ഇന്നത്തെ കോൺഗ്രസ്സിൻ്റെ പതനത്തെ കുറിച്ച് ഒരൊറ്റ വരിയെ പറയാനുള്ളൂ എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നു് കുറേ നാളായി മൂളി നടന്നിരുന്ന ഒരു ദേശീയ പ്രസ്ഥാനം ഇന്ന് മാലോകർ കേൾക്കെ ഉറക്കെ പാടിയെന്ന് മാത്രം. അധികാരത്തിനു വേണ്ടി ഇത്രയധികം തമ്മിലടിച്ചിരുന്ന മറ്റൊരു പാര്‍ട്ടിയും ഈ രാജ്യത്ത് എന്നല്ല ഈ ലോകത്ത് തന്നെ വേറെയുണ്ടോ എന്ന് സംശയമാണ്. കുടുംബ വാഴ്ച എന്നത് ഒന്നാന്തരം propaganda ആയി ആഘോഷിക്കുന്ന ഒരേ ഒരു രാഷ്ട്രീയപ്പാർട്ടി മാത്രമേ നിലവിൽ ജനാധിപത്യ ഇന്ത്യയിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെ ആണ്. അത് തന്നെയായിരുന്നു അതിൻ്റെ പതനത്തിൻ്റെ പ്രധാന കാരണവും.രാഷ്ട്രീയം എന്താണെന്നറിയാത്ത പ്രായത്തിൽ വീട്ടിൽ കണ്ട ഗാന്ധിജിയുടെയും ഇന്ദിരാജിയുടെയും രാജീവ്ജിയുടെയും ചില്ലിട്ട ചിത്രങ്ങളിലൂടെയും തെരഞ്ഞെടുപ്പ് സമയങ്ങളിൽ കോമ്പൗണ്ട് വാളിൽ സ്ഥാനം പിടിക്കുന്ന കൈപ്പത്തിചിഹ്നം കണ്ടും ഇഷ്ടം തോന്നിയ വാക്കായിരുന്നു “കോൺഗ്രസ്സ്”.
ക്ലിഫ് ഹൗസിനു തൊട്ടടുത്ത് വീടായിരുന്നത് കൊണ്ടും നിർമ്മല ഭവൻ കോൺവെന്റ് സ്ക്കൂളിലേയ്ക്ക് പോയിരുന്നത് ക്ലിഫ്ഹൗസിനുളളിലൂടെയുളള വഴിയിലൂടെയായിരുന്നത് കൊണ്ടും മന്ത്രിമന്ദിരങ്ങളും “മന്ത്രി”യെന്ന വാക്കും ഒട്ടും പുതുമയുളളതായിരുന്നില്ല. വെളളക്കാറിൽ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോയിരുന്ന ലീഡറും ആ വെളുക്കനെയുളള ചിരിയും അന്നത്തെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട കാഴ്ചയായിരുന്നു.പിന്നീട് അറിവുറച്ച പ്രായത്തിൽ ആ രാഷ്ട്രീയപ്പാർട്ടിയോട് തോന്നിയ വികാരം ആരാധനയായിരുന്നു.പഠിച്ചതും വായിച്ചറിഞ്ഞതുമായ പുസ്തകങ്ങളിൽ ആദർശശുദ്ധിയുടെയും സേവന തല്പരതയുടെയും മറുവാക്കായി തോന്നിപ്പിച്ചു ആ പാർട്ടി.അന്നൊക്കെ കോൺഗ്രസ്സുകാരിയെന്നു പറയാൻ ഭയങ്കര അഭിമാനമായിരുന്നു. പിന്നീട് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കെ.എസ്.യു പാനലിൽ മത്സരിച്ച് തോറ്റപ്പോഴും അഭിമാനം മാത്രമേ തോന്നിയുള്ളൂ അത്രയേറെ സ്നേഹിച്ചു പോയൊരു പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.
പിളർപ്പുകളിലൂടെ നേതാക്കൾ മാത്രം വളരുകയും പാർട്ടി തളരുകയും ചെയ്തപ്പോൾ പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചവർ പാർട്ടിയിൽ നിന്നും അകലാൻ തുടങ്ങിയെന്നതാണ് സത്യം. കാലുവാരൽ കലയാക്കിയ രാഷ്ട്രീയ ചാണക്യന്മാർ നേതൃത്വത്തിലെത്തി അരങ്ങു വാണുതുടങ്ങിയപ്പോൾ വീണു പോയത് ആദർശത്തിലൂന്നിയ പ്രവർത്തനശൈലി ജീവിതവ്രതമാക്കിയ യഥാർത്ഥ കോൺഗ്രസ്സുകാരായിരുന്നു. ദിശാബോധമുളള , സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പറ്റം യുവാക്കൾ കോൺഗ്രസ്സ് പാർട്ടിക്ക് ഒരുകാലത്ത് സ്വന്തമായിട്ടുണ്ടായിരുന്നെങ്കിലും കുടുംബ വാഴ്ചയ്ക്ക് മാത്രം പിന്തുണ നല്കിയ അവസരവാദികളും കഴിവുകെട്ടവരുമായ നേതൃനിര കോൺഗ്രസ്സ് പാർട്ടിയുടെ ശാപമായി മാറുകയായിരുന്നു. രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് ശുദ്ധനായിരിക്കാം. പക്ഷേ നിലവിൽ നരേന്ദ്രമോദിയെന്ന രാഷ്ട്രീയ അതികായനെ പിടിച്ചുകെട്ടാനുള്ള താക്കോലൊന്നും അദ്ദേഹത്തിന്റെ കൈയിൽ ഇല്ലെന്ന് അദ്ദേഹത്തിനുമറിയാം നെഹ്റു കുടുംബമില്ലെങ്കിൽ കോൺഗ്രസ്സ് ഇല്ലെന്ന നരേറ്റീവ്സ് പടച്ചുണ്ടാക്കുന്ന പിന്നണിയാളുകൾക്കുമറിയാം.
പക്ഷേ മൂടുതാങ്ങികളായ പാർട്ടി നേതാക്കന്മാർ ഇപ്പോഴും രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാക്കി പ്രതിഷ്ഠിക്കുന്നത് പാർട്ടിയോടോ നെഹ്റു കുടുംബത്തോടോ ഉള്ള സ്നേഹം കൊണ്ടൊന്നുമല്ല. വാർ റൂമിൻ്റെ താക്കോൽ പോക്കറ്റിൽ വച്ചു ചാനലിൽ വന്നിരുന്നു തള്ളിയ ചാണക്യ സൂത്രങ്ങൾക്ക് ഒരു ആത്മാർത്ഥയുമില്ലായിരുന്നു.അമരിന്ദർ സിംഗിനെ വെറുപ്പിച്ചു, മറുകണ്ടം ചാടൽ പതിവാക്കിയ നവജ്യോത് സിദ്ധു വിനെ കൂടെ കൂട്ടിയപ്പോൾ പ്രവചിച്ചതാണ് പഞ്ചാബിലെ പതനം. ജ്യോതിരാദിത്യ സിന്ധ്യയെ ഒക്കെ വെറുപ്പിച്ചു ഓടിച്ചു വിട്ടത് കടൽക്കിഴവന്മാരുടെ അധികാര മോഹമായിരുന്നു. സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്.നഷ്ടപ്രതാപം മാത്രം അയവിറക്കി ജനങ്ങൾക്കിടയിൽ ഇറങ്ങി പണിയെടുക്കാതെ വോട്ടു നേടാം എന്ന് കരുതിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മൂഢത. Calibre നോക്കി യുവനേതാക്കൾക്ക് വേണ്ടത്ര പദവിയും അധികാരവും നല്കുന്ന ഭാരതീയജനതാപ്പാർട്ടിയിൽ നിന്നും 150 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ്സ് പാർട്ടി പാഠങ്ങൾ പഠിക്കണമായിരുന്നു .
മകന് മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി’ എന്ന മനോഭാവവുമായി ഗ്രൂപ്പുപോരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് കോൺഗ്രസ്സ് പാര്‍ട്ടി ഇന്ന് എന്നത്തേക്കാളും ദുര്‍ബലമായ അവസ്ഥയിലാണ് എന്നു അതിന്റെ കടുത്ത അനുയായികള്‍ പോലും സമ്മതിക്കും-ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി മാത്രമല്ല രാജ്യത്തെ ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ഓരോന്നിന്റെയും മുക്കിലും മൂലയിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നു അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് പല അവസരങ്ങളിലും തളരുകയും ഉയരുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഓരോ തവണ തിരിച്ചുവന്നപ്പോഴും പഴയ ഔന്നത്യം വീണ്ടെടുക്കാന്‍ അതിന് കഴിഞ്ഞിരുന്നില്ല .ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ജീവശ്വാസത്തിനായി കൈകാലിട്ടടിക്കുകയായിരുന്നു ഇന്നലെ വരെ. ഇന്ന് അത് ഏകദേശം പൂർണ്ണമായി എന്നറിയുമ്പോൾ ഉളളിൽ വല്ലാത്ത വിങ്ങൽ തോന്നുന്നത് ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്ന , വിശ്വസിച്ചിരുന്ന പ്രസ്ഥാനമായതുക്കൊണ്ട് തന്നെയാണ്.അച്ഛൻ്റെ മുടിയുമായുള്ള സാദൃശ്യം മകന് ഉള്ളതുകൊണ്ടോ അമ്മൂമ്മയുടെ മൂക്ക് അതു പോലെ ചെറുമകൾക്ക് കിട്ടിയത് കൊണ്ടോ കീശയിൽ വന്നു ചേരുന്ന ഒന്നല്ല അധികാരം. അത് കളം നിറഞ്ഞ് കളിക്കാൻ അറിയാവുന്നവർക്ക് മാത്രം കിട്ടുന്ന ഒന്നാണ്.
അഞ്ചു പാർവ്വതി പ്രബീഷ്