ഒരു അനുഭവം പറയാം ഒരു സ്ത്രീ രണ്ടാം വിവാഹം ചെയ്‌താൽ അവരെ രണ്ടാം തരക്കാരിയായി ആളുകൾ കാണുന്നു എന്നാൽ പുരുഷൻ ചെയ്താൽ കുഴപ്പം ഇല്ല

EDITOR

അവൾ രണ്ടാം കെട്ടുകാരിയല്ലേ?അവിവാഹിതനായ മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞ അയാളോട് വിവാഹമോചനം നേടിയ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ അവൻ നൽകിയ മറുപടി ആണ്.
മദ്യത്തിന് അടിമയായി ഹോസ്പിറ്റലിൽ കിടന്നു രോഗമുക്തി നേടിയപ്പോൾ ആണ് അവനു വിവാഹ ആലോചനകൾ ആരംഭിച്ചത് അവന്റെ കടന്നു പോയ പ്രായം,വിദ്യാഭ്യാസമില്ലായ്‌മ,ചെയ്തു കൊണ്ടിരിക്കുന്ന തൊഴിൽ ഇതെല്ലാം വിവാഹ മാർകറ്റിൽ പുറംതള്ളപ്പെട്ടു.ഈ പെൺകുട്ടി ആണെങ്കിൽ അത്യാവശ്യം പഠിപ്പുള്ളവളും സുന്ദരിയുമാണ്.ആദ്യത്തെ വിവാഹം ചില പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കേണ്ടി വന്നു.
ഇവന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.സാധാരണ ഒരു പുരുഷന്റെ മനസ്സാണ് അവൻ പ്രകടമാക്കിയത്.ഒരു പെൺകുട്ടി ഒരു വിവാഹം കഴിച്ചിട്ട് വേണ്ടെന്നു വെച്ചപ്പോൾ എന്തു കോട്ടമാണ് അവൾക്കു സംഭവിച്ചത്?അവൾ കുറച്ചു നാൾ അവളുടെ ശരീരം മറ്റൊരാളുമായി പങ്കിട്ടതാണോ അവളുടെ ന്യൂനത?

ഒരു സ്ത്രീ പുനർവിവാഹിത ആകുമ്പോൾ ഒരു രണ്ടാം തരക്കാരിയായി എല്ലാവരും കാണുന്നു.
എന്നാൽ ഒരു പുരുഷൻ പുനർവിവാഹിതൻ ആകുമ്പോൾ ആ ഒരു ന്യൂനത ആരും കാണുന്നില്ല.
ഒരു പുരുഷന് സംഭവിച്ച കോട്ടം തന്നെ അല്ലെ സ്ത്രീക്കും സംഭവിക്കുന്നുള്ളൂ?ശരീരം മറ്റൊരാൾക്ക്‌ പങ്കിട്ടതിലും എത്രയോ ഭയാനകമാണ് മനസ്സ് മറ്റൊരാൾക്ക്‌ പങ്കു വെച്ച് കൂടെ ജീവിക്കുന്ന പങ്കാളി.ഒരു മദ്യപാനിയായ ഒരാളുടെ ശരീരം എത്രയോ രോഗങ്ങൾക്ക് അടിമപ്പെട്ടതാകാം.അത്തരം ഒരാളോടൊപ്പം ജീവിക്കുന്നതിലും നല്ലത് സ്ത്രീകൾ അവിവാഹിതരായി ജീവിക്കുന്നതാണ്.പുരുഷൻമാർ പലപ്പോഴും പറയാറുണ്ട്കൂലിപ്പണിക്കാരന് പെണ്ണില്ല വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നെല്ലാം.ഇന്നും എത്രയോ പെൺകുട്ടികൾ സാമ്പത്തികം ഇല്ലാത്തതിന്റെ പേരിലും അൽപ്പം നിറം കുറഞ്ഞതിന്റെ പേരിലും വിവാഹമാർക്കറ്റിൽ തഴയപെടുന്നുണ്ട്.

അൽപ്പം യോഗ്യത ഉള്ള പുരുഷന്മാർ ഇപ്പോളും ഏറ്റവും മികച്ചതിനെ തേടി നടക്കുന്നു.
എന്നിട്ട് പറയുന്നു യോഗ്യത കൂടിയ പെൺകുട്ടികൾ വിവാഹആലോചനകൾ തിരസ്കരിക്കുന്നു എന്ന്.
എല്ലാവർക്കും തങ്ങളുടെ പങ്കാളികൾ മികച്ചവരാകണം എന്ന് ആഗ്രഹിക്കുന്നു.
പിന്നെ എന്തിന് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തണം?പെണ്ണ് കിട്ടാതെ വരുമ്പോൾ സ്ത്രീകളെ കുറ്റം പറയുന്ന പുരുഷൻ പെങ്ങളെ കെട്ടിക്കുമ്പോൾ എത്ര സൂഷ്മതയോടെ ആണ് കാര്യങ്ങൾ മുമ്പോട്ട് കൊണ്ടു പോകുന്നത്.
അതുപോലെ തന്നെ ആണ് താൻ പെണ്ണാലോചിക്കുമ്പോളും എന്നോർക്കണം.അവളും മറ്റൊരാളുടെ സഹോദരി ആണ് അവനും അവന്റെ സഹോദരിക്ക് മികച്ച ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നവൻ ആണ് എന്ന്.പിന്നെ പ്രണയത്തിലകപ്പെടുന്ന പെൺകുട്ടികൾ മോശം ബന്ധങ്ങളിൽ ചെന്നു ചാടുന്നത്?അതവരുടെ സമയദോഷം കൊണ്ടു സംഭവിക്കുന്നതാണ്.അതിനു അവർ നൂറു വട്ടം പശ്ചാത്തപിച്ചിട്ടുണ്ടാകും തങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തിയതോർത്ത്.

പിന്നെ ഗതികേട് കൊണ്ട് ആ ജീവിതത്തിൽ സംതൃപ്തി അണയുകയാണ് പലരും ചെയ്യുന്നത്.
എന്നു കരുതി ജീവിതത്തെ ഗൗരവമായി കണ്ടുകൊണ്ട് മുമ്പോട്ട് പോകുന്ന പെൺകുട്ടികൾ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവർ നൂറു വട്ടം ആലോചിക്കും അതിനു അവർക്ക് അവകാശം ഉണ്ട്.കാരണം ജീവിതം അവരുടേതാണ്.അവരുടെ പങ്കാളി അവർക്ക് അനുയോജ്യമായവൻ ആണെന്ന് ഉറപ്പ് വരുത്തേണ്ടത് അവളുടെ ഉത്തരവാദിത്തം കൂടി ആണ്.

എഴുതിയത് : കൃഷ്ണദാസ്