കക്കൂസ് എവിടെയായാലെന്ത് ഉപയോഗിക്കാനാവണം എന്നതാണ് സിദ്ധാന്തം പക്ഷെ ക്ലോസെറ്റ് തെക്ക് വടക്കേ വക്കാവൂ അത് കട്ടായം കുറിപ്പ്

EDITOR

ഒരിക്കൽ എഴുതിയതാണിവിടെ ക്ലോസെറ്റ് വക്കുന്ന ദിശയെപ്പറ്റി.സ്ഥല പരിമിതിയുള്ളയിടമാണ് അവിടൊരു ക്ലോസെറ്റ് വക്കണം.ഉടമസ്ഥന് ക്ലോസെറ്റ് എങ്ങനെ വച്ചാലും പ്രശ്നമില്ല. ഉപയോഗിക്കാനാവണം.ബാത്റൂമിനകത്തേക്കാണ് വാതിൽ തുറക്കേണ്ടതും.അതിനകത്ത് ഒരു ബക്കറ്റ് വക്കണം.അവിടെ നിന്ന് കുളിക്കാനാവണം.അതാണ് അദ്ദേഹത്തിന്റെ ഒരേയൊരു നിർബന്ധം.പ്ലംബർ വന്നു. കിഴക്ക് പടിഞ്ഞാറ് വക്കാമെന്ന് എഞ്ചിനീയർ.പ്ലംബർക്ക് എഞ്ചിനീയറെ ബോധിച്ചില്ല.ഒരു കാരണവശാലും കിഴക്ക് പടിഞ്ഞാറ് ക്ലോസെറ്റ് വക്കാൻ തയ്യാറല്ല. കാരണം അങ്ങനെ വച്ചാൽ വീട്ടുടമക്ക് ദോഷമാണ് മാത്രമല്ല തന്റെ പ്രൊഫഷനെയും ബാധിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ കട്ടായം.ത്രികാലജ്ഞാനിയും തത്വചിന്തകനുമായ വീട്ടുടമക്ക് ദോഷം എന്ന വാക്ക് കേട്ടപ്പഴേ കലികയറി.ഞാനങ്ങ് സഹിച്ചു. ഇന്നാട്ടിൽ ദോഷമില്ലാത്തവരാരുണ്ടെന്ന് പ്ലംബറോട് തർക്കിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.പ്ലംബർ ഒന്നും മിണ്ടാതെ നിന്നു.വണ്ടിയിടിച്ചു മരിക്കുക. രോഗമുണ്ടാകുക ലോട്ടറി അടിക്കാതിരിക്കുക.

പാ മ്പ് കടിക്കുക ബൈക്കിൽ പോകുമ്പോൾ പട്ടി കുറുകെ ചാടി വീണ് മരി -ക്കുക കടം കേറുക ഉള്ള ജോലി നഷ്ടപ്പെടുക വരുമാനവും പണവുമില്ലാതെ രോഗം വന്ന് നരകിക്കുക. വിവാഹം നടക്കാതെ വീട്ടിൽ ചിലർ പുരനിറഞ്ഞ് നിൽക്കുകഇതൊക്കെയാണല്ലൊ പൊതുവിലുള്ള ദോഷങ്ങൾ.ഈ ദോഷങ്ങളെല്ലാം ക്ലോസെറ്റ് കൊണ്ട് തടുക്കാനാവില്ല സഹോദരാ എഞ്ചിനീയർ ഉള്ളിൽ ചിരിക്കുന്നുണ്ട്.പ്ലംബർ വിഷണ്ണനായി നിന്നു.അപകടങ്ങൾ ആർക്കും സംഭവിക്കാം.നാം വീട് വിട്ട് പുറത്തേക്കിറങ്ങിയാൽപിന്നെ പൊതു ഇടങ്ങളാണ്.അവിടെ നാം നമ്മുടെ ജീവനെ സംരക്ഷിക്കണമെങ്കിൽ ജാഗ്രതയാണ് വേണ്ടത്. അതല്ലാതെ വീട്ടിലെ ക്ലോസെറ്റിൽ നിന്ന് പ്രത്യേക വികിരണങ്ങൾ ഉൽപ്പാദിപ്പിച്ച് നമ്മെ സുരക്ഷിതമാക്കി നിർത്തുന്നില്ല സുഹൃത്തെ അതല്ല സാർ ഓരോ വിശ്വാസങ്ങളല്ലേ സാർ ആളുകൾ അങ്ങനെ വിശ്വസിക്കുന്നുണ്ട് എന്തു ചെയ്യാനാ.പ്ലംബർ നിസ്സഹായനായി.പ്ലംബർ പറയുന്നതിലും കാര്യമുണ്ട്.ആളുകൾ അങ്ങനെ വിശ്വസിക്കുന്നുണ്ട് എന്നത് ശരിയാണ്.

അത്തരം വിശ്വാസത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ ? ഉണ്ടാവണമെന്നില്ല.പക്ഷെ അങ്ങനെ വിശ്വസിക്കാനുള്ള അവകാശം ആളുകൾക്കുമുണ്ട്.നമ്മുടെ പ്ലംബർ വിശ്വാസികളുടെ പക്ഷത്താണ്. അങ്ങനെ നിൽക്കാനുള്ള അവകാശം അദ്ദേഹത്തിനുമുണ്ട്.ഈ സമയത്താണ് എഞ്ചിനീയർ അല്ലെങ്കിൽ ഡിസൈനർ ധർമ്മസങ്കടത്തിലാവുന്നത്.പുതുതായ പണി കഴിപ്പിച്ച ഒരു വീട്ടിൽ പോയപ്പോൾ വീടിന്റെ ഇടതു ഭാഗത്ത് സിറ്റൗട്ടിലേക്ക് കേറാം അതിന് തൊട്ട് വലതു ഭാഗത്ത് കക്കൂസും വച്ചിട്ടുണ്ട്.എല്ലാ വഴിയാത്രക്കാർക്കും കക്കൂസ് കാണാം എന്നതാണ് പ്രത്യേകത.പൊതുജന സേവനാർത്ഥംവഴിയാത്രക്കാർക്ക് ശങ്കതീർക്കാനായി മുമ്പിൽ തന്നെ വച്ചതാകുമോ എന്ന സംശയത്താൽ ഞാനത് ചോദിച്ചു.ഏയ് കക്കൂസിന്റെ സ്ഥാനം അവിടെയാണ് എന്നായിരുന്നു മറുപടി.കക്കൂസ് മുമ്പിൽ തന്നെ വക്കുന്നതിൽ എന്താ അപാകത? ഒന്നുമില്ല.കക്കൂസ് എവിടെയായാലെന്ത് ഉപയോഗിക്കാനാവണം എന്നതാണ് സിദ്ധാന്തം. പക്ഷെ ക്ലോസെറ്റ് തെക്ക് വടക്കേ വക്കാവൂ. അത് കട്ടായം.ഇങ്ങനെയൊക്കെയാണ് വിശ്വാസങ്ങളുടെ ഗോളാന്തരയാത്രകൾ.അയ്യായിരം ഉറുപ്പിക കൊടുത്ത് വലംപിരി ശംഖ് വാങ്ങി വീട്ടിൽ വച്ചാൽസർവ്വ ഐശ്വര്യ സമൃദ്ധിയും ലഭിക്കുമെന്ന് വിശ്വസിക്കുന്ന ആളുകളുംശംഖിലൂടെ സമൃദ്ധിയുണ്ടാവില്ലെന്ന്വിശ്വസിച്ച് ശംഖ് വാങ്ങാത്ത ആളുകളുമുണ്ട്.

അത് രണ്ടും വിശ്വാസങ്ങളാണ്.ആദ്യത്തെ കൂട്ടരുടെ വിശ്വാസത്തിന് യാതൊരു അടിത്തറയുമുണ്ടാകില്ലഅവർ ഒരു സാധ്യതയെ മുന്നിൽ കാണുകയും ചെയ്യുന്നു.ശംഖില്ലാത്തതിനാൽ ബിരിയാണി കിട്ടാതെ വരരുതല്ലോ എന്നതാണ് വിശ്വാസിയുടെ യുക്തി.ശംഖിലൂടെ ബിരിയാണി കിട്ടാനുള്ള സാധ്യതയില്ലെന്നും അതിന് ബിരിയാണിയും അത് വാങ്ങാനുള്ള പണവും പണത്തിന് പണിയും പണിയുണ്ടാവണമെങ്കിൽ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ ഒത്തുവരണമെന്നുമാണ് രണ്ടാമത്തെ വിഭാഗം അതായത് വലംപിരി ശംഖ് വാങ്ങാത്ത കൂട്ടർ കരുതുന്നത്.ഈ രണ്ട് കൂട്ടരിൽ ആരുടെ കൂടെ നിൽക്കും ?അല്ലെങ്കിൽ ഇവരിൽ ആരോടൊപ്പം നിന്നാലാണ് ബിരിയാണ് കിട്ടുക എന്ന ചോദ്യത്തിന് തൽക്കാലം എന്റെ കൈയ്യിൽ ഉത്തരമില്ല.മേൽപ്പറഞ്ഞ പ്ലംബർ പക്ഷെ കിഴക്ക് പടിഞ്ഞാറ് ക്ലോസെറ്റ് വക്കാതെ തന്റെ പ്രൊഫഷനെ മോശമായി ബാധിക്കാതിരിക്കാൻ ബുദ്ധിപരമായി ഒഴിഞ്ഞുമാറി.ഏതേലും വിശ്വാസി ബാത്ത്റൂമിൽ കയറി നോക്കിയാൽ ഈ ക്ലോസറ്റ് ആരിങ്ങനെ വച്ചു എന്ന് ചോദിച്ചാൽ തന്റെ പേര് വിശ്വാസി അറിഞ്ഞാൽ പ്രതിഛായക്ക് വലിയ ക്ഷതമായിരിക്കും സംഭവിക്കുക എന്നതാണ് പ്ലംബറുടെ മറ്റൊരു ഭയം.വാൽ:ഈ പ്ലംബർ പാസ്പോർട്ടും വിസയുമെടുത്ത് ഗൾഫിൽപണിയെടുക്കാൻ പോയാൽ അവിടെ ഡോയിംഗിനനുസരിച്ച് എഞ്ചിനീയർ പറയുന്ന ഏത് ദിശയിലും ക്ലോസെറ്റ് വച്ച്മാസാമാസം കിട്ടുന്ന പണം ഡോളറിലാക്കി നാട്ടിലേക്കയച്ച് വീട്ടിൽ നല്ലൊരു ബാത്ത്റൂം പണിയും. അതിൽ പക്ഷേ ക്ലോസെറ്റ് തെക്ക് വടക്കേ വക്കൂ.ഏത് ദിശയിലും ക്ലോസെറ്റ് വച്ച് ഗൾഫിലെ ജോലി നഷ്ടപ്പെടുത്താൻ ആരാണ് തയ്യാറാവുക.

എഴുതിയത് : രാമു ബാലകൃഷ്ണൻ