റഡിയാണ്,

പക്ഷേ സാറിനും അതനുസരിച്ച് നഷ്ടങ്ങൾ ഉണ്ടാകും പറഞ്ഞില്ലെന്ന് വേണ്ട”. ഇത്രയുമൊക്കെ ആയപ്പോഴേക്കും പോലീസ് സഹായം ഇല്ലാതെ കാര്യം നടക്കില്ലെന്ന് മനസ്സിലായി , സഥലം സി ഐയും കുറേ പോലീസുകാരും കൂടി വന്നു. പോലീസുകാർ ക്രയിൻകാരനെ വിളിച്ച് ലോഡ് ഇറക്കാൻ പറഞ്ഞു. ക്രയിൻ ഉടമ തൊഴിലാളികളുടെ ഭീഷണിക്കാര്യം പറഞ്ഞുകൊണ്ട് അപ്പോഴും തയ്യാറായില്ല. പോലീസ് പല രീതിയിൽ പറഞ്ഞ് നോക്കിയിട്ടും യൂണിയൻകാരും വഴങ്ങുന്നില്ല. അവസാനം പറഞ്ഞ് പറഞ്ഞ് മൂന്ന് യൂണിയൻകാർക്കും കൂടി 2000 രൂപ വച്ച് മൊത്തം 6000 രൂപ നൽകേണ്ടി വന്നു.ക്രയിൻ ചാർജും ഉൾപ്പെടെ 14000 രൂപയ്ക് ലോഡ് ഇറക്കി.

ഇങ്ങനെയൊക്കെ ഉള്ള സാഹചര്യത്തിൽ എങ്ങിനെയാണ് നമ്മുടെ നാട്ടിൽ ഒരു വ്യവസായമോ മറ്റ് ബിസിനസ്സുകളോ ഒക്കെ മുന്നോട്ട് കൊണ്ടുപോകാൻ ആവുക? എത്രകാലം ഇവരോട് മല്ലിട്ട് ജീവിക്കാനാകും? എന്തുകൊണ്ടാണ് ചുമട്ട് തൊഴിലാളികൾക്ക് മാത്രമായി ഒരു പ്രിവിലേജ്? സാങ്കേതിക വിദ്യകൾ പുരോഗമിച്ചതിനനുസരിച്ച് തൊഴിൽ നഷ്ടം ഉണ്ടായവരും തൊഴിൽ മേഖലകളിൽ മാറ്റം വരുത്തിയവരും എല്ലാ മേഖലകളിലും ഉണ്ട്. ചുമട്ട് തൊഴിലാളികളും അവരുടെ യൂണിയനുകളും കാലോചിതമായി മാറാൻ തയ്യാറാകണം.ഫോർക്ക് ലിഫ്റ്റ്, ക്രയിൻ തുടങ്ങിയവയൊക്കെ വാങ്ങിയോ വാടകയ്കോ എടുത്ത് ജോലികൾ യന്ത്രവത്കരിക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറാകണം. സർക്കാർ അതിനു വേണ്ട സഹായങ്ങൾ ചെയ്യണം.എസ് ടി ഡി ബൂത്ത് നടത്തിയിരുന്നവർക്ക് ശക്തമായ യൂണിയൻ ഇല്ലാതിരുന്നത് ഭാഗ്യമെന്നേ കരുതാനാകൂ അല്ലെങ്കിൽ മൊബൈൽ ഫോൺ വിളികൾക്കും നോക്കു കൂലി നൽകേണ്ട ഗതികേട് ഉണ്ടാകുമായിരുന്നു.
എഴുതിയത് : സുജിത് കുമാർ