അച്ഛൻ വോളന്ററി റിട്ടയർമെന്റ് എടുത്ത് എയർഫോഴ്സിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് ആ വലിയ പെട്ടിയും കൂടെ കൊണ്ടുവന്നത്.സാമാന്യം വലിപ്പത്തിൽ ഇളംബ്രൗൺ നിറത്തിൽ ഒരുപെട്ടി.വന്നപാടെ അച്ഛൻ അതെടുത്തു കട്ടിലിനടയിലേയ്ക്ക് നീക്കിവെക്കുകയും ചെയ്തു.അതിനോടൊപ്പം കട്ടിലിനടിയിലേയ്ക്ക് നീളുന്ന രണ്ടു കുഞ്ഞി കണ്ണുകൾ കണ്ടാവും, അച്ഛൻ പറഞ്ഞു..അത് ട്രങ്ക് പെട്ടിയാണ്.അച്ഛന്റെ കുറച്ചു സാധനങ്ങൾ അതിലുണ്ട്..അതെന്താവും.. അതെങ്ങെനെ തുറക്കും എന്നൊക്കെയായി പിന്നെ ചിന്തകൾ..
അമ്മയോട് ചോദിക്കാൻ ചെന്നാൽ.ഒക്കെ അറിയണം.അച്ഛന്റെ സാധനങ്ങൾ എന്തൊക്കെയോ ആണെന്ന് പറഞ്ഞില്ലേ പിന്നെന്താ.എന്നാണ് മറുപടി കിട്ടിയത്.
ഇനിയിപ്പോ അതിന്മേൽ തൂങ്ങാൻ ചെന്നാൽ വേണമെങ്കിൽ തുടയ്ക്ക് നല്ല കിഴുക്കും കിട്ടിയെന്നു വരും..
പിന്നെ ചെയ്യാൻ പറ്റുന്നത് എന്താന്ന് വെച്ചാൽ അച്ഛൻ അറിയാതെ തുറക്കുക.. സംഭവം അച്ഛൻ അതിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്താണെന്ന് അറിയണമല്ലോ..ആ പെട്ടിയാണങ്കിൽ താക്കോലിട്ട് പൂട്ടിയും വെച്ചിരിക്കുന്നു.ശെടാ… നോക്കണേ ഓരോ പുലിവാല്..ഇനി അതിന്റെ കീ നോക്കി കണ്ടുപിടിക്കണ്ടേ..
അച്ഛൻ അങ്ങനെയിങ്ങനെ വീട്ടിൽ നിന്ന് പുറത്തി റങ്ങാത്തത് കൊണ്ട് എവിടെയാ അതിന്റെ കീ എന്ന് കണ്ടുപിടിക്കാൻ ലേശം ബുദ്ധിമുട്ടേണ്ടി വരും.പിന്നെ അത് തിരക്കി ഡിറ്റക്റ്റീവിനെ പോലെ കീ കൊണ്ടു വെക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടങ്ങി.ഊർജ്ജിതമായ അന്വേഷണത്തിനോടുവിൽ അലമാരയിൽ കുട്ടിക്കൂറ പൌഡർ ടിന്നിനും, അച്ഛൻ ഷേവ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കൊച്ചു കണ്ണാടിയ്ക്കുമിടയിൽ നിന്ന് കീ കിട്ടി
ഹാവു… ഒടുവിൽ വിജയം കണ്ടെത്തി ആ ദൗത്യം.ഇനി അച്ഛൻ കാണാതെ കട്ടിലിന്റെ അടിയിൽ നിന്ന് അത് വലിച്ചെടുക്കണം തുറക്കണം.അങ്ങനെ അച്ഛൻ പുറത്തെവിടെയോ പോയ തക്കത്തിന് ആ ഉദ്യമത്തിനൊരുങ്ങി. അമ്മയും പറമ്പിലെവിടെയോ ആയിരുന്നു.. നല്ല ഭാരമുള്ള ആ പെട്ടി അവിടെ നിന്ന് വിലിച്ചെടുക്കാൻ തന്നെ നന്നേ വിഷമിച്ചു.ഒരുവിധത്തിൽ അതെടുത്തു വെളിയിൽ വെച്ച് കീ താക്കോലിലിട്ട് തിരിക്കാൻ ശ്രമിക്കുമ്പോളാണ് പിന്നിലൊരു മുരടനക്കം.അച്ഛൻ എന്തോ മറന്നതിനാൽ വീണ്ടും തിരികെ വന്നിരിക്കുന്നു.കൈയോടെ പിടിച്ചെന്നും, അടി ഉറപ്പ് എന്നും കരുതി കണ്ണു നിറഞ്ഞത് കണ്ട് അച്ഛൻ ഇരികൈകളും കൊണ്ട് ചേർത്ത് പിടിച്ചു ചോദിച്ചു.എന്തേ.. ആ പെട്ടിയിൽ എന്താണെന്ന് കാണണോ..”
ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി.അച്ഛൻ തന്നെ ആ പെട്ടി തുറന്നു.അതിൽ അച്ഛന്റെ യൂണിഫോം, ബെൽറ്റ്, രണ്ടു മൂന്നു മെഡലുകൾ, പട്ടാളത്തിൽ കിടക്കാൻ ഉപയോഗിച്ചിരുന്ന ബെഡ് ഷീറ്റുകൾ.
അതെല്ലാം എടുത്ത് വെളിയിൽ വെച്ചു.. അച്ഛനുകിട്ടിയ മെഡലുകൾ കാട്ടി തരുമ്പോൾ ആ മുഖം അഭിമാനം കൊണ്ട് നിറഞ്ഞിരുന്നു.. വീതികൂടിയാ ബെൽറ്റ് കൈയിലെടുത്തു തിരിച്ചും മറിച്ചും നോക്കി..ഫ്രെയിം ചെയ്ത കമഴ്ന്നു കിടക്കുന്ന എന്റെ ഒരുഫോട്ടോ.. പിന്നെ ഞാനും അച്ഛനും അമ്മയും, കുഞ്ഞനുജത്തിയും കൂടി അ ച്ഛൻ അവധിക്ക് വന്നപ്പോൾ എടുത്തഫോട്ടോയും അതിലുണ്ടായിരുന്നു.അച്ഛനും, ആ ട്രങ്ക് പെട്ടിയും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്കുണ്ടായിയുന്നു.. അതിനു മുകളിൽ ചില നമ്പരുകളും ഉണ്ടായിരുന്നു.ഒരു പട്ടാളക്കാരൻ റിക്രൂട്ട്മെൻ്റ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുമ്പോൾ ഈ ട്രങ്കുകളിലൊന്ന് ലഭിക്കുമെന്നും അച്ഛൻ പറഞ്ഞു..
യുദ്ധത്തിലോ, മറ്റോ .ജവാൻ മരിച്ചു പോയാൽ ഇത്തരം ട്രങ്ക് പെട്ടികൾ കുടുംബത്തിന് കൈമാറുമെന്നും .അത് കുടുംബത്തിനുള്ള അവകാശമാണന്നും അച്ഛൻപരഞ്ഞത് ഓർക്കുന്നു.ഈ പെട്ടി ഇപ്പോഴും വീട്ടിൽ സൂക്ഷിക്കുന്നു..
സ്നേഹം
വിനീത.