റോഡ് എങ്കിലും ചുറ്റും വിജനത നിലവിളിച്ചാൽ പോലും കേൾക്കാൻ ആരുമില്ല ഒത്തിരി പേർ മരിച്ച സ്ഥലം എന്ന് അറിഞ്ഞപ്പോൾ ഷോക്കായി

EDITOR

ആദ്യമായാണ് ഞാനിവിടെ അനുഭവം എഴുതുന്നത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പരസ്യ കമ്പനിയിൽ ഡിസൈനർ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഒരു യാത്രയിൽ ഉണ്ടായ രണ്ട് വ്യതസ്ത അനുഭവമാണ് നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് .ഞാൻ വ്യക്തമായി കണ്ടതും. അനുഭവിച്ചതും, തോന്നൽ അല്ല എന്നുറപ്പുള്ളത്കൊണ്ടുമാണ് ഞാനിതിവിടെ പറയുന്നത് ഇനി അനുഭവത്തിലേക്ക് വരാംതണുപ്പുള്ള രാത്രികളിൽ തിരക്കു കുറഞ്ഞ വഴികളിലൂടെ ബൈക്ക് ഓടിക്കുവാൻ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ രാത്രിയാത്രകളിൽ എനിക്കേറെയിഷ്ടം വൃശ്ചിക മാസ രാവുകളാണ്ആ മഞ്ഞിനോടും നീല നിലാവിനോടും വല്ലാത്തൊരു ഇഷ്ടമുണ്ട്.കൊല്ലം ജില്ലയിൽ ആണ് എന്റെ കുടുംബവീട് അക്കാലത്ത് താമസം അവിടെയായിരുന്നു.എനിക്ക് ജോലി തീരുവനന്തപുരത്തും.

വളരെ സുഖകരമായി ജീവിതം മുന്നോട്ട് പോകുന്ന സമയം ജോലി കൂടാതെ കുറച്ച് ഫ്രീലാൻസ് വർക്കുകൾ വീട്ടിൽ കൊണ്ട് വന്ന് ചെയ്യുമായിരുന്നു.എനിക്ക് അതൊരു അധിക വരുമാനവുമായിരുന്നു.ജോലി കഴിഞ്ഞ് വന്ന ശേഷം , അല്ലെങ്കിൽ അവധി ദിവസങ്ങളിൽ ഒക്കെയണ് അത്തരം വർക്കുകൾ ചെയ്യന്നത് വർക്ക് തീരുമ്പോൾ പലപ്പോഴും സമയം പാതിരാത്രിയോട് അടുപ്പിച്ച് ആകാറുണ്ട് ചില സാഹചര്യങ്ങളിൽ രാത്രി തന്നെ വർക്ക് കൊണ്ട് കൊടുക്കേണ്ടതായി വരും അക്കാര്യത്തിൽ എനിക്ക് വളരെ സന്തോഷമാണ് കാരണം മണിക്കൂറുകൾ നീണ്ട വർക്ക് തീർത്ത ശേഷം അത് കൊടുക്കുവാൻ ഒരു നൈറ്റ് ബൈക് യാത്രയും കൂടെ നല്ല ഒന്നാന്തരം തട്ട് കടയിലെ ഫുട്ടും പിന്നെ വർക്ക് കൊടുക്കുമ്പോൾ തന്നെ നല്ലൊരു തുക ക്യാഷും കിട്ടും എന്നത് മറ്റൊരു വലിയ സന്തോഷംഅന്നൊരു വ്യശ്ചിക മാസ രാത്രിയായിരുന്നു.

നല്ല തണുപ്പുള്ള രാത്രി വർക്ക് തീർന്നപ്പോൾ പത്ത് മണി കഴിഞ്ഞു ഇനിയത് 50 60 കിലോമീറ്ററിൽ അധികം ദൂരെ കൊണ്ട് കൊടുക്കണം.വെഞ്ഞാറമൂട് ,പോത്തൻ കോട് വഴി കേശവദാസപുരം റൂട്ട്. ഇതിനിടയിലാണ് പാർട്ടി വർക്ക് വാങ്ങാൻ കാത്ത് നില്കുമെന്ന് പറഞ്ഞ സ്ഥലം ഇവിടേക്ക് വേറെ NH വഴിയൂടെ വരാം പക്ക്ഷേ
ഈ റൂട്ടാണ് യാത്രക്ക് എനിക്കിഷ്ടം.രാത്രി യാത്രയെന്ന് പറഞ്ഞാലെ വീട്ടിൽ പ്രശ്നമാണ് അമ്മ വഴക്ക് പറയുംഎന്നാലും എന്തേലും കാരണം പറഞ്ഞ് ഞാനിറങ്ങും പതിവ് പോലെ ഞാനെന്റെ ബൈക്കുമായി അമ്മയോട് യാത്ര പറഞ്ഞിറങ്ങി തണുപ്പുള്ള രാത്രിയിൽ ഹെൽമറ്റ് , ഓവർ കോട്ട് ഇവകൂടാതെ ചെവി മറയുന്ന ഒരു തൊപ്പി കൂടി ഞാൻ എടുക്കാറുണ്ട് അത് ചെവിയിൽ തണുത്ത കാറ്റ് കയറാതിരിക്കാൻ തലയിൽ ഇടും എന്നിട്ട് ഹെൽമറ്റ് വയ്ക്കും.പതിവ് പോലെ ആസ്വദിച്ചുള്ള യാത്ര 12 മണി ആകും മുന്നേ ഞാൻ വർക്ക് പാർട്ടിക്ക് എത്തിച്ചു. പിന്നെ കുറച്ച് നേരം അവടിരുന്ന് കത്തിവച്ചു. പിന്നെ പുള്ളിയുടെ വക അടുത്ത കടയിൽ നിന്ന് ഫുഡ് കഴിച്ചു ഒരു മണി കഴിഞ്ഞപ്പോൾ ഞാൻ തിരികെ ഇറങ്ങി

അപ്പോഴേയ്ക്കും ചെറിയ ചാറ്റൽ മഴ കൂടാതെ ചെറിയ പുക പോലെ മഞ്ഞും നല്ല തണുപ്പും മഴ യാത്രയുടെ സുഖം കളയും .ഞാൻ ബൈക്കിന്റെ വേഗതകൂട്ടി… മഴ കൂടും മുന്നെ വീടെത്താൻ ഞാനെരു ഷോട്ട്കട്ട് എടുത്തു പോത്തൻകോടു MC റോഡിൽനിന്ന് NH ൽ ചെന്നെത്തും തിരിച്ച് വരുന്നവഴി കുറെ ഭാഗം കിലോമീറ്ററുകളൊളം വിജനമാണ് (സ്ഥല പേര് ഞാൻ പറയുന്നില്ല കാരണം ഇപ്പോൾ അവിടെ് ധാരാളം ആൾക്കാർ വരുന്ന ടൂറിസ്റ്റ് പ്ലെയിസാണ് )റബ്ബർ കാടിന് നടുവിലൂടെ ഉള്ള വഴി പണ്ട് എട്ട് മണികഴിഞ്ഞാൽ ഓട്ടോകാർ പോലും പോകാൻ മടിച്ചിരുന്ന സ്ഥലങ്ങളാണ് ഇപ്പോൾ അതൊക്കെ കുറെ മാറി എന്നാലും വിജനത ഇപ്പോഴും അതേ പോലുണ്ട് റബ്ബർ തോട്ടത്തിലേക്ക് കയറിയപ്പോൾ തണുപ്പ് ഒന്നുടെ കൂടി അത് കൊണ്ട് തന്നെ വേഗത കുറച്ചാണ് മുന്നോട്ട് പോയത്.എനിക്കപ്പോൾ ഭയം തീരെ തോന്നിയില്ല് കാരണം പതിവ് വഴികളാണ് എന്തെക്കെയോ ആലോചിച്ച് അങ്ങനെ വരുമ്പോൾ ബൈക്ക് പെട്ടന്ന് റേഡിലെ ഒരു കുഴിയിൽ വീണു. ഓഫ് ആയി ലൈറ്റും അണഞ്ഞു കോഴി വേസ്റ്റിന്റെ അസഹ്യമായ നാറ്റം മൂക്കിലേക്ക് ഇടിച്ച് കയറി. നമ്മുടെ നല്ലവരായ നാട്ടുകാർ ഇറച്ചി വേസ്റ്റുകൾ ആരും കാണാതെ കൊണ്ടു തട്ടുന്ന സ്ഥലം കൂടിയാണത് ആ ഒരു നിമിഷം ഞാൻ ചെറുതായൊന്നു ഭയന്നു.

കാരണം ചുറ്റും വിജനതയാണ് നിലവിളിച്ചാൽ പോലും കേൾക്കാൻ ആരുമില്ല .
ഒത്തിരി പേർ മരിച്ചതും കൊല്ലപ്പെട്ടതുമായ എസ്റ്റേറ്റിന് നടുക്കാണ് ഞാനുള്ളതെന്ന് ഓർത്തപ്പൊഴേ ഒരു ഷോക്ക് പാഞ്ഞു നെഞ്ചിൽ അത് വരെ ഉണ്ടായിരുന്ന ധൈര്യം ചോർന്ന് തുടങ്ങി.എത്രശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ടാക്കുന്നില്ല.ഒരോ മിനിട്ടും അവിടെ എനിക്ക് മണിക്കൂറുകൾ പോലെയാണ് തോന്നിയത് അത്രക്ക് അസഹ്യമായ എന്തൊക്കെയൊ മണങ്ങൾ പിന്നെ നനഞ്ഞഴുകിയ കരിയിലകളും ചവറും.
ഞാൻ അറിയാവുന്ന ദൈവത്തെ യെല്ലാം വിളിച്ചു കിക്കർ ആഞ്ഞ് ചവിട്ടി കൊണ്ടിരുന്നു.സമയം നീങ്ങുന്തോറും ഭയം പതുക്കെ പതുക്കെ അരിച്ച് കയറി .
എനിക്ക് തൊണ്ട വരണ്ടു. കരയണമെന്നൊക്കെ തോന്നുന്നുണ്ട് കണ്ടിട്ട് ആര് കേൾക്കാൻ സമയം നോക്കിയപ്പോൾ മണി രണ്ട് കഴിഞ്ഞിരിക്കുന്നു ചുറ്റിലും
എന്തൊക്കെയൊ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.

വലിയൊരു ശബ്ദം കേട്ടാൽ ബോധം കൊടുമെന്ന അവസ്ഥ ബൈക്ക് ചവിട്ടി സ്റ്റാർ ട്ടാക്കുനതിനൊപ്പം ഞാൻ തലതിരിച്ച് ചുറ്റിനും നോക്കി കൊണ്ടിരുന്നു.ചുറ്റും കരിം പച്ച കാടുകൾ, അതിന്റെ പല ഭാഗത്തായി നിലാവ് വീഴാത്ത ഭാഗങ്ങൾ കൂടുതൽ ഇരുണ്ടതായും അവിടെയൊക്കെ കറുത്ത ആരോ എഴുന്നേറ്റ് നിന്ന് എന്നെ നോക്കുന്നതായിട്ടൊക്കെ എനിക്ക് തോന്നി പെട്ടന്ന് ഞാൻ ബൈക്കിന്റെ ടാങ്ക് കവറിൽ ഉണ്ടായിരുന്ന സ്ക്രൂ ഡ്രൈവർ അറിയാതെ കൈയ്യിലെടുത്തു
.ഒരു ധൈര്യത്തിനായി കഴുത്തിലെ ഏലസിലും കൈ കൊണ്ട് മുറുകെ പിടിച്ച് പ്രാർഥിച്ചു.ഞാൻ വിയർത്ത് കുളിച്ച് കിക്കർ ആഞ്ഞു ചവിട്ടുകയാണ് അത് ഏറെ നേരം തുടർന്നപ്പോൾ ഞാൻ തളർന്നു ഇനിയും ഇങ്ങനെ നില്കുന്നതിൽ അർത്ഥമില്ല.
മുന്നോട്ടോ പിന്നോട്ടോ ബൈക്ക് തള്ളിയാലും ആ വിജനമായ സ്ഥലം കടക്കാൻ രണ്ട് മൂന്ന് കിലോമീറ്ററിൽ അധികമുണ്ട്.അതുകൊണ്ട് കുറച്ച് നേരം കൂടി ശ്രമിക്കാമെന്ന് കരുതി.

പെട്ടെന്ന് എന്റെ ദേഹത്ത് കുറെ ചവറുകൾ പറന്ന് വന്ന് വീണു ആരോ വാരി എറിയും പോലെ.ഒരു വല്ലാത്ത കാറ്റ് ഞാൻ നില്ക്കുന്നിടത്ത് മാത്രം ചവറു പറത്തി കറങ്ങുന്നു. എന്നെ ഞെട്ടിച്ചത് ചാറ്റൽ മഴ നനഞ്ഞ കരിയിലകൾ പറക്കുന്നു എന്നതാണ് മാത്രമല്ല അതുവരെ ഇല്ലാത്ത ഒരു തരംതണുപ്പും ദൂരേന്ന് കാറ്റ് അവിടേക്ക് മാത്രം കരിയിലയും കവറുകളും പറത്തി എന്റെ ദേഹത്തേക്ക് എറിയും പോലെ വീശുന്നു.കണ്ണിലും മൂക്കിലുമെല്ലാം പൂത്തമണമുള്ള പൊടി പറന്ന് വീണു കാഴ്ച മറഞ്ഞു.എന്റെ സകല ധൈര്യവും പോയി മുള്ളിയില്ല എന്നേയുള്ളൂ ഇപ്പോൾ കരിയിലയുടെ കൂടെ കല്ലും മണ്ണും കൂടി വീഴുന്നു.ആരോ ചുറ്റിലും നിന്ന് വാരിയെറിയുന്ന പോലെ വീഴുകയാണ്.എന്റെ ചുറ്റിലും ആരൊക്കെയൊ നടക്കുന്ന പോലെ തോന്നി കരിയില ഞെരിഞ്ഞമരുന്ന ശബ്ദം കണ്ണുതുടച്ച് നോക്കിയപ്പോൾ നല്ല വലിപ്പമുള്ള കുറെ കറുത്ത നായകൾ എനിക്ക് ചുറ്റും എന്ന പോലെ നിശ്ചലമായി നിന്ന് തീഷ്ണമായി നോക്കുന്നു അടുത്ത അതിന്റെ ആക്ഷൻ എന്തായിരിക്കുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.

പേടിച്ചിട്ട് എന്റെ ഹ്യദയം തെറിച്ച് റോഡിൽ വീഴുമെന്നൊക്കെ എനിക്ക് തോന്നി.
ആ വെപ്രാളത്തിൽ തറയിൽ നിന്ന് കുറെ കല്ലും മണ്ണും ഞാൻ വാരിയെടുത്തു
ടാറിട്ട റോഡിൽ നിന്ന് എങ്ങനെ ഒരു പിടി മണ്ണുവാരിയെന്ന് ഇപ്പോ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല ആ സമയത്ത് വാരി അത്ര തന്നെ പെട്ടെന്ന് ദൂരെ വളവിൽ നിന്നൊരു വെളിച്ചം ഒരു വാഹനം വളവ് തിരിഞ്ഞ് വരുന്നതാണ് എന്റെ ശ്വാസം അപ്പോഴാണ് നേരെയായത്.നായകൾ അപ്പോഴും അവിടെ ഇരുളിൽ നിഴൽ പോലുണ്ട് ഞാൻ ബൈക്കുരുട്ടി റോഡിന് നടുക്കാക്കി.കിക്കർ ചവിട്ടുകയാണ് ഏത് വണ്ടിയായാലും തടഞ്ഞ് നിർത്തി സഹായം ചോദിക്കണം . അതിനാണ് ബൈക്ക് റോഡിന് കുറുകെ വച്ചത്.വാഹനം അടുത്ത് വരുന്നു. അതൊരു മിനിലോറി ആയിരുന്നു.ആ വാഹനത്തിന്റെ വെളിച്ചം എന്റെ ദേഹത്ത് നേരിട്ട് പതിച്ച് തുടങ്ങി യതും എന്റെ ബൈക്ക് സ്റ്റാർട്ടായി ഞാൻ വേഗം ബൈക്ക് സൈഡിലൂടെ വേഗത്തിൽ മുന്നോട്ടെടുത്തു.ലോറിയിലുള്ളവർ തല പുറത്തേക്കിട്ട് സംശയത്തോടെ എന്നെ ഒന്ന് നോക്കി കടന്ന് പോയി.

അവിടെ നിന്ന് കഴിയുന്നത്ര വേഗതയിൽ ഒരു പായലാരുന്നു.വേഗം തന്നെ ഞാൻ ആളും വെളിച്ചവും ഉള്ള സ്ഥലമെത്തി നിർത്തിയില്ല കാരണം അത്രേം വിയർത്ത് കുളിച്ചിട്ടുണ്ട് .ഇപ്പോൾ ആരേലും കണ്ടാൽ എവിടെന്നോ മേഷണം കഴിഞ്ഞ് ഓടി രക്ഷപ്പെട്ട് വന്നതാണെന്നേ കരുതൂ അല്ലെങ്കിൽ വല്ല കുത്സിതി പ്രവർത്തിയും കഴിഞ്ഞു പട്ടി യോടിച്ച് വരുവാണെന്ന് കരുതും.രണ്ടായാലും നാണക്കേട് തന്നെ.
നാല് കിലോമീറ്റർ കൂടി പോയാൽ സിറ്റിയെത്തും അപ്പോൾ വിയർപ്പൊക്കെ ഉണങ്ങും മാത്രമല്ല അവിടെ കടകളുണ്ട് ഒരു ചൂട് ചായ കുടിക്കണം ഒരു സിഗരറ്റ് വാങ്ങി വലിക്കണം എന്നൊക്കെ മനസിൽ കരുതി നല്ല സ്പീഡിൽ ബൈക്ക് ഓടുവാണ്. ഇത് വരെയും മറ്റ് തകരാറൊന്നും കാണിച്ചില്ല ഒന്നറച്ചത് പോലുമില്ല പഴയത് പോലെ തന്നെ ഓടുവാണ് എന്നാലും ഉള്ളിൽ എന്തോ ഒരു അസ്വസ്ത്ഥത ഒരു വല്ലായ്മ പോലെ . ഹൃദയമിടിപ്പും കൂടി .മനസ്സിൽ എന്തോ ഒരു ഭാരാ പോലെ സിറ്റിയിൽ എത്തി ബൈക്ക് നിർത്തി ചായ കുടിച്ച് വേഗം തന്നെ വീട്ടിലേക്ക് യാത്ര തുടങ്ങി.
നല്ല തണുപ്പ് സമയം അപ്പോഴേക്കും മൂന്ന് മണിയാകുന്നു. വീടെത്തിയാൽ മതിയെന്നായി.

പാരിപ്പള്ളി കഴിഞ്ഞു ജഗ്ഷൻ വിജനം അവിടന്ന് പരവൂർ റോഡ് കയറി മുന്നോട്ട് ഓടുവാണ് മനസ്സിൽ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൊണ്ട് മുന്നോട്ട് ഓടി
ഇപ്പോഴത്തെ ഇ എസ്സ് ഐ മെഡിക്കൽ കോളജിന്റെ മുന്നിലെത്തി അവിടെ അല്പം താഴെ ഒരു ക്ഷേത്രവും ഒരു കുളവുമുണ്ട് രണ്ട് കൊടിമരങ്ങൾ ഉള്ള ക്ഷേത്രമാണ് …
അന്ന് ആ മെഡിക്കൽ കോളജിന്റെ പണി തുടങ്ങിട്ടില്ല പറങ്കിമാവാണ് അവിടെ നിറയെ വെളിച്ചം തീരെ ഇല്ല അവിടെ പെട്ടെന്ന് ബൈക്കിന്റെ വെളിച്ചതിൽ അവ്യക്തമായി ദൂരെ ഒരാൾ നില്കുന്നത് കണ്ടു ഒരു വെളുത്ത രൂപംബൈക്കിന് അത്യാവശ്യം വേഗതയുണ്ട് മഴ ചെയ്ത് റോഡ് നനഞ്ഞു കിടക്കുന്നതിനാൽ ഹെഡ് ലൈറ്റിന് നല്ല വെളിച്ചം തോന്നുന്നില്ല. അടുക്കും തോറും രൂപം വ്യക്തമായി
നല്ല ഉയരമുള്ള ഒരാൾ , തോളിൽ നിന്ന് താഴേക്ക് കാല് വരെ വലിയൊരു വെള്ള തുണി മൂടി നിൽക്കുന്നു . തലയിലും ഒരു തുണി മൂടിയിട്ടുണ്ട് . സ്വാഭാവികമായും ഒരാൾ നില്കുന്നത് റോഡിന് സൈഡിലായിരിക്കും.അതുകൊണ്ട് തന്നെ ഞാൻ വണ്ടി വലത്തേക്ക് ഒഴിച്ചു. ഞാൻ അയാളുടെ തൊട്ടടുത്ത് എത്തിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് ആ രൂപം നില്കുന്നത് റോഡിന്റെ സൈഡിലല്ല.

ഒത്ത നടുക്കാണ്ഞാൻ ബൈക്ക് ഒഴിച്ച് വരുന്നത് റോഡിന്റെ അരികിൽ കൂടിയും  ശ്രദ്ധിച്ചില്ലേൽ ബൈക്ക് റോഡിന് വെളിയിൽ ഇറങ്ങി മറിയും ബൈക്ക് ആ രൂപത്തിന്റെ അടുത്തെത്തിയ നിമിഷം ഞാനതിനെ നോക്കി അസാധാരണമായ ഉയരം.ഒന്നരയാൾ പൊക്കം അതെന്നെ തലതിരി്ച്ച് തീഷ്ണമായി തുറിച്ച് നോക്കുന്നു. തല താഴേക്ക് കുനിച്ചാണ് അതെന്നെ നോക്കിയിരുന്നത് ആ തുണി കണ്ടാൽ ഉസ്താക്കൻമാർ ഉപയോഗിക്കുന്ന സ്കാർപ്പ് പോലെ തോന്നും കണ്ടതെന്താണെന്ന് മനസ്സിലായപ്പോഴേക്കും ഞാൻ നൂറു മീറ്ററ ങ്കിലും മുന്നിലേക്ക് പോയി ക്ഷേത്രത്തിന്റെ മുന്നിൽ എത്തിയിരുന്നു ഇത്രയും കാലം ഇതിലൊന്നും വലിയ വിശ്വാസ മില്ലാതിരുന്ന എനിക്ക് ഈ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. ശരീരമാകെ ഒരു വൈദ്യുത പ്രവാഹം ഉണ്ടായതായി എനിക്ക് തോന്നി. ബൈക്ക് ചരിഞ്ഞു. കുറച്ച് ദൂരം നിരങ്ങി മുന്നിലേക്ക് പോയി വീണു.

തറയിൽ നിന്ന് വേഗം ഞാൻ ചാടി എഴുന്നേറ്റു . കാലിലെയും കൈയ്യിലെയും മുട്ടുകൾ മുറിഞ്ഞു. എങ്കിലും വേഗം തിരിഞ്ഞ് പിന്നിലേക്ക് നോക്കി അവിടെ ആ റോഡിൽ ആരുമില്ല. എവിടെയും വല്ലാത്ത ഒരു നിശബ്ദതമാത്രം വണ്ടിക്ക് കാര്യമായി ഒന്നും പറ്റിയിരുന്നില്ല വേഗം വണ്ടി ഉയർത്തി കാലും കൈയ്യും തടവി ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേക്ക് പോയി വീട്ടിലെത്തിയ എന്നെ കണ്ട വീട്ടുകാർ ഞെട്ടി ദേഹം മുഴുവൻ ഉരഞ്ഞിട്ടുണ്ടാരുന്നു അപ്പോഴത്തെ പേടി കൊണ്ട് അറിഞ്ഞില്ല ആ സമയത്തും വീട്ടിൽ ആള് കൂടി ഹോസ്പിറ്റലിൽ കൊണ്ട്പോയി മരുന്നു വച്ചു.നടന്ന കാര്യം ഞാൻ എല്ലാവരോടും പറഞ്ഞു.ഞാൻ പ്രേതം എന്നെന്നും അല്ല പറഞ്ഞത്. ആരോ പെയ്ക്കാലു വെച്ച് തുണി മൂടി കുറുകെ നിന്നു എന്നാണ് പറഞ്ഞത് എനിക്കങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു.

പിറ്റേന്ന ഇക്കാര്യം അന്വേഷിച്ച് പോയവരോട് അവിടെയുള്ള കടക്കാർ പറഞ്ഞത് അത്രയും ഉയരമുള്ള സ്കാർഫ് ധരിക്കുന്ന ആരും അവിടെയില്ല പിന്നെ പൊയ്കാല് വച്ചും ആരും നടക്കുന്നതായും ഇന്നേവരെ അറിവില്ലന്നാണ് അപ്പോൾ ഞാൻ കണ്ടത് ആരെയാണ് ഭാഗ്യം കൊണ്ട് അന്ന് ഞാൻ പടമായില്ല മനുഷ്യരാണോ അതൊ മറ്റേതെങ്കിലും ശക്തിയാണോ. ? അതോ റബർ എസ്റ്റേറ്റിൽ നിന്ന് എന്റെ കൂടെ വന്ന് പേടിപ്പിച്ചതാണൊ ? അങ്ങനെയെങ്കിൽ ഇത്രയും ദൂരം പ്രേതം പിൻതുടർന്ന് വരുമൊ? അറിയില്ല പക്ഷേ ഒന്നുറപ്പാണ് ഉയരമുള്ള തീഷ്ണമായ കണ്ണുകൾ ഉള്ള ആ രൂപത്തെ ഞാൻ വളരെ വ്യക്തമായി കണ്ടിരുന്നു.

എഴുതിയത് : വിഷ്ണു