ജോലി ശേഷം വീട്ടിൽ പോകുമ്പോ അവൾ ഫോണിൽ സ്റ്റാറ്റസ് ശ്രദ്ധിച്ചത് എല്ലാവരും ആദരാഞ്ജലി പോസ്റ്റുകൾ സ്പീഡില്ലാത്ത നെറ്റ് കാരണം ഫോട്ടോ കാണാൻ കഴിഞ്ഞില്ല പക്ഷെ ആളെ മനസിലായപ്പോ

EDITOR

ജോലിയും കഴിഞ്ഞു തിരികെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അനു ആ വാട്സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധിച്ചത്. ആദരാഞ്ജലികൾ എന്നെഴുതിക്കണ്ടു.കോൺടാക്ട് ലിസ്റ്റിലുള്ള നാട്ടുകാരിൽ സകലരുടെയും സാറ്റസ് ഒന്നുതന്നെയാണ്.ഫോട്ടോ ആണെങ്കിൽ നെറ്റിന്റെ വേഗത കുറവായതിനാൽ ഡൗൺലോഡും ആവുന്നില്ല. ആരാണെന്നറിയാനുള്ള ആകാംഷയിൽ അവൾ ഫുൾ റേഞ്ച് കിട്ടുന്ന രാഘവേട്ടന്റെ പലചരക്കു കട ലക്ഷ്യമാക്കി വളരെ വേഗത്തിൽ നടന്നു. അവിടെ എത്തുമ്പോഴേക്കും മൊബൈലിനെക്കാൾ വേഗത്തിൽ ഇറച്ചി വെന്ത മണം മൂക്കിലേക്ക് ഇടിച്ചുകയറി.ആരായിരിക്കും എന്ന ചിന്തയ്ക്കപ്പുറം നെറ്റും പോകുന്നില്ല സ്റ്റാറ്റസ് അവളുടെ ചിന്തകൾക്കൊപ്പം കറങ്ങിക്കൊണ്ടിരിക്കുകയാണ്.അയല്പക്കത്തെ ദേവകി വല്യമ്മ കിടപ്പിലായിട്ട് വർഷം രണ്ടായി അവരായിരിക്കുമോ അല്ല ഇനി പലചരക്കു കട നടത്തി കടത്തിനു നടുവിലകപ്പെട്ടു നാടുവിട്ടുപോയ ശങ്കരേട്ടൻ സ്വയം  ഹത്യ ചെയ്തതായിരിക്കുമോ അവളുടെ ചിന്തകൾ അങ്ങനെ കറങ്ങിക്കൊണ്ടിരുന്നു.നാടിനെപ്പോലെ തന്നെ പകലും നിറം മങ്ങിയിരിക്കുകയാണ് ഇറച്ചി വെന്ത മണം സന്ധ്യാ നേരത്തെ ഇളം കാറ്റിൽ മൂക്കിലേക്ക് അനുവാദമേതുമില്ലാതെ ഇരച്ചു കയറി.ആ മണം കൊണ്ട് അവൾക്ക് ഓക്കാനം വന്നു. മൂക്കിൽ വിരലമർത്തി അവൾ അതിൽ ആശ്വാസം കണ്ടെത്തി.

ആളാരായിരിക്കും എന്നറിയാനുള്ള വേവലാതിയിൽ അകപ്പെട്ടിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നത്. ഈ സമയത്ത് ഇത്ര കൃത്യനിഷ്ടയോടെ ഇപ്പോൾ വിളിക്കാൻ തന്റേത് മാത്രമാവാൻ പോകുന്ന ശ്രീജിത്ത്‌ ഏട്ടനല്ലാതെ മാറ്റാരുമില്ലെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ മറ്റൊന്നും നോക്കാതെ ആ ഫോൺ കോൾ എടുത്തതും.ഏട്ടാ, പണി കഴിഞ്ഞു നേരത്തെ എത്തിയോ നിങ്ങൾ. അവന്റെ ഹല എന്ന വാക്കുകൾ അനുവിന്റെ കാതുകളിൽ എത്തും മുൻപേ അവളുടെ ചോദ്യം അങ്ങേതലയ്ക്കൽ എത്തിയിരിക്കുന്നു മറുപടിയായി അവന്റെ ” കുറച്ച് നേരായി എന്ന മറുപടിക്ക് കാത്തു നിൽക്കാതെ അവൾ പറഞ്ഞു, നാട്ടിൽ ആരോ മരി   ച്ചി  ട്ടുണ്ട്  സന്ധ്യക്ക്‌ ആകെ കരിഞ്ഞ ഇറച്ചിയുടെ മണം, പോയ ആൾക്ക് ആരൊക്കെയോ ആദരാഞ്ജലികൾ നൽകി സ്റ്റാറ്റസ്സും ഇട്ടിട്ടുണ്ട്.ഫോട്ടോ ഡൌൺലോഡ് ആകാത്തതിനാൽ എനിക്ക് ആളെ മനസ്സിലായതുമില്ല.ആരായിരിക്കു എന്ന അവന്റെ ചോദ്യത്തിന് “ഏതെങ്കിലും വീട്ടുകാർക്ക് ഒരു തലവേദന മാറിക്കിട്ടി ക്കാണും” എന്ന മറുപടിയിൽ അവൾ സംസാരം ഒതുക്കി.പിന്നീട് അവർ അവരുടെ പതിവ് സംസാരത്തിൽ മുഴുകി, വീടെത്താൻ ഇനിയും പതിനഞ്ചു മിനുട്ടുണ്ട് സമയത്തെ കറുപ്പ് ആകെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.

തെരുവ് വിളക്കുകൾ അവൾക്കു നേരെ പല്ലിളിച്ചു കാട്ടുന്നുണ്ട് ചിലതിനു അവളോടെന്തോ ദേഷ്യം ഉള്ളതുപോലെ പതിവില്ലാണ്ട് ചുവന്ന നിറത്തിൽ തെളിഞ്ഞു കാണുന്നു പതിവില്ലാത്ത വിധത്തിൽ നായ്ക്കൾ കുരയ്ക്കുന്നു.ഇരുണ്ട വെട്ടത്തിൽ ഭീതിയൊളിപ്പിച്ചു നടക്കുകയാണവൾ. അവന്റെ ശൃംഗാരത്തിനിടയിൽ അവൾ ആ ഭീതിയെ അല്പം മാറ്റി നിർത്തിയിരുന്നു. നടത്തതിന് വേഗത പോരാ എന്ന തോന്നലിനിടയിലാണ് കാതുകളിൽ കൂട്ടക്കരച്ചിലും വന്നു പതിച്ചത്.ഇവിടെ അടുത്തുള്ള വീട്ടിലാണ് മരണം നടന്നിരിക്കുന്നത് ശ്രീയേട്ടാ എവിടുന്നാണ് എന്ന് മനസ്സിലാവുന്നില്ല അവൾ അവനോടായി പറഞ്ഞു.അവൻ അതൊന്നും കേൾക്കാത്തമട്ടിൽ അവരുടെ കല്യാണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു… “അതൊക്കെ നമ്മുടെ വീട്ടുകാർ തീരുമാനിക്കും ഏട്ടാ, നമ്മളെന്തിനാ അതോർത്തു വിഷമിക്കുന്നെ “എന്ന മറു ചോദ്യത്തിൽ അവൾ ആ വിഷയത്തിന്റെ മുനയൊടിച്ചു.കല്യാണത്തെ കുറിച്ചു പറയുമ്പോൾ അവൾക്ക് മനസ്സിൽ ആദ്യം ഓടിയെത്തുക അവളുടെ വീടിന്റെ രണ്ടുവീട് അപ്പുറത്തുള്ള.

അല്ല ഒരുകാലത്ത് അവളുടേത് മാത്രമായിരുന്ന ദീപുവിന്റെ കല്യാണസ്വപ്‌നങ്ങൾ ആയിരുന്നു. സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും അല്പം പുറകിലായിരുന്ന ദീപുവിന്റെ മനസ്സ് പക്ഷെ ലോകത്തോളം വലുപ്പമേറിയതായിരുന്നു. എത്ര തിരക്കുകൾക്കിടയിലും നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ദീപു നാട്ടുകാർക്ക് പ്രിയപ്പെട്ട ഇലക്ട്രിഷ്യൻ കൂടിയായിരുന്നു.
അവരുടെ സ്വപ്നങ്ങൾക്ക് ആദ്യം മുറിപ്പാട് വീഴ്ത്തിയത് അവളായിരുന്നു. അഞ്ചുവർഷം പ്രണയിച്ചു.. അല്ല അവർ ജീവിച്ചു.. അവന്റെ വിയർപ്പിന്റെ ഓരോ തുള്ളികളുംചേർത്തു വെച്ച് അവൾ പഠിച്ചു.നല്ല മാർക്കും വാങ്ങി, പഠിച്ചിടങ്ങളിൽ നിന്നൊക്കെ അവൾ ഉജ്വല വിജയവും സ്വന്തമാക്കി. ദീപു തന്നെയാണ് അടുത്തുതന്നെയുള്ള അക്ഷയകേന്ദ്രത്തിൽ അവൾക്ക് താൽക്കാലികമായി ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയതും.ജോലിക്ക് പോയിതുടങ്ങിയ ശേഷം അവൾ തിരക്കിലാണ്, പി. ജി. പരീക്ഷയുള്ള ദിവസം പോലും ദീപുവിനെ വിളിക്കാതിരുന്നിട്ടില്ല, പക്ഷെ ഇപ്പോൾ സ്ഥിതി മാറി അവൾ ഓരോരോ ഒഴികഴിവ് പറഞ്ഞു അവനോട് അകന്നുമാറി.അങ്ങനെയിരിക്കവേയാണ് അനുവും ശ്രീജിത്തും തമ്മിലുള്ള പ്രണയത്തേക്കുറിച്ച് ദീപു അറിയാനിടവന്നത്. അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനരികിൽ തന്നെയുള്ള ബാങ്കിലെ അക്കൗണ്ടന്റ് ആണവൻ. വെളുത്തു തടിച്ച ശരീരവും ഒത്ത നീളവും നിറയെ താടിരോമങ്ങളും ഒക്കെയുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ.

ശ്രീജിത്തിനോടുള്ള അടുപ്പം മാത്രമല്ല, അവളുടെ ഇഷ്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവൻ കൂടി ആയിരുന്നു ദീപു. അതുകൊണ്ട് ദീപു അവളോട് അതിനെക്കുറിച്ച് ആദ്യമൊന്നും ഒന്നും ചോദിച്ചതുമില്ല അവളായിട്ട് ഒന്നും പറഞ്ഞതുമില്ല. ദീപു ഈ ബന്ധമൊന്നും അറിയില്ല എന്ന ധാരണയിൽ ആയിരുന്നു അനു.അനുവിന്റെ അമ്മയ്ക്ക് മുട്ടുവേദനയാണ്, മുൻപൊക്കെ അനുവിന്റെ വീട്ടിൽ എന്താവശ്യം വന്നാലും ആദ്യം വിളിക്കുക ദീപുവിനെ ആയിരുന്നു, പക്ഷെ മുട്ടുവേദന മൂലം നടക്കാൻ കഴിയാത്ത അനുവിന്റെ അമ്മയെ ശ്രീജിത്തിന്റെ സ്വന്തം കാറിൽ കയറ്റി പോകുന്നത് കാണാനിടയായപ്പോഴാണ് ദീപു അവരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കിയത്. തന്റെ ജീവിതത്തിൽ എവിടെയോ ഒരു ഷോർട്സർക്യൂട്ട് സംഭവിച്ചിരിക്കുന്നു എന്നറിഞ്ഞ ദീപു ന്യൂട്രലും ഫേസും തിരിച്ചറിയാനാവാത്ത രീതിയിൽ കാഴ്ചയും ചിന്തയും എങ്ങുമെത്താതെ നിൽക്കുകയായിരുന്നു.അവർ എന്നും തമ്മിൽ കാണാറുള്ള, അവരുടെ വളർച്ചയെ ആദ്യം മുതലേ കണ്ടു നിൽപ്പുണ്ടായിരുന്ന, അവരുടെ ജീവിതത്തിന് ഇത്രയും കാലം മധുരമുള്ള മാമ്പഴനീര് പകർന്നുകൊടുത്ത ആ മുത്തശ്ശി മാവിൻ ചുവട്ടിൽ നിന്ന് അവർ അവസാനമായി കണ്ടു, എല്ലാം പറഞ്ഞു പിരിഞ്ഞു.

അവർ പിരിയുന്ന ആ നിമിഷത്തിൽ മുത്തശ്ശിമാവ് ഇലകൾ പോലും അനക്കാതെ എല്ലാം കണ്ടും കേട്ടും നിന്നു.ശ്രീജിത്തുമായുള്ള വിവാഹം നടക്കണമെന്നും അവരുടെ കല്യാണ നിശ്ചയത്തിന് സജീവമായി പങ്കെടുത്തതും കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരാം എന്നും പറഞ്ഞു അവർ സ്നേഹത്തോടെ പിരിഞ്ഞതും എല്ലാം അവൾ ഒരു നിമിഷം ഓർത്തു, മനസ്സിൽ പശ്ചാതാപമൊന്നും അവൾക്ക് തോന്നിയതുമില്ല.റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന പേരമരത്തിന്റെ ചുവട്ടിൽ കുറച്ചാളുകൾ ഇരിക്കുന്നുണ്ട്, ചിലർ അതിന്റെ ഇലയകൾ നുള്ളി ചിലർ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട്., അവരോട് ചോദിച്ചാൽ മരിച്ചായാളാരാണെന്നറിയാൻ കഴിയും, അനു മനസ്സിൽ കരുതി.ആ കൂട്ടത്തിൽ നിന്നും ഒരാൾ പിരിഞ്ഞു, നടന്ന് അവളുടെ നേർക്ക് നടന്നടുക്കുകയാണ്, പലചരക്കു കട നടത്തുന്ന രാഘവേട്ടനാണത്. ധൃതിയിൽ പോകുന്ന രാഘവേട്ടനോട് അവൾ ചോദിച്ചു ” രാഘവേട്ടാ എവിടെക്കാ ഇത്ര വേഗത്തിൽ,ആരാണ് മരിച്ചത്..?അവൻ പോയി.ആര്? ” എന്ന അവളുടെ മറു ചോദ്യത്തിന് ഉത്തരം അവളിൽ നിന്നും നടന്നകന്ന രാഘവേട്ടൻ “ദീപു… ” എന്ന് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

കുളക്കരയിലെ മുത്തശ്ശിമാവിൽ തൂങ്ങിയതായിരുന്നു.എന്ന് പറഞ്ഞു രാഘവേട്ടൻ നീങ്ങി. ഉള്ളിലൂടെ ഒരു കൊള്ളിയാൻ വെട്ടം കയറിയിറങ്ങിയ പോലെ പാതി തളർന്നു അവൾ.ആ മാവ്, ആ കുളം.അവരുടെ ഓർമ്മകൾ.സ്വപ്‌നങ്ങൾ എല്ലാം ചുമന്നു മാവിൻ മുകളിൽ കയറ്റി വെച്ചിരിക്കുകയാണ് ദീപു.ഒരിക്കൽ അവൻ തമാശയ്ക്കെന്നപോലെ അവളുടെ നിശ്ചയതലേന്ന് പറഞ്ഞതോർത്തുപോയി അവൾ, “നമ്മൾ എന്നാൽ ഈ മുത്തശ്ശിമാവും ഈ കുളവും ഇവിടുത്തെ ആകാശവുമാണ് നീ എവിടെപ്പോയാലും നമുക്കൊന്നിക്കാൻ ഞാൻ ഈ മാവിലും ഇവിടുത്തെ ഓർമ്മകളിലും എന്നും ഉണ്ടാവും അവൻ അവളോട് ചെയ്തതും പറഞ്ഞത് വെറും വാക്കായിരുന്നില്ല എന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുകയായിരുന്നു അവൾക്ക്മുന്നിലെ കാഴ്ചകൾ നെറ്റ് കിട്ടാതെ കറങ്ങിക്കൊണ്ടിരിക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ്സുപോലെ ഇരുട്ടുമൂടിയ സന്ധ്യക്കൊപ്പം ഇരുട്ട് കയറിയ കണ്ണുകളുമായി അവൾ നടന്നകലുകയായിരുന്നുഎങ്ങോട്ടെന്നറിയാതെ
എഴുതിയത് :ഉണ്ണികൃഷ്ണൻ കുടുംബൂര്