അപകട സ്ഥലത്തു നിന്ന് രോഗിയെ ആശുപത്രിയിൽ എത്തിച്ചു ശേഷം സ്ഥലം പരിശോധിച്ചപ്പോ ഞെട്ടി ഒരു കാൽവിരൽ അറ്റു കിടക്കുന്നു ശേഷം ചെയ്തത് കയ്യടി

EDITOR

ഇന്നലെ രാത്രി മണ്ണുത്തി നടത്തറ ദേശീയപാതയിൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപം ഒരു വാഹനാപകടം നടന്ന വിവരം മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് ആരോ ടെലഫോൺ വിളിച്ച് അറിയിച്ചു.മണ്ണുത്തി ഭാഗത്ത് റോഡപകടങ്ങൾ കൂടുതലായി സംഭവിക്കുന്നതിനാൽ ഹൈവേ പോലീസിന്റെ ആമ്പുലൻസ് മണ്ണുത്തി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ, ആമ്പുലൻസ് അവിടേക്ക് എത്തുകയും, അപകടത്തിനിരയായ വ്യക്തിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടവിവരമറിഞ്ഞ് പിന്നാലെ ഹൈവേ പോലീസ് പട്രോളിങ്ങ് വാഹനവും അവിടേക്ക് എത്തുകയുണ്ടായി.സമയം രാത്രി 8 മണി ആയിരുന്നു. മണ്ണുത്തി- നടത്തറ ദേശീയ പാതയോട് ചേർന്ന് സർവ്വീസ് റോഡിനു സമീപം ചായക്കട നടത്തുന്ന ശ്രീകൃഷ്ണനഗർ കല്ലുവേലി വീട്ടിൽ രാജനാണ് അപകടത്തിൽ പരിക്കേറ്റത്. അതുവഴി പോയിരുന്ന ഒരു ടോറസ് ലോറി, രാജന്റെ കാൽപാദത്തിലൂടെ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ രാജനെ, അവിടെയെത്തിയ പോലീസ് ആമ്പുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, അപകട സ്ഥലത്തെത്തിയ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ. മധുവും സംഘവും ടോർച്ച് തെളിയിച്ച് അവിടെയാകെ പരിശോധിച്ചു. അപ്പോഴാണ് ചോരപുരണ്ട ഒരു ചെരിപ്പ് അവിടെ കിടക്കുന്നത് കണ്ടത്. അപ്പോഴാണ് ചെരിപ്പില്‍ ഒരു കാൽ വിരൽ അറ്റുകിടക്കുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. പോലീസുദ്യോഗസ്ഥർ ഉടൻ തന്നെ ആമ്പുലൻസ് ഡ്രൈവറെ വിളിച്ചു.തൃശൂർ നഗരത്തിലെ ഒരു ആശുപത്രിയിലാണ് അപകടത്തിൽ പെട്ടയാളെ എത്തിച്ചിരിക്കുന്നത് ആമ്പുലൻസ് ഡ്രൈവർ അറിയിച്ചു. ഉടൻ തന്നെ, സബ് ഇൻസ്പെക്ടർ മധു, ആശുപത്രിയിലെ ഡോക്ടറെ, ഫോണിൽ ബന്ധപ്പെട്ട്, അപകടത്തിൽപെട്ടയാളുടെ കാൽ വിരൽ ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി.

ഉടൻ തന്നെ, കാൽ വിരൽ, ഐസ് ക്യൂബ് നിറച്ച ഒരു പോളിത്തീൻ ബാഗിൽ ഇടുന്നതിനും എത്രയും പെട്ടെന്ന്, ആശുപത്രിയിലെത്തിക്കുന്നതിനും നിർദ്ദേശിച്ചു.ഡോക്ടറുടെ നിർദ്ദേശപ്രകാരം പോലീസുദ്യോഗസ്ഥർ ഉടൻ തന്നെ, അൽപ്പം അകലെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഐസ് ക്യൂബുകളും, പോളിത്തീൻ കവറും സംഘടിപ്പിച്ചു. എത്രയും വേഗം ഹൈവേ പോലീസ് വാഹനത്തിൽ അവർ ആശുപത്രിയിലെത്തുകയും, രോഗിയുടെ അറ്റുപോയ കാലിൽ ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കുന്നതിന് സാധിക്കുകയും ചെയ്തു.പോലീസുദ്യോഗസ്ഥരുടെ കൃത്യവും, സമയനഷ്ടമില്ലാതെ കാര്യക്ഷമവും ഉത്തരവാദിത്വമുള്ള ഡ്യൂട്ടിനിർവ്വഹണത്തിലൂടെയാണ് വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതും, അപകടത്തിൽ അറ്റുപോയ കാൽവിരൽ കണ്ടെത്തി, ആശുപത്രിയിലെത്തിച്ച് തുന്നിച്ചേർക്കാൻ സാധിച്ചതും.മാതൃകാപരമായി ഡ്യൂട്ടി നിർവ്വഹിച്ച മണ്ണുത്തി ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ. മധു, സിവിൽ പോലീസ് ഓഫീസർമാരായ വി.സി.രജീഷ്, കെ.പി ജിന്റോ, പി. സജിത്ത്, വി. രാഹുൽ, പി.ആർ ഗോകുൽ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.