സമയം വൈകുന്നേരം 6.40തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ നിന്നും ഒരു ചെരുപ്പ് വാങ്ങുകയായിരുന്നു ലക്ഷ്യം. സ്കൂട്ടർ ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തതിനു ശേഷം മുന്നിൽ കണ്ട ഷോപ്പിൽ കയറി. ആ ഷോപ്പിൽ ഒരു സെയിൽസ് ഗേൾ മാത്രം.ഞാൻ പുഞ്ചിരിയോടെ അകത്തുകയറി. ചേച്ചി ക്രോക്‌സിന്റെ ഒരു ചെരുപ്പ് വേണം. ഉണ്ടോ? ഞാൻ ചോദിച്ചു.ദാ, ആ ഷെൽഫിൽ നോക്കു, ചേച്ചി പറഞ്ഞു. അപ്പോൾ ആണ് ഞാൻ കയ്യിലെ പാത്രം ശ്രദ്ദിച്ചത്. ആ പാത്രം ഷെല്ഫിന് മുകളിൽ വച്ചതിനു ശേഷം ആ ചേച്ചി ഷോപ്പിനുള്ളിലേക്കു പോയി. തിരികെ വന്നപ്പോൾ കയ്യിൽ രണ്ടു പരന്ന പാത്രവും രണ്ടു സ്പൂണും. ചെരുപ്പുകൾ തിരയുന്നതിനിടയിലും ഞാൻ ആ ചേച്ചിയെ ശ്രദിക്കുന്നുണ്ടായിരുന്നു.
ആ രണ്ടു പാത്രത്തിലേക്കും ചേച്ചി കഞ്ഞി പകർന്നു. അതു തരി കഞ്ഞി ആയിരുന്നു. അപ്പോൾ ആണ് ഞാൻ മനസ്സിൽ ഓർത്തത്, ഇത് നോമ്പ് തുറക്കുന്ന സമയം ആണ്.
ഞാൻ ചേച്ചിയെ ശ്രദിക്കാതെ ചെരുപ്പ് എടുക്കുന്നതായി നന്നായി അഭിനയിച്ചു കൊണ്ടേയിരുന്നു. മനസിൽ വല്ലാത്ത ഒരു കുറ്റബോധവും ഉണ്ടായിരുന്നു. നോമ്പ് തുറക്കുന്ന സമയത്ത് ഞാൻ കടയിൽ വന്നു അവരെ ബുദ്ധിമുട്ടികരുതായിരുന്നു. ഞാൻ ചെരുപ്പ് നോക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. ആ ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു.വരു, നമുക്ക് കഞ്ഞി കുടിക്കാം. ഇതു നോമ്പ് തുറക്കുന്ന സമയം ആണ്. ആ ചേച്ചി പറഞ്ഞു.അയ്യോ വേണ്ട ചേച്ചി, ഞാൻ പറഞ്ഞു.
ആ ചേച്ചി വീണ്ടും നിർബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം ഗത്യന്തരമില്ലാതെ ഞാൻ ഒക്കെ പറഞ്ഞു.ഞങ്ങൾ രണ്ടു പേരും ആ പത്രത്തിലെ കഞ്ഞി മുഴുവനും കുടിച്ചു. നല്ല ചൂട് ഉള്ള കഞ്ഞിയായിരുന്നു. കുടിച്ചു കഴിഞ്ഞതിനു ശേഷം,
ചേച്ചി പൈപ്പ് എവിടെ ആണ്. ഞാൻ പാത്രം കഴുകി തരാം. ഞാൻ പറഞ്ഞു
അതൊന്നും വേണ്ട, ഞാൻ കഴുകി വച്ചോളാം.
എന്നും പറഞ്ഞിട്ട് ആ ചേച്ചി എന്റെ പാത്രവും എടുത്ത് അകത്തേക്ക് പോയി. കുറച്ചു സമയത്തിനുശേഷം ഒരു കുപ്പിയിൽ വെള്ളവുമായി വന്നു. ഞാൻ ആ ഷോപ്പിന് പുറത്തിറങ്ങി വായും മുഖവും കഴുകി, ആ കുപ്പി ഞാൻ തിരികെ നൽകി.
ഞാൻ ഒരു ക്രോക്‌സിന്റെ ഒരു ചെരുപ്പും വാങ്ങി. അതോടൊപ്പം കഞ്ഞി തന്നതിന് ഒരു താങ്ക്സും പറഞ്ഞു.ചേച്ചി ഞാൻ ഒരു സെൽഫി എടുത്തോട്ടെ? ഞാൻ ചോദിച്ചു.
അയ്യോ, അതൊന്നും വേണ്ട. ആ ചേച്ചി പറഞ്ഞു.വിലപേശതെ ഇ വിലകൂടിയ ചെരുപ്പ് വാങ്ങിയതിന് ഞാൻ ആണ് നന്ദി പറയേണ്ടത്. കാരണം, ഇന്ന് അവധി ആയതിനാൽ വലിയ രീതിയിൽ ഉള്ള കച്ചവടം നടന്നിട്ടില്ല. അപ്പോൾ ആണ് ഞാൻ പറഞ്ഞ തുക നൽകി താങ്കൾ ഇ ചെരുപ്പ് വാങ്ങിയത്.ഇതിൽ നിന്നും കിട്ടുന്ന തുക കൊണ്ടു വേണം മുതലാളിക്ക് ശമ്പളം തരാൻ. എന്നാലേ നാളെ ഞങ്ങൾക്ക് വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പറ്റു. അതുകൊണ്ടു ഞാൻ ആണ് താങ്ക്സ് പറയേണ്ടത്.
നന്ദി, സാർ വീണ്ടും വരിക.
പുറത്തേക്ക് ഇറങ്ങുമ്പോൾ എനിക്ക് ഒരു കാര്യം വ്യക്തം. ഏതോ ഒരു അദൃശ്യ ശക്തി ആണ് എന്നെ അവിടെ എത്തിച്ചത്. സാധാരണയായി ഞാൻ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ ഓൺലൈനായി മാത്രം ആണ് വാങ്ങാറുള്ളത്. പക്ഷെ ഇന്ന് എന്നെ ഏതോ ഒരു അദൃശ്യ ശക്തി ഇവിടെ എത്തിച്ചു. എല്ലാം നല്ലതിന്. ഞാൻ ചെരുപ്പും ആയി തിരികെ വീട്ടിലേക്ക്.മനസിൽ എന്തോ ഒരു ഫീൽ. ആരുടെയൊക്കെയോ ജീവിതത്തിൽ എനിക്ക് അപ്രതീക്ഷിത സന്തോഷം ആയി എത്താൻ പറ്റുന്നു എന്ന ഫീൽ.
അനീഷ് ഓമന രവീന്ദ്രൻ.