ഒരു actress മരിച്ചത് വേദനയോടെ കാണുകയായിരുന്നു. കാര്യകാരണങ്ങൾ ഒന്നും തന്നെ അറിയില്ല. എങ്കിലും എന്റെ മുഖപുസ്തകം വായിക്കുന്ന ആത്മഹത്യ ചെയ്യണം എന്ന് തോന്നുന്ന ചിലരോടായി പറയുകയാണ്. പെണ്ണോ, ആണോ രണ്ടുപേർക്കും വായിക്കാം.ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഒരു സമയം ഉണ്ട്. അത് ഏറ്റവും കഠിനയതയോടെ മനസ്സിലാക്കിയത് ഒരു കയറും കൊണ്ട് കട്ടിലിന്റെ മുകളിൽ കയറിയ സമയത്താണ്.പ്രിയപ്പെട്ട എത്രയോ പേരുടെ, നമ്മെ സ്നേഹിക്കുന്നവരുടെ, നമുക്കൊപ്പം നില്കുന്നവരുടെ നമ്മെ നമ്മളായിട്ട് മനസ്സിലാക്കുന്നവരുടെ ഒക്കെ മുഖങ്ങൾ ഒറ്റനിമിഷത്തിൽ മാറിനിൽക്കും. പിന്നെ മരിക്കാൻ തീരുമാനിച്ച കാര്യം മാത്രം മനസ്സിൽ പെരുമ്പറ കൊട്ടും. ഒറ്റ നിമിഷം കൊണ്ട് ചിന്ത മാറുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, ഉണ്ടാവുമെങ്കിൽ മാത്രം ഒരു മരണത്തിൽ നിന്ന് നമ്മൾ രക്ഷപെട്ടേക്കാം.
ഓർക്കേണ്ടത് ഒരു കാര്യമാണ്. നിങ്ങൾക്ക് വേണ്ടി മറ്റൊരാൾ ഉണ്ടാകുമെന്നോ, നിങ്ങൾക്ക് പകരം മറ്റൊരാൾ ഉണ്ടാകുമെന്നോ കരുതരുത്. നിങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. യാചിച്ചു കിട്ടുന്ന മൂല്യത്തിന്റെ അർത്ഥം “ഭിക്ഷ ” എന്നാണ്. സ്വയം നേടുന്നത്തിന്റെ അർത്ഥം “നേട്ടം” എന്ന് തന്നെയാണ്. ആയതു കൊണ്ട് തന്നെ എന്തിനെങ്കിലും പ്രതീക്ഷ വെച്ചിട്ട് നെഞ്ചില് ഉമിത്തീയുമായി നടക്കരുത്.
ഏറ്റവും നന്നായി വേദനിക്കുമ്പോ പൊട്ടി പൊട്ടി കരയുക. എനിക്കുറപ്പാണ് ആ കരച്ചിലിന് ഒടുവിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഒരു സുഖമുണ്ട്. ഒരു കരച്ചിലിനപ്പുറം ഉമിത്തീ പിന്നെയും എരിയും, വീണ്ടും അങ്ങ് കരഞ്ഞേക്കണം. ഒന്നോർക്കുക ഒരു മുറിയുടെ മൂലയിൽ ഒതുങ്ങരുത്. പുറത്തിറങ്ങുക, ശുദ്ധവായു ശ്വസിക്കുക. ഓർക്കുക ഇതിനു മുൻപ് നിങ്ങൾക്കുണ്ടായ എത്രയെത്ര മുറിവുകൾ ഒരു “പാട്” മാത്രം അവശേഷിപ്പിച്ചു ഉണങ്ങിയേക്കുന്നു.
ഇതും ഉണങ്ങും, സമയം എടുത്തേക്കാം, പക്ഷെ ഉണങ്ങും.കാത്തിരിക്കുക, നിങ്ങളുടെ നല്ല സമയത്തിനായി. കഷ്ടപ്പാട് ഉണ്ടാവും ന്നാലും കഷ്ടപ്പാട് ഇല്ലേൽ എന്ത് സുഖമാടോ ജീവിതത്തിന്. എന്തേലും ഒക്കെ വേദന വേണ്ടേ? എന്നാലല്ലേ വാശി വരു, ജീവിക്കാനുള്ള വാശി. ഒരു കണക്കിന് extreme happiness ഉം ഒരു വേദന തന്നെ ആണെടോ. ഇച്ചിരിയൊക്കെ വിഷമിക്കണം, ഇല്ലേൽ ശരിയാവില്ല എന്നങ്ങു തീരുമാനിച്ചേക്ക്. ആ കണ്ണീരൊക്കെ തുടച്ചു നന്നായി തണുത്ത വെള്ളത്തിൽ മുഖം കഴുക്. വേദനിപ്പിച്ച എല്ലാത്തിനും നേരെ ഒരു പുച്ഛം എറിഞ്ഞിട്ട് പോയി സ്വന്തം തുണി അലക്കാൻ നോക്ക്, ഈ വിഷമത്തിന് തുണി നന്നായി വെളുക്കാൻ സാധ്യതയുണ്ട് .
എഴുതിയത് : പ്രീതി പിസി