കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് ഞങ്ങൾ മൂന്നുപേർ കാറിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് കൊടൈക്കനാലിന് തിരിച്ചത്. കുട്ടിക്കാനത്തിന് മുമ്പ് മുറിഞ്ഞ പുഴ എത്തിയപ്പോൾ കാർ ഓവർ ഹീറ്റ് ആയി നിർത്തിയിട്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞു വെളുപ്പിനെ നാലുമണിയ്ക്ക് ഞങ്ങൾ പുറത്തിറങ്ങി ബോണറ്റുയർത്തി പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ MVDയുടെ വാഹനം അടുത്ത് കൊണ്ട് നിർത്തി എന്ത് പറ്റിയെന്ന് ചോദിച്ചു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുറത്തിറങ്ങി വന്നു. പിന്നീട് കണ്ടത് ഒരു സർക്കാരുദ്യോഗസ്ഥൻ എങ്ങനെയാവണം ജനങ്ങളെ സേവിക്കേണ്ടതെന്നതിന്റെ നേർ ചിത്രമായിരുന്നു.. വണ്ടിയുടെ തകരാർ പരിഹരിക്കാൻ അദ്ദേഹത്തിനറിയാവുന്ന എല്ലാ പണിയും നോക്കി. നടക്കാതായപ്പോൾ MVD വാഹനത്തിൽ നിന്ന് അടുത്തുള്ള വർക്ക്ഷോപ്പുകളുടെയുംപ്പുകളുടെയുംപ്പുകളുടെയും ടെക്നീഷ്യൻമാരുടെയും ഫോൺ നമ്പറുള്ള ലാമിനേറ്റഡ് ഫയലിൽ നിന്നു നമ്പരെടുത്ത് വിളിച്ചു. ഫോണെടുത്ത ആളോട് ഇവരെ സഹായിക്കണം രണ്ടുമൂന്നു മണിക്കൂറായി വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞു. വെളുപ്പിനെ നാലുമണിയായതിനാൽ കുട്ടിക്കാനത്തിനപ്പുറം പാമ്പനാർ വരെ എങ്ങനെയെങ്കിലും എത്താനദ്ദേഹം പറഞ്ഞു.
അപ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു ഇത്ര നേരമായില്ലേ വണ്ടി തണുത്തു കാണും നിങ്ങൾ വണ്ടി പതുക്കെ വിടൂ ഞങ്ങൾ പിറകേ വരാം എന്ന്. ഞങ്ങൾ വണ്ടിയെടുത്തു കുറച്ചു ദൂരം ചെന്നപ്പോൾ വീണ്ടും ഹീറ്റായി ഞങ്ങൾ വണ്ടി നിർത്തി. അപ്പോൾ MVD ഉദ്യേഗസ്ഥരുമെത്തി. വീണ്ടും അദ്ദേഹം ടെക്നീഷ്യനേ വിളിച്ചു.ബോണറ്റുയർത്തി ഒരു വയർ സംഘടിപ്പിച്ച് ചെറുപണി നടത്തി വാഹനം ടെക്നിഷ്യന്റെ അടുത്തെത്താൻ പാകമാക്കി. വിളിച്ചിട്ട് ഫോൺ എടുക്കാത്ത ആളുടെ നമ്പരും ഞങ്ങളുടെ നമ്പരും വാങ്ങി ഞങ്ങളെ യാത്രയാക്കി. പിന്നീട് ടെക്നീഷ്യൻ വണ്ടി ശരിയാക്കി ഞങ്ങൾ യാത്ര തുടരുകയും ചെയ്തു. കാലത്ത് ഒമ്പത് മണിയോടെ വിവരങ്ങൾ തിരക്കിയുള്ള കോൾ വന്നു. ഞങ്ങളെ പിന്നെയും അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പികുകയും ചെയ്തു കൊണ്ട് രാജേഷ് R എന്ന ആ MVD ഉദ്യോഗസ്ഥന്റെയായിരുന്നു. ശബരിമല മണ്ഡല കാലമായതിനാൽ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള തൊടുപുഴയിൽ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു.
വഴിയിൽ കിടന്ന ഞങ്ങളോട് എന്ത് പറ്റിയെന്ന് വെറുതെ ചോദിച്ചില്ലെങ്കിൽ പോലും പരാതിയോ പരിഭവമോ തോന്നേണ്ടാത്തിടത്ത് എല്ലാ സഹായവും ചെയ്ത് തന്ന് പിന്നീട് വിളിച്ച് യാത്രാ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത ഈ ജന സേവകനായ എല്ലാവർക്കും മാതൃകയായ ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിയില്ലെങ്കിൽ അത് നെറികേടാവും. ഇനിയുള്ള ഒരോ യാത്രയിലും യാത്രയിലല്ലെങ്കിലും രാജേഷ് സാറിനെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും (ആൾ ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പേര് ലഭിച്ചില്ല. ചോദിച്ചുമില്ല നന്ദിയോടെ സ്മരിക്കപ്പെടും തീർച്ച.മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഏറെ പഴി കേൾക്കുന്ന ഈ കാലത്ത് ഡിപ്പാർട്ട്മെന്റിലെ ഇത്തരം നന്മ നിറഞ്ഞവരെയും നമ്മൾ കാണേണ്ടതുണ്ട്.
എഴുതിയത് : റിഷാബ് അബ്ദുൽ സലാം