കൊച്ചു മുറി മാത്രമുള്ള കുടിൽ അവിടെക്ക് അച്ഛൻ നടക്കുന്നത് കണ്ട് വിശ്വസിക്കാൻ പറ്റിയില്ല നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു അച്ഛൻ ഇവിടെയാണ് കഴിഞ്ഞ ആറുമാസമായി താമസം

EDITOR

അച്ഛൻ എനിക്ക് ഒരു തണൽ വൃക്ഷം എന്നതിലുപരി അദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ നിരവധി.അച്ഛന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന കാലം.അതിന്റ ട്രെയിനിങ്ങും മറ്റുമായി തണ്ണിത്തോട് എന്ന സ്ഥലമായിരുന്നു കിട്ടിയിരുന്നത്.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽപെടുന്നതണ്ണിത്തോട് ഒരു മലയോര കുടിയേറ്റ ഗ്രാമമാണ്.വനാതിർത്തിയോട് അടുത്തും കാട് വളർന്നുകയറിയ തോട്ടങ്ങൾക്ക് സമീപവുള്ള റോഡുകളിൽ രാത്രിയും പുലർകാലങ്ങളിലും, ആനകളുടെയും മറ്റു കാട്ടു മൃഗങ്ങളുടെയും ശല്യം ഏറെയാണ്.ഒപ്പം ഇഴ ജന്തുക്കളും.പല റോഡുകളിലും ആവശ്യമായ വെളിച്ചമില്ലാത്തത് കാരണം യാത്രാ സൗകര്യം കുറവായിരുന്നു ആദ്യമൊക്കെ ഇപ്പോൾ സ്ഥിതികൾക്ക് മാറ്റമുണ്ട്.അച്ഛന് ട്രെയിനിങ് സമയത്ത് ഒന്നര വർഷം ഇവിടെഉണ്ടായിരുന്നു.അപ്പോഴൊക്കെ രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരാൻ കഴിയുമായിരുന്നുള്ളു.വരുമ്പോൾ എല്ലാം കൈയ്യിലൊരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ രണ്ടു ദിവസം കഴിഞ്ഞ് വെളുപ്പിനെ പോകുമ്പോൾ അച്ഛന് വേണ്ടുന്ന ചോറ് പൊതികെട്ടി കൊടുത്തു വിടുന്ന അമ്മ.

അന്നൊക്കെ അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്തേക്കുറിച്ച് വലിയ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നുഒരുദിവസം അച്ഛൻ ഫോൺ ചെയ്ത് ഞാനും, അമ്മയും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.കോന്നിയിൽ ചെന്നിട്ട് അവിടെ നിന്ന് ഇടയ്ക്കിടെ ജീപ്പോ മറ്റൊകിട്ടുമെന്നും,റോഡ് മോശമായതിനാൽ ബസ് സർവീസ് ഇല്ലായെന്നും അറിയാമായിരുന്നു.ഞാനും, അമ്മയും അതനുസരിച്ച് കോന്നി ബസ്സിൽ കയറി അവിടെയിറങ്ങി നല്ല ചൂട് ഒരു നാരങ്ങാവെള്ളമൊക്കെ കുടിച്ചപ്പോൾ അല്പം ആശ്വാസംകിട്ടി.അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ജീപ്പ് വന്നു.തണ്ണിത്തോട്.എന്ന് വിളിച്ചു പറഞ്ഞതിനാൽ ഞങ്ങൾ അതിൽ കയറിയിരുപ്പായി.. കുറച്ച് കഴിഞ്ഞപ്പോൾ ആളുകൾ ഒന്നൊന്നായി വന്നു തുടങ്ങി.ശ്വാസം വിടാൻ പോലും പറ്റാത്ത രീതിയിൽ ആളുകളെ കുത്തി നിറച്ച് അത് യാത്ര ആരംഭിച്ചു.. നിറയെ കുണ്ടും, കുഴികളും ഇളകി കിടക്കുന്ന റോഡും.ഓരോ കുഴിയിൽ വീൽ കയറുമ്പോളും എടുത്തടിച്ച് ഒരുവിധം മുൻപോട്ട് കുറച്ച് കഴിഞ്ഞപ്പോൾ രണ്ടു വശവും കാടുകൾ കണ്ടു തുടങ്ങി

നടുവിലൂടെ ജീപ്പിന് പോകാൻ മാത്രമുള്ള വഴി എതിർ വശത്തുനിന്ന് മറ്റൊരു ജീപ്പു വന്നാൽ വഴി കൊടുക്കാനും ബുദ്ധിമുട്ട് സംഭവം നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് പോയപ്പോൾ മനസ്സിലായി,ചുറ്റുവട്ടത്ത് വീടുകളോ, എന്തിനേറെ ഒരു കട പോലുമില്ലന്ന്.അച്ഛൻ ഈ കാട്ടിൽ ഇതെവിടെയാണ് താമസിക്കുന്നത് ‘എന്ന് ഞാൻ അമ്മയോട് ചോദിച്ചുഅമ്മയ്ക്ക് അറിയാൻ വഴിയില്ലല്ലോ അമ്മയും അമ്പരന്നിരിക്കുകയാണ്.ഒടുവിലെപ്പോഴോ ജീപ്പ് നിർത്തി യാത്രക്കാരെല്ലാം ഇറങ്ങി.. ശ്വാസം വിടാൻ പറ്റാതിരുന്ന ആ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ദീർഘനിശ്വാസം വിട്ടപ്പോളാണ് ആശ്വാസമായത്.ഒരു കാടിന്റെ നടുക്ക് കൊണ്ടുവന്നു നിർത്തിയിട്ടിക്കുന്ന വാഹനത്തിന്റെ അടുത്ത് ഞാനും, അമ്മയും മാത്രം അന്ന് മൊബൈൽ സൗകര്യം ഇല്ലാത്തതിനാൽ അച്ഛനെ വിളിക്കാനും പറ്റില്ല ഈ കാട്ടിൽ എങ്ങനെ ഫോൺ ചെയ്യും അച്ഛൻ താമസിക്കുന്ന സ്ഥലത്ത് അതിനുള്ള സൗകര്യം ഇല്ല എന്നറിയാമായിരുന്നു.

ഞങ്ങളെ വിളിക്കണമെങ്കിൽ ദിവസവും മൂന്നു നാലു കിലോമീറ്റർ ഈ കാട്ടിലൂടെ നടന്ന് കവലയിൽ ചെന്ന് വീട്ടിലേക്ക് വിളിക്കുന്നഅച്ഛന്റെ അവസ്ഥയോർത്തു കണ്ണുനിറഞ്ഞു..അതോടൊപ്പം ഒന്നുകൂടി മനസ്സിലായി.അത്യാവശ്യം അല്ലലില്ലാതെ,ഞങ്ങൾ കഴിയുമ്പോൾ ആ സൗകര്യം ഉണ്ടാക്കി തരാൻ അച്ഛൻ അനുഭവിക്കുന്ന കഷ്ടതകൾ.ഒരു പക്ഷെ കുറച്ചു കഴിഞ്ഞ് ഈ കാട്ടുപ്രദേശം അപ്രത്യക്ഷ മാകുന്നേനും, നല്ല വഴി തെളിയുമെന്നും അച്ഛൻ അവിടെ നല്ല റൂമിൽ ഒക്കെയായിരിക്കും താമസം എന്നുമെല്ലാം ഞാൻ ചിന്തിച്ചു.. ഒരു തരത്തിൽ പറഞ്ഞാൽ അങ്ങനെ ചിന്തിക്കാനായിരുന്നു എനിക്കിഷ്ടം.ഇനിഎങ്ങോട്ട് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ദൂരെ അച്ഛന്റെ രൂപം കാണായി നല്ല വെയിലത്ത്‌ കുടപോലും ഇല്ലാതെ അച്ഛൻ വരൂന്നത് കണ്ട് നെഞ്ചു പിടഞ്ഞു… ആകെ കരിവാളിച്ച മുഖംഅടുത്ത് വന്ന്മോളെ ‘എന്ന് വിളിച്ചു കൊണ്ട് എന്റെ കൈയ്യിൽ പിടിച്ചു.ആഹാ, നായർ സാറിന്റെ കുടുംബം ആയിരുന്നോ മനസ്സിലായില്ലഎന്ന് ജീപ്പ് ഡ്രൈവർ ചോദിച്ചപ്പോൾ അച്ഛൻ ചിരിച്ചു

അതെ കാടൊക്കെ ഒന്ന് കാണട്ടെ അവരും ‘ എന്ന് പറഞ്ഞു മുൻപേ നടന്നു.ഇനി ഒരടി നടക്കാൻ വയ്യ എന്നിടയ്ക്കിടെ പറഞ്ഞു കൊണ്ട് ഞാനും ‘ദേ ഇപ്പോലെത്തും എന്ന് അച്ഛൻ.കൈയ്യിൽ കരുതിയിരുന്ന വെള്ളം കൊണ്ട് ദാഹം തീർത്ത് അമ്മയ്ക്കും, അച്ഛനും പിറകെ നടക്കുമ്പോൾ ഞാനോർത്തു ‘ഈ കാടിന് അവസാനമില്ലേ ‘എന്ന്.ചുറ്റുമുള്ള ഓരോ മരങ്ങളുടെയും പേരൊക്കെ പറഞ്ഞു തന്ന് ഹാപ്പിയായി നടക്കുന്ന അച്ഛൻ ഈ നടപ്പൊന്നും തനിക്കൊരു പ്രശ്നമേ അല്ലെന്ന മട്ട്.. രാത്രികാലങ്ങളിൽ അവിടെ ആനയിറങ്ങുമെന്നും അതിനാൽ ആൾ താമസം ഇല്ല എന്നും അച്ഛൻ പറഞ്ഞപ്പോൾ ഞെട്ടി.അപ്പോൾ അച്ഛൻ എവിടെയാണ് താമസം.ഉദ്വേഗത്തോടെ തിരക്കി.അതൊക്കെയുണ്ട് ഇനി കുറച്ചുകൂടി.അച്ഛൻ പറഞ്ഞു.ഒരുതരം മരവിപ്പായിരുന്നു പിന്നങ്ങോട്ട്.അച്ഛൻ അത്യാവശ്യം നല്ല കോർട്ടേഴ്സിൽ ഒന്നുമല്ല താമസം എന്ന് ഏതാണ്ടുറപ്പായി.അമ്മയും ഇതേ അവസ്ഥയിൽ തന്നെയായിരുന്നു.അപ്പോഴേക്കും കുറച്ചെകലെഒരു കുടിൽ കണ്ടു ഇളകിയാടുന്ന തൂണുകൾ ഉള്ള ഒരു കൊച്ചു മുറി മാത്രമുള്ള കുടിൽ ചുറ്റോട് ചുറ്റും കാടും അവിടെക്ക് അച്ഛൻ നടക്കുന്നത് കണ്ട് വിശ്വസിക്കാൻ പറ്റിയില്ല നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു അച്ഛൻ ഇവിടെയാണ് കഴിഞ്ഞ ആറുമാസമായി താമസം.

ആ കാട്ടിൽ ആന ശല്യം ഉണ്ടെന്നും അതിനെ ഓടിക്കാൻ രാത്രിയിൽ വലിയ തകരപാട്ടയിൽ കമ്പുകൊണ്ടടിച്ചു ശബ്ദം കേൾപ്പിക്കാറുണ്ടെന്നും, അതിനാൽ മിക്ക രാത്രികളിലും ഉറക്കമേ ഇല്ലായെന്നും പറഞ്ഞപ്പോൾ ഞാനെന്ന മകൾ പൊട്ടിക്കരഞ്ഞു പോയി..
ഇതൊക്ക നേരിൽ കാണിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ഞങ്ങളെ കൂട്ടി കൊണ്ടു വന്നത് അപ്പോഴേക്കും പത്തു പതിനെട്ടു വയസ്സുള്ള മെലിഞ്ഞുണങ്ങിയ ഒരു ആദിവാസിയുവാവ് അവിടെയയെത്തി അവന്റെ പേര് മുത്തു എന്നാണെന്നും, എന്തെങ്കിലും ആ വശ്യങ്ങൾക്ക് അഛന്റെ സഹായി ആയി അവനുണ്ടെന്നും പറഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി.അമ്മ കൊണ്ടു വന്ന രണ്ടു പൊതികളും അഴിച്ച് അവർ രണ്ടുപേരും ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ഞാനോർത്തു.ഓരോ പ്രാവശ്യം വരുമ്പോളും തിരികെ പോകുമ്പോൾ അച്ഛൻ രണ്ടു പൊതിചോറ് കൊണ്ടുപോകുന്നത് മുത്തുവിനു വേണ്ടികൂടിയായിരുന്നു.വീട്ടിൽ വെച്ച്ഭക്ഷണം എത്രയോ ബാക്കി വെച്ചിരിക്കുന്നു.. ഇനിയൊരിക്കലും അത് ചെയ്യില്ല.ഓരോ മക്കളെയും വളർത്താൻ അച്ഛൻമാരുടെ കഷ്ടപ്പാടുകൾ കാണാതെ പോകുന്നു സമൂഹം.. അവരെ വാഴ്ത്തി പാടാൻ എത്ര യുഗങ്ങൾ വേണ്ടിവരും.താൻ ബുദ്ധിമുട്ടിയാലും, പട്ടിണികിടന്നാലും വീട്ടിൽ ഭാര്യയും, മക്കളും അതൊന്നും അറിയാതെ സന്തോഷമായി ജീവിക്കട്ടെ എന്ന് കരുതുന്നഎത്രയോ അച്ഛന്മാർ.എന്റെ അച്ഛൻ എനിക്ക് പകർന്നു തന്നവലിയൊരു പാഠമുണ്ട്.മാതാവിനെക്കാൾ ഒരു പടി മുകളിലാണ് പിതാവ്.അതെന്നോട് പറയാതെ കാണിച്ചു തന്നു എന്റച്ഛൻ..
കുറച്ച് നേരം അവിടെയിരുന്നുകഴിഞ്ഞ് കാടൊക്കെ ചുറ്റികണ്ട് വൈകുന്നേരത്തിന് മുൻപ് തിരികെ യാത്ര തിരിച്ചപ്പോൾ ഞാനോർത്തു.
ഇനി ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അച്ഛനെ ബുദ്ധിമുട്ടിക്കില്ല ഭക്ഷണം ഒരിക്കലും കളയില്ല.ആർഭാടങ്ങൾ, അനാവശ്യ ചിലവുകൾ ഒന്നും വേണ്ട.കാരണം ഇതിനെല്ലാം പിറകിൽ, സ്വന്തം സുഖങ്ങൾ കളഞ്ഞു ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു മനുഷ്യനുണ്ട് എന്റെ അച്ഛൻ.കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാർക്കും.
സ്നേഹം
വിനീത