നാളുകളായി തൊണ്ടയ്ക്ക് എന്തോ ഇരിക്കുന്ന പോലെ ഉമിനീരിറക്കാൻ പറഞ്ഞിട്ട് എന്റെ കഴുത്തിലോട്ട് നോക്കി ഡോക്ടറുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു തൊണ്ടയ്ക്കുള്ളിൽ എന്തോ വളരുന്നുണ്ട്

EDITOR

നാളുകളായി തൊണ്ടയെ അലട്ടുന്നൊരു പ്രശ്നമുണ്ട് തൊണ്ടയ്ക്കെന്തോ തടഞ്ഞിരിക്കുന്ന പോലെ ഒരു തോന്നലാ തണുപ്പൊക്കെ കഴിക്കുമ്പോ വല്ലാത്തൊരു വിമ്മിഷ്ഠമൊക്കെ തോന്നും ന്നാലും ഞാൻ കഴിക്കും കേട്ടോ.ഈ ശരീരത്തിൽ കുരു വരാത്ത ഒരേയൊരു അവയവം നാവ് മാത്രമാണെന്നുള്ളത് കൊണ്ട് എന്തെങ്കിലും അസുഖങ്ങൾ വന്നാലും പരമാവധി ആശൂത്രീൽ പോകാതെ കടിച്ചു പിടിച്ച് സഹിക്കുന്നതാണ് പതിവ് ഗുളികയൊക്കെ കഴിക്കുമ്പോ കോഴി കഞ്ചാവ് വലിച്ച് പൊക വിട്ടോണ്ട് പോകുന്ന പോലെ ആകെയൊരു മന്ദതയാ.അടുത്തിടെ തൊണ്ടയുടെ പ്രശ്നം ഇത്തിരി വഷളായി തൊണ്ടയിൽ മാത്രം ഒതുങ്ങി നിന്ന അസ്വസ്ഥത നെഞ്ചിലേക്കിറങ്ങിയപോലെ അത് തന്നെ തന്നേം പിന്നേം ആലോചിച്ചിരിക്കുമ്പോ ടെൻഷൻ കൂടുന്നത് സ്വാഭാവികം.എന്തായാലും ആശൂത്രീൽ പോകാമെന്നു പിന്നെ കരുതി അവിടെ ചെന്നപ്പോ ഡോക്ടർ തൊണ്ടയുടെ സ്കാനിങ്ങിനും രക്തം പരിശോധിയ്ക്കാനും പറഞ്ഞു എന്നിട്ട് റിസൾട്ട്‌ കൊണ്ട് ചെല്ലുമ്പോൾ എന്താണെന്നറിഞ്ഞിട്ട് ട്രീറ്റ്മെന്റ് തുടങ്ങാമെന്ന് പറഞ്ഞു.എനിക്കെന്തോ മാരക രോഗമുണ്ട് അല്ലായിരുന്നെങ്കിൽ സ്കാൻ ചെയ്യാൻ പറയില്ലാരുന്നല്ലോ.

എന്നോട് ഉമിനീരിറക്കാൻ പറഞ്ഞിട്ട് എന്റെ കഴുത്തിലോട്ട് നോക്കിയിരുന്ന ഡോക്ടറുടെ കണ്ണ് നെറഞ്ഞത് ഞാൻ കണ്ടതാരുന്ന്.തൊണ്ടയ്ക്കുള്ളിൽ എന്തോ വളരുന്നുണ്ട് ആശൂത്രീൽ പോയി എന്തായാലും കൊറേ ദിവസം കിടക്കേണ്ടി വരും..
അന്നേരം ബന്ധക്കാരും സ്വന്തക്കാരുമൊക്കെ കാണാൻ വരും പത്ത് ടൂറിസ്റ്റ് ബസിൽ കേറാനുള്ള ആൾക്കാർ ഫേസ്ബുക്കിലെ തന്നെ ഫ്രണ്ട്ലിസ്റ്റിലുണ്ട് എല്ലാരും കൂടെ എന്നെ കാണാൻ വരുമ്പോ സെക്യൂരിറ്റി ആശൂത്രീടെ അകത്തോട്ടു കേറ്റി വിടുവോന്നാ സംശയം.കാണാൻ വരുന്ന പത്തയ്യായിരം പേര് കൊണ്ട് വരുന്ന ആപ്പിളും ഓറഞ്ചും ഏത്തപ്പഴവും മുന്തിരിങ്ങായുമൊക്കെ ഞാനും അങ്ങേരും കൊച്ചുങ്ങളും കൂടെ എങ്ങനെ തിന്ന് തീർക്കും.ഓറഞ്ചും മുന്തിരിങ്ങായുമൊക്കെ പെട്ടെന്ന് പന്നലായിപ്പോവും ഏത്തപ്പഴത്തിന്റെ തൊലി കറുക്കുമ്പോഴാ വിറ്റാമിൻ വന്ന് നെറയുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ട് ഏത്തപ്പഴത്തിന്റെ കാര്യത്തിൽ സമാധാനമൊണ്ട്.ബാക്കി വരുന്ന മുന്തിരിങ്ങായൊക്കെ അയലോക്കക്കാർക്കൊക്കെ പറക്കി കൊടുക്കണം അവരും തിന്നട്ടെ.

രണ്ടീസം കഴിഞ്ഞു പോയി സ്കാൻ ചെയ്തു എല്ലാം കൂടെ രണ്ടായിരത്തി മുന്നൂറ് രൂപയായി ര ക്തം ടെസ്റ്റ്‌ ചെയ്തതിന്റെ റിസൾട്ട്‌ പിറ്റേന്നാണ് കിട്ടിയത്.സ്കാൻ ചെയ്യാൻ പോയപ്പോ ഒരു സോഡാ നാരങ്ങാ വെള്ളം കുടിക്കണോന്ന് തോന്നി.പിന്നീട് നടന്നില്ലെങ്കിലോ നാരങ്ങാ വെള്ളം ചോദിച്ചപ്പോ ബേക്കറിയിലെ ചേച്ചി പറയുവാ ഒരു ഷാർജ്ജ കുടിയ്ക്കാൻന്നാ പിന്നെ ആയിക്കോട്ടെന്ന് ഞാനും വിചാരിച്ചു.ഷാർജ്ജ കൊണ്ട് വെച്ചപ്പോ ആ ചേച്ചി ചോദിക്കുവാ ഒരു ബർഗർ കൂടെ എടുക്കട്ടേന്ന്. സ്നേഹത്തോടെ കയ്യേൽ പിടിച്ചു ചോദിക്കുമ്പോ എങ്ങനെ വേണ്ടെന്ന് പറയും. ചേച്ചീടെ ഇഷ്ടം പോലെ ആയിക്കോട്ടെന്ന് ഞാനും.കൊച്ചുങ്ങൾക്ക് രണ്ട് മഞ്ച് മിട്ടായിയും വാങ്ങിച്ചു വീട്ടിൽ വന്നു.. അവരും സന്തോഷിക്കട്ടെ.ഡോക്ടർ എന്തോ പറഞ്ഞെടീ.രാത്രി ജോലി കഴിഞ്ഞെത്തിയ എന്റങ്ങേര് ചോദിച്ചു.റിസൾട്ട്‌ കിട്ടുമ്പോ അറിയാം.. ഞാനിന്ന് ഡോക്ടറെ കണ്ടില്ല..മിന്നാരം സിനിമയിലെ ശോഭനയെ തല്ക്കാലം മുഖത്തോട്ട് വെച്ച് ഞാൻ പറഞ്ഞു.എന്റെ മുഖത്തെ ക്ഷീണമൊക്കെ കണ്ടോണ്ടാവും കെട്ടിയോൻ വീട്ടിലെ ജോലിയൊക്കെ തന്നത്താനെ ചെയ്യാൻ തുടങ്ങി..പിറ്റേന്ന് ഉച്ചയോടെ ലാബിൽ ചെന്ന് രക്തം ടെസ്റ്റ്‌ ചെയ്ത റിസൾട്ട്‌ വാങ്ങി ഡോക്ടറെ കാണാൻ ചെന്നു.നീണ്ട കാത്തിരിപ്പിനൊടുവിൽ എന്റെ നമ്പറെത്തി..ടെൻഷൻ കാരണം എന്റെ ഹൃദയം പൊട്ടിത്തെറിച്ചു മേശപ്പുറത്തോട്ട് വീഴുമെന്ന് തോന്നിപ്പോയി.

ഡോക്ടർ സ്കാനിംഗ് റിപ്പോർട്ടും രക്തം ടെസ്റ്റ്‌ ചെയ്ത റിസൾട്ടും മാറി മാറി നോക്കി.. എന്നിട്ടെന്നെ നോക്കി വീണ്ടും റിസൾട്ട്‌ നോക്കി എന്നെ നോക്കി.നേരെ ആശൂത്രീലോട്ട് പോയി അഡ്മിറ്റാകാനാരിക്കും പറയാൻ തൊടങ്ങുന്നത് ആശൂത്രീൽ മാറി മാറി ഇടാൻ നല്ലൊരു ടോപ്പ് പോലും എടുത്തോണ്ടും വന്നിട്ടില്ലല്ലോ ദൈവമേ എന്തൊരു മണ്ടത്തരമായിപ്പോയി.ഡോക്ടർ വീണ്ടും എന്നെ നോക്കി.ടെസ്റ്റ്‌ ചെയ്ത് നോക്കിയിട്ട് കുഴപ്പമൊന്നും കാണുന്നില്ല.. തൈറോയ്ഡ് നോർമലാണ് പിന്നെ അയണിന്റെ കുറവുണ്ട് അത് ആഹാരത്തിൽ കൂടെ പരിഹരിക്കാവുന്നതേയുള്ളു.ഡോക്ടർ പറഞ്ഞത് കേട്ട് എന്റെ നെഞ്ച് പൊട്ടിപ്പോയി.രണ്ടായിരത്തി മുന്നൂറ് രൂപാ കൊടുത്ത് ടെസ്റ്റ്‌ ചെയ്ത് നോക്കീട്ട് കുഴപ്പമൊന്നുമില്ല പോലും അങ്ങനെ പറഞ്ഞാലൊക്കുവോ.വീട്ടീ ചെന്ന് ഞാൻ അങ്ങേരോടും കൊച്ചുങ്ങളോടും എന്തോ സമാധാനം പറയുംങ്‌ഹേ കുഴപ്പമൊന്നുമില്ലേ എന്റെ തൊണ്ടയ്ക്ക് ഭയങ്കര അസ്വസ്ഥതയാ ഡോക്ടറെ.. ചൊവ്വേ ഒറങ്ങീട്ട് ഒരുപാടു നാളായി.ഞാൻ മേശപ്പൊറത്തൂടെ എത്തിവലിഞ്ഞ് റിസൾട്ടിലോട്ട് നോക്കി.

കൊഴപ്പം എന്തെങ്കിലും കാണും..പെട്ടെന്ന് നോക്കിയപ്പോ ഡോക്ടർ ചെലപ്പോ കാണാതെ പോയതാരിക്കുംറിപ്പോർട്ടിൽ കുഴപ്പമൊന്നുമില്ല,, സാധാരണ ഗ്യാസിന്റെ പ്രശ്നമുള്ളവർക്ക് ഇങ്ങനെ വരും.ഞാൻ ഒരാഴ്ചത്തേയ്ക്കുള്ള ഗുളിക തരാം കഴിച്ചു നോക്കിയിട്ട് അടുത്താഴ്ച ഒന്നൂടെ വാ.മൂന്നും മൂന്നും ആറ് ഗുളികയും എഴുതി തന്നിട്ട് ഡോക്ടറ് തുണ്ടും റിപ്പോർട്ടും കൂടെ തിരിച്ചു തന്നു.താങ്ക്സ് ഡോക്ടർ.വരുത്തിക്കൂട്ടിയ ഒരു ചിരി മുഖത്തോട്ട് ഒട്ടിച്ച് ചങ്ക് പൊട്ടുന്ന വേദനയോടെ ഡോക്ടറുടെ ഫീസും മേശപ്പുറത്ത് വെച്ച് ഞാനിങ്ങു വീട്ടിൽ പോരുന്നു. അസുഖമൊന്നുമില്ലെന്നറിഞ്ഞപ്പോ എന്റങ്ങേർക്കും കൊച്ചുങ്ങൾക്കും സന്തോഷം സമാധാനംരണ്ടായിരത്തി മുന്നൂറ് രൂപാ സ്കാൻ ചെയ്തതിനും രക്തം ടെസ്റ്റ്‌ ചെയ്തതിനും ബേക്കറിയിൽ തൊണ്ണൂറ്റഞ്ച് രൂപാ രണ്ട് തവണ ഡോക്ടർക്ക് കൊടുത്തത് അഞ്ഞൂറ് രൂപാ  വണ്ടിക്കൂലി ചന്തേൽ കേറി കച്ചട കിച്ചട സാധനങ്ങൾ വാങ്ങിച്ചത് വേറെ എല്ലാം കൂടെ രൂപാ എത്ര നഷ്ടവാ.വല്ല കാര്യോംണ്ടാരുന്നോ. ഗ്യാസാരുന്നെങ്കിൽ രണ്ട് വെളുത്തുള്ളി ചവച്ചാൽ പോരാരുന്നോ. എല്ലാത്തിനും മീതെ അയ്യായിരം പേര് കൊണ്ട് വരാനിരുന്ന മുന്തിരിങ്ങാ ഏത്തപ്പഴം ആപ്പിൾ ഓറഞ്ച്.അതോർക്കുമ്പോ ചങ്ക് പൊട്ടുവാഈ സങ്കടം ഞാനെവിടെ കൊണ്ടോയി തീർക്കും.

എഴുതിയത് : അബ്രാമിന്റെ പെണ്ണ്