നാല്പത് തലകൾ ചേർന്നാലും എൺപത് മൊലകൾ ചേരത്തില്ലെന്ന് പണ്ടാരാണ്ടോ പറഞ്ഞത് എത്രയോ ശരി എന്ന് കഴിഞ്ഞ ദിവസം മനസിലായി കാരണം

EDITOR

നമ്മള് പഠിച്ചപ്പോ സ്കൂളിലുണ്ടാരുന്ന ഓണാഘോഷമൊന്നുമല്ല ഇപ്പോളത്തെ പിള്ളേരുടെ സ്കൂളിൽ നടക്കുന്നത്.കഴിഞ്ഞ പി ടി എ മീറ്റിങ്ങിൽ ഓണാഘോഷം നടത്തേണ്ട ദിവസത്തേക്കുറിച്ചും ഓണസദ്യയെക്കുറിച്ചുമൊക്കെ ചർച്ച വന്നു പച്ചരി പോലുള്ള പത്തു നാല്പത് തള്ളമാരും അഞ്ചാറു ടീച്ചർമാരും പതിനായിരം അഭിപ്രായോം ഒരാള് പറയുന്നത് വേറൊരാൾക്ക് പിടിക്കത്തില്ല.പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് ഓണാഘോഷം നടത്താമെന്ന് കൊറേ പെണ്ണുങ്ങളു പറയുന്ന്.. അങ്ങനെ നടത്തിയാൽ പിറ്റേ ദിവസത്തെ പരീക്ഷയ്ക്ക് പിള്ളേരൊന്നും പഠിയ്ക്കത്തില്ലെന്ന് വേറെ കൊറേ പെണ്ണുങ്ങൾ.പരീക്ഷ കഴിയുന്നതിന്റെ പിറ്റേന്ന് പരിപാടി നടത്താമെന്ന് വേറൊരു സംഘം അങ്ങനെ നടത്തിയാൽ ആരും സ്കൂളിലോട്ട് തിരിഞ്ഞു പോലും നോക്കില്ലെന്ന ചരിത്രം ചൂണ്ടിക്കാണിച്ചു വേറെ ചിലർ.
മൊത്തത്തിൽ കിളി പാറിയ പൊടിപൂരം.അമ്പിനും വില്ലിനും അടുക്കാത്ത കൊറേ പെണ്ണുങ്ങൾ.. നാല്പത് തലകൾ ചേർന്നാലും എൺപത് മൊലകൾ ചേരത്തില്ലെന്ന് പണ്ടാരാണ്ടോ പറഞ്ഞത് എത്രയോ ശരിയാ.ഇതിനെയൊക്കെ വീട്ടിൽ സഹിക്കുന്ന ഇതിന്റെയൊക്കെ അങ്ങേരന്മാരെ സമ്മയ്ക്കണം.

പരീക്ഷ കഴിയുന്ന പിറ്റേന്ന് ഓണാഘോഷം നടത്താം തീയതിയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പിന്നീട് എല്ലാവരെയും അറിയിക്കുന്നതായിരിക്കും.എല്ലാം കേട്ട് തലപെരുത്ത എച്ചെമ്മ് ഒടുക്കം പറഞ്ഞു.ഡേറ്റിന്റെ കാര്യത്തിൽ തീരുമാനമായി പിന്നെ സദ്യയെക്കുറിച്ചായി ചർച്ച ചോറും പരിപ്പും സാമ്പാറും പായസവും സ്കൂളിൽ ഉണ്ടാക്കും.. ബാക്കിയുള്ള കറികളൊക്കെ ശരീരത്തിന് ആവതുള്ള അമ്മച്ചിമാർ വെച്ചുണ്ടാക്കി സ്കൂളിൽ കൊണ്ട് കൊടുക്കണം.അപ്പോ ആരൊക്കെയാ കറികൾ സ്പോൺസർ ചെയ്യുന്നത്..??എച്ചെമ്മ് പ്രേക്ഷകർക്കിടയിലേയ്ക്ക് അടുത്ത ബോംബെറിഞ്ഞു ഒരുമാതിരി തഞ്ചപ്പെട്ടിരുന്ന പെണ്ണുങ്ങളൊക്കെ വീണ്ടും ചെലപ്പ് തൊടങ്ങി ഏതെങ്കിലും അവളുമാർക്ക് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വന്നാ പോരായോ അതിനിങ്ങനെ കെടന്നു ചെലയ്ക്കേണ്ട വല്ല കാര്യവൊണ്ടോ.ഇവളുമാർക്കൊന്നും തൊണ്ട വേദനയെടുക്കാത്തത് കടുപ്പമാന്നേ.ഒച്ചയും ബഹളവുമൊക്കെ കേട്ട് ബാക്കിയൊള്ളവർക്ക് തലവേദനയെടുക്കുവാ.

അവിയലിനും പച്ചടിയ്ക്കും ഇഞ്ചിയ്ക്കും കാളനും ഓലനും അച്ചാറിനും കിച്ചടിയ്ക്കും മപ്പാസിനും പപ്പടത്തിനും ഉപ്പേരിയ്ക്കുമൊക്കെ ആളായി.തോരൻ മാത്രം ഉണ്ടാക്കിക്കൊണ്ട് വരാനുള്ള ആള് റെഡിയായില്ല…അപ്പോളാണ് ടീച്ചർ ഞങ്ങളെ ശ്രദ്ധിയ്ക്കുന്നത്.. നമ്മുടെ ഏരിയയിൽ നിന്ന് ഒറ്റയൊരെണ്ണം എഴുന്നേറ്റു നിന്ന് ഒരഭിപ്രായം പോലും പറഞ്ഞിട്ടില്ല.ആഹാ പ്രണവിന്റെ അമ്മ ഒന്നും മിണ്ടുന്നില്ലല്ലോ.. വീട്ടിൽ ചുമ്മാതിരിക്കുവല്ലേ അപ്പൊ തോരൻ പ്രണവിന്റെ അമ്മ ഉണ്ടാക്കിക്കൊണ്ട് വന്നാൽ മതി.പ്രണവിന്റെ അമ്മ വീട്ടിൽ ചുമ്മാതിരിക്കുവാണ് പോലും ടീച്ചർ പറയുന്നത് കേട്ടാൽ ഞങ്ങടെ വീട്ടിലെ ജോലിയൊക്കെ ടീച്ചറ് വന്ന് ചെയ്തിട്ടാണ് ദെവസോം സ്കൂളിൽ പോകുന്നതെന്ന് തോന്നും തോരൻ ഞാനുണ്ടാക്കാനിരുന്നാൽ ഫോണിൽ നോക്കാനുള്ള വിലപ്പെട്ട സമയമാ നഷ്ടപ്പെട്ടു പോകുന്നതെന്ന് ഈ ടീച്ചറിനറിയാവോ അതും ഇരുന്നൂറ്റൻപത് പേർക്കുള്ള തോരൻ ഞാനൊറ്റയ്ക്ക് ഒണ്ടാക്കണോന്നൊക്കെ വെച്ചാൽ.

ടീച്ചറെ,, എനിക്ക് നടുവേദനയാ ഞാനൊറ്റയ്ക്ക് ഇതൊന്നും കൂട്ടിയാൽ കൂടത്തില്ല. ടീച്ചറിനറിയാവല്ലോ.ഞാൻ പറഞ്ഞു.ആർക്കാ പ്രണവിന്റമ്മേ വയ്യായ്മയില്ലാത്തത്. എല്ലാർക്കും ഓരോ വയ്യായ്മകളുണ്ട്.ഒരു ദിവസത്തേയ്ക്കല്ലേ സാരമില്ല.
അവർക്കെന്നോട് എന്തോ വൈരാഗ്യമൊള്ള പോലെ ഒരു തരത്തിലും ഞാൻ രക്ഷപെട്ടു പോകാൻ സമ്മയ്ക്കേലാ.ന്നാ പിന്നെ തോരൻ ഞാനൊണ്ടാക്കി കൊണ്ട് വരാം.പറഞ്ഞു തീരുന്നതിനു മുൻപ് എല്ലാം കൂടെ ഇരുന്നും എണീറ്റും നിന്ന് കയ്യടിച്ചു
ദാ ഇത്രേയുള്ളൂ ഇപ്പൊ പ്രണവിന്റമ്മ തോരൻ കൂടെ ഉണ്ടാക്കി കൊണ്ട് വരാമെന്നു പറഞ്ഞപ്പോൾ സദ്യയുടെ കാര്യത്തിൽ തീരുമാനമായി കാബേജ് തോരനല്ലേ ഉണ്ടാക്കുന്നത്.??തോരൻ എന്താണെന്നറിയാഞ്ഞിട്ട് ടീച്ചറിന് സമാധാനക്കേട്
ഞാൻ ചക്കക്കുരു തോരൻ അടിപൊളിയായി ഉണ്ടാക്കും അത് ഉണ്ടാക്കി കൊണ്ട് വരാം ടീച്ചറെ.ആ ടീച്ചറ് എന്നെയങ്ങു നോക്കി നിക്കുവാ.ടീ ഇത് ദീപാവലിയല്ല ഓണമാ നീ പരിപാടി കൊളമാക്കാനാണോ തീരുമാനിച്ചേക്കുന്നത്.

അടുത്തിരുന്നവൾ എന്നെ ബെഞ്ചിൽ പിടിച്ചിരുത്തി പല്ല് കടിച്ചു.ചക്കക്കുരു ഒഴികെ വേറെന്ത് തോരനുണ്ടാക്കിയാലും ആ പരിപാടി വൻ പരാജയമാകുമെന്ന് എനിക്കുറപ്പുണ്ട്.ഓണ സദ്യക്ക് ചക്കക്കുരു തോരനോ ഞാനെന്തോ മഹാപരാധം പറഞ്ഞ പോലെ എല്ലാം കൂടെ പിറുപിറുക്കുന്നു.ഇവളുമാരൊന്നും ചക്കക്കുരു കണ്ടിട്ടില്ലാത്ത പോലെ.ചർച്ചയ്ക്കിടയിൽ ഭൂരിപക്ഷത്തിന്റെ,, അല്ല മൊത്തം ആൾക്കാരുടെ അഭിപ്രായത്തെ മാനിച്ച് ചക്കക്കുരുവിനെ എലയിൽ നിന്നെടുത്തു മാറ്റി വേറൊരുത്തി കാബേജ് തോരനുണ്ടാക്കി കൊണ്ടരാമെന്നേറ്റു.അവള് ആദ്യമേ വാ തൊറന്ന് ഇത് പറഞ്ഞാരുന്നേൽ വല്ല പാടും ഉണ്ടാരുന്നോ.വെറുതെ സമയം മെനക്കെടുത്തി.കറികൾ സ്പോൺസർ ചെയ്യാത്ത അമ്മച്ചിമാർ നൂറു രൂപാ വീതം കൊടുത്താൽ മതിയെന്ന് തീരുമാനമായി.അത്രേം ആശ്വാസംഇന്ന് വഴീൽ വെച്ച് കണ്ടിട്ട് ആ ടീച്ചറെന്നെ മൈൻഡ് ചെയ്യുന്നില്ല.അവരെ ഞാനേതാണ്ട് ചെയ്ത പോലെ.
അവര് മിണ്ടീലെങ്കിൽ എനിക്കെന്തുവാ വേണോങ്കി മിണ്ടട്ടെ.

കടപ്പാട്