മറ്റൊരു സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് പോയി ശരീരമാകെ പൊള്ളിയ പാടുള്ള ഒരു കുട്ടി എനിക്കവൻ്റെ മുഖത്ത് നോക്കുവാൻ വല്ലാത്ത പേടി തോന്നി അവനെ അടുത്തുവിളിച്ചു കാര്യം ചോദിച്ചു

EDITOR

ജീവിതത്തിൽ കണ്ടു മുട്ടിയ ചില മുഖങ്ങളെ വീണ്ടുമോർക്കുവാൻ ഞാനിഷ്ടപ്പെടുന്നതേയുണ്ടായിരുന്നില്ല. വലിഞ്ഞു മുറുകിയ പരുക്കൻ മുഖങ്ങളിൽ നിന്നും ഓടി രക്ഷപെടുവാനേ എന്നും തോന്നിയിട്ടുള്ളൂ. പക്ഷെ എപ്പൊഴൊക്കയോ ഞാനതിൽ ചില മുഖങ്ങളുടെ മുന്നിൽ തട്ടിത്തടഞ്ഞു വീണു.2012 ൽ എനിക്ക് പ്രാക്ടിക്കൽ പരീക്ഷാ ഡ്യൂട്ടി തഴവ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.രണ്ടാം ദിവസത്തെ ബാച്ചിൽ ശരീരമാകെ പൊള്ളിയ പാടുകളുളള ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു. എനിക്കവൻ്റെ മുഖത്ത് നോക്കുവാൻ വല്ലാത്ത മടിയോ പേടിയോ ഒക്കെ തോന്നി.മറ്റുള്ളവർ ഓരോ സംശയങ്ങൾ ചോദിക്കുവാൻ അടുത്ത് വന്നപ്പോഴും അവൻ എന്തോ എന്നോട് പുറം തിരിഞ്ഞു നിന്ന് ലാബ് ചെയ്തു.അവസാനം ഞാൻ വൈവയ്ക്കായി അവൻ്റെ നമ്പർ വിളിച്ചു. മടിച്ചു മടിച്ചു വന്ന അവനോട് ഞാൻ എൻ്റെ അടുത്തേക്ക് സ്റ്റൂൾ വലിച്ചിട്ട് ഇരിക്കുവാൻ പറഞ്ഞു. ഞാൻ മുഖമുയർത്തി അവനെ നോക്കി. അവൻ താഴേക്കും. പൊള്ളൽ അവൻ്റെ മുഖത്തിൻ്റെ രൂപം തന്നെ മാറ്റിമറിച്ചിരുന്നു. നോക്കിയിരിക്കെ എൻ്റെ ഉള്ളു പിടഞ്ഞു.മെല്ലെ അവൻ്റെ കൈയ്യിൽ തൊട്ട് ഞാൻ ചോദിച്ചു എങ്ങനെ പറ്റിയതാ മക്കളേ?

അവൻ മുഖമുയർത്തി.പോളകൾ അടർന്നു പോയ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അവൻ വിങ്ങിവിങ്ങി കരയുവാൻ തുടങ്ങി. ലാബ് നിശ്ശബ്ദം മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞ് തീപിടിച്ചതാ അവൻ വിക്കി വിക്കിപ്പറഞ്ഞു.ഞാനവൻ്റെ നെറുകയിൽ കൈ ചേർത്തുവെച്ചു പറഞ്ഞു സാരമില്ല മോനെ നിനക്കൊരു കുഴപ്പവുമില്ല ധൈര്യമായിട്ടിരിക്ക്. നന്നായി പഠിച്ചാൽ മതി. അവൻ കരഞ്ഞു തീരുവാൻ ഏറെ സമയമെടുത്തു. എന്തോ ഭാരമൊഴിഞ്ഞ പോൽ ഞാനുംമറ്റൊരിക്കൽ മുറിയിൽ തട്ടി വീണ് പൊട്ടിയ കാൽവിരലുമായി ഞാൻ കരുനാഗപ്പള്ളി യൂണിറ്റി ഓർത്തോപീഡിക് സെൻ്ററിൽ ചെന്നു. അവർ എക്സ് റേ എടുക്കുവാൻ പറഞ്ഞു. ഞാൻ കാത്തിരുന്നു. എൻ്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരൻ്റെ കൈ വലുതായി പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നുണ്ട്. എക്സ് റേ എടുക്കുവാൻ സമയമായപ്പോൾ കൂട്ടുകാരൻ അവൻ്റെ കൈയ്യുടെ കെട്ടഴിച്ചു. ആ കൈപ്പത്തി വികൃതമായ രീതിയിൽ വീങ്ങി വെളുത്തിരിക്കുന്നു. തൊലിയും നഖങ്ങളും ഒന്നും ഇല്ല. അതു കണ്ടയുടനെ ഞെട്ടി അടുത്തിരുന്നവർ മുഖം തിരിച്ചു. ചിലരൊക്കെ എഴുന്നേറ്റു. അവൻ്റെ കണ്ണുകൾ നിറഞ്ഞു. കൂട്ടുകാരൻ തോർത്ത് വലിച്ച് ആ കൈപ്പത്തിക്ക് മുകളിലൂടെ ഇട്ടു. കൈക്ക് എന്ത് പറ്റിയതാ?

ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. ടാങ്കർ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ പൊള്ളിയതാ കൂട്ടുകാരൻ പറഞ്ഞു ഞാൻ ഒന്നു ശ്വാസമെടുത്തു. പുത്തൻ തെരുവ് ടാങ്കർ ദുരന്തം, ആർത്തനാദങ്ങൾ മരണങ്ങൾ  എൻ്റെ ചിന്തകളാണ് പൊള്ളിയടർന്നത്. ഒന്നുമോർക്കാതെ രക്ഷാപ്രവർത്തനത്തിനോടിയെത്തിയതാ  അവനു വേണ്ടിയാണോ? അവനോടാണോ നാം മുഖം തിരിച്ചുപിടിക്കേണ്ടത്.? ആ ചെറുപ്പക്കാരൻ്റെ ദയനീയ മുഖം ഒരിക്കലും മറക്കില്ല.മറക്കുവാൻ പറ്റില്ല.പെരിങ്ങാലം സ്കൂളിൽ ജോലി ചെയ്യുമ്പോൾ കടത്തി റങ്ങി ഏറെ ദൂരം ചേറിലൂടെ നടന്ന് ഒരു മല കയറി വേണ മായിരുന്നു സ്കൂളിൽ എത്തുവാൻ പോകുന്ന വഴിക്കുള്ള വീട്ടുകാരോടെല്ലാം വിശേഷങ്ങൾ പങ്കിട്ടായിരുന്നു നടത്തം. മലയിടവാരത്തിലെ ഒരു വീട്ടിലെ ചേച്ചി മാത്രം ഞങ്ങളോട് ഒന്നും മിണ്ടിയിരുന്നില്ല. അവരുടെ മുഖം ഒരിക്കലും ചിരിച്ചു കണ്ടിട്ടുമില്ല. ക്രമേണ അതങ്ങു ശീലമായെങ്കിലും അവരോട് എന്തോ ഉള്ളിലൊരു വെറുപ്പ് വളർന്നു വന്നിരുന്നു. മനുഷ്യരോട് ഒന്നു ചിരിച്ചു കൂടെ.

എന്തൊരു സ്ത്രീ എന്നു ചിന്തിച്ച് തന്നെ വർഷങ്ങൾ കടന്നു പോയി. അവസാനം അവിടെ നിന്നും ട്രാൻസ്ഫർ ആയി തിരിച്ചു വരും വഴിയും ആ വീട്ടിലേക്കു മാത്രം ഞാൻ നോക്കിയില്ല.അവരോട് മാത്രം ഞാൻ പറഞ്ഞില്ല. കടത്തുവഞ്ചിയിലിരുന്നപ്പോഴാണ് കടത്തുകാരൻ പറഞ്ഞു ഞാനറിയുന്നത്. അവർക്ക് ചലനശേഷിയില്ലാത്ത, സംസാരശേഷിയില്ലാത്ത ഒരു മുതിർന്ന മകനുണ്ട്. ഭർത്താവ് ക്യാൻസർ വന്ന് മരണപ്പെട്ടതാണ്. എൻ്റെ തലച്ചോറിൽ തേനീച്ചകൾ മൂളിപ്പറന്നു. നീണ്ട7 വർഷങ്ങൾ അതുവഴി നടന്നിട്ടും എനിക്കത് തിരക്കുവാൻ തോന്നിയില്ല. മനുഷ്യ മുഖങ്ങളിൽ പുഞ്ചിരി വിടരാത്തതിനും വലിഞ്ഞുമുറുകുന്നതിനും നാമറിയാത്ത ധാരാളം കാരണങ്ങൾ കാണും. അതൊന്നും തെരക്കാതെ മനസ്സിലാക്കാതെ അവരെ വിധിക്കുവാൻ മാറ്റി നിർത്തുവാൻ, ഓടിയൊളിക്കുവാൻ നമുക്കെന്ത് അർഹത..? മിഴികൾക്കു പിന്നിലെ ആധികൾ ആഴങ്ങൾ നോവുകൾ കാണുവാൻ കഴിയാഞ്ഞ ഞാൻ പിന്നൊരിക്കൽ അവരെ കാണുവാൻ പോയി. നിസഹായതകൾക്കിടയിലും അവർ പുഞ്ചിരിച്ചു. സംസാരിച്ചു. വർഷങ്ങൾക്കു മുൻപേ എനിക്കതു ചെയ്യാമായിരുന്നു.എൻ്റെ തെറ്റാണ്. എൻ്റെ വലിയ തെറ്റാണ്.

കരുനാഗപ്പള്ളി മാർക്കറ്റിലെ തിരക്കേറിയ ഒരു ഭാഗത്ത് നിന്നാണ് ഞാൻ സ്ഥിരമായി പച്ചക്കറികൾ വാങ്ങുന്നത്. അതിനടുത്തായി മുട്ട വിൽക്കുന്ന ഒരു പ്രായമായ മനുഷ്യനുണ്ട്. പൈസ മേടിക്കും മുട്ട തരും അത്ര തന്നെ.അല്ലാതെ നമ്മളെ നിവർന്നു നോക്കുക പോലും ചെയ്യാത്ത വ്യക്തി എന്തായാലും ഞാൻ സ്ഥിരമായി അവിടുന്നു തന്നെ മുട്ട മേടിച്ചു കേടായ മുട്ടകൾക്ക് അടുത്ത തവണ പരാതിയും പറഞ്ഞു കൊണ്ടിരുന്നു. കഴിഞ്ഞ ആഴ്ച മുട്ടമേടിക്കുവാൻ കയറിയ ഞാൻ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ട് ഞെട്ടി. കടയ്ക്കുള്ളിൽ ഒഴിഞ്ഞ കോണിൽ ഒരു കിടക്കയിലിരുന്ന് ഭിന്നശേഷിക്കാരനായ തൻ്റെ മുതിർന്ന മകന് ചോറുവാരിക്കൊടുക്കുകയാണ് അദ്ദേഹം. എന്നെ കണ്ടതും ആ വരുവാ പെട്ടെന്ന് ഞാൻ പറഞ്ഞു ” വേണ്ടാ ഞാൻ നിൽക്കാം ആഹാരം കൊടുത്തിട്ടു വന്നാൽ മതി അദ്ദേഹം മകനെ ആഹാരം കഴിപ്പിച്ച് മുഖമൊക്കെ തുടച്ച് അവൻ്റെ നെറുകയിൽ തലോടി ഇറങ്ങി വന്നു മോനാണോ? ഞാൻ ചോദിച്ചു ആ ഞാൻ കൂടെ കൊണ്ടുവരും ഇവിടെ തിരക്കൊക്കെ കണ്ടിരിക്കാൻ അവനിഷ്ടമാ.എത്ര മുട്ട വേണം?

ഞാൻ ഉത്തരം പറയാതെ നിന്നു. ഇപ്പോൾ മിക്ക ദിവസങ്ങളിലും ഞാൻ വാപ്പിച്ചാന്നു നീട്ടി വിളിച്ചു കടയിലേക്കു കയറി ചെയ്യും മോൻ എന്തേന്ന് ആദ്യം തന്നെ തെരക്കും എന്നെ കാണുന്നത് ഇപ്പൊ അവർക്കും സന്തോഷം വീടെവിടാ മോളെന്നു ചോദിച്ചിട്ടിപ്പോൾ എല്ലാ വിശേഷങ്ങളും തിരക്കും ചിലപ്പോൾ കൂടുതൽ മുട്ടയും തരും. ഞാനിപ്പോൾ അവിടെ ദേവനെയും കൊണ്ടു പോകുംഭാഗ്യ വിളിക്കുമ്പോൾ അവരുടെ കാര്യം പറയും. കൊഹിനൂരിൽ നിന്നു മേടിക്കുന്ന മിഠായി ആ മോനും കൊടുക്കും. മനസ്സിനെന്തൊരു സന്തോഷം, കുളിർമ്മവലിഞ്ഞു മുറുകിയ മുഖങ്ങളെ ഒരിക്കലും ഒഴിവാക്കി വിടരുത്. നിങ്ങളുടെ ഒരു വാക്കിന് ,ഒരു നോട്ടത്തിന് ,അവരുടെ വേദനകളെ ഒരു പക്ഷേ ലഘൂകരിക്കുവാൻ കഴിയും. ഒന്നിനും പരിഹാരമല്ലെങ്കിലും നമുക്കവരോട് ഒന്നു പുഞ്ചിരിക്കാമല്ലോ അത്രയും നമുക്ക് ചെയ്യാമല്ലോ.

എഴുതിയത് : ജിസ്മി പ്രമോദ്