തീർത്തും മുക്കുവരായിരുന്ന സിംഗപ്പൂർ എന്ന രാജ്യത്തെ ഇന്നത്തെ സിംഗപ്പൂരാക്കി മാറ്റിയത് എന്താണെന്നു അറിയാമോ അങ്ങനൊന്നു കേരളത്തിലും ഉണ്ട്

EDITOR

ആയിരക്കണക്കിന് തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും കേരളത്തിൽ ഉണ്ടാകാൻ പോകുന്നു എന്നുപറഞ്ഞാൽ വിശ്വസിക്കുമോ ??തീർത്തും മുക്കുവ ജനതയായിരുന്ന സിംഗപ്പൂർ എന്ന രാജ്യത്തെ ഇന്നത്തെ സിംഗപ്പൂരാക്കി മാറ്റിയത് ലോകത്ത് പ്രവർത്തിക്കുന്നതിൽ ഏറ്റവും മികവുറ്റ സിംഗപ്പൂരിലെ തുറമുഖങ്ങളാണ് .ഇന്ന് സിംഗപ്പൂരിലെ ജനസംഖ്യയുടെ പകുതിയിലധികവും പോർട്ടുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. എന്നു പറഞ്ഞാൽ ഡയറക്ട് കണ്ടെയിനർ ഇറക്കി വെക്കുന്നു എന്നല്ല.പോർട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്നു എന്നാണ്.ഒരു പോർട്ടുകൊണ്ട് ഒരു സമൂഹത്തിന് എങ്ങനെ വളരാൻ സാധിക്കും എന്നുള്ളതിന് ഉദാഹരണങ്ങളാണ് സിംഗപ്പൂർ,ദുബായ് , സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ.ലോകത്ത് നൂറുകണക്കിന് പോർട്ടുകളുണ്ടെങ്കിലും ചില പോർട്ടുകൾക്ക് പ്രാധാന്യവും വരുമാനവും കൂടുതലാണ്.അതിന് കാരണം ഇന്റർനാഷണൽ കപ്പൽ ചാലിൽ നിന്നും ഏറ്റവും അടുത്ത് തുറമുഖം ഉണ്ടാവുന്നത് കൊണ്ടാണ്.

അത് നിർമിക്കാൻ സാധിച്ചു എന്നുള്ളതാണ് സിംഗപ്പൂരിന്റെ മുഖമുദ്ര മാറ്റിയത്.എന്നാൽ അതേ പ്രത്യേകതയുള്ള പോർട്ടുകളിൽ ഇന്ത്യയിലെ ഒരേയൊരു പോർട്ടാണ് വിഴിഞ്ഞം തുറമുഖം .വിഴിഞ്ഞം തുറമുഖം ഇന്റർനാഷണൽ കപ്പൽ ചാലിൽ നിന്നും വെറും 10 നോട്ടിക്കൽ മൈൽ അഥവാ 18.5 KM മാത്രമേ ദൂരമുള്ളു.അത് ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞത്തേക്ക് പല മുഖേന ആകർഷിക്കും .കാരണം ഒരു തുറമുഖത്തേക്ക് എത്താനുള്ള ദൂരം കപ്പൽ ചാലിൽ നിന്നും കുറയുന്തോറും കപ്പലിന്റെ പ്രവർത്തന ചിലവ് കുറയും.ഏകദേശം പ്രതിവർഷം ഇരുപതിനായിരത്തിൽ അതികം കപ്പലുകൾ ഗതാഗതം നടത്തുന്ന ഇന്റർനാഷണൽ കപ്പൽ ചാലാണിത്.ഇന്ന് ലോകത്തിൽ ഏറ്റവും തിരക്കുപിടിച്ച സമുദ്ര പാതയും ചൈനയിൽ നിന്നു യൂറോപ്പിലേക്കും മറ്റും കാർഗോ പോകുന്നതും ഇത്‌ വഴിയാണ് .ഇന്ന് ചൈനയുമായി മറ്റുരാജ്യങ്ങൾ അത്ര സ്വരചേർച്ചയിലല്ല എന്നുള്ളത് കൊണ്ട് തന്നെ ഇന്ത്യയിലേക്ക് മാനുഫാക്ചറിങ് കമ്പനികൾ കടന്ന് വരാൻ ആഗ്രഹിക്കുന്നുണ്ട് .കാരണം” ഇന്ത്യയുടെ ഡൊമസ്റ്റിക് മാർക്കറ്റ്” തന്നെ .

ഇന്ത്യയിൽ ഉത്പാദിപ്പിച്ചു ഇന്ത്യയിൽ വിൽക്കുകയും ,കയറ്റിയയക്കുകയും ചെയ്യാനായാൽ മാത്രമേ വിദേശ മാനുഫാക്ചറിങ് കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാകു ‘ഇപ്പൊ വിയറ്റ്നാമിലേക് പോയി തുടങ്ങിയിട്ടുണ്ട് പല കമ്പനികളും കയറ്റുമതിയിലൂടെ മാത്രമേ ഇന്ത്യയിലേക്ക് വിദേശ നാണ്യം കൊണ്ടുവരാൻ സാധിക്കൂ .പക്ഷേ അതിന് ഏറ്റവും ആദ്യം വേണ്ടത് ചരക്ക് ഗതാഗതത്തിനുള്ള സംവിധാനമാണ് .ഇന്ന് ഇന്ത്യയിലേക്ക് വരുന്നതും പോകുന്നതുമായ കണ്ടെയിനറുകൾ മതർഷിപ്പിലേക്ക് മാറ്റുന്നതിനായി ശ്രീലങ്കയിലെ കൊളംമ്പോ പോർട്ടിനെയാണ് ആശ്രയിക്കുന്നത് . 2400 കോടി രൂപയുടെ നേരിട്ടുള്ള ട്രാൻഷിപ്‌മെന്റാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് നഷ്ടമായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . അതിൽ 1200 കോടിയോളം രൂപ ലഭിച്ചത് ശ്രീലങ്കക്കാണ് .ബാക്കി 1200 കോടിയുടെ ട്രാന്‍ഷിപ്മെന്റ് മറ്റു പോർട്ടുള്ള ദുബായ് ,സലാല സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് പോയത് .

കഴിഞ്ഞ വര്ഷം 40 ലക്ഷം കണ്ടെയിനറാണ് ട്രാന്‍ഷിപ്മെന്റ് മാത്രം ഉണ്ടായിരുന്നത് .ഒരു കോടി അറുപത് ലക്ഷമായിരുന്നു ഇന്ത്യയുടെ മൊത്തം കാർഗോ എക്സ്ചേഞ്ച് . അതിൽ 25 ശതമാനത്തോളം ട്രാന്‍ഷിപ്മെന്റ് ആയിരുന്നു .ഒരു കണ്ടെയിനറിന് മിനിമം 6000 രൂപ വെച്ചാണ് കോസ്റ്റ് കണക്കാക്കുന്നത് .അങ്ങനെ കൂട്ടുമ്പോഴാണ് 2400 കോടിയെന്ന കണക്കിൽ എത്തുന്നത് .അദാനി വിഴിഞ്ഞം പോർട്ട് പൂർവസ്ഥിതിയിലായാൽ ഇപ്പൊഴുള്ള പ്ലാൻ അനുസരിച് ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് ആയ ഏതാണ്ട് 500 പേരോളം തൊഴിൽ ചെയ്യുന്ന 800 മീറ്റർ ബെർത്ത് നീളമുള്ള പോർട്ട് ആണ് പണിയുന്നത് . 2 മദർ ഷിപ്പുകൾക്ക് അല്ലെങ്കിൽ 3 ചെറു കപ്പലുകൾക്ക് ഒരേ സമയം നിൽക്കാനാകും . 6 മുതൽ 8 മണിക്കൂർ വരെ മതിയാകും കപ്പലുകളിൽ നിന്ന് കണ്ടെയിനര്‍ ഇറക്കാനും കയറ്റാനുമുള്ള സമയം (turn around time). അതായത് ഒരു ദിവസം 3 ഷിഫ്റ്റിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും എന്ന രീതിയിലാണ് .

ഒരു വര്‍ഷം 10 ലക്ഷം TEU (20 അടി നീളമുള്ള ഒരു കണ്ടെയിനര്‍ അഥവാ ഏതാണ്ട് 2500 കണ്ടെയിനറുകൾ ഒരു ദിവസം ഹാൻഡിൽ ചെയ്യാനുള്ള സെറ്റപ്പ് ആണ് ഉണ്ടാക്കുന്നത് ‌. അതായത് അങ്ങ് ജമ്മുകശ്മീർ മുതൽ ഇങ്ങ് കന്യാകുമാരി വരെയുള്ള ചരക്കുകൾ വിഴിഞ്ഞം പോർട്ടുവഴി പുറത്തേക്ക് പോകാനുള്ള സാധ്യതയാണ് തുറക്കുന്നത് .ഇന്ത്യയിലെ മറ്റു പോർട്ടുകളിൽ നിന്നും ചെറു കപ്പലുകളിൽ വിഴിഞ്ഞത്തേക്ക് കണ്ടെയിനറുകള്‍ വരുകയും പോകുകയും ചെയ്യും , അത് താരതമ്യേന ചിലവ് കുറക്കും .ആദ്യകാലഘട്ടങ്ങളിൽ ഇത്ര കണ്ടെയിനറുകൾ വന്നില്ലെങ്കിലും ക്രമേണ കൂടാൻ തുടങ്ങും . 7500 പേർക്ക് ജോലി ലഭിക്കുന്ന ലോജിസ്റ്റിക്സ് പാർക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു .ദിവസേന തുറമുഖവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവർ തിരുപനന്തപുരത്തേക് വരുകയും സാമ്പത്തിക എക്കോണമിയിൽ മാറ്റമുണ്ടാവുകയും ചെയ്യും .ഈ തുറമുഖം വരുന്നതിലൂടെ ദിനേന വിഴിഞ്ഞത്തേക്ക് വരുന്ന കപ്പലുകളിലേക്ക് മാസങ്ങളോളം ആവശ്യമായ ഭക്ഷണ വസ്തുക്കളും മറ്റു സാധന സാമഗ്രികളും സപ്ലെ ചെയ്യാനുള്ള ബിസിനസ് അവസരം തുടങ്ങും. ലക്ഷങ്ങളുടെ പർച്ചേസുകളാണ് ഷിപ്പിംഗ് കമ്പനികൾ ഇങ്ങനെ നടത്താറുള്ളത്.

കപ്പലുകളിൽ വരുന്ന വിദേശ രാജ്യക്കാരെ one day trip എന്ന പേരിൽ അനന്തപുരിയുടെ സൗന്ദര്യം കാണിച്ചു കൊടുക്കാനായാൽ അത് അവിടുത്തുകാർക്ക് മറ്റൊരു വരുമാന മാർഗം തുറക്കും.വരുന്നവർ ലക്ഷ്വറി ആഗ്രഹിക്കുന്നവരല്ല . അതുകൊണ്ട് തന്നെ കേരളത്തിന്റെ തനതായ ഭക്ഷണവും മറ്റും സാധരണ ജനങ്ങളിൽ നിന്നും ലഭിക്കാനാഗ്രഹിക്കുന്നവരാണ് . അത് സാധാരണക്കാരായുള്ള ജനങ്ങൾക്ക് ഗുണം ചെയ്യും .അതിന് പുറമെ കപ്പലുകൾ തുറമുഖത്തതിനകത്ത് കയറാതെ തന്നെ മറ്റൊരു വരുമാന സാധ്യതയായ ക്രൂ ചെയിഞ്ചിങ് നടത്താനാകും എന്നുള്ളത് തെളിയിച്ചു കഴിഞ്ഞു . ക്രൂ ചെയിഞ്ചിങിന് വരുന്ന വിദേശ രാജ്യക്കാരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കും , ഒപ്പം ഹോട്ടലുകളിൽ ഷിപ്പിംഗ് കമ്പനികൾ അവർക്ക് റൂം എടുത്ത് കൊടുക്കും , ടാക്സികൾക്ക് ഓട്ടം ലഭിക്കും , മറ്റു രാജ്യക്കാരും മറ്റു സംസ്ഥാനക്കാരും തിരുവനന്തപുരത്തെ ബീച്ചുകളിൽ പോകാനും , മറ്റു സ്ഥലങ്ങളിൽ സമയം ചിലവഴിക്കാനുമുള്ള സാധ്യത കൂടുതലാണ് . ഇവർക്കാകട്ടെ പർച്ചേസിംഗ് പവർ കൂടുതലാണ് .ഇവരെ കപ്പലുകളിൽ കയറ്റാനും ഇറക്കാനും തദ്ദേശിയരായിട്ടുള്ള കടൽ നന്നായി അറിയുന്നവർക്കും അവസരങ്ങൾ ഏറെയാണ് .

കപ്പലുകളുടെ മെയിന്റനൻസ് ആൻഡ് സർവീസിങ് അറിയുന്നവർക്ക് വലിയൊരു അവസരം തന്നെയാണ് തുറക്കുന്നത് .കപ്പലുകൾക്ക് ഇന്ധനം നിറക്കാൻ വിഴിഞ്ഞം തുറമുഖം ഏറെ ഉപകാര പ്രതമാകുമെന്ന് ഷിപ്പിംഗ് കമ്പനികൾ തന്നെ അറിയിച്ചിട്ടുണ്ട് .ഒരു മദർ പോർട്ട് വരുന്നതിലൂടെ ആ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയിൽ വലിയൊരു മാറ്റം തന്നെയുണ്ടാക്കും .ഉല്‍പാദനം ,കൃഷി ,ടൂറിസം തുടങ്ങി അനേകം സാദ്ധ്യതകൾ തുറക്കുകയും ചെയ്യും.ഒരു തുറമുഖത്തിന് ഇത്രയൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലെ എനിക്ക് പറയാൻ ഉള്ളത് സംരംഭകരോടാണ് , തുറമുഖവുമായി ബന്ധപ്പെട്ട മേഖലയിൽ ഉള്ള അവസരങ്ങൾ പഠിക്കുകയും അവ പ്രയോജനപ്പെടുത്തുകയും വേണം . ഇന്നത്തെ സർക്കാരിന്റെ നിലപാടാനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പോർട്ട് പൂര്‍ണസജ്ജമാകും . ഇനി തയ്യാറെടുപ്പിനുള്ള സമയം മാത്രമേയുള്ളു . പോർട്ടുമായ്‌ ബന്ധപ്പെട്ട അനേകായിരം അവസരങ്ങൾ ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .

വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം മറ്റു പോർട്ടുകളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന് സ്വാഭാവിക കടലാഴം 20 മീറ്ററോളമുണ്ട് അതുകൊണ്ടു തന്നെ ഒരു പോർട്ടിലുണ്ടാവുന്ന അധിക ചിലവായ ട്രഡ്ജിങ് അഥവാ തുറമുഖത്തിന്റെ ആഴം കൂട്ടുന്ന പ്രക്രിയ കുറച്ചു മാത്രം ചെയ്താൽ മതി എന്നുള്ളത് തുറമുഖത്തിന്റെ പ്രവർത്തന ചിലവ് കുറക്കും .വർഷം മുഴുവൻ തെളിഞ്ഞ അന്തരീക്ഷവും അടിയൊഴുക്കും വേലിയേറ്റ വേലിയിറക്ക തിരമാലകളുടെ വലിയരീതിയിലുള്ള പ്രശ്നങ്ങളില്ല എന്നുള്ളത് കൊണ്ട് പുറം കടലിൽ നിന്നുകൊണ്ട് തന്നെ ക്രൂ ചെയിഞ്ചിങ് , ബങ്കറിങ് ( കപ്പലിലേക്ക് ഇന്ധനം നിറക്കുന്ന പ്രക്രിയ ) എന്നുള്ളവ നടത്താൻ പറ്റുന്ന ഒരു തുറമുഖമാണ് വിഴിഞ്ഞം ” . ബങ്കറിങ്ങിലൂടെ മാത്രം വലിയൊരു വരുമാനം നേടാനാകും എന്നുള്ളതാണ് വസ്തുത .വിഴിഞ്ഞത്തേക്ക് തുറമുഖ ചരക്ക് നീക്കത്തിന് റോഡ് ,റെയിൽ ,വ്യോമ ഗതാഗത സാധ്യത കൂടിയുണ്ട്.തമിഴ്നാട് തിരുവന്തപുരത്തിനടുത്തുള്ള ബോർഡർ പ്രദേശങ്ങളിൽ ലോജിസ്റ്റിക്സ് പാർക്കുകൾ നിർമിക്കാൻ തയ്യാറായി കഴിഞ്ഞു .

കേരളത്തിന്റെ അവസ്ഥ കണ്ടറിയണം .അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ഗവണ്മെന്റ് കാലക്രമേണ ഏറ്റെടുക്കണം.ഒരു പുതിയ പോർട്ട് വരുമ്പോൾ ലോകത്ത് നടക്കുന്ന കച്ചവടത്തിൽ പെട്ടെന്ന് വർദ്ധനവൊന്നും സംഭവിക്കുന്നില്ല.നിലവിലുള്ള ഒരു പോർട്ടിന്റെ ബിസിനസ് ആണ് പുതിയ പോർട്ടിലേക്ക് വരുന്നത്.നിലവിൽ ഇന്ത്യയിലേക്ക് വരുന്ന മദർ ഷിപ്പുകളെ ഹാൻഡിൽ ചെയ്യുന്നത്‌ കൂടുതലും കൊളോബൊ ആണ് . അതായത് വിഴിഞ്ഞം വരുന്നതോടു കൂടി അവരുടെ പോർട്ട് ബിസിനസിൽ ഗണ്യമായ കുറവുണ്ടാകും .പിന്നെ ഒരു പ്രൈവറ്റ് കമ്പനി പോർട്ടുനടത്തുന്നത് കൊണ്ട് അനാവശ്യ കാലതാമസങ്ങളൊന്നും തന്നെയുണ്ടാവാൻ സാധ്യതയില്ല .
എഴുതിയത്  :Ajmal Nizar :Entrepreneur