എനിക്ക് നല്ല വസ്ത്രങ്ങള്‍ അണിയാൻ ഇഷ്ടാണ് പക്ഷെ വസ്ത്രം മേടിക്കണം എന്ന് കരുതുന്ന ഉടന്‍ ഭാര്യയുടെയും മകന്റെയും മുഖം മനസ്സില്‍ വരും പക്ഷെ അവർ ചെയ്തത്

EDITOR

അച്ഛാ എനിക്കാ പാടുന്ന കിളിയെ മേടിച്ചു തരോ..?”അഞ്ചു വയസ്സുകാരൻ മകന്‍ രാജീവിന്റെ പോക്കറ്റില്‍ പിടിച്ചു വലിച്ച് കെഞ്ചി. ഒഴിഞ്ഞു കിടക്കുന്ന തന്റെ പോക്കറ്റിലേക്ക് രാജീവ് ഒന്ന് നോക്കി മോന് അച്ഛന്‍ ഇതിനെക്കാൾ വലിയ കിളിയെ നാളെ വാങ്ങിച്ചു തരാട്ടോ” വേണ്ട, എനിക്ക് ഈ കിളിയെ മതിരാജീവ് മകന്റെ കൈ പിടിച്ച് ആ കടയുടെ മുന്നില്‍ നിന്നും വേഗത്തില്‍ നടന്നു. മകന്‍ ഒന്നും മിണ്ടിയില്ല. പക്ഷെ ആ അഞ്ചു വയസ്സുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ കണ്ടു. രാജീവ് മകനെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. രാജീവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട മകന്‍ അവന്റെ കുഞ്ഞു കൈകള്‍ കൊണ്ട് ആ കണ്ണീര്‍ തുടച്ചു മാറ്റി നിക്ക് ആ കിളിനെ ഇപ്പോ വേണ്ടാച്ഛാ, പിന്നെ മതി. അച്ഛന്റെ കൈയില്‍ കുറേ പൈസ ഉള്ളപ്പോൾ. ന്റെ അച്ഛന്‍ കരയേണ്ട ട്ടോ രാജീവ് നിറകണ്ണുകളോടെ തന്റെ മോനെ നോക്കി തലയാട്ടി.വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ മദ്രാസിൽ ജോലിചെയ്യുന്ന രാമേട്ടൻ അന്വേഷിച്ച കാര്യം ഭാര്യ രാജീവിനോട് പറയുന്നത്. അവൻ രാമേട്ടനെ വീട്ടിൽ പോയി കണ്ടു.

രാമേട്ടാ, എപ്പോഴാ എത്തിയേ..? അവിടെ എങ്ങനാ, ചൂടുണ്ടോ..?”രാമേട്ടൻ അവനെ അടിമുടി ഒന്നു നോക്കിഇത് എന്ത് കോലാണ് എന്റെ രാജീവേ, എന്തുപറ്റിയെടോ നിനക്ക്, മുഖത്ത് വല്ലാത്ത നിരാശ പോലെ. നീ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ..?രാജീവ് രാമേട്ടനെ നിഷ്ക്കളങ്കമായി ഒന്ന് നോക്കി ന്റെ രാമേട്ടാ പിടിച്ചു നില്‍ക്കാന്‍ പറ്റണില്ല ചെയ്ത ബിസിനസ്സ് എല്ലാം നഷ്ടത്തിലായി. കുറച്ച് സാമ്പത്തിക ബാധ്യതയും വന്നു. ഇനി എന്ത് ചെയ്യണം എന്നറിയാതെ നിക്കാ ഞാന്‍. ന്റെ മോന്‍ ആവശ്യപ്പെട്ട കളിപ്പാട്ടം പോലും മേടിച്ചു കൊടുക്കാന്‍ ഗതിയില്ലാത്തവനായി ഞാന്‍രാജീവിന്റെ ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. രാമേട്ടൻ അവനെ ആശ്വസിപ്പിച്ചു നീ ഇങ്ങനെ വിഷമിക്കാതെ, ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകും. ജീവിതം എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊക്കെ അല്ലേടോ രാജീവ് കുറച്ച് സമയം ഒന്നും മിണ്ടിയില്ല. അവന്‍ രാമേട്ടന് മുന്നില്‍ തന്റെ വിറക്കുന്ന കൈകള്‍ കൂപ്പി നിന്നു

രാമേട്ടാ, എനിക്കൊരു ജോലി ശരിയാക്കി തരോ…? പറ്റില്ല എന്ന് പറയരുത് വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാരാമേട്ടൻ രാജീവിന്റെ കയ്യില്‍ പിടിച്ചു അതിന് എന്റെ മുന്നില്‍ ഇങ്ങനെ അപേക്ഷിക്കണോടാ നിനക്ക്? ഞാന്‍ തിരിച്ചു പോയിട്ട് ഒന്ന് അന്വേഷിക്കട്ടെ. അവിടെ ജോലി സാധ്യത കൂടുതലും ഹോട്ടലിലെ ജോലിക്കാണ്. ഒരു വിശ്രമവും ഇല്ലാത്ത പണി ആയിരിക്കും. ദിവസവും പതിനാലും പതിനഞ്ചും മണിക്കൂര്‍ ജോലി ഉണ്ടാകും. നിന്നെക്കൊണ്ട് അതിനൊക്കെ സാധിക്കുമോ..?ഞാന്‍ എന്ത് ജോലിയും ചെയ്തോളാം രാമേട്ടാ. എന്റെ ഭാര്യയുടെയും മോന്റെയും കണ്ണീര് എനിക്ക് ഇനി കാണാന്‍ വയ്യ രാമേട്ടാരാമേട്ടൻ രാജീവിന് ശുഭ പ്രതീക്ഷ നല്‍കി പറഞ്ഞയച്ചു.രാമേട്ടൻ മദ്രാസിൽ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജീവിന് വിളി വന്നു. ഒരു ഹോട്ടലില്‍ ജോലി തരപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹം രാജീവിനെ വിളിച്ചത്. രാജീവ് തന്റെ പ്രിയതമയോടും മകനോടും യാത്ര പറഞ്ഞ് പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കാനായി നിറകണ്ണുകളോടെ മദ്രാസിലേക്ക് യാത്ര തിരിച്ചു.

അവന് ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സമയം കിട്ടിയിരുന്നൊള്ളൂ, അവിടുത്തെ ജോലിത്തിരക്കിനിടയിൽ. എല്ലാം സഹിച്ച് അവന്‍ തന്റെ കുടുംബത്തിന് വേണ്ടി അവിടെ ജോലി ചെയ്തു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ബിസിനസ്സിൽ വന്ന ബാധ്യതകൾ എല്ലാം അവന്‍ തീര്‍ത്തു. വാടക വീട്ടില്‍ നിന്നും സ്വന്തമായി പണിത കൊച്ചു വീട്ടിലേക്ക് അവര്‍ താമസം മാറി. മകനെ നല്ല സ്കൂളില്‍ പഠിപ്പിച്ചു. ഭാര്യയ്ക്ക് ഉടുക്കാൻ നല്ല വസ്ത്രങ്ങള്‍ മേടിച്ചു കൊടുത്തു. എല്ലാം കൊണ്ടും രാജീവ് തന്റെ കുടുംബത്തെ സന്തോഷത്തിലാക്കി. ഇതിനിടയില്‍ ഒരു വിരുന്നുകാരനെപ്പോലെ സ്വന്തം വീട്ടില്‍ വന്നു പോയികൊണ്ടിരുന്നു അവന്‍. സ്വന്തമായി നല്ല ഒരു വസ്ത്രം പോലുമില്ലായിരുന്നു അവന്. അതിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് അവന്‍ പറയും

എനിക്ക് നല്ല വസ്ത്രങ്ങള്‍ അണിയാനൊക്കെ ഇഷ്ടാണ്. പക്ഷെ വസ്ത്രം മേടിക്കണം എന്ന് കരുതുന്ന ഉടന്‍ ഭാര്യയുടെയും മകന്റെയും മുഖം മനസ്സില്‍ വരും, അപ്പോ ഞാന്‍ ആ കാശ് കൊണ്ട് അവര്‍ക്ക് വസ്ത്രം മേടിക്കും. അവരിങ്ങനെ ആ പുത്തൻ വസ്ത്രങ്ങള്‍ അണിഞ്ഞ് എന്റെ മുന്നില്‍ വന്ന് ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ… ആ എത്ര പുതിയ വസ്ത്രം അണിഞ്ഞാലും എനിക്ക് കിട്ടില്ല”ഒരിക്കല്‍ രാജീവ് നാട്ടില്‍ അവധിക്ക് പോയ സമയത്തായിരുന്നു മകന്റെ സ്കൂളില്‍ യുവജനോത്സവം നടന്നിരുന്നത്. ഭാര്യ രാജീവിന്റെ അടുത്ത് വന്ന് ആകാംക്ഷയോടെ പറഞ്ഞുരാജീവേട്ടാ, ഇന്ന് നമുക്ക് മോന്റെ സ്കൂളില്‍ പോണം ട്ടോ, ഇന്നത്തെ കവിത മത്സരത്തില്‍ അവനും പങ്കെടുക്കുന്നുണ്ട്. അവന്‍ സ്വന്തമായി എഴുതിയ കവിതയാണ് സ്റ്റേജില്‍ കയറി ചെല്ലാൻ പോകുന്നത്മകനെ കുറിച്ച് കേട്ടപ്പോള്‍ രാജീവ് അഭിമാനം കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വീണ്ടും ഇരുന്നു.

മകനെ കുറിച്ച് അവന് കൂടുതലായൊന്നും അറിയില്ലായിരുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കുറച്ച് സമയം സംസാരിക്കും എന്നല്ലാതെ.തന്റെ മകന്റെ പേര് വിളിക്കുന്നതും കാത്ത് രാജീവ് കാണികൾക്കിടയിൽ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ മകന്റെ പേര് വിളിച്ചു. പത്ത് മാസം ചുമന്ന് പെറ്റ അമ്മ എന്ന ദൈവത്തെ കുറിച്ചായിരുന്നു അവന്‍ കവിത ചൊല്ലിയത്. അവന്റെ കുട്ടിക്കാലത്തെ അമ്മയുമായുള്ള സ്നേഹവും, പിണക്കവും, തമാശയുമെല്ലാം അവന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. തന്നെ പെറ്റുവളർത്തിയ അമ്മ എന്ന ദൈവത്തോടുള്ള സ്നേഹവും, നന്ദിയും, കടപ്പാടും നിറഞ്ഞുതുളുമ്പുന്നതായിരുന്നു അവന്‍ എഴുതിയ കവിതയിലെ ഓരോ വരികളും. കവിത ചൊല്ലി തീർന്നതും കാണികൾക്കിടയിൽ നിന്നും നിലയ്ക്കാതെയുള്ള കരഘോഷം ഉയര്‍ന്നു. തന്റെ മകന് കിട്ടു കയ്യടികൾ കണ്ട് രാജീവ് സന്തോഷത്തിന്റെ മിഴിനീർ പൊഴിച്ചു. ആ മിഴിനീർ തുള്ളികൾ തന്റെ മുഷിഞ്ഞ തുവാലകൊണ്ട് അയാള്‍ തുടച്ചു മാറ്റി. അപ്പോഴാണ്‌ അയാളുടെ മൊബൈല്‍ ശബ്ദിച്ചത്. രാമേട്ടനായിരുന്നു കോളിൽആ രാമേട്ടാ, ഞാന്‍ നാളെ തിരിക്കും. പിന്നെ.. എന്റെ മോന്‍ ആളു പുലിയാട്ടാ.. സ്വന്തമായി കവിതയൊക്കെ എഴുതി ഒരു പേടീം കൂടാതെ ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് എത്ര രസായിട്ടാ അവനത് ചൊല്ലിയേ എന്നറിയോ..?ഒന്നു നിറുത്തിയിട്ട് അവന്‍ തുടര്‍ന്നു അവന്റെ അമ്മയെ അവന് ജീവനാ.എന്നെ അവന് പിന്നെ കൂടുതല്‍ അറിയില്ലല്ലോ.എനിക്ക് എന്തേലും പറ്റിയാലും എന്റെ ഭാര്യയെ അവന്‍ പൊന്നുപോലെ നോക്കും. അത് എനിക്ക് ഉറപ്പാഒരു ആയുസ് മുഴുവന്‍ തന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെച്ച രാജീവ് മുണ്ടിന്റെ ഒരു അറ്റം കയ്യില്‍ പിടിച്ച് അറ്റം കാണാതെ നില്‍ക്കുന്ന റോഡിലൂടെ നടന്നു നീങ്ങി.ഒരു വേദ പുസ്തകങ്ങിലും പേര് എഴുതിവെക്കാത്ത ദൈവമാണ് അച്ഛന്‍.
ഷാൻ കബീർ