ഇത് തെങ് നടാൻ ഉള്ള കുഴി അല്ല മലയാളികളെ പറ്റിക്കാൻ ഉള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണ്

EDITOR

വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോൾ അതിൽ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വിൽപ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദ് ശാന്തിനഗർ സ്വദേശി ശങ്കർ (34), ഗുജറാത്ത് അഹമ്മദാബാദ് ടക്ക നഗർ സ്വദേശി രാജു (30), മൈസൂർ മാണ്ഡ്യ നഗറിൽ ഇപ്പോൾ താമസിക്കുന്ന ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. നിധികിട്ടിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനുപയോഗിക്കുന്ന രണ്ട് കിലോഗ്രാം തൂക്കമുള്ള വ്യാജ സ്വർണമാലയും ഇവരിൽ നിന്നും കണ്ടെടുത്തു.

തട്ടിപ്പ് ഇങ്ങനെ:ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ചെറുസംഘങ്ങളായി തിരിഞ്ഞ് തട്ടിപ്പ് നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി, ഒന്നോ രണ്ടോ ദിവസം താമസിച്ച് പരിസരങ്ങൾ വീക്ഷിക്കുന്നു. തങ്ങൾക്ക് തട്ടിപ്പ് നടത്തുന്നതിന് അനുയോജ്യമായ ഇരയെകണ്ടെത്തുന്നതിനുവേണ്ടി ചെറിയ കച്ചവട സ്ഥാപനങ്ങളും കടകളുമാണ് തിരഞ്ഞെടുക്കുന്നത്. പരിചയപ്പെടുന്നതിനും വിശ്വാസത്തിൽ എടുക്കുന്നതിനും വേണ്ടി, ഇരയുടെ സ്ഥാപനത്തിൽ അൽപ്പസമയം ചിലവഴിക്കുകയും, വിലകുറഞ്ഞ എന്തെങ്കിലും സാധനങ്ങൾ പണം നൽകി വാങ്ങിക്കുകയും ചെയ്യും. കടയുടമ ഇവരുമായി സംസാരിക്കുന്നതിനിടയിൽ വളരെ അനുനയത്തിൽ രഹസ്യമായി ഒരു കാര്യം പറയാനുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വാസം ആർജ്ജിക്കാൻ ശ്രമിക്കും.

ഉത്തരേന്ത്യയിലെ തങ്ങളുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ ഒരു കുടം നിറയെ നിധി ലഭിച്ചു എന്നും, സ്വർണാഭരണങ്ങളും, സ്വർണ നാണയങ്ങളും ഉണ്ട് എന്നും തങ്ങളുടെ സ്വന്തം നാട്ടിൽ ഇവ വിൽക്കുവാൻ പറ്റില്ലെന്നും, അവിടെ വിൽപ്പന നടത്തിയാൽ ഗവൺമെന്റും പോലീസും പിടികൂടുമെന്നും, അതിനാലാണ് ഇവിടെ വിൽപ്പന നടത്തുന്നതിന്റെ ആവശ്യത്തിലേക്ക് വന്നതെന്നും, വിൽപ്പന നടത്തുന്നതിന് സഹായിക്കാമോ എന്നും മറ്റും ചോദിക്കുന്നു. അതിനുശേഷം വളരെ രഹസ്യമായി നിധികിട്ടിയതെന്ന് പറയുന്ന സ്വർണമാല രഹസ്യമായി കാണിച്ചു കൊടുക്കുന്നു.ഇര തട്ടിപ്പുകാരുടെ വലയിൽ വീണു എന്ന് തോന്നുന്നതോടെ സ്വർണമാലയിൽ നിന്നും ഒരു ചെറിയ കഷണം സ്വർണം പൊട്ടിച്ചെടുത്ത്, പരിശോധന നടത്തുന്നതിനും ശുദ്ധ സ്വർണമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രം ഇടപാടുകൾ നടത്തിയാൽ മതിയെന്നും പറയുന്നു. മാത്രവുമല്ല, ഇത് വിൽപ്പന നടത്തിത്തന്നാൽ മതിയായ ലാഭം നൽകാം എന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

അവരെ ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറും നൽകുന്നു.തട്ടിപ്പുകാർ നൽകിയ സ്വർണ സാമ്പിൾ ഇടപാടുകാരൻ, പരിശോധിക്കുമ്പോൾ അത് ശുദ്ധ സ്വർണമാണെന്ന് മനസ്സിലാകുന്നു. ഈ ഇടപാടു നടത്തിയാൽ തനിക്ക് ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാരൻ തട്ടിപ്പുകാർ നൽകിയ മൊബൈൽഫോണിൽ ബന്ധപ്പെട്ട് ഡീൽ ഉറപ്പിക്കുന്നതിനായി അവരെ വിളിക്കുന്നു. സ്വർണ്ണമാല തരണമെങ്കിൽ 5 ലക്ഷമോ അതിലധികമോ പണം അഡ്വാൻസ് തരണമെന്നും, തങ്ങൾക്ക് ദൈവം നൽകിയ നിധിയാണിതെന്നും, ഇതിൽ നിന്നും കച്ചവടക്കാരന് വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രണ്ട് കിലോഗ്രാമിലധികം തൂക്കം വരുന്ന നിധിയുടെ വിപണി മൂല്യം നോക്കിയാൽ ലക്ഷങ്ങളുടെ വിലയാണ് ഉണ്ടാവുക. മാത്രവുമല്ല, ഇടപാടിൽ നല്ല ലാഭം മനസ്സിലാക്കിയ കച്ചവടക്കാരൻ എവിടെ നിന്നെങ്കിലും പണം തരപ്പെടുത്തി, തട്ടിപ്പുകാർക്ക് കൈമാറുകയും അവരിൽ നിന്നും സ്വർണ്ണ മാല സ്വീകരിക്കുകയും ചെയ്യും. തട്ടിപ്പുക്കാർക്ക് രണ്ടോ മൂന്നോ ലക്ഷം രൂപ നൽകിയാലും അവർ ഇടപാടു നടത്തും. ബാക്കി പണം വാങ്ങാൻ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്യും.

ഇതിനുശേഷം സ്വർണമാല കച്ചവടക്കാരൻ വിൽക്കുവാൻ നോക്കുകയോ, പരിശോധിക്കുമ്പോഴോ അതിൽ സ്വർണത്തിന്റെ ഒരു അംശം പോലും ഉണ്ടാകുകയില്ല. താൻ ചതിക്കപ്പെട്ടു എന്ന് കച്ചവടക്കാരന് മനസ്സിലാകുമ്പോഴേക്കും തട്ടിപ്പുകാർ സ്ഥലം വിട്ടിട്ടുണ്ടായിരിക്കും. മാത്രവുമല്ല, ഇവർ നൽകിയ ഫോൺ നമ്പറുകൾ വ്യാജവുമായിരിക്കും.തട്ടിപ്പിനു മുന്നോടിയായി മികച്ച തയ്യാറെടുപ്പ്:
തട്ടിപ്പു നടത്തുന്നതിനും ഇരയെ കണ്ടെത്തുന്നതിനും ഇവർ അനുയോജ്യമായ സ്ഥലങ്ങൾ തേടി ദിവസങ്ങളോളം ഇവർ തയ്യാറെടുപ്പ് നടത്തും. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം, നിരന്തരം നിരീക്ഷിച്ച ശേഷം പരിസരങ്ങളിലൊന്നും സിസിടിവി ക്യാമറകൾ ഇല്ലെന്ന് ഉറപ്പുവരുത്തും. ഇടപാടുകാരനെ നിരീക്ഷിക്കുകയും അയാളുടെ സ്വഭാവ സവിശേഷതകൾ വിലയിരുത്തിയ ശേഷവും തങ്ങൾക്ക് വിശ്വസിക്കാം എന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ഇവർ തട്ടിപ്പിന് വേണ്ടി അയാളെ തിരഞ്ഞെടുക്കാറുള്ളൂ. തങ്ങൾ കൊണ്ടുവരുന്ന സ്വർണം മറ്റുള്ളവർക്ക് കാണിച്ചു നൽകരുതെന്നും അങ്ങിനെയാണെങ്കിൽ ലാഭവിഹിതം നഷ്ടപ്പെടുമെന്നും കച്ചവടക്കാരനോട് പറയും. വളരെ സൌമ്യമായാണ് ഇവരുടെ സംസാര രീതി.

തങ്ങൾ വളരെ സാധുക്കളാണെന്നും, ദൈവം തന്ന നിധിയാണ് തങ്ങൾക്ക് കിട്ടിയതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നതിൽ ഇവർക്ക് അപാര വാക് ചാതുരിയാണുള്ളത്. ഡീൽ ഉറപ്പിച്ച് പോകുമ്പോൾ ഇടപാടുകാരന്റെ കാലിൽ തൊട്ട് വന്ദിക്കാറുപോലുമുണ്ട്.അറസ്റ്റ് തൃശൂർ സ്വദേശിയായ കച്ചവടക്കാരന്റെ പരാതിയിൽ:
തൃശൂർ സ്വദേശിയായ ഒരാളുടെ പരാതിയിലാണ് തട്ടിപ്പുകാർ ഷാഡോ പോലീസിന്റെ വലയിലായത്. കച്ചവടക്കാരനായ ഇയാളെ വിശ്വാസത്തിലെടുത്ത ശേഷം നിധി ലഭിച്ച സ്വർണാഭരണം കാണിച്ചുനൽകുകയും ഡീൽ ഉറപ്പിക്കുകയും ചെയ്തു. ഇടപാടിൽ സംശയം തോന്നിയ കച്ചവടക്കാരൻ പോലീസിനെ സമീപിക്കുകയും ചെയ്തു. സമാനമായ തട്ടിപ്പ് വർഷങ്ങൾക്കു മുമ്പ് നടന്നിട്ടുണ്ടെന്നും, ഇത് തട്ടിപ്പാണെന്ന് കച്ചവടക്കാരനെ പോലീസ് ബോധ്യപ്പെടുത്തി. തുടർന്ന് കച്ചവടക്കാരൻ ഇവരെ തന്ത്രപൂർവ്വം ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയിൽ പലരും പെട്ടുപോയിരിക്കാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ പി.ലാൽകുമാർ അറിയിച്ചു.

അന്വേഷണ സംഘാംഗങ്ങൾ:തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ, ഈസ്റ്റ് ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ്ഐമാരായ സിനോജ്.എസ്, ജയചന്ദ്രൻ.ഇ.എ, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ ടി.ആർ.ഗ്ലാഡ്സ്റ്റൺ, കെ.രാജൻ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി.രാഗേഷ്, അസി. സബ് ഇൻസ്പെക്ടർ കെ. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി.ജീവൻ, പഴനിസ്വാമി, സിപിഒ മാരായ എം.എസ് ലിഗേഷ്, വിപിൻദാസ്.

തൃശൂർ സിറ്റി പോലീസ്