രാവിലെ എൻജിനീയർ വിളിക്കുന്നു ഒരു പ്രശ്നമുണ്ട് സൈറ്റിൽ ഒരു വാസ്തുവിദ്യക്കാരൻ വന്നു കേറിയിട്ടുണ്ട്. ഇ പ്ലാൻ പണിയാൻ പറ്റില്ല എന്ന് ശേഷം ഞാൻ ചെയ്തതു

EDITOR

സുരേഷ് മഠത്തിൽ വളപ്പിൽ എഴുതുന്നു ഏതാണ്ട് രണ്ടു മാസം മുൻപ് നാട്ടിൽ ഉള്ളപ്പോഴാണ് കായംകുളത്ത് ഞാൻ രൂപകൽപ്പന ചെയ്ത ഒരു വീടിന്റെ സൈറ്റിൽ നിന്നും എൻജിനീയർ ബബിൻ എന്നെ വിളിക്കുന്നത്.ഒരു പ്രശ്നമുണ്ട്. സൈറ്റിൽ ഒരു വാസ്തുവിദ്യക്കാരൻ വന്നു കേറിയിട്ടുണ്ട്. നിലവിലെ പ്ലാനിൽ വീടുവെക്കാൻ പാടില്ലെന്നാണ് അയാൾ പറയുന്നത് വാസ്തുവിദ്യക്കാരൻ എന്ന് കേട്ടതും കഴിച്ചുകൊണ്ടിരുന്ന പുട്ടും പഴവും ബാക്കിവച്ചു ഞാൻ എഴുന്നേറ്റു. ആദ്യം വാസ്തുവിദ്യ, പിന്നെ പുട്ടും പഴവും എന്നാണ് ശാസ്ത്രം.ഏതാണ്ടൊരു ഒന്നൊന്നര വർഷത്തോളം വാസ്തുവിദ്യയുടെ പിന്നാലെ നടന്ന ഒരാളാണ് ഞാൻ.അതിന്റെ ഭാഗമായി കേരളത്തിലെ ഏതാനും പഴയ തറവാടുകളും, കോവിലകങ്ങളും സന്ദർശിക്കുകയും ചെറിയ രീതിയിൽ അവ പഠനവിധേയമാക്കുകയും ചെയ്തിട്ടുമുണ്ട്. വാസ്തുവിലെ സാധ്യമായ നിയമങ്ങൾ അനുസരിച്ചാണ് മേൽപ്പറഞ്ഞ കെട്ടിടം രൂപകൽപ്പന ചെയ്യുകയും ചെയ്തിട്ടുള്ളത്. ഞാൻ ഡിസൈൻ ചെയ്ത രീതിയിൽ ആ വീട് പണിതാൽ എന്താണ് കുഴപ്പം എന്നാണ് അദ്ദേഹം പറയുന്നത് ?

വലിയ ദോഷമാണ്. വീട്ടിൽ ക്യാൻസർ വരെ ഉണ്ടാവാം എന്നാണ് പുള്ളിയുടെ നിഗമനം”സംഗതി അത്രയുമായതോടെ പുട്ടും പഴവും പിന്നേക്കുവച്ചു. ഫോൺ പുള്ളിക്ക് കൊടുക്കാൻ ഞാൻ ബബിനോട് ആവശ്യപ്പെട്ടു. നമസ്കാരം”നമസ്കാരം. ഈ പ്ലാൻ വരച്ചത് നിങ്ങളാണോ ?അതെ, ഞാനാണ് ആ ഭാഗ്യവാൻ അദ്ദേഹത്തിൻറെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. അതായത് വാസ്തുവിദ്യാപരമായ ചില കലാപരിപാടികൾ ഒക്കെ പ്ലാനിൽ ഉണ്ടെങ്കിലും, അത് അപര്യാപ്തമാണ്. മൊത്തം തിരുത്തിയില്ലെങ്കിൽ വീട്ടിൽ ക്യാൻസർ വരെ ഉണ്ടാകാം.അത്രയുമായപ്പോൾ ഞാൻ ചോദിച്ചു.ഇത് പറയാൻ താങ്കൾ ആരാണ്? തും കോൻ ഹോ ? ഹൂ ആർ യു ?പറഞ്ഞല്ലോ. ഞാനൊരു വാസ്തുവിദ്യക്കാരനാണ്അങ്ങനെ പറഞ്ഞതുകൊണ്ടായില്ല. വാസ്തുവിദ്യയിലെ ശില്പി ലക്ഷണത്തിൽ ആചാര്യൻ, സ്ഥപതി, സൂത്രഗ്രാഹി, തക്ഷകി, വർദ്ധകി എന്നീ അഞ്ചു സ്ഥാനങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇതിൽ ഏതാണ് താങ്കളുടെ സ്ഥാനം ..മറുപടിയില്ല.ഏതു ഗ്രന്ഥത്തിലാണ് ഈ രീതിയിൽ വീട് പണിതാൽ അതിലുള്ളവർക്കു ക്യാൻസർ ഉണ്ടാവും എന്ന് പറയുന്നത്..?

വാസ്തുവിദ്യയിൽ പറയുന്നുണ്ട് ഏതു ഗ്രന്ഥത്തിൽ ?”മറുപടിയില്ല. കേവലം ഒരു വാസ്തുവിദ്യാ ഗ്രന്ഥത്തിന്റെ പേരുപോലും പഠിച്ചുവക്കാതെയാണ് ചങ്ങാതി ഈ പരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്.ഒരു കാര്യം ചെയ്യാം. മനുഷ്യാലയ ചന്ദ്രികയുടെ ഒരു പി ഡി എഫ് കോപ്പി ഞാൻ ഇപ്പോൾ തന്നെ എൻജിനീയറുടെ ഫോണിലേക്കു വാട്സാപ്പ് ചെയ്യാം. നിങ്ങൾ പറഞ്ഞ നിയമം അതിൽ കാണിച്ചുകൊടുത്ത ശേഷം സൈറ്റിൽ നിന്ന് പോയാൽ മതിഉസ്താദ് ഫ്ലാറ്റ് എങ്കിലും മൂപ്പർ ഒന്ന് പിടിച്ചു നിൽക്കാൻ നോക്കി.മനുഷ്യാലയ ചന്ദ്രിക മാത്രം അല്ലല്ലോ ഉള്ളത് ?എങ്കിൽ വേറൊരു ഗ്രന്ഥത്തിന്റെ പേര് പറ.വാസ്തുവിദ്യയിൽ ഇമ്മാതിരി കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് ശ്രീ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ.ആ നമ്പൂതിരിയെ ഞാൻ അംഗീകരിക്കുന്നില്ലവാസ്തുവിദ്യയിലെ ആധികാരിക ഗ്രന്ഥങ്ങൾ ഒന്നും നിങ്ങൾക്ക് അറിയില്ല, അത് പഠിച്ച വ്യക്തികളെ നിങ്ങൾ അംഗീകരിക്കുന്നില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഞാൻ ഡിസൈൻ ചെയ്ത ഒരു സൈറ്റിൽ കേറി വാസ്തുവിദ്യയുടെ പേരിൽ അഭിപ്രായം പറഞ്ഞത് ?

ഒരു ഗ്രിപ്പും കിട്ടാതിരുന്നപ്പോൾ എന്നെ ഏതൊക്കെയോ ചീത്ത വിളിച്ചു മൂപ്പർ സ്ഥലം വിട്ടു.നമ്മളിൽ പലർക്കും ഉള്ള സംശയമാണ്, വാസ്തുവിദ്യാ വിധിപ്രകാരം വീട് പണിതില്ലെങ്കിൽ എന്തെങ്കിലും അശുഭം സംഭവിക്കുമോ എന്നുള്ളത്.അതിനുത്തരം പറയും മുൻപേ വാസ്തുവിദ്യ എന്താണെന്ന് പറയാം.ചതുർ വേദങ്ങളിൽ ഒന്നായ അഥർവ്വ വേദത്തിന്റെ ഉപവേദമായ സ്ഥാപത്യവേദത്തെയാണ് നാം ഇന്ന് വാസ്തുവിദ്യ എന്ന് വിളിക്കുന്നത് .ഇതേ അഥർവ്വ വേദത്തിന്റെ മറ്റൊരു ഉപവേദമാണ് നമ്മളൊക്കെ അറിയുന്ന ആയുർവേദം.അതായത് കുന്നത്തുവീട്ടിൽ മാധവൻ മാഷക്ക്‌ സൂര്യ എന്നും രാജ എന്നും പേരുള്ള രണ്ടു മക്കൾ ഉണ്ട് എന്ന് പറയുംപോലെയാണ് ഇതും എന്നർത്ഥം.ഒന്ന് പരമ്പരാഗത നിർമ്മാണശാസ്ത്രം ആയിരുന്നെങ്കിൽ മറ്റൊന്ന് പരമ്പരാഗത വൈദ്യശാസ്ത്രം ആയിരുന്നു എന്ന് മാത്രം.എന്നാൽ ഇവിടെ നമ്മുടെ വിഷയം വൈദ്യശാസ്ത്രം ശാസ്ത്രം അല്ലാത്തത് നമുക്ക് സൂര്യയെ വിടാം, രാജയെ പിടിക്കാം.ചതുർവേദങ്ങൾ ഹൈന്ദവ തത്വശാസ്ത്രങ്ങളും ആയി ചേർന്ന് നിൽക്കുന്നവയാണ്.ഹൈന്ദവ തത്വ ശാസ്ത്രപ്രകാരം ഒരാളുടെ ജീവിതവും, ഭാഗ്യ നിർഭാഗ്യങ്ങളും ഒക്കെ നിർണ്ണയിക്കുന്നത് അയാളുടെ കർമ്മവും കർമ്മഫലവുമാണ്. അല്ലാതെ വീടിന്റെ പ്ലാനോ, പ്ലിന്ത് ഏരിയയോ ഒന്നും അല്ല.വാസ്തുശാസ്ത്രം അങ്ങനെ പറയുന്നുമില്ല.

വാസ്തുവിദ്യയുടെ പിതാവായ വിശ്വകർമ്മാവ് നേരിട്ടാണ് ദ്വാരക നിർമ്മിച്ചത്.ആ രണ്ടു തലമുറ തീരും മുൻപേ ആ ദ്വാരകയിൽ യാദവർക്കു സമ്പൂർണ്ണ കുലനാശം സംഭവിച്ചത് പുള്ളിക്കാരന് കണക്കു പിഴച്ചതുകൊണ്ടല്ല.യാദവരുടെ കയ്യിലിരുപ്പ് മോശമായതുകൊണ്ടാണ്. ഗാന്ധാരിയുടെ ശാപം ആണെന്ന് പറയുന്നവരും ഉണ്ട്.രണ്ടായാലും വിധിയെ തടുക്കാൻ വില്ലേജാപ്പീസർക്കു കഴിഞ്ഞില്ല എന്നർത്ഥം. വരാനുള്ളത് വഴിയിൽ തങ്ങില്ല. നിങ്ങൾ വാസ്തുവിദ്യ അനുസരിച്ചു വീട് വച്ചാലും ഇല്ലെങ്കിലും.വേറൊരു ഉദാഹരണം നോക്കാം.വാസ്തുവിദ്യയുടെ എക്കാലത്തെയും പ്രമുഖമായ ഒരു ഗ്രന്ഥമാണ് മയമതം. ഇന്നും ഈ ഗ്രന്ഥം ലഭ്യമാണ്.അസുരശില്പിയായ മയൻ ആണ് ഈ ഗ്രന്ഥം എഴുതിയത് എന്നാണു വിശ്വാസം.ഈ മയൻ ആള് ചില്ലറക്കാരനല്ല.ദുര്യോധനന്റെ കണ്ണുതള്ളിച്ച ഇന്ദ്രപ്രസ്ഥം രൂപകൽപ്പന ചെയ്ത വാസ്തുവിദ്യാ വിദഗ്ധനാണ്.തീർന്നില്ല, രാവണന്റെ അമ്മായിയപ്പനാണ്. ലങ്ക പണിതീർത്തതും അങ്ങോരാണ്.എന്നിട്ടും ഇന്ദ്രപ്രസ്ഥത്തിലും, ലങ്കയിലും ഒന്നും വീണ ചോരക്ക് കണക്കില്ല. മനസ്സമാധാനം എന്നൊന്ന്, അതിനകത്തു താമസിക്കുന്നവർ അറിഞ്ഞിട്ടുമില്ല.

കാലഘട്ടങ്ങൾ ഒന്നും അങ്ങോട്ട് യോജിക്കുന്നില്ലല്ലോ ഉണ്ണീ, എന്ന് പറയുന്നവർ ഉണ്ടാകാം.ഒന്നേ പറയാനുള്ളൂ. ഞാൻ ഇവരുടെ ഒന്നും ഒപ്പം ആയിരുന്നില്ല. നിങ്ങളെപ്പോലെ വായിച്ചുള്ള അറിവ് മാത്രമേ എനിക്കും ഉള്ളൂ.അല്ലെങ്കിൽ തന്നെ ഇതിനൊക്കെ എന്തിന് ദ്വാരകയിലേക്കും, ലങ്കയിലേക്കും ഒക്കെ പോകണംനമ്മുടെ പെരുംതച്ചന്റെ കാര്യം എടുത്താൽ പോരെ പുള്ളി വാസ്തുവിദ്യയിലെ പുലി അല്ലായിരുന്നോ എന്നിട്ടും ആ മനുഷ്യൻ അനുഭവിച്ച ദുഖത്തിന് കയ്യും കണക്കുമില്ല.ഉണ്ടായിരുന്ന ഒരേ ഒരു മകൻ മര ണപ്പെട്ടു.അത് അസൂയ മൂലം മൂപ്പരു കൊന്നതാണെന്നു ഞാനും നിങ്ങളും അടക്കമുള്ള നാട്ടുകാർ പറഞ്ഞുപരത്തി. രാജകോപത്തിനും പാത്രമായി എന്നാണു കേൾക്കുന്നത്.അപ്പൊ പെരുംതച്ചൻ സ്വന്തം വീടിനു കുറ്റിയടിച്ചപ്പോൾ കണക്കുതെറ്റിയതാണോ അതിന്റെ അർഥം ഇതൊന്നും അല്ല.വാസ്തു എന്നത് കേവലം നിർമ്മാണ ശാസ്ത്രം മാത്രം ആണ്, ആയിരുന്നു.വാസ്തുവിദ്യാ പ്രകാരം വീടുവച്ചതുകൊണ്ടു യാതൊരു പുണ്യവും നിങ്ങൾക്ക് ലഭിക്കുകയും ഇല്ല.ഇന്ന് ഇതിന്റെ പേരിൽ കേൾക്കുന്നതിൽ യാതൊന്നിനും വാസ്തുവും ആയി യാതൊരു ബന്ധവും ഇല്ല.വെറും തട്ടിപ്പാണ്.ഈ തട്ടിപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ചാതുർ വർണ്ണ്യത്തിന്റെ ഉടായിപ്പുകൾ വരെ ഇതിൽ കാണാം.പറയാനാണെങ്കിൽ ഒരുപാടുണ്ട്.ഓരോന്നായി പിന്നെ പറയാം.

ആർക്കിടെക്ച്ചറിലും എഞ്ചിനീയറിങ്ങിലും ഒക്കെ ബിരുദാനന്തര ബിരുദം വരെ കയ്യിലുള്ള ചെറുപ്പക്കാരാണ് നാലാം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ള ഈ തട്ടിപ്പുകാരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത്.നമുക്ക് വേണ്ടത് ആർജ്ജവമാണ്.സിദ്ധനോടും, മന്ത്രവാദിയോടും ജോത്സ്യനോടും, വാസ്തുവിദ്യക്കാരനോടും ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവം.കൃത്യമായ കാരണം അറിയാതെ താൻ വരച്ച പ്ലാനിലെ ഒരു ലൈൻ പോലും മാറ്റി വരയ്ക്കാതിരിക്കാൻ ഉള്ള ആർജ്ജവം.കാരണം ആ ലൈനുകൾ ഓരോന്നും ഓരോ സാങ്കേതിക വിദഗ്ദന്റെയും യോഗ്യതയുടെ അറിവിന്റെ അനുഭവത്തിന്റെ കാഴ്ചപ്പാടുകളുടെ ആത്മവിശ്വാസത്തിന്റെ ഒക്കെ സൂചകങ്ങളാണ്.സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവർ സ്വന്തം ആർജ്ജവം പണയപ്പെടുത്തുമ്പോഴാണ് അനാചാരങ്ങൾ പെരുകുന്നത്.ആ അനാചാരങ്ങൾ നരബലിയോളം വളർന്നു വലുതാവുന്നതും അപ്പോഴാണ്.

ഫോട്ടോ : പ്രതീകാത്മകം