കുറ്റിയടി കഴിഞ്ഞ ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു താങ്കൾ വരച്ച പ്ലാൻ അവർ കീറി എറിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ നിന്നതു എന്ത് കൊണ്ട് കുറിപ്പ്

EDITOR

പുതിയതായി ആരംഭിക്കുന്ന പ്രോജക്ടിന്റെ ഭൂമിപൂജക്കിടെയാണ് വർക്കിന്‌ കണ്ണുതട്ടാതിരിക്കാനായി സൈറ്റിന്റെ മൂലയ്ക്ക് ആരോ കൊണ്ടുവന്നുവച്ച ആ നോക്കുകുത്തിയെ എൻജിനീയറായ ഞാൻ ശ്രദ്ധിക്കുന്നത്.കുറ്റിയടി കഴിഞ്ഞ ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു ആഴ്ചകൾ എടുത്ത് ഒരുപാട് കാൽക്കുലേഷനുകൾക്കു ശേഷം താങ്കൾ രൂപപ്പെടുത്തിയ പ്ലാൻ ഒരു വാസ്തുവിദ്യക്കാരൻ കീറി വലിച്ചെറിഞ്ഞപ്പോൾ താങ്കൾ ഒന്നും മിണ്ടാതെ നിന്നതു എന്തുകൊണ്ടാണ് .അതുപിന്നെ അയാൾ പറയുന്നതാണ് ശരിയെന്ന് ഞാൻ കരുതി
ഫൗണ്ടേഷൻ പണി ആരംഭിച്ച ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു
ഫൗണ്ടേഷൻ ട്രഞ്ചിന് ഉറപ്പുണ്ടോ എന്ന കാര്യം താങ്കൾ നേരിട്ട് പരിശോധിച്ചില്ലല്ലോ?

അതുപിന്നെ കൽപ്പണിക്കാരൻ പറഞ്ഞത് ഞാനങ്ങു വിശ്വസിച്ചു ബേസ്മെൻറ് വർക്കുകൾ തീർന്ന ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു :ഒരു ഫൗണ്ടേഷന്റെ ടോപ് ലെവൽ നിശ്ചയിക്കുമ്പോൾ അന്നാട്ടിലെ ഏറ്റവും കൂടിയ വെള്ളപ്പൊക്കത്തിന്റെ ലെവൽ പഠനവിധേയമാക്കണമെന്നാണല്ലോ എന്നിട്ടും താങ്കൾ എന്തുകൊണ്ടാണത് അന്വേഷിക്കാതിരുന്നത് അതുപിന്നെ മറ്റാരും അങ്ങനെ അന്വേഷിക്കാറില്ലാത്തതു കാരണം ഞാനും അന്വേഷിച്ചില്ല ചുവരിന്റെ പടവുപണി ആരംഭിച്ച ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു ഒരു വീടിനു പ്ലിന്ത് ബെൽറ്റ്‌ അത്യന്താപേക്ഷിതമാണെന്നിരിക്കെ, താങ്കൾ എന്തുകൊണ്ടാണ് ചെയ്തില്ല ?

അതുപിന്നെ വീട്ടുടമ അങ്ങനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ചെയ്തില്ല
പടവുപണി പുരോഗമിക്കവേ ഒരു ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു
പടവിന്റെ ഒരിടത്തും വെർട്ടിക്കൽ ജോയന്റുകൾ ഉണ്ടാവാൻ പാടില്ലെന്ന് എൻജിനീയറിങ് ക്ലാസിൽ അയ്യര് സാറ് നിന്നെ പഠിപ്പിച്ചതല്ലേ? എന്നിട്ടും നീ എന്തുകൊണ്ട് അത് ശ്രദ്ധിച്ചില്ല ?അതുപിന്നെ അയ്യര് സാറ് പറയുന്നതല്ല, മേസ്തിരി പറയുന്നതാണ് ശരിയെന്ന് ഞാൻ കരുതി സൺ ഷെയ്ഡ് വാർപ്പ് കഴിഞ്ഞ ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു ഈ വീടിന്റെ സൺ ഷെയിഡിന് വേണ്ടത്ര വീതിയില്ലല്ലോ ? ചുവരുകൾ മഴ നനയും നീ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല?അതുപിന്നെ എല്ലാവരും ചെയ്യുന്നപോലെ ഞാനും ചെയ്‌താൽ മതിയെന്ന് കരുതി വീടിന്റെ മെയിൻ സ്ളാബ് വാർത്തു കഴിഞ്ഞ ദിവസം നോക്കുകുത്തി എന്നോട് ചോദിച്ചു.

കോൺക്രീറ്റ് തെയ്യാറാക്കുമ്പോൾ വാട്ടർ സിമെന്റ് റേഷ്യോ കണിശമായി പാലിച്ചിരിക്കണമെന്ന് കോൺക്രീറ്റ് ടെക്‌നോളജി ക്ലാസിൽ ഉണ്ണീൻകുട്ടി സാർ നിന്നെ പഠിപ്പിച്ചതല്ലേ ? വീടിന്റെ ആയുസ്സിനും ബലത്തിനും അത് പാലിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നറിഞ്ഞിട്ടും നീ അത് ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണ്.?
അതുപിന്നെ, മറ്റാരും അതൊന്നും നോക്കാറില്ലാത്തതുകൊണ്ടു ഞാനും നോക്കിയില്ല”
വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ ദിവസം സദ്യയും കഴിച് ഏമ്പക്കവും വിട്ടു പുറത്തിറങ്ങുമ്പോൾ ഞാൻ ആദ്യമായി നോക്കുകുത്തിയോട് ചോദിച്ചു.ഇനി നമ്മൾ കണ്ടെന്നുവരില്ല. ഇന്ന് നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ.നോക്കുകുത്തി എന്നെ അരികിലേക്ക് വിളിച്ചു. പിന്നെ ശബ്ദം താഴ്ത്തി ചോദിച്ചു പഴ്‌സണലായിട്ടു ചോദിക്കുവാ, ഈ സൈറ്റിൽ യഥാർത്ഥ നോക്കുകുത്തി ആരായിരുന്നു ? ഞാനോ അതോ എൻജിനീയറായ താങ്കളോ ഞാൻ മറുപടി പറഞ്ഞില്ല.കാരണം ഒരു നോക്കുകുത്തിയോട് പോലും മറുപടി പറയാൻ ഉള്ള ആർജ്ജവം എന്നിലെ എൻജിനീയർ എന്നേ പണയം വച്ചുകഴിഞ്ഞിരുന്നു.

കടപ്പാട് : സുരേഷ് മഠത്തിൽ വളപ്പിൽ