ചില്ലറ കൊടുത്തു KSEB ക്കു പണി കൊടുത്ത വാർത്ത അത്ര ആഘോഷിക്കേണ്ടതില്ല സത്യാവസ്ഥ നിങ്ങൾ കൂടെ മനസിലാക്കണം കുറിപ്പ്

EDITOR

ഇന്ന് FB യും വാട്സ്ആപ്പും തുറന്നപ്പോൾ KSEB യ്ക്ക് “പണികൊടുത്ത” ഒരു വീഡിയോ വ്യാപകമായി ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. വളരെയധികം പേർ അതിൽ ആഹ്ലാദിക്കുന്നതും കാണാനിടയായി.
വൈദ്യുതി ഇല്ലാത്ത ഒരു ജീവിതം ഒരു സെക്കന്റ്പോലും സാധ്യമല്ലാത്ത ഒരു കാലത്താണ് നാം ഇന്ന് കഴിയുന്നത്. ഒരു ജോലി ചെയ്യുന്നതിനിടയിൽ ഒരു മിനിട്ട് കറന്റുപോയാൽപോലും നമ്മൾ അസ്വസ്ഥരാകുന്നത് സ്വാഭാവികം ആണ്.വൈദ്യുതി ഇടയ്ക്കിടക്കു പോകുന്നതിൽ ബോർഡ്, ജീവനക്കാർ പോലെതന്നെ പൊതുജനങ്ങളും കാരണക്കാർ ആണ്. പിന്നെ കേരളത്തിലെ മഴയും വൃക്ഷങ്ങളുടെ ആധിക്യവും.ഒരു സിംഗിൾ ഫേസ് കണക്ഷൻ എടുത്തിട്ട് അതിനു താങ്ങാവുന്നതിലും എത്രയോ ലോഡ് ബോർഡിൽ അറിയിക്കാതെ പ്രവർത്തിപ്പിക്കുന്നവർ അനവധിയാണ്. ഒരു ട്രാൻസ്‌ഫോർമറിലെ ഒരു ലൈനിൽ കുറഞ്ഞത് ഓരോ വേനൽക്കാലത്തും 20-25 എസികൾ കൂടി വരുന്നുണ്ട്. ഈ അധികമായ വൈദ്യുതി ഇടയ്ക്കിടെ ആ ലൈനിന്റെ ഫ്യൂസ് പോകാൻ കാരണമാകും.

ലൈനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രിഡ്ജിങ് കത്തിപ്പോകാൻ കാരണം ആകും. വോൾട്ടേജ് വളരെ താഴാനും ഇടയാക്കും.ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളും കൊമ്പുകളും പലപ്പോഴും വീണ് തടസങ്ങൾ ഉണ്ടാക്കുന്നു. പ്രധാനപ്പെട്ട റോഡുകളിൽ ദിവസം ശരാശരി ഒരു വണ്ടിയെങ്കിലും പോസ്റ്റുകളിൽ ഇടിച്ചു മണിക്കൂറുകളോളം തടസങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ വർക്കുകൾക്കായി OFF ചെയ്യുന്നു.
പലപ്പോഴും പൊതുജന രോഷം ഉണ്ടാകാതിരിക്കുവാൻ ചെറിയ വർക്കുകൾ OFF ചെയ്യാതെ ചെയ്യേണ്ടി വരുന്നു.
ഈ വർഷം ഇതുവരെ 21 പേരാണ് ലൈനിൽ പണിയെടുക്കുമ്പോൾ പിടഞ്ഞു വീണു മരിച്ചത്. 12 കോൺട്രാക്ട് വർക്കറന്മാരും 9 സ്ഥിരം ജീവനക്കാരും. യുദ്ധം ഇല്ലാത്ത കാലത്ത് ഒരുപക്ഷെ ഇത്രയും പട്ടാളക്കാരുടെ ജീവൻ നഷ്ടം ആകുന്നില്ല.പുതിയ കണക്ഷൻ കൊടുക്കേണ്ടിയൊക്കെ വരുമ്പോൾ തടസം ഉണ്ടാക്കേണ്ട എന്നു കരുതിയാണ് പലപ്പോഴും OFF ചെയ്യാത്തത്.

ഇപ്പോൾ വൈദ്യുതി തടസങ്ങൾ താരതമെന്യ കുറവാണ്. ഏതു പാതിരാത്രിയിലോ പെരുമഴയത്തോ സപ്ലൈപോയാൽ പോയാലും അത് തിരികെ വരുന്നുണ്ടെങ്കിൽ ബോർഡിലെ ഏതെങ്കിലും ജീവനക്കാർ അതൊക്കെ അവഗണിച്ചു ജോലി ചെയ്യുന്നതുകൊണ്ടാണ്.ബോർഡിന് പണികൊടുത്തു എന്ന് ആഹ്ലാദിക്കുന്നവർ ഒന്നറിയാൻ ഒരു ഉദാഹരണം പറയാം.പല കാരണങ്ങൾ കൊണ്ടും ട്രയിനുകൾ ലേറ്റ് ആകാറുണ്ട്. അത് ഓടിക്കുന്ന ആളോ റെയിൽവേ യോ മനഃപൂർവമായി ട്രെയിൻ ലേറ്റ് ആക്കുന്നതല്ല.
ഇതിൽ പ്രതിഷേധിച്ച് തിരക്കുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ ദൂര യാത്രയ്ക്കുള്ള കുറേപ്പേരുടെ ടിക്കറ്റ് എടുക്കാൻ ഒരാൾ ഇതേപോലെ നാണയവുമായി ചെല്ലുന്നു. ജീവനക്കാർ കുറെ സമയം എടുത്ത് അത് എണ്ണി തിട്ടപ്പെടുത്തുന്നു. അയാൾക്ക് പിന്നിൽ നിന്നിരുന്ന ആൾക്കാർക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടും. അല്ലാതെ റയിൽ വേക്ക് എന്തു പണികിട്ടാൻ ആണ്? ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക സമയത്ത് മറ്റു ജോലികൾ ചെയ്യാൻ ആവാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും.KSEB യ്ക്ക് പണികൊടുത്ത ആളും അയാൾക്ക് പിന്നിൽ കരണ്ടുചാർജ് അടയ്ക്കാൻ നിന്നവരെ ബുദ്ധിമുട്ടിച്ചു. മറ്റു ജോലികൾ ചെയ്തോണ്ടിരുന്ന ജോലിക്കാർ കൂടി വന്ന് നാണയം എണ്ണിയതിനാൽ ആ പണിയും തടസമായി. ആത്യന്തീകമായി ജനങ്ങൾക്ക് കിട്ടേണ്ടുന്ന സേവനങ്ങൾ തടസ്സപ്പെട്ടു.വൈദ്യുതി തടസങ്ങൾ പ്രതികരിക്കുവാൻ ഓരോരുത്തർക്കും അവകാശം ഉണ്ട്. പക്ഷെ അനധികൃത ലോഡ് വൃക്ഷങ്ങൾ, ടച്ചിങ് എടുക്കൽ പ്രശ്നം മൂലമുള്ള തടസങ്ങൾക്ക് നമ്മളും കാരണക്കാർ ആണ്.
വൈദ്യുതി തടസങ്ങൾ 1912 ൽ അറിയിക്കാവുന്നതാണ്