സോഷ്യൽ മീഡിയ ഒരുപാടു നല്ല വശങ്ങൾ ഉണ്ടെങ്കിലും അതിലേറെ ദോഷങ്ങൾ ഉണ്ടെന്നു ദിവസം പ്രതി പല വാർത്തകളിലൂടെ നാം കാണാറുണ്ട് .സൈബർ കുറ്റകൃത്യങ്ങൾ നാട്ടിൽ കൂടി വരുന്നു എന്നും വിസ്മരിക്കാൻ കഴിയില്ല .പ്രതികളെ വേഗം പിടിക്കാൻ പല സാങ്കേതിക തകരാറും ഉണ്ടെന്നുള്ളത് ആണ് ഇതിന്റെ പ്രധാന ദോഷം.സോഷ്യൽ മീഡിയയിൽ ആരോഗ്യപരമായ വിഡിയോകളും അറിവുകളും പങ്കുവെക്കുന്ന ഡോക്ടർ സൗമ്യ സരിൻ തനിക്ക് കഴിഞ്ഞിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് സംഭവിച്ച ദുരനുഭവം പങ്കുവെക്കുകയാണ് .ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചതു ഇങ്ങനെ.
രണ്ട് ദിവസം മുമ്പേ ഒരു സുഹൃത്തിന്റെ കാൾ വന്നു.കുശലാന്വേഷണങ്ങൾ കഴിഞ്ഞപ്പോ അദ്ദേഹം എന്നോട് ചോദിച്ചു ” താൻ ഡയറ്റിങ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ? ഈ സുഹൃത് ഒരു ഫിറ്റ്നസ് എക്സ്പെർട്ട് ആണ്.ഞങ്ങളുടെ അധിക ചർച്ചകളും വർക്ക് ഔട്ടുകളെ പറ്റിയും ഡയറ്റിനെ പറ്റിയും ആയത് കൊണ്ട് എനിക്ക് അത്ഭുതം തോന്നീല്ല. ഇല്ലല്ലോ. ഞാൻ എന്റെ സ്വന്തം ഡയറ്റ് ആണ്. അതിനായി ഇതുവരെ ആപ്പ് ഉപയോഗിച്ചിട്ടില്ല.ഞാൻ മറുപടി പറഞ്ഞു. അപ്പൊ അപ്പുറത്തു നിന്ന് ഒരു ചിരി കേട്ടു. എനിക്ക് കാര്യം മനസ്സിലായില്ല.എടൊ,ഡയറ്റിങ് ആപ്പ് അല്ല.ഞാൻ ചോദിച്ചത് ഡേറ്റിംഗ് ആപ്പ് എന്നാണ് ” ഡേറ്റിംഗ് എന്താണെന്നറിയാം. അതിനായി ആപ്പുകളും ഉണ്ടെന്നറിയാം. ഇതിൽ കൂടുതൽ അറിവ് എനിക്കില്ല. ഇത് ഞാൻ ഇത്തരം കാര്യങ്ങളിൽ നിഷ്കു ആയത് കൊണ്ടൊന്നും അല്ല. ഈ രീതിയോട് എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ലാത്തോണ്ടാണ്.
ഒരാളോട് അങ്ങിനെ ഒരു താല്പര്യം തോന്നിയാൽ നേരിട്ട് അങ്ങോട്ട് പറയുന്നതാണ് എനിക്ക് കംഫർട്ടബിൾ. അതിന് ഈ ആപ്പും കോപ്പും ഒന്നും നമുക്ക് പറ്റില്ല. വയസ്സായില്ലേ! ഈ വക ന്യൂ ജെൻ ഒന്നും നമുക്ക് ശെരിയാവില്ല.അതുകൊണ്ട് തന്നെ ഈ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു.ഇല്ല. എന്തെ അങ്ങനെ ചോദിക്കാൻ? ഞാൻ തിരിച്ചു ചോദിച്ചു.അല്ല, എനിക്ക് അപ്പോഴേ തോന്നി.താൻ ആവില്ലെന്ന്. ബംബിളിൽ തന്റെ ഒരു ഫോട്ടോ വെച്ചു ഒരു പ്രൊഫൈൽ കണ്ടു.പേര് വേറെന്തോ ആണ്. എന്നാലും ഒന്ന് ക്ലിയർ ചെയ്യാന്നു വെച്ചു. അതാ ചോദിച്ചേ. അപ്പൊ അതാണ് കാര്യം. ബംബിൾ എന്നത് ഒരു ഡേറ്റിംഗ് ആപ്പ് ആണ്. അതിൽ ആരോ എന്റെ മുഖത്തിനു പിന്നിൽ മറഞ്ഞിരുന്നു കാര്യം സാധിക്കുന്നു.എന്തായാലും അത് ഞാനല്ല. എന്റെ ഡേറ്റിംഗ് ഇങ്ങനെ അല്ല ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. മോശം ഫോട്ടോ ഒന്നും അല്ല. അതോണ്ട് വിട്ടേക്ക് അദ്ദേഹം പറഞ്ഞു.ഇതിന്റെ ഒക്കെ പിന്നാലെ പോവാൻ ആർക്കാ നേരം! എന്തായാലും അറിയിച്ചതിനു നന്ദി.ഇത്രയും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
വൈകുന്നേരമായപ്പോഴേകക്കും കാളുകളുടെ എണ്ണം കൂടി. ഇപ്പൊ ബംബിളിൽ മാത്രല്ല, ടിൻഡർ ലും ഉണ്ടത്രേ. അതിൽ തന്നെ നാക്കിനു ലൈസെൻസ് ഇല്ലാത്ത ഒരുത്തൻ ചോദിച്ചു. ഉം.ഉം ചേച്ചിക്ക് ഇപ്പോ ഡേറ്റിംഗ് പരിപാടി ഒക്കെ ഉണ്ടല്ലേ!എനിക്ക് ചൊറിഞ്ഞു വന്നു. അതെന്താ എനിക്ക് ഇതൊന്നും പറ്റില്ലേ ? തിരിച്ചും ചൊറിഞ്ഞു.വിളിച്ചറിയിച്ചവരിൽ ഒരാൾ സ്ക്രീൻഷോട് അയച്ചു തന്നു. ശെടാ. ഈ രണ്ട് ഫോട്ടോകളും രണ്ട് ദിവസം മുമ്പേ ഇട്ട സ്റ്റാറ്റസ് ആണത്.അതായത് ഈ ഫോട്ടോ കണ്ടിട്ടുള്ളത് എന്റെ ഫോണിൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ. അപ്പോ ഉപയോഗിച്ചിരിക്കുന്നതും സ്വാഭാവികമായും അവരിൽ ആരോ തന്നെ ആവണമല്ലോ. ചുരുക്കി പറഞ്ഞാൽ നമുക്ക് അറിയുന്ന ആരോ തന്നെ ആണ് പണി തന്നിരിക്കുന്നത്.എനിക്ക് വലിയ അത്ഭുതമൊന്നും തോന്നീല്ല. ഇതിലും വലിയ പണി കിട്ടിയിട്ടുണ്ട്. ഒരു രണ്ട് വർഷം മുമ്പേ ആണ് സംഭവം. രാവിലെ ഒരു ഏഴു മണി ആയിട്ടുണ്ടാവും. അറിയാത്ത ഒരു നമ്പറിൽ നിന്ന് വാട്സാപ്പിൽ വീഡിയോ കാൾ.
ആരെങ്കിലും അബദ്ധത്തിൽ വിളിച്ചത് ആവുമെന്ന് കരുതി കട്ട് ചെയ്തു. അതാ തുരു തുരാ കാൾ. പല നമ്പറുകളിൽ നിന്നും വാട്സാപ്പ് ഇൻബോക്സിലേക്ക് ഏതൊക്കെയോ നമ്പറുകളിൽ നിന്ന് മെസ്സേജുകളുടെ പ്രവാഹം.എല്ലാം വീഡിയോ കാൾ ചെയ്യാൻ ക്ഷണിച്ചു കൊണ്ടുള്ളതാണ്. കൂടെ മോശം വീഡിയോകളും ഫോട്ടോകളും ഒക്കെ ഉണ്ട്. ചുരുക്കി പറഞ്ഞാൽ സെക്സ് ചാറ്റിനുള്ള ക്ഷണം ആണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഞാൻ ഫോൺ എടുത്ത് സരിന്റെ അടുത്തേക്ക് ഓടി. അപ്പോഴും ഇടതടവില്ലാതെ വീഡിയോ കാളുകൾ വന്ന് കൊണ്ടിരിക്കുകയാണ്. മെസ്സേജുകളും. സരിൻ പതുക്കെ മെസ്സേജുകൾ ഓരോന്നായി നോക്കി. അതിൽ ഒരാൾ ഒരു സ്ക്രീൻഷോട് അയച്ചിരുന്നു. അതിൽ എന്റെ ഫോട്ടോയും പേരും നമ്പറും ഉണ്ട്. കൂടെ ഒരു ചോദ്യവും ഇത് നിങ്ങൾ തന്നെ ആണോ?”ആ നമ്പറിലേക്ക് സരിൻ വിളിച്ചു കാര്യം ചോദിച്ചു. അയാൾ മറുപടി തന്നു. ടെലിഗ്രാമിൽ ഒരു സെക്സ് ചാറ്റ് ഗ്രൂപ്പിൽ എന്റെ പേരിൽ ഉള്ള ഒരു പ്രൊഫൈൽ നിന്ന് വന്ന മെസ്സേജ് അയാൾ ഞങ്ങൾക്ക് അയച്ചു തന്നു. എല്ലാം കൃത്യം. എന്റെ യഥാർത്ഥ പേര്, എന്റെ ഫോട്ടോ.
കൂടെ ചാറ്റിനു ക്ഷണിച്ചു കൊണ്ടുള്ള ഒരുഗ്രൻ മെസ്സേജ്ഉം. എന്റെ യഥാർത്ഥ ഫോൺ നമ്പർ അടക്കം എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി. എന്നെ അറിയുന്ന, എന്റെ മൊബൈൽ നമ്പർ കയ്യിൽ ഉള്ള ഒരാൾ ആണ് ഇത് ചെയ്തിരിക്കുന്നത്. ഞങ്ങൾ ഉടൻ തന്നെ പാലക്കാട് എസ് പി ഓഫീസിലേക്ക് തിരിച്ചു. അവിടെ ആണ് ജില്ലയിലെ സൈബർ ആസ്ഥാനം. പരാതി എഴുതി കൊടുത്തു. എസ് പി യെ നേരിട്ട് കണ്ടും കാര്യങ്ങൾ പറഞ്ഞു. “വലിയ പ്രതീക്ഷയൊന്നും വേണ്ട. ഇപ്പോ ടെലിഗ്രാം പോലുള്ള കമ്പനികൾ ഒന്നും വിവരങ്ങൾ സമയത്തിനു തരാറില്ല. നോക്കാം എന്ന് മാത്രം.” അദ്ദേഹം ആദ്യമേ മുൻകൂർ ജാമ്യം എടുത്തു. ” സാർ, ഞാനൊരു ഡോക്ടർ ആണ്. ആശുപത്രിയിൽ നിന്നൊക്കെ എമെർജെൻസി കാളുകൾ വരുന്നതാണ്. ഇന്ന് രാവിലെ മുതൽ എനിക്ക് ഒരു കാൾ എടുക്കാൻ പറ്റിയിട്ടില്ല. ഇടതടവില്ലാതെ വാട്സാപ്പ് കാളുകൾ വരികയാണ്. ഞാൻ എന്റെ മൊബൈൽ അദ്ദേഹത്തിന് കാണിച്ചു കൊടുത്തു. അപ്പോഴും അതിൽ അശ്ളീല മെസ്സേജുകളും വീഡിയോ കാളുകളും വന്ന് കൊണ്ടിരിക്കുകയായിരുന്നു.
ഡോക്ടർ ആ നമ്പർ അങ്ങു മാറ്റിയെക്ക്. പ്രശ്നവും തീർന്നല്ലോ. ” അദ്ദേഹം കൂളായി പറഞ്ഞു. എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. ” സാർ, എന്നെ നന്നായി അറിയുന്ന ഒരാൾ ആണ് എന്റെ മൊബൈൽ നമ്പർ അടക്കം ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്. ഞാൻ അടുപ്പമുള്ളവർക്ക് മാത്രമേ എന്റെ പേർസണൽ നമ്പർ കൊടുക്കാറുള്ളു. ഇനി ഞാൻ നമ്പർ മാറ്റിയാലും ഇത് തന്നെ സംഭവിക്കില്ലേ? എന്നെ ഉപദ്രവിക്കുക മാത്രം ആണ് അയാളുടെ ഉദ്ദേശം എന്നിരിക്കെ ആ നമ്പറും അയാൾക്ക് ഇതുപോലെ കൊടുക്കാല്ലോ. ഞാൻ നമ്പർ മാറ്റില്ല സാർ. ” അതിന് അദ്ദേഹം ഒന്ന് ചിരിക്കുക മാത്രം ചെയ്തു.മാസങ്ങൾ കഴിഞ്ഞു. പല തവണ ഞാൻ സൈബർ സെല്ലിൽ കയറി ഇറങ്ങി. ഒന്നുമുണ്ടായില്ല. ആരെന്ന് കണ്ട് പിടിച്ചതുമില്ല. ആ സൈക്കോ ഇന്നും എന്റെ അടുപ്പമുള്ളവരിൽ ആരോ ആയി തുടരുന്നു.ഈ സൈബർ യുഗത്തിൽ നമുക്ക് സ്വകാര്യമായി ഒന്നുമില്ലെന്ന് അറിയാം. എങ്കിൽ പോലും ശത്രുക്കൾ മിത്രങ്ങൾ ആണെന്നറിയുന്നത് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണ്.ഡേറ്റിംഗ് മോശമായ കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ അത് ചെയ്യണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടം ആണല്ലോ. സ്വന്തം സൗകര്യത്തിന് ആരുടെയെങ്കിലും മുഖത്തിനു പിന്നിൽ ഒളിക്കുമ്പോൾ നിങ്ങൾ കടന്നാക്രമിക്കുന്നതും അപമാനിക്കുന്നതും ആ വ്യക്തിയുടെ സ്വകാര്യതയെ ആണെന്ന് ദയവു ചെയ്തു മനസ്സിലാക്കുക.ഇനിയും ഞാൻ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുള്ളവരോട് പറയാൻ ഇത്രമാത്രം ഇത് ഞാനല്ല. എന്റെ ഡേറ്റിംഗ് ഇങ്ങനല്ല.
ഡോക്ടർ സൗമ്യ സരിൻ