അഭിനന്ദനങ്ങൾ നിങ്ങൾ മൂന്നു മാസം ഗർഭിണിയാണ് ഡോക്ടറുടെ മുന്നിൽ ഇരുന്ന ഞാൻ ഞെട്ടി എട്ടു വർഷം മുൻപ് ഭർത്താവ് മരിച്ച ഞാനോ ശേഷം

EDITOR

അഭിനന്ദനങ്ങൾ നിങ്ങൾ മൂന്നു മാസം ഗർഭിണിയാണ് പേടിക്കേണ്ടതായി യാതൊന്നുമില്ല, ഞാൻ തരുന്ന ഈ മരുന്നുകൾ കൃത്യമായി കഴിക്കണം, ഒരാഴ്ച കഴിഞ്ഞ് നമുക്ക് ഒരു സ്കാൻ ചെയ്യണം, എന്തെങ്കിലും പ്രത്യേക വിഷമം തോന്നിയാൽ ഉടൻ ഡോക്ടറെ കാണണം, മുപ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞാൽ ചിലപ്പോൾ ചെറിയ പ്രശ്നങ്ങൾ ഡേറ്റ് അടുക്കുമ്പോൾ ചിലർക്ക് കാണാറുണ്ട്. ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞു എന്നേയുള്ളൂ. കട്ടിയുള്ള ജോലികൾ ഒഴിവാക്കണം, സാധാരണ ചെയ്യുന്ന ജോലികൾ എല്ലാം ചെയ്യാം.തൻറെ മുന്നിൽ ഇരുന്ന് ഡോക്ടർ പറയുന്നത് ആരോടാണ് എന്ന് കൃഷ്‌ണേന്ദുവിന് മനസ്സിലായില്ല.ആര് ഗർഭിണിയാണ് എന്നാണിവർ പറയുന്നത്?ഇവിടെയിപ്പോൾ ഇവരുടെ മുന്നിൽ താൻ മാത്രമേയുള്ളൂ, ഓ ഇനിയിപ്പോൾ തൻറെ കൂടെ സ്കൂളിൽ നിന്നും വന്ന മാലതി ടീച്ചറെക്കുറിച്ചാകും. പക്ഷേ ടീച്ചർക്ക് അൻപതു വയസ്സു കഴിഞ്ഞല്ലോ, തന്നെയുമല്ല സ്കൂളിൽ തലച്ചുറ്റി വീണത് താനല്ലേ?പക്ഷേ ഈ ഡോക്ടർ പറയുന്ന ഗർഭത്തിന്റെ കഥ

അതും എട്ടു വർഷം മുൻപ് ഭർത്താവ് മരിച്ച തന്നോട് ഇവർ ഗർഭിണിയാണ് എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.ആകെ അങ്കലാപ്പിലായ കൃഷ്‌ണേന്ദുവിന് എന്തെങ്കിലും പറയാൻ സാധിക്കും മുൻപ് ഡോക്ടർ മേശപ്പുറത്തെ ബെല്ലിൽ കൈ അമർത്തി.മുറിയിലേക്ക് കയറി വന്ന നഴ്‌സിനോട്‌ അടുത്ത ആളെ വിളിക്കൂ എന്നു പറഞ്ഞത് കേട്ട് കൃഷ്‌ണേന്ദു ഒന്നും മിണ്ടാതെ ഒന്നും മനസ്സിലാകാതെ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങി.മുറിക്കു പുറത്തു കാത്തുനിന്ന മാലതിടീച്ചർ ആകാംഷയോടെ ചോദിച്ചു
ഡോക്ടർ എന്തു പറഞ്ഞു ടീച്ചറെ, തലകറങ്ങി വീണത് ക്ഷീണം കൊണ്ടാണോ, ടീച്ചർ ഈയിടെയായി സ്കൂളിലെ കാര്യങ്ങൾ എല്ലാം എടുത്തു തലയിൽ വച്ചിരിക്കുകയാണ്, ഒരു വിശ്രമവും ഇല്ല. അതായിരിക്കും ഇങ്ങനെ വെയിലുകൊണ്ടപ്പോൾ അസംപ്ലിയിൽ തലച്ചുറ്റി വീണത്. എന്തായാലും ശ്രദ്ധിക്കണം, ഇങ്ങനെ സ്കൂളേ എന്നുപറഞ്ഞു അവനവന്റെ ആരോഗ്യം നോക്കാതെ ജോലി ചെയ്യണ്ട ഒരു കാര്യവുമില്ല.
അതിരിക്കട്ടെ ഡോക്ടർ എന്താണ് പറഞ്ഞത്?

അവർക്ക് ഭ്രാന്താണെന്ന് തോന്നുന്നു കൃഷ്‌ണേന്ദു ടീച്ചർ ആ പറഞ്ഞത് എന്താണ് എന്ന് മാലതി ടീച്ചർക്ക് മനസ്സിലായില്ല.ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് പോകുന്നതിനിടയിൽ ഡോക്ടർ നൽകിയ അയണിന്റെയും, കാൽസ്യത്തിന്റെയും ഗുളികകൾ മാലതി ടീച്ചർ കാണാതെ കൃഷ്‌ണേന്ദു പുറത്തേക്ക് കളഞ്ഞു.
സ്കൂളിൽ തിരിച്ചെത്തിയ കൃഷ്‌ണേന്ദു ടീച്ചറോട് എല്ലാവരും തലകറങ്ങി വീണതിന്റെ കാര്യം ചോദിച്ചപ്പോൾ വിശ്രമം ഇല്ലാതെ ജോലിചെയ്യുന്ന ക്ഷീണം ആണ് കാരണം എന്ന് മാലതി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
അന്ന് വീട്ടിൽ ഒരു പീരിയട് നേരത്തെ തിരിച്ചെത്തിയ കൃഷ്‌ണേന്ദുവിനോട് അമ്മ ചോദിച്ചു.
എന്താണ് മോളേ ഇന്ന് നേരത്തെ? നിനക്ക് സുഖമില്ലേ, മുഖം ആകെ വിളറിയതുപോലെ ഉണ്ടല്ലോ, എന്തു പറ്റി?.
ഒന്നുമില്ലമ്മേ ഒരു ചെറിയ തലവേദന, ഞാൻ ഒന്നു കിടക്കട്ടെ സ്കൂളിൽ തലച്ചുറ്റി വീണതും, ആശുപത്രിയിൽ പോയതും ഒന്നും കൃഷ്‌ണേന്ദു അമ്മയോട് പറയാൻ നിന്നില്ല.അല്ലങ്കിൽ തന്നെ ആരോടെങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ ആ ഡോക്ടർ പറഞ്ഞത്?

മൂന്നുമാസം കഴിഞ്ഞത്രേ, ഇവരൊക്കെ എങ്ങനെ ഡോക്ടർ ആയി എന്നാണ് ഇപ്പോൾ സംശയം.
റൂമിൽ കയറി കതകടച്ച കൃഷ്‌ണേന്ദു മേശപ്പുറത്തിരുന്ന എട്ടു വർഷം മുൻപ് അപകടത്തിൽ മരിച്ച ഭർത്താവിന്റെ ഫോട്ടോ എടുത്ത് നെഞ്ചോടു ചേർത്തു. ഒരു മിനിട്ട് ആ ഫോട്ടോ തൻറെ ആത്മാവിലേക്ക് ഉൾക്കൊള്ളിച്ച് കൃഷ്‌ണേന്ദു നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു.
എന്നാലും ആ ഡോക്ടർ എന്തായിരിക്കും അങ്ങനെ പറഞ്ഞത്. താൻ ഗർഭിണിയാണ് പോലും അതും മൂന്നു മാസം.കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി മാറുമ്പോൾ കൃഷ്‌ണേന്ദു സ്വയം തൻറെ വയറ്റിലേക്ക് ഒന്നു ശ്രദ്ധിച്ചു. വയറിനു നേരിയ ഒരു തടിപ്പു പോലെയുണ്ടോ, അതോ തൻറെ തോന്നലാണോ, അങ്ങനെയെങ്കിൽ ആ ഡോക്ടർ എന്താണ് അങ്ങനെ പറഞ്ഞത്?

കട്ടിലിലേക്ക് കിടക്കുന്നതിനു മുൻപ് കൃഷ്‌ണേന്ദു കലണ്ടറിൽ ഒന്നു കണ്ണോടിച്ചുഈശ്വരാ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, തൻറെ പീരിയഡ് മിസ്സായിട്ട് ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു. കൃഷ്‌ണേന്ദുവിന്റെ ഞെഞ്ചിൽ ഒരു നേരിപ്പോട് കത്തുന്ന പ്രതീതി.വിവാഹം കഴിഞ്ഞ് എട്ടാം മാസം തൻറെ പ്രിയ ഭർത്താവ് അപകടത്തിൽ മരിച്ചതാണ്, ഒരു കുഞ്ഞിനെ വേണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ താനായിരുന്നു നിശബ്ദയാക്കിയത്.
എന്നിട്ടിപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്ന അവരുടെ പ്രസ്താവന.കൃഷ്‌ണേന്ദു കണ്ണാടിയിലേക്ക് നോക്കി, തൻറെ മുലകൾക്ക്, തൻറെ അടിവയറിന് എന്തോ ഒരു മാറ്റം വരുന്നുണ്ടോ? ഇതിപ്പോൾ ഡേറ്റും മിസ്സായിരിക്കുന്നു, ഇതെന്താണ് ഇങ്ങനെ സംഭവിക്കുന്നത്.എവിടയോ എന്തോ കാര്യമായ കുഴപ്പം സംഭവിച്ചിരിക്കുന്നു. കുഴപ്പം തനിക്കല്ല ആ ഡോക്ടർക്ക്‌ ആണെന്ന് മാത്രം. കൃഷ്‌ണേന്ദു ഒരിക്കൽക്കൂടി രാവിലെ നടന്ന സംഭവങ്ങൾ ഓർത്തു.

പതിവു പോലെ സ്കൂളിൽ പോയ താൻ രാവിലെ സ്കൂൾ അസംബ്ലിയിൽ തലച്ചുറ്റി വീഴുന്നു. മറ്റുള്ള ടീച്ചേഴ്സ് മുഖത്ത് വെള്ളം തളിക്കുന്നു, വെള്ളം കുടിക്കാൻ തരുന്നു, കെമസ്ട്രി ടീച്ചറുടെ കാറിൽ മാലതി ടീച്ചർക്കൊപ്പം അടുത്തുള്ള ആശുപത്രിയിലേക്ക്. ആ ആശുപത്രി ഒരു ഗൈനക്ക്‌ ക്ലിനിക്ക് ആയിരുന്നത് കൊണ്ടല്ല അവിടേക്ക് പോയത്, അടുത്തുള്ള ക്ലിനിക്ക്, പിന്നെ ഒരു ലേഡി ഡോക്ടർ ആ കാരണങ്ങളാൽ ആണ് മാലതി ടീച്ചർ അവിടേക്ക് തന്നെ കൊണ്ടുപോയത്.ആശുപത്രിയിൽ തങ്ങളെ എത്തിച്ച് കെമസ്ട്രി ടീച്ചർ സ്കൂളിലേക്ക് മടങ്ങിപ്പോരുന്നു, ഡോക്ടർ തന്നെ വിശദമായി പരിശോധിക്കുന്നു. തന്നോട് മൂന്നുമാസം ഗർഭം ഉണ്ട് എന്ന് അറിയിക്കുന്നു. ഇതിൽ എവിടയോ എന്തോ പിഴവ് സംഭവിച്ചിരിക്കുന്നു. പക്ഷേ എവിടെ?
അപകടത്തിൽ ഭർത്താവ് മരിച്ചതിനു ശേഷം കഴിഞ്ഞ എട്ടു വർഷമായി താൻ അമ്മയോടൊപ്പം സ്വന്തം വീട്ടിലാണ് താമസം. പഴയ വിവാഹബന്ധം വേണ്ട എന്നു വക്കുകയോ, പുതിയ വിവാഹആലോചനക്ക് പലരും നിർബന്ധിച്ചിട്ടും അതിനൊന്നും വഴങ്ങുകയോ ചെയ്തിട്ടില്ല.ആ ഡോക്ടർക്ക്‌ എന്തോ തെറ്റുപറ്റിയിരിക്കുന്നു. പക്ഷേ കഴിഞ്ഞ രണ്ടുമാസമായി തൻറെ പീരിയഡ് മിസ്സ്‌ ആയത് സ്വാഭാവികം ആണെന്ന് കരുതിയതിൽ എന്തോ കുഴപ്പം ഉണ്ടെന്ന് ഇപ്പോൾ തോന്നുന്നു. വയസ്സ് മുപ്പത്തിയാറ് കഴിഞ്ഞു.അതുകൊണ്ടാണ് പീരിയഡ് മിസ്സ്‌ ആയപ്പോൾ അത്ര ശ്രദ്ധിക്കാതെയിരുന്നത്.

കൃഷ്‌ണേന്ദു അസ്വസ്ഥമായ മനസ്സോടെ, നിറഞ്ഞ മിഴികളോടെ വീണ്ടും ഭർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി. മൃദുവായി ചിരിച്ചുകൊണ്ടിരിക്കുന്ന ആ ചിത്രം തന്നോട് എന്തോ പറയുന്നതായി അവർക്ക് തോന്നി.
കിടപ്പു മുറിയിലെ തുറക്കാതിട്ടിരുന്ന ജനാലകൾ കൃഷ്‌ണേന്ദു തള്ളിത്തുറന്നു. മുറ്റത്ത് നാലുമണിക്ക് വിടർന്നു വീണ്ടും കൂമ്പിയടഞ്ഞ വയലറ്റ് നാലുമണിപൂക്കൾ. അതു കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത.കൃഷ്ണേ മോളേ ഈ ചായ കുടിച്ചേ, തലവേദന പാമ്പകടക്കും അമ്മ ചായയുമായി ഡോറിൽ മുട്ടുന്നു.കൃഷ്‌ണേന്ദു വാതിൽ തുറന്നു.തലവേദന എങ്ങനെയുണ്ട് മോളേ, കുറഞ്ഞോ,” ചായക്കപ്പ് കൃഷ്‌ണേന്ദുവിന് നീട്ടി അമ്മ തുടർന്നു.അമ്മ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു, മോൾക്ക് എന്തോ ഒരു മാറ്റം പോലെ, അതിപ്പോൾ കാഴ്ചയിൽ ആണോ, പ്രകൃതത്തിൽ ആണോ എന്ന് അമ്മക്കറിയില്ല, പക്ഷേ എന്തോ ഒരിത്. അത്‌ അമ്മക്ക് മനസ്സിലാകും, നമുക്ക് നാളെ ഒന്നു ഡോക്ടറുടെ അടുത്തുപോയിവരാം. എനിക്ക് മോളേ കാണുമ്പോൾ അങ്ങനെ തോന്നുന്നു മകളുടെ കൈത്തണ്ടയിൽ തലോടിക്കൊണ്ട് ആ അമ്മ പറഞ്ഞത് കൃഷ്‌ണേന്ദു അനുസരണയോടെ കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് കൃഷ്‌ണേന്ദു സ്കൂളിൽ പോയില്ല. നേരെ പട്ടണത്തിലെ ഒരു സ്കാനിങ് സെന്ററിലേക്ക് പോയി.
സ്കാൻ റിപ്പോർട്ട് കിട്ടിയപ്പോൾ അവർ ഞെട്ടിപ്പോയി എന്നു പറഞ്ഞാൽ അത് അതിശയമാകില്ല. കൺഫോം ഗർഭം മൂന്നുമാസത്തെ വളർച്ച പിന്നിട്ടിരിക്കുന്നു. മറ്റു കുഴപ്പങ്ങൾ യാതൊന്നും ഇല്ല.
എന്തുചെയ്യണം എന്നറിയാതെ കൃഷ്‌ണേന്ദു ആ സ്കാനിങ് സെന്ററിലെ കസേരയിൽ തളർന്നിരുന്നു. ഓർമ്മകൾ ആകെ ചിതറിയത് പോലെ. ഇത്, ഈ ഗർഭം ഇതെങ്ങനെ. താനറിയാതെ തനിക്ക് ഗർഭം ഉണ്ടാകുക. ഗർഭത്തിന് മൂന്നുമാസം പ്രായം.കൃഷ്‌ണേന്ദു ഓർമ്മകൾ എല്ലാം സ്വരുക്കൂട്ടിനോക്കി. ഉള്ളിൽ ഒരു കടൽ ഇരമ്പുകയാണ്. വീട്ടിൽ നിന്ന് രണ്ടു ദിവസത്തെ അദ്ധ്യാപക പരിശീലന ക്യാമ്പിൽ പങ്കെടുത്തു, ഇടക്ക് ഒരു ദിവസം രണ്ടു മണിക്കൂർ ബ്യൂട്ടിപാർലറിൽ ചിലവഴിച്ചു, ബയോളജി ടീച്ചർ ജലജാ ദേവിയുടെ വീട്ടിലെ ബർത്ത് ഡേ ഫങ്ഷനിൽ പോയി, അമ്മയോടൊപ്പം തിരുവില്വാമല ക്ഷേത്രത്തിൽ പോയി. കഴിഞ്ഞ നാലു മാസങ്ങളിൽ ജീവിതത്തിൽ പ്രത്യകമായി സംഭവിച്ച കാര്യങ്ങൾ ഇത്രമാത്രം.ബാക്കി ദിവസങ്ങൾ തികച്ചും വീടും സ്കൂളുമായി മുന്നോട്ട് നീങ്ങുകയാണ് ചെയ്തത്.കൃഷ്‌ണേന്ദു വിയർത്തു. താൻ ഒരു അധ്യാപികയാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുന്നേ ഭർത്താവ് അപകടത്തിൽ മരണമടഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു വിധവ.

സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു വീട്ടിലെ അംഗം.പ്രശസ്ത എഴുത്തുകാരി ഗംഗാദേവിയുടെ മകന്റെ ഭാര്യ. അടക്കവും, ഒതുക്കവുമുള്ള സർവ്വ സമ്മതയായ ടീച്ചർ. അങ്ങനെയുള്ള താനാണ് ഇതാ ഇപ്പോൾ താനറിയാതെ ഗർഭിണിയായി എന്ന പച്ച പരമാർത്ഥം വിളിച്ചോതുന്ന റിപ്പോർട്ടുമായി ഇവിടെയിരിക്കുന്നത്. ഈ വിവരം ആരെങ്കിലും ഒരാൾ അറിഞ്ഞാൽ.സ്കാനിങ് സെന്ററിലെ പെൺകുട്ടി ചോദിച്ചു.
മേഡം തനിച്ചാണോ വന്നത്.. എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ ഏയ് ഒന്നുമില്ല കൃഷ്‌ണേന്ദു അവിടെനിന്നും എഴുനേറ്റു. കൂടുതൽ സമയം അവിടെ ഇരുന്നപ്പോൾ ആ പെൺകുട്ടി ചോദിച്ചതിൽ കൃഷ്‌ണേന്ദുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.കൃഷ്‌ണേന്ദു മൊബൈൽ എടുത്തു. ജില്ലയിലെ എസ് പി ആരാണെന്ന് പരതി. ഭാഗ്യം. ഒരു സ്ത്രീയാണ്. ഉറച്ച മനസ്സോടെ, എന്നാൽ ഉലഞ്ഞ ചിന്തകളോടെ കൃഷ്‌ണേന്ദു ഒരു ഓട്ടോയിൽ കയറി ജില്ലയിലെ എസ് പി ഓഫീസിലേക്ക് തിരിച്ചു. ഒരു പരാതി നൽകാൻ.
ഒരു പക്ഷേ ലോകത്ത് ആദ്യമായി ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ നൽകുന്ന ഒരു പ്രത്യേക പരാതി!
താനറിയാതെ സംഭവിച്ച ഒരു ദിവ്യ ഗർഭത്തിന്റെ പരാതി ”
സുനു വിജയൻ