അപ്രതീക്ഷിതമായി ഞങ്ങളുടെ സഹോദരിക്ക് ഒരത്യാഹിതം നേരിട്ടപ്പോൾ അതിനെ അഭിമുഖീകരിക്കാൻ ഒരുപാട് പണം ആവശ്യമായി വന്നു.കിട്ടുന്നവരിൽ നിന്നെല്ലാം പണം കടം വാങ്ങിച്ചു. കുടുംബ വസ്‌തുവിൽനിന്നും കണ്ണായ ഭാഗം ചെറിയ വിലക്ക് മറ്റൊരാൾക്ക് വിറ്റു. അതുകൊണ്ടും ആയില്ല, നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന ഞങ്ങളുടെ സ്ഥാപനവും വിറ്റു.എന്നിട്ടും പണം തികയാതെ വന്നപ്പോഴാണ് ബ്ലേഡ് പലിശക്കാരെ സമീപിച്ചത്. അവരിൽ നിന്നും ആവശ്യപ്പെട്ടത് കേവലം 25000 രൂപയാണ്. മാസ പലിശ 1000’ത്തിന് 100 പ്രകാരം മാസം 2500’രൂപ കൊടുക്കണം.
ഓരോ മാസത്തേയും പലിശ മുൻകൂറായി കൊടുക്കുകയും വേണം. അങ്ങിനെ ആദ്യഘടു പലിശ 2500 കിഴിച്ച് കൈയിൽ കിട്ടിയത് 22500’രൂപ.ഇതിന് ഈടായി കൊടുക്കേണ്ടി വന്നത് രണ്ട് ബ്ലാങ്ക് ചെക്ക്. അതിനുപുറമെ പുത്തൻ യമഹ ബൈക്കിന്റെ Rc ബുക്ക്. പിന്നെ 50’രൂപ മുദ്ര പേപ്പർ ഒപ്പിട്ടതും.പല തവണകളായി പലിശയിനത്തിലേക്ക് 40000’രൂപ കൊടുത്തു. തുടക്കത്തിൽ മാസാമാസം പലിശ യഥാസമയത്ത് കൊടുത്തിരുന്നങ്കിലും പിന്നീട് അതിന് സാധിക്കാതെ വന്നു.
കുറച്ചു മാസങ്ങൾ പലിശ മുടങ്ങിയപ്പോൾ പലിശയും പലിശമേൽ പലിശയുമായി വലിയൊരു കണക്കുമായി അവർ വന്നു. (എല്ലാം കൂട്ടി ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ. 40000 കൊടുത്തതിന് പുറമെ)മാന്യമായ സംഖ്യ കൊടുത്തുകൊണ്ട് വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതോന്നും ബ്ലേഡുകാർ അംഗീകരിച്ചില്ല. ഈടായി കൊടുത്തിരുന്ന ബ്ലാങ്ക് ചെക്കിൽ വലിയ സംഖ്യ എഴുതി ”കടം വാങ്ങിച്ച പണം തിരിച്ചു കിട്ടിയില്ല” എന്ന തരത്തിൽ അവർ ഞങ്ങൾക്കെതിരെ സ്ഥലം പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. ബൈക്കിന്റെ Rc ബുക്ക് വെച്ചു ബൈക്കിന് RTO’യിൽനിന്നും ജപ്‌തി സമ്പാദിച്ചു. ആറുമാസം മാത്രം ഉപയോഗിച്ച യമഹ ബൈക്ക് ഇവർ പിടിച്ചുകൊണ്ടുപോകുമോ എന്ന ആശങ്കയിൽ ബൈക്ക് ഞങ്ങൾക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിക്കേണ്ടി വന്നു.ബൈക് പിന്നീട് ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചു പോവുകയാണുണ്ടായത്.ഞങ്ങൾ വിദേശത്തായതുകൊണ്ട് സമൻസ് വന്നപ്പോൾ കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. കേസ് അങ്ങിനെ വാറണ്ടായി.
അങ്ങിനെ വീണ്ടും ഒന്ന് രണ്ടു വർഷം കഴിഞ്ഞു.
ജേഷ്ടൻ വിദേശത്തുനിന്നു ലീവിന് നാട്ടിൽ എത്തിയ സമയത്ത് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥലം si ഞങ്ങളുമായി നല്ല അടുപ്പമുള്ളതുകൊണ്ടും, ബ്ലേഡ് പലിശക്കാരെ അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലാത്ത ആളായതുകൊണ്ടും അറസ്റ് എന്നത് നിയമ നടപടിയുടെ ഭാഗമായി മാത്രം ചെയ്തതായിരുന്നു. എതിർ കക്ഷികൾ കാണിച്ചു കൊടുത്തതുകൊണ്ടു കൂടിയാണ് SI ക്ക് അറസ്റ് ചെയ്യേണ്ടി വന്നതും.അറസ്റ്റ് ചെയ്തപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് അവർ കോംപ്രമൈസിന് വന്നെങ്കിലും SI’യുടെ നിർദ്ദേശപ്രകാരം ഞങ്ങൾ കോംപ്രമൈസിന് തയ്യാറായില്ല. കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. കോടതി വളപ്പിലും അവർ ഒത്തു തീർപ്പിനു വന്നു.പലിശയിനത്തിലേക്ക് കൊടുത്ത 40000’ത്തിനു പുറമെ 125000’രൂപയുടെ കണക്കുമായിട്ടാണ് അവർ വന്നത്. അതിൽനിന്നും 25000’ഇളവ് തന്ന് 100000’കൊടുത്താൽ കേസുകളെല്ലാം പിൻവലിക്കാം എന്നായിരുന്നു അവർ ഞങ്ങൾക്ക് മുന്നിൽ വെച്ച വ്യവസ്ഥ.എന്തൊക്കെത്തന്നെ സംഭവിച്ചാലും, എത്രതന്നെ പണം ചെലവിടേണ്ടി വന്നാലും ഇനി ഒരു നയാ പൈസപോലും ബ്ലേഡുകാർക്ക് കൊടുക്കില്ല എന്ന് ഞങ്ങളും തീരുമാനിച്ചുറച്ചു.
പക്ഷെ, അത് അവരോട് പറയും മുൻപ് അവർക്കെതിരെ ബുദ്ധിപരമായൊരു കളി കളിക്കാൻതന്നെ തീരുമാനിച്ചു.കേസുകളെല്ലാം പിൻവലിക്കുകയും, ഞങ്ങൾ ഈടായി നൽകിയ എല്ലാ ഡോക്യൂമെന്റുകളും തിരികെ ഏല്പിക്കുകയും ചെയ്താൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാം എന്നൊരു വ്യവസ്ഥ തിരിച്ചു ഞങ്ങളും അവർക്കു മുന്നിൽ വെച്ചു. കേസ് നടത്തിയാൽ പരാജയപ്പെടും എന്നവർക്ക് അറിയുന്നതുകൊണ്ട് തന്നെ ഞങ്ങൾ അവർക്കുമുന്നിൽ വെച്ച വ്യവസ്ഥകളെല്ലാം ബ്ലേഡുകാർ അംഗീകരിച്ചു.
തുടർന്ന് കേസ് പിൻവലിച്ചു, ഡോക്യൂമെന്റുകൾ തിരികെ തന്നങ്കിലും കരാർ എഴുതിയ മുദ്രപ്പേപ്പർ അവരുടെ കൈയിൽനിന്നും എങ്ങിനെയൊ നഷ്ടപ്പെട്ടിരുന്നു. ഇതുകൂടി തന്നാലേ പ്രശ്നം പരിഹരിക്കാൻ പറ്റൂ എന്ന് ഞങ്ങളും വാശി പിടിച്ചു.
(ഡോക്യൂമെന്റസുകളെല്ലാം തിരികെ തന്നാൽ തന്നെയും എല്ലാം ഭദ്രമായതിനുശേഷം ”പണം തരാൻ സൗകര്യമില്ല. പറ്റുന്നതുപോലെ വാങ്ങിച്ചുകൊള്ളാൻ പറയാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
പോലീസ് സ്റ്റേഷനിലും കോടതിയിലുമെല്ലാം രേഖയായിപ്പോയ കാര്യമായതുകൊണ്ട് ഞങ്ങൾക്കെതിരെ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. പിന്നീടവർ കുറെ മെനക്കെട്ടുവെങ്കിലും ഒന്നും നടന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം ആ വിഷയം എന്നന്നേക്കുമായി അവസാനിക്കുകയും ചെയ്തു.ബ്ലേഡുകാർക്കെതിരെയുള്ള നീക്കങ്ങൾക്ക് ഞങ്ങൾക്ക് എല്ലാവിധ ഉപദേശവും ധൈര്യവും നിയമ സഹായവും പറഞ്ഞു തന്നത് Biju k stephen എന്ന ഞങ്ങളുടെ ടi ആയിരുന്നു.(അദ്ദേഹം ഇന്ന് കേരള പൊലീസിലെ ഉന്നത പദവിയിലാണുള്ളത്)ഈ സംഭവം തുടങ്ങുന്നത് 1994’ൽ ആണ്. അവസാനിക്കുന്നത് 12 വർഷത്തിന് ശേഷവും.അന്ന് ഞങ്ങൾക്ക് വിൽക്കേണ്ടി വന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് ആ സിറ്റിയിലെത്തന്നെ പ്രമുഖ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നു സന്തോഷം)അന്ന് കൈമാറ്റം ചെയ്യേണ്ടി വന്ന ഞങ്ങളുടെ വസ്തു ഞാനും സഹോദരനുംകൂടി തിരിച്ചെടുത്ത് അവിടെ ഞങ്ങൾ രണ്ടുപേരും രണ്ടു വീടുകൾ പണിത് സന്തോഷമായി കഴിയുന്നു!ഗുണപാഠം:നിസ്സാരമെന്നു നമ്മൾ കരുതുന്ന ബ്ലേഡ് പലിശ എത്രമാത്രം ഭീകരമായി മാറും എന്നത് അനുഭവത്തിൽ നിന്നും ഞാനിവിടെ കുറിച്ചതാണ്.ബ്ലേഡുകാരുമായി ഫൈറ്റ് ചെയ്ത 12 വർഷത്തെ നാൾവഴികൾ ഇവിടെ ഞാൻ വിവരിച്ചതിലും ഭീകരമാണ്. അത് വളരെ ചുരുക്കിയെ ഞാനിവിടെ പറഞ്ഞിട്ടുള്ളൂ
എഴുതിയത് :Abuhamood Shabil