ഒറ്റ മനുഷ്യർക്ക് അറിയാത്ത ആധുനിക തട്ടിപ്പ് അതും ഒറ്റ ക്ലിക്കിൽ ഡോക്ടർക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ

EDITOR

KSEB ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്: തൃശൂരിലെ ഡോക്ടർക്ക് നഷ്ടമായത് 3 ലക്ഷം രൂപ.
KSEB ബിൽ തുക അടച്ചിട്ടില്ലെന്നും, ഉടൻ വൈദ്യുതി വിഛേദിക്കുമെന്നും പറഞ്ഞ് ഡോക്ടർക്ക് ഫോൺ വിളിയെത്തി. ഫോൺ അറ്റൻഡ് ചെയ്ത ഡോക്ടറോട് നല്ല ഒന്നാംതരം ഇംഗ്ലീഷിൽ മധുരമുള്ള സംഭാഷണം. അതിൽ ഡോക്ടർ വീണു. KSEB യുടെ ബിൽ അടയ്കാനായി വിളിച്ചയാൾ ഒരു SMS സന്ദേശം ഡോക്ടറുടെ മൊബൈൽഫോണിലേക്ക് അയച്ചുകൊടുത്തു. അതിലെ ലിങ്കിൽ ഒരു ചെറിയ ക്ലിക്ക് ചെയ്താൽ മാത്രം മതിയെന്ന് അയാൾ പറഞ്ഞു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഡോക്ടർ അതെല്ലാം അനുസരിച്ചു.അൽപ്പ സമയത്തിനുശേഷം.ഡോക്ടറുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പലഘട്ടങ്ങളിലായി മൂന്നുലക്ഷത്തിലധികം രൂപ പിൻവലിച്ചു എന്ന് ബാങ്കിൽ നിന്നുമുള്ള സന്ദേശം.അനുസരണയുള്ള കുട്ടി ഞെട്ടി.ഞെട്ടിയിട്ട് എന്തുകാര്യം ?

സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണിത്. എത്രയും വേഗം പണമടക്കുക, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തുക അല്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് അയക്കുന്നു. KSEB യുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച്, അവർ അയച്ചുനൽകുന്ന ലിങ്കിലൂടെ ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽഫോൺ വിദൂരത്തുനിന്നും നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കുന്നു. ബാങ്ക് വിവരങ്ങളും OTP സന്ദേശങ്ങൾ അടക്കം അയാൾക്ക് അവിടെയിരുന്നുകൊണ്ട് വായിച്ചെടുക്കാൻ സാധിക്കുന്നു. ഉപഭോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെത്തന്നെ ബാങ്ക് എക്കൌണ്ടിലെ പണം അവർ തട്ടിയെടുക്കുന്നു.എന്താണ് ചെയ്യേണ്ടത് ?KSEB ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേര് എന്നിവ ഉൾപ്പെടുത്തിയിരിക്കും.

KSEB യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൃഹനാഥന്റെ മൊബൈൽ നമ്പറുകളിലേക്ക് മാത്രമാണ് KSEB സന്ദേശമയക്കുക. മറ്റുള്ളവരുടെ മൊബൈൽ നമ്പറിലേക്ക് KSEB സന്ദേശമയക്കാറില്ല.ഉപഭോക്താക്കളുടെ ബാങ്ക് എക്കൌണ്ട്, OTP തുടങ്ങിയ വിവരങ്ങൾ KSEB ഒരിക്കലും ആവശ്യപ്പെടാറില്ല.അപരിചിതരായ വ്യക്തികളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളോടും ഫോൺ വിളികളോടും പ്രതികരിക്കാതിരിക്കുക. അവർ അയച്ചു നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപകടകരമായ പ്രോഗ്രാമുകൾ നമ്മുടെ മൊബൈൽ ഫോണിൽ കടന്നുകയറുകയും, നമ്മുടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകുകയും ചെയ്യും. ഇതുവഴി അവർ നമ്മുടെ ബാങ്ക് എക്കൌണ്ടുകളിൽ നിന്നും പണം തട്ടിയെടുക്കുകയും, സ്വകാര്യവിവരങ്ങൾ ചോർത്തുകയും ചെയ്യും.KSEB യുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ടെലിഫോൺ നമ്പർ – 1912 ആകുന്നു. സംശയനിവാരണത്തിനായി ഇതിൽ വിളിക്കുകയോ 9496001912 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചോ പരിഹാരം തേടാവുന്നതാണ്.

KSEB ബിൽ തുക അടക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റോ, വിശ്വസനീയമായ പേയ്മെന്റ് ആപ്ലിക്കേഷനുകളോ മാത്രം ഉപയോഗിക്കുക.KSEB യ്കോ അല്ലെങ്കിൽ അത്തരത്തിൽ ആർക്കും വിദൂരത്തിരുന്നുകൊണ്ട് നിങ്ങളുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കാൻ സാധിക്കുകയില്ല. ബിൽതുക കുടിശ്ശിക മൂലം വൈദ്യുതി ബന്ധം വിഛേദിക്കുന്നതിന് KSEB ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വീട്ടിലേക്ക് കണക്ഷൻ നൽകുന്ന ഇലക്ട്രിക് പോസ്റ്റുവരെയെങ്കിലും എത്തിയാൽ മാത്രമേ സാധിക്കൂ. അതുകൊണ്ട് വിദൂരത്തുനിന്നും ഇലക്ട്രിക് കണക്ഷൻ വിഛേദിക്കുമെന്ന ഭീഷണിയിൽ വിശ്വസിക്കാതിരിക്കുക.
തൃശ്ശൂർ സിറ്റി പോലീസ്