ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടെമുക്കാൽ സമയത്തോടെ മണ്ണുത്തി സ്റ്റേഷനിലേക്ക് ഒരു വിദേശ നമ്പരിൽ ഫോൺകോൾ എത്തി.മാഡം, ഞാൻ വിദേശത്തു നിന്നാണ് വിളിക്കുന്നത്. എത്രയും പെട്ടന്ന് ഒരു സഹായം ചെയ്യണം. എൻെറ ഒരു കൂട്ടുകാരൻ മാടക്കത്ര ഭാഗത്ത് ആത്മ ഹത്യചെയ്യാനായി തയ്യാറാകുന്നുണ്ട്. അവൻ അതിൻെറ ഫോട്ടോസഹിതം എനിക്ക് അയച്ചുതന്നിരിക്കുന്നു എത്രയും വേഗം പോയിനോക്കണം മാഡം.അവൻ എന്നെ അറിയിച്ചതിനു ശേഷം ഫോൺ ഓഫാക്കുകയും ചെയ്തു.പരിഭ്രമത്തിലുള്ള ഫോൺ വിളി കേട്ട ഉടൻ തന്നെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ രജിത കെ.എസ് ബൈക്ക് പട്രോളിങ്ങ് ഡ്യൂട്ടിയിലെ സിവിൽ പോലീസ് ഓഫീസർമാരായിരുന്ന അജിത്ത് പി.പി, രാജേഷ് വി.പി എന്നിവരേയും എത്രയും പെട്ടന്ന് അവിടേക്ക് എത്തിച്ചേരാൻ അറിയിച്ചു. അവർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ബൈക്കിൽ കുതിക്കുകയും, കൂട്ടുക്കാരൻ കൊടുത്ത നമ്പരിൽ യുവാവിനെ ഇടയക്ക് വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. നമ്പരിൽ ബന്ധപെടാൻ സാധിച്ചില്ലെങ്കിലും യുവാവിൻെറ കൂട്ടുക്കാരൻ പറഞ്ഞ അഡ്രസ്സ് പ്രകാരം എത്രയും പെട്ടന്നുതന്നെ അവർ സ്ഥലത്തെത്തി.
വീടിൻെറ മുൻവശത്തെ വാതിൽ തുറന്നിട്ടിരിക്കുന്നു. അകത്തേക്കുകടന്ന അവർ എല്ലാമുറികളും പരിശോധിച്ചു വീട്ടിൽ ആരുമില്ല. അദ്ദേഹത്തിൻെറ പേരുവിളിച്ച് അവർ എല്ലാമുറികളിലും കയറിയിറങ്ങി. ഒരു മുറിമാത്രം അടച്ചിട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപെട്ടു. അകത്തുനിന്നും അടച്ചിരിക്കുകയാണ്. ഉടൻതന്നെ അവർ പുറത്തിറങ്ങി ജനലിൻെറ ചെറിയൊരു പഴുതിലൂടെ നോക്കിയ അവർ ആത്മഹത്യക്കായി ശ്രമിക്കുന്ന യുവാവിനെയാണ് കണ്ടത്. വാതിൽ തുറക്കാനും, എന്തുപ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമെന്നും, രണ്ടുപേരും അവനോട് വാതിലിലും ജനലിലും തട്ടി നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. അതിനിടയിൽ വാതിൽ തുറക്കാനുള്ള പല പരിശ്രമങ്ങളും നടത്തുകയും ചെയ്തു.
പോലീസുദ്യോഗസ്ഥരുടെ അഭ്യർത്ഥനകൾ കേട്ട് അല്പനേരം നിന്ന യുവാവ് അവസാനം താഴെഇറങ്ങി വാതിൽ തുറന്നു. അയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്തു സഹായത്തിനും ഞങ്ങളുണ്ട് ധൈര്യമായിരക്കണം. എന്താണ് പ്രശ്നമെന്ന് തുറന്നുപറയണം എല്ലാത്തിനും പ്രതിവിധിയുണ്ടാക്കാം എന്നു പറഞ്ഞ് രണ്ടുപേരും യുവാവിനെ ആശ്വസിപ്പിച്ചുചേർത്തു നിർത്തി. മാനസിക സംഘർഷം മൂലം രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും അച്ഛനും അമ്മയും ഒരു ആവശ്യത്തിനായി പുറത്തേക്കു പോയിരിക്കുകയാണെന്നും അയാൾ പറഞ്ഞു.ഉടൻ തന്നെ അവർ അച്ഛനേയും അമ്മയേയും വിളിച്ചുവരുത്തി വീട്ടുകാരോട് സ്റ്റേഷനിലെത്താൻ അറിയിക്കുകയും ചെയ്തു.
സ്റ്റേഷനിലേക്കെത്തിയ വീട്ടുക്കാരോട് ഇൻസ്പെക്ടർ ശശീധരൻപിള്ള എല്ലാകാര്യങ്ങളും ചോദിച്ചറിഞ്ഞു. രണ്ടുദിവസമായി മുറിയടച്ചിട്ട് ഇരിക്കുകയായിരുന്നുവെന്നും ഭക്ഷണം കഴിക്കാറില്ല എന്നും പറഞ്ഞത് യാവാവിൻെറ സഹോദരി പൊട്ടികരഞ്ഞു.യുവാവിനോടും വീട്ടുക്കാരോടും വളരെ സമയം സംസാരിച്ചും ആശ്വസിപ്പിച്ചും ഇൻസ്പെക്ടർ യുവാവിന് ഏറെ ധൈര്യം നൽകുകയും ചെയ്തു.മകനുമായി എത്രയും പെട്ടന്ന് കൌൺസിലിങ്ങിന് എത്തിക്കണമെന്നും അതിനുള്ള സഹായങ്ങൾ ചെയ്തുതരാമെന്നും, അതിനുശേഷം,യുവാവിനോട് എന്തെങ്കിലും ജോലിക്കുപോകണമെന്നുമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എന്തു മാനസികപ്രശ്നങ്ങൾ ഉണ്ടെങ്കിലും ഉടൻ വിളിക്കണമെന്നും എന്തുസഹായങ്ങളും ലഭിക്കുമെന്നുമുള്ള ഉറപ്പും നൽകിയാണ് ഇൻസ്പെക്ടർ അവരെ യാത്രയാക്കിയത്.ആ ത്മ ഹത്യഒന്നിനും പരിഹാരമല്ല.വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056. 24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ 112
കടപ്പാട് : തൃശൂർ സിറ്റി പോലീസ്