വാടകയ്ക്ക് കൊടുത്ത വീടിന്റെ വാടക തരുന്നില്ല പരാതിയുമായി സ്റ്റേഷനിൽ എത്തി ശേഷം സംഭവിച്ചത്

EDITOR

പോലീസിന്റെ കുറ്റം മാത്രം കണ്ടു പിടിച്ചു സമൂഹത്തിന്റെ മുൻപിൽ കാണിക്കാൻ ശ്രമിക്കുന്നവർ ആണ് പലരും .ഇ പോലീസ് ഫോഴ്സിൽ ഉള്ള വിരലിൽ എണ്ണാവുന്ന ആളുകൾ തെറ്റ് ചെയ്താൽ മുഴുവൻ ഫോഴ്സിനെയും കുറ്റം പറയുന്നത് നല്ല ശീലമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് തൃശൂർ സിറ്റി പോലീസ് പങ്കു വെച്ച നന്മ ഇവിടെ കുറിക്കുന്നു.

താമസിക്കാൻ കൊടുത്ത വീടിന്റെ വാടക തരുന്നില്ലെന്ന കാരണം പറഞ്ഞ് വീട്ടുടമസ്ഥനായ ഒരാൾ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. തൃശ്ശൂർ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയും കുടുംബവുമാണ് എതിർകക്ഷികൾ. പരാതി അന്വേഷണാർത്ഥം സ്ഥലം സന്ദർശിക്കാനായി എത്തിയ പീച്ചി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ എ.എ. ഷുക്കൂർ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു.
പാറമടയിൽ ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം പണിക്കു പോകാൻ കഴിയുന്നില്ല. അയാളുടെ ഭാര്യ മാനസിക അസുഖങ്ങളുള്ള കിടപ്പുരോഗിയാണ്. മക്കൾ രണ്ടു പേരും ഭിന്നശേഷിക്കാർ. അതിനും പുറമേ മൂത്ത മകൾക്ക് ക്യാൻസർ രോഗവും. ദിവസവും ആഹാരം കണ്ടെത്താൻ പോലും പണമില്ലാതെ വലഞ്ഞ ആ കുടുംബം താമസിച്ചിരുന്ന പഴയ വീട്, മഴപെയ്ത് കുതിർന്ന് നിലം പൊത്തിയപ്പോഴാണ് അവർ വാടക വീട്ടിലേക്ക് താമസം മാറിയത്.

ജോണിയുടെ ദുരിതങ്ങൾ നേരിട്ടു കണ്ടറിഞ്ഞ പീച്ചി പോലീസ് ഇൻസ്പെക്ടർ എ.എ. ഷുക്കൂറും സംഘവും ഇവർക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യർത്ഥന വൈസ്മാൻ ക്ളബ്ബ് അംഗങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അതുകൂടാതെ പ്രദേശ വാസികളായ സന്മനസ്സുകൾ പലരും അകമഴിഞ്ഞ് സഹായിച്ചു. അങ്ങിനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് അവിടെ പണി കഴിച്ചു.
പുതുതായി പണി തീർത്ത വീടിന്റെ താക്കോൽ ദാനം ഇക്കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐ. പി.എസ് നിർവ്വഹിച്ചു.പീച്ചി സ്റ്റേഷൻ ഹൌസ് ഓഫീസർ എ.എ ഷുക്കൂർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫ്രിൻസൺ, സനിൽകുമാർ എന്നിവരേയും വൈസ്മാൻ ക്ളബ്ബ് അംഗങ്ങൾ ആദരിച്ചു.
തിരക്കിട്ട ജോലികൾക്കിടയിലും നിർദ്ദനരായ ഒരു കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള ചാരിതാർത്ഥ്യത്തിലാണ് വൈസ്മെൻ ക്ലബ് അംഗങ്ങളും, പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും, തൃശ്ശൂർ സിറ്റി പോലീസും.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്