കുറച്ച് കാലം മുമ്പ്, സ്വർണ്ണം പൊതിയുന്ന പേപ്പർ പാഴാക്കിയതിന് ഒരാൾ തന്റെ 3 വയസ്സുള്ള മകളെ ശിക്ഷിച്ചു. ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ വയ്ക്കാൻ ഒരു പെട്ടി അലങ്കരിക്കുന്നതിനാണ് കുട്ടി ആ പേപ്പർ ഉപയോഗിച്ചത്. അത് സാമ്പത്തിക നഷ്ടത്തിന് കാരണമായതിനാലാണ് അയാൾ പ്രകോപിതനായത്. പിറ്റേന്ന് രാവിലെ ആ കൊച്ചുകുട്ടി അവളുടെ പിതാവിന് ആ കൊച്ചു പെട്ടി കൊടുത്തിട്ട് പറഞ്ഞു, “ഇത് ഡാഡിക്കുള്ള സമ്മാനമാണ്” മകളെ കഠിനമായി ശിക്ഷിച്ചതിൽ ദുഃഖിതനായിരുന്ന ആ പിതാവ് സന്തോഷത്തോടെ ആ പെട്ടി തുറന്നെങ്കിലും അതിൽ ഒന്നുമുണ്ടായിരുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ വീണ്ടും പ്രകോപിതനായി. ദേഷ്യത്തോടെ അയാൾ മകളോടു ചോദിച്ചു ഒരു സമ്മാനം നൽകുമ്പോൾ, അതിനുള്ളിൽ എന്തെങ്കിലും ഉണ്ടായിരിക്കണ്ടേ? ആ കൊച്ചു പെൺകുട്ടി കണ്ണീരോടെ ഡാഡിയെ നോക്കി പറഞ്ഞു ഡാഡി അത് വെറും പെട്ടി അല്ല, ആ പെട്ടി നിറയെ ഡാഡിക്കുള്ള എന്റെ ഉമ്മയാണ് അയാൾ ആകെ തകർന്നു പോയി. തന്റെ മകളെ വാരിയെടുത്തു ചുംബിച്ചു കൊണ്ട് മടിയിലിരുത്തി അവളോട് ക്ഷമ ചോദിച്ചു. കുറച്ച് സമയത്തിന് ശേഷം, ഒരു അപകടം കുട്ടിയുടെ ജീവൻ അപഹരിച്ചു. അവളുടെ ഡാഡി വർഷങ്ങളോളം തന്റെ കട്ടിലിന് സമീപം ആ സ്വർണ്ണപ്പെട്ടി സൂക്ഷിച്ചുവച്ചു, അയാൾക്ക് എന്തെങ്കിലും പ്രയാസം തോന്നുമ്പോഴൊക്കെയും, ആ പെട്ടി തുറന്ന് തന്റെ മകളുടെ സ്നേഹചുംബനങ്ങൾ സ്വീകരിക്കുമായിരുന്നു.
ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം സ്നേഹമാണ്. ആത്മാർത്ഥമായ സ്നേഹത്തോളം വിലയുള്ള മറ്റെന്താണ് ഈ ലോകത്തിലുള്ളത്? സ്നേഹം അനശ്വരമാണ്! യഥാർത്ഥ സ്നേഹത്തിന്റെ വില ആർക്കും നിർണയിക്കാവുന്നതല്ല. യഥാർത്ഥ സ്നേഹത്തെ ഇല്ലാതെയാക്കുവാൻ ശക്തിയുള്ള യാതൊന്നും ഈ ലോകത്തിൽ ഇല്ല. ഒരാളെ സ്നേഹിക്കുന്നത് അയാളുടെ യോഗ്യത നോക്കിയല്ല, അത് സ്നേഹിക്കുന്ന വ്യക്തിയുടെ യോഗ്യതയാണ്. യോഗ്യതയുള്ളവരെ മാത്രം സ്നേഹിക്കുന്നത് സ്വാർത്ഥതയാണ്. യാതൊരു യോഗ്യതയും ഇല്ലാത്തവരെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് യഥാർത്ഥ സ്നേഹം വെളിപ്പെടുന്നത്. സ്നേഹിക്കുന്നത് തിരികെ സ്നേഹിക്കപ്പെടുന്നതിനല്ല, സ്നേഹിക്കുക എന്നത് ഹൃദയത്തിന്റെ ഭാവം ആയതിനാലാണ്. സ്നേഹിക്കുവാൻ കഴിയാതെ പോകുന്നത്, മരണത്തിന്റെ അനുഭവമാണ്. അതിനാൽ ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നെങ്കിലും അനേകരും മരിച്ചവരാണ്. സ്നേഹത്തിലാണ് ജീവൻ നിക്ഷിപ്തമായിരിക്കുന്നത്. സ്നേഹം ഈ ഭൂമിയെ സ്വർഗ്ഗമാക്കുന്നതാണ് . നമുക്ക് സ്നേഹിക്കാം സ്വർഗ്ഗത്തിൽ തന്നെ ജീവിക്കാം.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടി ക്ലാസ്സിലെ ഏറ്റവും മണ്ടനായ കുട്ടി എന്നാണ് അധ്യാപകരും കുട്ടികൾ എല്ലാവരും കരുതിയത്. പരീക്ഷകളിൽ വളരെ മോശം മാർക്ക് ആയിരുന്നു അവന് ലഭിച്ചിരുന്നത്. പ്രോഗ്രസ്സ് റിപ്പോർട്ടു ലഭിച്ചപ്പോൾ അവന്റെ മോശം സ്ഥിതി മനസ്സിലാക്കിയ അമ്മ അവന്റെ മുൻപാകെ 3 നിബന്ധനകൾ വച്ചു. 1). ആഴ്ചയിൽ രണ്ട് ടിവി ഷോകൾ മാത്രമേ കാണാൻ പാടുള്ളൂ. 2). ഓരോ ദിവസവും ഗൃഹപാഠം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ കളികളോ, ടിവി കാണുന്നതോ അനുവദിക്കൂ. 3).ഓരോ ആഴ്ചയും ലൈബ്രറിയിൽ നിന്ന് രണ്ട് പുസ്തകങ്ങൾ വായിക്കുകയും അവയെ കുറിച്ച് ഒരു ബുക്ക് റിപ്പോർട്ട് എഴുതുകയും വേണം. താമസിയാതെ തന്നെ അവൻ ക്ലാസിലെ ഏറ്റവും സമൃദ്ധനായ വിദ്യാർത്ഥിയായി തീരുകയും അധ്യാപകർ ഉൾപ്പെടെ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു. ആ കുട്ടിയാണ് ലോകപ്രശസ്തനായ സർജനായി തീർന്ന ബെഞ്ചമിൻ കാർസൺ. ഗൂഗിൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നു: “ബെഞ്ചമിൻ സോളമൻ കാർസൺ സീനിയർ (ജനനം സെപ്റ്റംബർ 18, 1951) ഒരു അമേരിക്കൻ റിട്ടയേർഡ് ന്യൂറോസർജനും രാഷ്ട്രീയ നേതാവുമാണ്.
അദ്ദേഹം 2017 മുതൽ 2021 വരെ 17-ാമത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ന്യൂറോ സർജറി മേഖലയിലെ ഒരു മുൻനിരക്കാരനാണ് അദ്ദേഹം. 2016ൽ റിപ്പബ്ലിക്കൻ പ്രൈമറികളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു”. ഇങ്ങനെ സമർത്ഥരായി തീരുക എന്നത് കാർസനെ കുറിച്ച് മാത്രമുള്ള കാര്യമല്ല, നമ്മുടെ കുട്ടികളിലെല്ലാം അനിതര സാധാരണമായ കഴിവുകൾ നിക്ഷിപ്തമാണ്. അവയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുവാനും വളർത്തിക്കൊണ്ടു വരുവാനും മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. “കോഴിക്കും കൊളന്തക്കും (കുഞ്ഞു) ഇട്ടത് ശീലം” എന്ന് കേട്ടിട്ടില്ലേ? അവരെ ഓരോ ശീലങ്ങൾ പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്. കുഞ്ഞുങ്ങളെ അലസരാക്കുന്നതിൽ മാതാപിതാക്കൾക്ക് ഒരു നല്ല പങ്കുണ്ട്. ഡിസിപ്ലിൻ ഇല്ലാത്ത ജീവിതം ശ്രേഷ്ഠമാകുവാൻ വളരെ പ്രയാസമാണ്. ശൈശവ പ്രായം മുതൽ തന്നെ അതിനുള്ള അഭ്യസനം ലഭിച്ചെങ്കിലേ പ്രായോഗികമാക്കാൻ കഴിയുള്ളൂ. തക്ക സമയത്ത് ലഭിക്കുന്ന മാർഗ്ഗദർശനം വളരെയേറെ വിലപ്പെട്ടതാണ്. മക്കളോടുള്ള സ്നേഹം കാരണം അവർ അലസരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം